Wednesday, September 24, 2008
AGAIN RO
റൊ കളിച്ചു, റെഡ്‌സ് ജയിച്ചു
ഓള്‍ഡ് ട്രാഫോഡ്: പരുക്കില്‍ നിന്ന് മുക്തനായി കൃസ്റ്റിയാനോ റൊണാള്‍ഡോ കളിച്ച ആദ്യ മല്‍സരത്തില്‍ തന്നെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ വിജയം. കാര്‍ലിംഗ് കപ്പിന്റെ മൂന്നാം റൗണ്ട് പോരാട്ടം ഇന്നലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്നപ്പോള്‍ 3-1ന് മാഞ്ചസ്‌റ്റര്‍ പ്രീമിയര്‍ ലീഗ് പ്രതിയോഗികളായ മിഡില്‍സ്‌ബോറോയെ വീഴ്‌ത്തി. ആഴ്‌സനല്‍ ആറ് ഗോളിന് ഷെഫീല്‍ഡ് യുനൈറ്റഡിനെ കശക്കിയതും ശ്രദ്ധേയമായി.
മിഡില്‍സ്‌ബോറോക്കെതിരെ ഇരുപത്തിയഞ്ചാം മിനുട്ടില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ തകര്‍പ്പന്‍ ഗോളുമായി തിരിച്ചുവരവ് അറിയിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ വെറ്ററന്‍ റ്യാന്‍ ഗിഗ്‌സ്, ബ്രസീലുകാരന്‍ നാനി എന്നിവര്‍ ലക്ഷ്യം കണ്ടു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും തപ്പിതടഞ്ഞ മാഞ്ചസ്റ്ററിന് സ്വന്തം മൈതാനത്തെ കാര്‍ലിംഗ് പോരാട്ടത്തില്‍ വിജയം അഭിമാന പ്രശ്‌നമായിരുന്നു. അമ്പത്തിനാലായിരത്തോളം പേരാണ് വിറൂറ്റ പോരാട്ടം ആസ്വദിക്കാന്‍ തിങ്ങിനിറഞ്ഞത്. അലക്‌സ് ഫെര്‍ഗൂസണ്‍ തന്റെ ഏറ്റവും മികച്ച താരങ്ങളെയെല്ലാം അണിനിരത്തിയത് മല്‍സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ്. റൊണാള്‍ഡോക്കൊപ്പം നിമാഞ്ച വിദിക്, റ്യാന്‍ ഗിഗ്‌സ്, വെസ് ബ്രൗണ്‍ എന്നിവരെയാണ് ഇറക്കിയത്. മുന്‍നിരയില്‍ പത്തൊമ്പതുകാരനായ ഡാനി വെല്‍ബാക്കും ഗോള്‍വലയം കാക്കാന്‍ പതിനെട്ടുകാരനായ ബെന്‍ അമോസിനെയും ചുമതലപ്പെടുത്തി.
മാഞ്ചസ്റ്ററിന്റെ പ്രതീക്ഷകളത്രയും തലയിലേറ്റിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം പ്രതീക്ഷ തെറ്റിക്കാതെ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത് മനോഹരമായ കാഴ്‌ച്ചയായിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്നും ഗിഗ്‌സ് ഉയര്‍ത്തിയ പന്തിലേക്ക് തല ഉയര്‍ത്തിയ കൃസ്റ്റിയാനോക്ക് പിഴച്ചില്ല. കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ നേടിയ ഗോളിന്റെ അതേ പകര്‍പ്പ്. പക്ഷേ ഒന്നാം പകുതിക്കുളള വിസിലിന് മുമ്പ് ജോണ്‍സണ്‍ ബോറോയെ ഒപ്പമെത്തിച്ചു. റെഡ്‌സ് പ്രതിരോധനിര അല്‍പ്പമാലസ്യം പ്ര ്‌കടിപ്പിച്ച സമയത്തായിരുന്നു ജോണ്‍സന്റെ ഹാഫ് വോളി.
രണ്ടാം പകുതിയില്‍ മാഞ്ചസ്റ്ററിനായി കളം നിറഞ്ഞത് ബ്രസീലുകാരനായ നാനിയായിരുന്നു. ഒന്നിന് പിറകെ ഒന്നായി ചേതോഹരമായ മുന്നേറ്റങ്ങള്‍. റൊണാള്‍ഡോക്ക് പകരം അറുപത്തിയൊന്നാം മിനുട്ടില്‍ കളത്തിലിറങ്ങിയ കാര്‍ലോസ് ടെവസും നിരാശപ്പെടുത്തിയില്ല. എഴുപത്തിയൊമ്പതാം മിനുട്ടില്‍ ഗിഗ്‌സ് അനുഭവസമ്പത്തിന്റെ കരുത്തുമായി റെഡ്‌സിന് ലീഡ് നല്‍കി. ലോംഗ്‌വിസിലിന് തൊട്ട് മുമ്പ് നാനി തന്റെ ക്ലാസ് ഗോളില്‍ തെളിയിച്ചു.
മറ്റ് മല്‍സരങ്ങളില്‍ ആഴ്‌സനല്‍ ആറ് ഗോളിന് ഷെഫീല്‍ഡ് യുനൈറ്റഡിനെയും ലിവര്‍പൂള്‍ 2-1ന് ക്രൂവിനെയും ബര്‍ണ്‍്‌ലസി ഒരു ഗോളിന് ഫുള്‍ഹാമിനെയും സെല്‍റ്റിക് നാല് ഗോളിന് ലിവിംഗ്‌സ്‌റ്റണിനെയും പരാജയപ്പെടുത്തി. ആഴ്‌സനലിനായി അവരുടെ യുവനിരയാണ് മിന്നിയത്. അരലക്ഷത്തിലധികം പ്രേക്ഷകരെ സാക്ഷിയാക്കി യുവതാരങ്ങളായ കാര്‍ലോസ് വേല മൂന്ന്‌് ഗോളുകളും നിക്കോളാസ് ബെറ്റന്‍ഡര്‍ രണ്ട് ഗോളും നേടി. ആദ്യ പകുതിയില്‍ ഗണ്ണേഴ്‌സ് മൂന്ന് ഗോളിന് മുന്നിലായിരുന്നു. മല്‍സരം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 വാര അകലെ നിന്നും പായിച്ച ഫ്രികിക്കില്‍ ബെന്റ്‌നറാണ് ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്. അടുത്ത മിനുട്ടില്‍ ക്ലോസ് റേഞ്ചില്‍ നിന്നും അദ്ദേഹം ലീഡുയര്‍ത്തി. ഇടവേളക്ക് തൊട്ട് മുമ്പായിരുന്നു കാര്‍ലോസ് വേലയുടെ ആദ്യ ഗോള്‍. പത്തൊമ്പതുകാരനായ വേല രണ്ടാം പകുതിയില്‍ രണ്ട് വട്ടം വല ചലിപ്പിച്ചു.
സ്‌ക്കോര്‍ബോര്‍ഡ്
റെസ്‌റ്റ് ഓഫ് ഇന്ത്യ -ഒന്നാം ഇന്നിംഗ്‌സ്:
വസീം ജാഫര്‍-സി-കോഹ്‌ലി-ബി-നന്ദ-50, രാഹുല്‍ ദ്രാവിഡ്-എല്‍.ബി.ഡബ്ല്യൂ-ബി-ഇശാന്ത്-46, എസ്.ബദരീനാഥ്-ബി-ഇശാന്ത്-16, വി.വി.എസ് ലക്ഷ്‌മണ്‍-സി-മന്‍ഹാസ്-ബി-സേവാഗ്-21, മുഹമ്മദ് കൈഫ് -സി-ഗാംഭീര്‍-ബി-നന്ദ-29, മഹേന്ദ്രസിംഗ് ധോണി-സി-ചോപ്ര-ബി-സാംഗ്‌വാന്‍-5, അനില്‍ കുംബ്ലെ-സി-ബിഷ്‌ത്-ബി-സാംഗ്‌വാന്‍-9, ഹര്‍ഭജന്‍സിംഗ്-നോട്ടൗട്ട്-29, സഹീര്‍ഖാന്‍-സി-ബിഷ്‌ത്-ബി-സാംഗ്‌വാന്‍-0, ആര്‍.പി സിംഗ്-സി-ചോപ്ര-ബി-നന്ദ-18, മുനാഫ് പട്ടേല്‍-ബി-ഇശാന്ത്-19, എക്‌സ്‌ട്രാസ്-13. ആകെ 81.3 ഓവറില്‍ 252.
വിക്കറ്റ് വീഴ്‌ച്ച: 1-77 (ജാഫര്‍), 2-112 (ദ്രാവിഡ്), 3-127 (ബദരീനാഥ്), 4-162 (ലക്ഷ്‌മണ്‍), 5-172 (ധോണി), 6-186 (കുംബ്ലെ), 7-186 (കൈഫ്), 8-187 (സഹീര്‍),9-225 (ആര്‍.പി സിംഗ്), 10-252 (മുനാഫ്) ബൗളിംഗ്: ആശിഷ് നെഹ്‌റ 14-2-59-0, ഇശാന്ത് 12.3-5-22-3, പ്രദീപ് സാംഗ്‌വാന്‍-15-1-57-3, രാഹുല്‍ ഭാട്ടിയ 4.5-0-28-0, സി.നന്ദ 27.1-3-60-3, സേവാഗ് 8-1-22-1
ഡല്‍ഹി: ആകാശ് ചോപ്ര-നോട്ടൗട്ട്-16, ഗാംഭീര്‍-നോട്ടൗട്ട്-4, എക്‌സ്‌ട്രാസ് 1, ആകെ 5 ഓവറില്‍ വിക്കറ്റ് പോവാതെ 21 റണ്‍സ്. ബൗളിംഗ്: സഹീര്‍ഖാന്‍ 2-1-8-0, ആര്‍.പി സിംഗ് 2-0-7-0, കുംബ്ലെ 1-0-5-0
ഇറാനി
ബറോഡ: സൂപ്പര്‍ താരങ്ങളുടെ ഇറാനി ട്രോഫി അങ്കത്തിന്റെ ആദ്യ ദിനം അനില്‍ കുംബ്ലെയുടെ റെസ്‌റ്റ് ഓഫ് ഇന്ത്യക്ക് അടിപതറി. 252 റണ്‍സില്‍ അവരുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ച രഞ്‌ജി ചാമ്പ്യന്മാരായ ഡല്‍ഹി ആദ്യദിനത്തെ ബഹുമതികള്‍ സ്വന്തമാക്കി. സ്റ്റംമ്പെടുക്കുമ്പോള്‍ വിക്കറ്റ് പോവാതെ ഡല്‍ഹി 21 റണ്‍സ് നേടിയിട്ടുണ്ട്. ആകാശ് ചോപ്ര (16), ഗൗതം ഗാംഭീര്‍ (4) എന്നിവരാണ് ക്രീസില്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത റെസ്‌റ്റ് ഓഫ് ഇന്ത്യക്ക് നല്ല തുടക്കം പ്രയോജനപ്പെടുത്താനായില്ല. രണ്ട് വിക്കറ്റിന് 112 എന്ന നിലയില്‍ നിന്നുമവര്‍ 252 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധശതകം സ്വന്തമാക്കിയ ഓപ്പണര്‍ വസീം ജാഫര്‍ മാത്രമാണ് പൊരുതിയത്. രാഹുല്‍ ദ്രാവിഡ് (46), മുഹമ്മദ് കൈഫ് (29) എന്നിവരും പിടിച്ചുനിന്നു. ഡല്‍ഹിക്ക് വേണ്ടി പ്രദീപ് സാംഗ്‌വാന്‍, നന്ദ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനായി സെലക്ടര്‍മാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെ നടക്കുന്ന മല്‍സരമായതിനാല്‍ സമ്മര്‍ദ്ദം താരങ്ങളില്‍ പ്രകടമായിരുന്നു. വസീം ജാഫറും രാഹുല്‍ ദ്രാവിഡുമാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്. ലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന ജാഫര്‍ കരുതലോടെയാണ് കളിച്ചത്. ദ്രാവിഡ് പതിവ് പോലെ പ്രതിരോധ ജാഗ്രതയില്‍ ബൗളര്‍മാര്‍ക്ക് അവസരം നല്‍കിയില്ല. ആദ്യ ഡ്രിങ്ക്‌സ് ബ്രേക്ക് സമയത്ത് റെസ്‌റ്റിന്റെ സ്‌ക്കോര്‍ വിക്കറ്റ് പോവാതെ 22 റണ്‍സായിരുന്നു.
വിമര്‍ശകരുടെ മുന്നിലുള്ള ദ്രാവിഡ് പ്രതിരോധ മികവ് ആവര്‍ത്തിച്ചു തെളിയിച്ചു. ഇശാന്തിന്റെ വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ അനുഭവസമ്പത്ത് ആയുധമാക്കിയാണ് മുന്‍ ക്യാപ്‌റ്റന്‍ കളിച്ചത്. 112 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ 50 റണ്‍സ് നേടിയ ജാഫറിന്റെ വിക്കറ്റാണ് റെസ്റ്റിന് ആദ്യം നഷ്ടമായത്. നന്ദയുടെ പന്തില്‍ കോഹ്‌ലിക്ക് ജാഫര്‍ പിടിനല്‍കി.
ലഞ്ചിന് പിരിയുമ്പോേള്‍ ജാഫറിന്റെ മാത്രം നഷ്‌ടത്തില്‍ 105 റണ്‍സ് റെസ്റ്റ് സ്വന്തമാക്കിയിരുന്നു. ലഞ്ചിന് ശേഷമുളള സെഷനില്‍ ദ്രാവിഡിന്റെയും ബദരിനാഥിന്റെയും ലക്ഷ്‌മണിന്റെയും വിക്കറ്റുകള്‍ റെസ്റ്റിന് നഷ്ട
മായി. തുടര്‍ന്ന് മുഹമ്മദ് കൈഫിലായി ഭാരം. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ പൊരുതുന്ന ഉത്തര്‍ പ്രദേശുകാരന്‍ ലക്ഷ്‌മണ്‍, ധോണി, കുംബ്ലെ എന്നിവര്‍ക്കൊപ്പം പൊരുതാന്‍ ശ്രമിച്ചു. പക്ഷേ കാര്യമായ പിന്തുണ ലഭിച്ചില്ല. വാലറ്റത്തിലെ വിക്കറ്റുകളും പെട്ടെന്ന് നഷ്‌ടമായപ്പോള്‍ റെസ്‌റ്റ് തകര്‍ന്നു.
ഡല്‍ഹിക്കായി ബാറ്റേന്തിയ ചോപ്രയും ഗാംഭീറും പ്രതിരോധ ബാറ്റിംഗാണ് നടത്തിയത്. സഹീര്‍ഖാനും ആര്‍.പി സിംഗിനും കുംബ്ലെക്കും അവര്‍ അവരസങ്ങള്‍ നല്‍കിയില്ല.
വിയേരക്ക് കീഴില്‍ വീണ്ടും ഇറാഖ്
ബാഗ്‌ദാദ്: അഞ്ച് വര്‍ഷം മുമ്പ് പ്രസിഡണ്ട് സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടതിന് ശേഷം ഇതാദ്യമായി ബാഗ്‌ദാദിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാഖിന്റെ ഫുട്‌ബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു- വന്‍കരയിലെ ചാമ്പ്യന്‍പ്പട്ടം ടീമിന് സമ്മാനിച്ച ബ്രസീലുകാരനായ കോച്ച് ജോര്‍വാന്‍ വിയേരക്ക് കീഴില്‍. കലാപബാധിത രാജ്യത്തെ ഏക വിനോദമായ ഫുട്‌ബോളിനെ പ്രോല്‍സാഹിപ്പിക്കാന്‍ വെടിയൊച്ചകള്‍ക്കിടയിലും നൂറ് കണക്കിന് ഇറാഖികളെത്തിയപ്പോള്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പിന് പ്രതീക്ഷയോടെ തുടക്കം.
2007 ല്‍ വിയേരക്ക് കീഴില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായതിന് ശേഷം ഇറാഖ് സോക്കര്‍ ടീം തകര്‍ച്ചയിലായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷം വിയേര സ്വന്തം നാട്ടിലേക്ക് മടങ്ങി. പകരം വന്ന നോര്‍വിജിയക്കാരന്‍ എഗില്‍ ഒല്‍സന് ടീമിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മൂന്ന് മല്‍സരങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് കീഴില്‍ ടീം കളിച്ചത്. തിരക്കേറിയ ഷെഡ്യൂള്‍ കാരണം കോച്ചിന് ഇറാഖ് ദേശീയ ടീമിനൊപ്പം സഹവസിക്കാന്‍ സമയമുണ്ടായിരുന്നില്ല. പകരം ഇറാഖുകാരനായ അദ്‌നാന്‍ ഹമദിനാണ് അവസരം നല്‍കിയത്. ഹമദിന് കീഴിലും ടീം തളര്‍ന്നു. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള ഏഷ്യന്‍ മേഖലാ ക്വാട്ട ഇറാഖിന് ലഭിക്കില്ലെന്നുറപ്പായതോടെയാണ് ഹമദിനെ മാറ്റി വീണ്ടും വിയേരക്ക് അവസരം നല്‍കിയിരിക്കുന്നത്.
ഇന്നലെ ടീം പരിശീലനം ആരംഭിച്ചതും സ്റ്റേഡിയത്തിന് അരികില്‍ സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ ഒരാള്‍ മരിച്ചതോടെ കാണികള്‍ പതുക്കെ സ്റ്റേഡിയത്തില്‍ നിന്നകന്നു. ഭാവിയില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര മല്‍സരങ്ങളില്‍ ഇറാഖിനെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ തനിക്കാവുമെന്നാണ് വിയേര പറയുന്നത്.
ക്ഷമയാണ് ഹസ്സി
ജയ്‌പ്പൂര്‍: ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മൈക്കല്‍ ഹസ്സി കളിച്ചിട്ടില്ല. പക്ഷേ ഓസ്‌ട്രേലിയന്‍ മധ്യനിരക്കാരന് ആത്മവിശ്വാസമുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ക്ഷമയോടെ കളിച്ചാല്‍ റണ്‍സ് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് അനുഭവസമ്പന്നന്റെ വിശ്വാസം. ഇന്ത്യയെ ഹസ്സിക്ക് പരിചയമുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അദ്ദേഹം കളിച്ചിരുന്നു. പക്ഷേ ഇത് വരെ ഇവിടെ ഒരു ടെസ്‌റ്റ് കളിക്കാനായിട്ടില്ല. ഇതാദ്യമായി ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്താനുളള തന്റെ ആയുധം ക്ഷമയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യ ക്രിക്കറ്റ് ലോകത്തെ കരുത്തരാണ്. ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല. എന്നാല്‍ ഇവിടെ വെച്ച് ജയിക്കുക എന്ന വലിയ നേട്ടത്തിനായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നതെന്ന് ഹസ്സി പറഞ്ഞു. ഐ.പി.എല്‍ മല്‍സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ഇന്ത്യയിലെ കൂടുതല്‍ പിച്ചുകളെ അറിയാം. എന്നാല്‍ 20-20 ക്രിക്കറ്റില്‍ നിന്നും ടെസ്‌റ്റ് ക്രിക്കറ്റ് തികച്ചും വിത്യസ്‌തമാണെന്ന് ഹസ്സിക്കറിയാം. ഇന്ത്യയില്‍ വെച്ച് ഒരു വിജയം സ്വന്തമാക്കാനായാല്‍ അതായിരിക്കും വലിയ നേട്ടമെന്നും ഹസ്സി പറഞ്ഞു.
ഇന്ത്യ ഓസീസിനെ തകര്‍ത്തു
ചെന്നൈ: യൂസഫ് പത്താന്‍ വീണ്ടും കത്തിയപ്പോള്‍ ത്രിരാഷ്‌ട്ര ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. നാളെ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇതേ ടീമുകള്‍ ഏറ്റുമുട്ടും. എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്നലെ ആദ്യം ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ 272 റണ്‍സാണ് നേടിയത്. 24 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 51 റണ്‍സ് നേടിയ രോഹിത് ശര്‍മയും 46 റണ്‍സ് നേടിയ സുരേഷ് റൈനയും പാകിയ അടിത്തറയില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറികളുമായി യൂസഫ് പത്താനാണ് ടീമിന് അതിവേഗ ഫിനിഷിംഗ്‌് നല്‍കിയത്. 47 പന്തില്‍ യൂസഫ് 36 റണ്‍സ് നേടിയപ്പോള്‍ സഹോദരന്‍ ഇര്‍ഫാന്‍ 14 റണ്‍സുമായി റണ്ണൗട്ടായി. ഓസീസ് നിരയില്‍ 74 റണ്‍സ് നേടിയ ഡേവിഡ് ഹസ്സിയാണ് ടോപ് സ്‌ക്കോറര്‍. യൂസഫ് പത്താന്‍ പത്ത് ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി.
ചാപ്പല്‍ വിഷയമല്ലെന്ന് ഷാ
മുംബൈ: ഇന്ത്യന്‍ പര്യടനത്തിനെത്തിയിരിക്കുന്ന ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ കണ്‍സല്‍ട്ടന്റായ ഗ്രെഗ് ചാപ്പലിന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് വിഷയമല്ലെന്ന് സ്ഥാനമൊഴിയുന്ന ബോര്‍ഡ് സെക്രട്ടി നിരഞ്‌ജന്‍ ഷാ. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ചാപ്പല്‍ ഇപ്പോള്‍ ഓസീസ് ടീമിന്റെ സഹപരിശീലകനും സഹായിയുമാണ്. ചാപ്പലുമായി ഇന്ത്യന്‍ ബോര്‍ഡിന് ഒരു ബന്ധവുമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് ഷാ പറയുന്നത്. ചാപ്പലിന്റെ കാലം സംഭവബഹുലമായിരുന്നു. അദ്ദേഹം താരങ്ങളുമായി സംവദിക്കാന്‍ ശ്രമിച്ചത് മാധ്യമങ്ങളിലൂടെയായിരുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ചതാണ് അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമായതെന്നും ഷാ പറഞ്ഞു.
ഐ.സി.എല്‍ ബന്ധം
ലങ്ക തീരുമാനം മാറ്റി
കൊളംബോ: കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന് (ഐ.സി.എല്‍) അനുകൂലമായി തീരുമാനമെടുത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നാല് ദിവസത്തിനകം മലക്കം മറിഞ്ഞു. ഐ.സി.എല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും വിലക്കുണ്ടാവില്ല എന്ന് പ്രഖ്യാപിച്ച മര്‍വന്‍ അട്ടപ്പട്ടുവിനും റസല്‍ അര്‍നോള്‍ഡിനും ഉപുല്‍ ചന്ദാനക്കും ആവിഷ്‌ക്ക ഗുണവര്‍ദ്ധനക്കും, സുമന്‍ ജയന്തക്കും അവസരം നല്‍കിയ ലങ്കന്‍ ബോര്‍ഡ് സ്‌പോര്‍ട്‌സ് മന്ത്രി ഗാമിനി ലോകുഗെയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഐ.സി.എല്‍ താരങ്ങളെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിണക്കി മുന്നോട്ട് പോവേണ്ട എന്നാണ് കായിക മന്ത്രിയുടെ നിലപാട്.
ലോകകപ്പ്‌് നേട്ടത്തിന് ഒരു വയസ്സ്
2007 സെപ്‌തംബര്‍ 23..... ഒരു ജോഹന്നാസ്‌ബര്‍ഗ്ഗ് രാത്രി. മഹേന്ദ്രസിംഗ് ധോണിയുടെ യുവ ഇന്ത്യയും ഷുഹൈബ് മാലിക്കിന്റെ പാക്കിസ്‌താനും പ്രഥമ 20-20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍. ആദ്യം ഇന്ത്യ ബാറ്റ് ചെയ്യുന്നു. 5 വിക്കറ്റിന് 157 റണ്‍സെന്ന സമ്പാദ്യം. 75 റണ്‍സ് നേടിയ ഗാംഭീര്‍ പൊരുതി. പാക്കിസ്‌താന് കപ്പ് സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. പക്ഷേ ഇര്‍ഫാന്‍ പത്താനും സംഘവും പാക് വിക്കറ്റുകള്‍ക്കിടയിലൂടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി. അവസാന ഓവര്‍ വരെ ആകാംക്ഷ. ജോഗീന്ദര്‍ ശര്‍മയുടെ അവസാന ഓവറില്‍ മിസ്‌ബാഹുല്‍ ഹഖ് കൂറ്റന്‍ ഷോട്ടുകള്‍ പായിച്ചപ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഇന്ത്യ സമ്മര്‍ദ്ദത്തില്‍. ജോഗീന്ദറിന്റെ പന്തില്‍ സ്വീപ്പ് ഷോട്ടിനുളള ശ്രമം. പന്ത്‌് ശ്രിശാന്തിന്റെ കൈകളില്‍.... പാക്കിസ്‌താന്‍ 152 റണ്‍സിന് പുറത്ത്. ഇന്ത്യക്ക് അഞ്ച് റണ്ണിന്റെ മാസ്‌മരിക ജയം. 16 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ഇര്‍ഫാന്‍ പത്താന്‍ മാന്‍ ഓഫ് ദ മാച്ച്. ലോകകപ്പ്. ചരിത്ര നേട്ടത്തിന് ഒരു വയസ്സായിരിക്കുന്നു
എല്ലാം വിധി
ലോകകപ്പ് നേട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണി നേട്ടം വിധിവിളയാട്ടമാണെന്ന് സമ്മതിക്കുന്നു. എല്ലാം വിധിയായിരുന്നു. തുടക്കം മുതല്‍ ടീം അസാമാന്യ ഐക്യത്തില്‍ എതിരാളികളെ ഇല്ലാതാക്കി. എല്ലാവരും സ്വന്തം റോള്‍ ഭംഗിയാക്കി. യുവരാജിന്റെ സിക്‌സറുകള്‍, ഇര്‍ഫാന്റെ മിന്നലുകള്‍, ഹര്‍ഭജന്റെ ഓവറുകള്‍, ശ്രീശാന്തിന്റെ മികവ്-ഒന്നും മറക്കാനാവില്ലെന്ന് പറഞ്ഞ ധോണിയോട് ലോകകപ്പ് നേട്ടത്തിലെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളെക്കുറിച്ച് ചോദിച്ചപ്പോഴുളള ഉത്തരം ഇതായിരുന്നു:
1-പാക്കിസ്‌താനെതിരായ ആദ്യ മല്‍സരത്തിലെ ബൗള്‍ ഔട്ട് വിജയം
2-ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഓരോവറിലെ ആറ് പന്തും യുവരാജ് സിക്‌സറിന് പറത്തിയ കാഴ്‌ച്ച
3-ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ ശ്രീശാന്തും ഹര്‍ഭജനും എറിഞ്ഞ അവസാന ഓവറുകള്‍
4-ഫൈനലിലെ അവസാന പന്തില്‍ മിസ്‌ബാഹിനെ പുറത്താക്കാന്‍ ശ്രീശാന്ത് എടുത്ത ക്യാച്ച്
5-ലോകകപ്പ് ഉയര്‍ത്തിയ നിമിഷം
ഐ.സി.എല്ലിലേക്ക് ഇല്ലെന്ന് അഷറഫുല്‍
ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ്‌് ലീഗിലേക്ക് തല്‍ക്കാലം താനില്ലെന്ന് ബംഗ്ലാദേശ് ക്യാപ്‌റ്റന്‍ മുഹമ്മദ് അഷറഫുല്‍. തന്നെ ഐ.സി.എല്‍ അധികാരികള്‍ ബന്ധപ്പെട്ടിരുന്നതായി ക്യാപ്‌റ്റന്‍ സമ്മതിച്ചു. ബംഗ്ലാ ഓള്‍റൗണ്ടര്‍ മഷ്‌റഫെ മൊര്‍ത്തസയും ഐ.സി.എല്ലിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിരപരാധിത്വം തെളിയിക്കുമെന്ന് ആസിഫ്
കറാച്ചി: ഉത്തേജക വിവാദത്തില്‍ തനിക്ക് പങ്കില്ലെന്ന് തെളിയിച്ച് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ് ആസിഫ്. ഇന്ത്യയില്‍ നടന്ന ഐ.പി.എല്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങവെ ആസിഫിനെ ഉത്തേജകവുമായി ദുബായ് വിമാനത്താവളത്തില്‍ പിടിച്ചത് വന്‍വിവാദമായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment