Monday, September 15, 2008

REAL ESCAPE




യൂറോപ്യന്‍ ലീഗുകള്‍
റയല്‍ രക്ഷപ്പെട്ടു
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിന്‌ സീസണിലെ ആദ്യ വിജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ റയല്‍ നുമാന്‍സിയക്കെതിരെ 4-3 ന്റെ വിജയം ആഘോഷിച്ചു. സ്‌പാനിഷ്‌്‌ ലീഗില്‍ എല്ലാ ടീമുകളും രണ്ട്‌ റൗണ്ട്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ്‌ പോയന്റുമായി എസ്‌പാനിയോളാണ്‌ മുന്നില്‍. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും അവര്‍ വിജയം വരിച്ചു. വലന്‍സിയ, അല്‍മേരിയ, സെവിയെ,ഗറ്റാഫെ, വില്ലാ റയല്‍ എന്നിവരെല്ലാം നാല്‌ പോയന്റുമായി രണ്ടാമതാണ്‌. റയല്‍ മാഡ്രിഡിന്‌ മൂന്ന്‌്‌ പോയന്റാണുള്ളത്‌. എട്ടാം സ്ഥാനത്താണവര്‍. രണ്ട്‌ കളികളില്‍ നിന്ന്‌ ഒരു പോയന്റുമായി ബാര്‍സ പതിനഞ്ചാം സ്ഥാനത്താണ്‌.
മറ്റ്‌ മല്‍സരങ്ങളില്‍ എസ്‌പാനിയോള്‍ ഒരു ഗോളിന്‌ റിക്രിയേറ്റീവോ ഹലൂവയെയും വില്ലാ റയല്‍ ഇതേ മാര്‍ജിനില്‍ ഡിപ്പോര്‍ട്ടീവോ ലാകോരുണയെയും തോല്‍പ്പിച്ചപ്പോള്‍ അല്‍മേരിയ-വലന്‍സിയ (2-2), ഗറ്റാഫെ-റയല്‍ ബെറ്റിസ്‌ (0-0), മലാഗ-അത്‌ലറ്റികോ ബില്‍ബാവോ (0-0), മയോര്‍ക്ക-ഒസാസുന (1-1) മല്‍
സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
സ്വന്തം മൈതാനമായ ബെര്‍ണബുവില്‍ നുമാന്‍സിയക്കെതിരെ തപ്പിതടഞ്ഞ റയല്‍ മാഡ്രിഡ്‌ ഭാഗ്യത്തിന്റെ അകമ്പടിയിലാണ്‌ രണ്ടാം പരാജയത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. മല്‍സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ അവരുടെ വലയില്‍ പന്തെത്തി. മോറീനോയുടെ ബൂട്ടാണ്‌ റയലിനെ ഞെട്ടിച്ചത്‌. പത്തൊമ്പതാം മിനുട്ടില്‍ ഗുട്ടിയുടെ അവസരവാദ ഗോള്‍ വരെ റയല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ഇരുപത്തിരണ്ടാം മിനുട്ടില്‍ ബാകിറോയിലൂടെ നുമാന്‍സിയ വീണ്ടും ലീഡ്‌ നേടി. ഹിഗോന്‍ മിനുട്ടുകള്‍ക്കകം റയലിനെ ഒപ്പമെത്തിച്ചു. വാന്‍ഡര്‍ വാര്‍ട്ട്‌, സിസ്‌മ എന്നിവരുടെ ഗോളുകളില്‍ ഒന്നാം പകുതിയില്‍ റയലിന്‌ ദീര്‍ഘനിശ്വാസം വിടാനായി. ഇടവേളക്ക്‌ ശേഷം മോറീനോ ഒരു ഗോള്‍ മടക്കി. അവസാനത്തില്‍ റയല്‍ പൊരുതി നില്‍ക്കുകയായിരുന്നു.
ശനിയാഴ്‌ച്ച നടന്ന മല്‍സരങ്ങളില്‍ ബാര്‍സിലോണ ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയിരുന്നു.സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഗോളില്‍ ലീഡ്‌ നേടിയ ബാര്‍സ ജോനാഥന്‍ പെരേരയുടെ ഗോളില്‍ റേസിംഗ്‌ സാന്‍ഡറിന്‌ മുന്നില്‍ സമനില വഴങ്ങുകയായിരുന്നു.

ഇറ്റലിയില്‍ മിലാന്‌ തോല്‍വി
റോം: ഇറ്റലിയില്‍ പ്രബലരായ ഏ.സി മിലാന്‌ തോല്‍വി. സീരിയ എ പോരാട്ടത്തില്‍ ജിനോവയാണ്‌ കരുത്തരെ മറിച്ചിട്ടത്‌. ആവേശകരമായ മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ സ്‌കല്ലിയുടെ ഗോളില്‍ ലീഡ്‌ ചെയ്‌ത ജിനോവ രണ്ടാം പകുതിയില്‍ അര്‍ജന്റീനിയന്‍ താരം ഡിയാഗോ മീലിഷ്യയിലൂടെ ലീഡ്‌ ഉയര്‍ത്തുകയായിരുന്നു. മറ്റ്‌ മല്‍സരങ്ങളില്‍ അറ്റ്‌ലാന്റ ഒരു ഗോളിന്‌ ബോളോഗ്നയെയും യുവന്തസ്‌ ഒരു ഗോളിന്‌ ഉദിനസിനെയും ലാസിയോ രണ്ട്‌ ഗോളിന്‌ സാംപദോറിയോയെയും ലീസ്‌ രണ്ട്‌ ഗോളിന്‌ ചീവിയോയെയും നാപ്പോളി 2-1ന്‌ ഫിയോറന്റീനയെയും സിയന്ന രണ്ട്‌ ഗോളിന്‌ കാഗിലാരിയെയും പരാജയപ്പെടുത്തിയപ്പോള്‍ റെജിന-ടോറിനോ മല്‍സരം 1-1 ല്‍ അവസാനിച്ചു.
ലീഗില്‍ രണ്ട്‌ റൗണ്ട്‌ പോരാട്ടങ്ങള്‍ സമാപിച്ചപ്പോള്‍ ആറ്‌ പോയന്റ്‌ വീതം നേടിയ ലാസിയോ, അറ്റ്‌ലാന്റ എന്നിവരാണ്‌ ആദ്യ സ്ഥാനങ്ങളില്‍. നിലവിലെ ജേതാക്കളായ ഇന്റര്‍ മിലാന്‍, ടോറിനോ എന്നിവര്‍ക്ക്‌ നാല്‌ പോയന്റുണ്ട്‌.

സൈമണ്ട്‌സ്‌ തെറ്റുകാരനാണെന്ന്‌ വോണ്‍
സിഡ്‌നി: ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെതിരെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌്‌ ഇതിഹാസം ഷെയിന്‍ വോണ്‍. ഡാര്‍വിന്‍ സംഭവത്തില്‍ സൈമണ്ട്‌സ്‌ കുറ്റക്കാരനാണെന്നും അതില്‍ ശിക്ഷിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കാനുളള വലിയ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന്‌ വോണ്‍ ഉപദേശിച്ചു. ഹെറാള്‍ഡ്‌ സണിലെ സ്വന്തം കോളത്തിലാണ്‌ വോണ്‍ നിലപാട്‌ വ്യക്തമാക്കിയത്‌. ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിന്‌ മുമ്പ്‌ നിര്‍ണ്ണായകമായ ടീം മീറ്റിംഗില്‍ ക്ഷണിച്ചിട്ടും പങ്കുവെക്കാതെ മീന്‍പിടിക്കാന്‍ പോയതിന്‌ സൈമണ്ട്‌സിനെ നാട്ടിലേക്ക്‌ തിരിച്ചയക്കുകയും പിന്നീട്‌്‌ ടീമില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തിരുന്നു. സൈമണ്ട്‌സിനെ പോലെ സീനിയറായ ഒരു താരം ടീം മീറ്റിംഗില്‍ പങ്കെടുക്കാതിരുന്നത്‌ തന്നെ വലിയ തെറ്റാണെന്നാണ്‌ വോണ്‍ പറയുന്നത്‌. സീനിയര്‍ താരങ്ങളായ റിക്കി പോണ്ടിംഗ്‌, മാത്യൂ ഹെയ്‌ഡന്‍ എന്നിവര്‍ ടീമിലുണ്ടായിരുന്നില്ല. മൈക്കല്‍ ക്ലാര്‍ക്കിനെ പോലെ ഒരു യുവനായകനെ സൈമണ്ട്‌സിനെ പോലുളളവര്‍ സഹായിക്കേണ്ട സമയമായിരുന്നു അത്‌. ഒരു ദശാബ്‌ദത്തോളമായി സൈമോ ടീമിനൊപ്പമുണ്ട്‌. ടീം മീറ്റിംഗിന്റെ ആവശ്യകത അദ്ദേഹത്തിന്‌ നന്നായറിയാം. സോമോയും ക്ലാര്‍ക്കും നല്ല സുഹൃത്തുക്കളാണെങ്കില്‍ സൈമോ ആദ്യം ചെയ്യേണ്ടത്‌ കൂട്ടുകാരനെ സഹായിക്കുകയായിരുന്നു. ക്ലാര്‍ക്കിനെ പോലെ ഒരു യുവനായകനെ സൈമോ സമ്മര്‍ദ്ദത്തിലാക്കിയത്‌ നന്നായില്ല.
ടീമില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ ക്ഷുഭിതനായി പ്രതികരിക്കരുത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ കണ്ട്‌ രാജ്യാന്തര രംഗം വിടുന്നത്‌ അബദ്ധമായിരിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത്‌ രാജ്യത്തിനായി കളിക്കുന്നതാണെന്ന്‌ സൈമോ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


2011 ലെ ദേശീയ ഗെയിംസ്‌ ഗോവയില്‍
പനാജി: 2011 ലെ ദേശീയ ഗെയിംസ്‌ ഗോവയില്‍ നടക്കും. ഇത്‌ സംബന്ധിച്ച കരാറില്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയും ഒപ്പിട്ടു. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയ അദ്ധ്യായം രചിക്കാന്‍ ഗോവക്കാവുമെന്നും ഗെയിംസിനായി ഉയര്‍ത്തുന്ന സൗകര്യങ്ങള്‍ ഗോവയിലെ യുവതക്ക്‌ ഉപയോഗപ്പെടുത്താനാവുമെന്നും മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഗോവയില്‍ വിശ്വാസം അര്‍പ്പിച്ച ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‌ നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌, കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷ സോണിയാഗാന്ധി എന്നിവരുടെ സഹായത്തെയും പ്രകീര്‍ത്തിച്ചു. ഇതാദ്യമായാണ്‌്‌ വലിയ ഒരു കായിക മേള ഗോവക്ക്‌ ലഭിക്കുന്നത്‌. 2005 ലെ ദേശീയ ഗെയിംസിനായി ഗോവ ശ്രമിച്ചിരുന്നു. പക്ഷേ അവര്‍ക്ക്‌ അംഗീകാരം ലഭിച്ചിരുന്നില്ല.

ഇരട്ടത്താപ്പെന്ന്‌ പാക്കിസ്‌താന്‍
ലാഹോര്‍: ഡല്‍ഹിയില്‍ സ്‌ഫോടനപരമ്പര നടന്നിട്ടും ഇന്ത്യന്‍ പര്യടനവുമായി സഹകരിക്കാനുളള ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കുറ്റപ്പെടുത്തി. പാക്കിസ്‌താനില്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ കളിക്കാന്‍ വരാത്ത ഓസ്‌ട്രേലിയ ഇതേ സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോള്‍ അവിടെ കളിക്കുന്നത്‌ ഏത്‌ സംരക്ഷണയുടെ ഭാഗമാണെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വ്യക്തമാക്കണെന്ന്‌ പി.സി.ബി ആവശ്യപ്പെട്ടു.

നദാല്‍ തന്നെ ഒന്നാമന്‍
ലണ്ടന്‍: പുതിയ ഏ.ടി.പി ടെന്നിസ്‌ റാങ്കിംഗില്‍ റാഫേല്‍ നദാല്‍ തന്നെ ഒന്നാം സ്ഥാനത്ത്‌. യു.എസ്‌ ഓപ്പണില്‍ കിരീടം സ്വന്തമാക്കിയ റോജര്‍ ഫെഡ്‌റര്‍ രണ്ടാം സ്ഥാനത്ത്‌ തുടരും.

ഐ ലീഗ്‌ ഫിക്‌സച്ചറായി
ന്യൂഡല്‍ഹി: ഈ മാസം 26ന്‌ കൊല്‍ക്കത്തയിലം ഗോവയിലുമായി ആരംഭിക്കുന്ന ഐ ലീഗ്‌ ഫുട്‌ബോളിന്റെ ആദ്യ ഒമ്പത്‌്‌ റൗണ്ട്‌ മല്‍സരങ്ങളുടെ ഫിക്‌സ്‌ച്ചറായി. 26ന്‌ കൊല്‍ക്കത്തയിലെ ബര്‍സാത്തില്‍ നടക്കുന്ന ആദ്യ അങ്കത്തില്‍ ഈസ്‌റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുനൈറ്റഡിനെയും മഡ്‌ഗാവില്‍ നടക്കുന്ന മല്‍സരത്തില്‍ വാസ്‌ക്കോ സ്‌പോര്‍ട്ടിംഗ്‌ ഗോവയെയും എതിരിടും.
മറ്റ്‌ മല്‍സരങ്ങള്‍ ഇപ്രകാരം: സെപ്‌തംബര്‍ 27-ബഗാന്‍-മുംബൈ എഫ്‌.സി (ബര്‍സാത്ത്‌), ചര്‍ച്ചില്‍-മഹീന്ദ്ര (മഡ്‌ഗാവ്‌). 28: മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌-എയര്‍ ഇന്ത്യ (ബര്‍സാത്ത്‌), ഡെംപോ-ജെ.സി.ടി (മഡ്‌ഗാവ്‌)
രണ്ടാം റൗണ്ട്‌: സെപ്‌ 30: ഈസ്റ്റ്‌ ബംഗാള്‍-മുംബൈ എഫ്‌.സി (ബര്‍സാത്ത്‌), ഒക്ടോബര്‍ 2: വാസ്‌ക്കോ-ജെ.സി.ടി (മഡ്‌ഗാവ്‌), 3-ബഗാന്‍-എയര്‍ ഇന്ത്യ (ബര്‍സാത്ത്‌), 4-സ്‌പോര്‍ട്ടിംഗ്‌-മുഹമ്മദന്‍സ്‌ (മഡ്‌ഗാവ്‌), മഹീന്ദ്ര-ചിരാഗ്‌(മുംബൈ),5-ചര്‍ച്ചില്‍-ഡെംപോ (മഡ്‌ഗാവ്‌)
മൂന്നാം റൗണ്ട്‌: 11-ജെ.സി.ടി-മുഹമ്മദന്‍സ്‌ (ലുധിയാന), മഹീന്ദ്ര-മുംബൈ എഫ്‌.സി (മുംബൈ), സ്‌പോര്‍ട്ടിംഗ്‌-ബഗാന്‍ (മഡ്‌ഗാവ്‌), 12-ചിരാഗ്‌-ചര്‍ച്ചില്‍ (ബര്‍സാത്ത്‌), എയര്‍ ഇന്ത്യ-ഈസ്‌റ്റ്‌ ബംഗാള്‍ (മുംബൈ),ഡെംപോ -വാസ്‌ക്കോ (മഡ്‌ഗാവ്‌)
നാലാം റൗണ്ട്‌: 17- മുംബൈ എഫ്‌.സി-ഡെംപോ (മുംബൈ), 18-ജെ.സി.ടി-മഹീന്ദ്ര (ലുഥിയാന), എയര്‍ ഇന്ത്യ-ചിരാഗ്‌ (മുംബൈ), ഈസ്‌റ്റ്‌ബംഗാള്‍-വാസ്‌ക്കോ (കൊല്‍ക്കത്ത), 19-മുഹമ്മദന്‍സ്‌-ബഗാന്‍ (കൊല്‍്‌ക്കത്ത), ചര്‍ച്ചില്‍-സ്‌പോര്‍ട്ടിംഗ്‌ (മഡ്‌ഗാവ്‌)
അഞ്ചാം റൗണ്ട്‌: 23-ജെ.സി.ടി-ചിരാഗ്‌ (ലുഥിയാന), 24-മുഹമ്മന്‍സ്‌-മഹീന്ദ്ര (കൊല്‍ക്കത്ത), മുംബൈ എഫ്‌.സി-സ്‌പോര്‍ട്ടിംഗ്‌ (മുംബൈ), 25-ബഗാന്‍-ഈസ്‌റ്റ്‌ ബംഗാള്‍ (കൊല്‍ക്കത്ത), വാസ്‌ക്കോ-ചര്‍ച്ചില്‍ (മഡ്‌ഗാവ്‌),26-ഡെംപോ-എയര്‍ ഇന്ത്യ (മഡ്‌ഗാവ്‌)
ആറാം റൗണ്ട്‌: 31-ഡെംപോ -ബഗാന്‍ (മഡ്‌ഗാവ്‌), നവം 1-ചിരാഗ്‌-സ്‌പോര്‍ട്ടിംഗ്‌ (കൊല്‍ക്കത്ത), എയര്‍ ഇന്ത്യ-മുംബൈ എഫ്‌.സി (മുംബൈ),വാസ്‌ക്കോ-മഹീന്ദ്ര (മഡ്‌ഗാവ്‌), 2-ചര്‍ച്ചില്‍-ജെ.സി.ടി (മഡ്‌ഗാവ്‌), മുഹമ്മദന്‍സ്‌-ഈസ്‌റ്റ്‌ ബംഗാള്‍ (കൊല്‍ക്കത്ത)
റൗണ്ട്‌ എഴ്‌: നവം7-ഈസ്‌റ്റ്‌ ബംഗാള്‍-മഹീന്ദ്ര (കൊല്‍ക്കത്ത), 8-മുംബൈ എഫ്‌.സി-വാസ്‌ക്കോ (മുംബൈ), ഡെംപോ-സ്‌പോര്‍ട്ടിംഗ്‌ (മഡ്‌ഗാവ്‌), ചിരാഗ്‌-മുഹമ്മദന്‍സ്‌ (കൊല്‍ക്കത്ത),9-ബഗാന്‍-ചര്‍ച്ചില്‍ (കൊല്‍ക്കത്ത), എയര്‍ ഇന്ത്യ-ജെ.സി.ടി (മുംബൈ).
റൗണ്ട്‌ എട്ട്‌: 14-മുഹമ്മദന്‍സ്‌-വാസ്‌ക്കോ (കൊല്‍ക്കത്ത), മഹീന്ദ്ര-എയര്‍ ഇന്ത്യ (മുംബൈ)15-ഈസ്‌റ്റ്‌ ബംഗാള്‍-സ്‌പോര്‍ട്ടിംഗ്‌ (കൊല്‍ക്കത്ത), ചര്‍ച്ചില്‍-മുംബൈ എഫ്‌.സി (മഡ്‌ഗാവ്‌) 16-ബഗാന്‍-ജെ.സി.ടി (കൊല്‍ക്കത്ത), ഡെംപോ-ചിരാഗ്‌ (മഡ്‌ഗാവ്‌)
ഒമ്പതാം റൗണ്ട്‌: 18-ചര്‍ച്ചില്‍-എയര്‍ ഇന്ത്യ (മഡ്‌ഗാവ്‌), 19-മഹീന്ദ്ര-സ്‌പോര്‍ട്ടിംഗ്‌ (മുംബൈ), 20-മുഹമ്മദന്‍സ്‌-ഡെംപോ (കൊല്‍ക്കത്ത) വാസ്‌ക്കോ-ബഗാന്‍ (മഡ്‌ഗാവ്‌) , 21-ചിരാഗ്‌-മുംബൈ എഫ്‌.സി (കൊല്‍ക്കത്ത)22-ജെ.സി.ടി-ഈസ്‌റ്റ്‌ ബംഗാള്‍ (ലുഥിയാന),
അടുത്ത റൗണ്ടുകളുടെ മല്‍സരതിയ്യതികള്‍ പിന്നീട്‌ തീരുമാനിക്കും.


ഇന്ത്യന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന്‌ ഓസ്‌ട്രേലിയ
മെല്‍ബണ്‍: ഡല്‍ഹി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്റെ ആസന്നമായ ഇന്ത്യന്‍ പര്യടനം റദ്ദാക്കപ്പെടുമെന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരും വ്യക്തമാക്കി. മുന്‍നിശ്ചയപ്രകാരം ഈ മാസം 21 ന്‌ റിക്കി പോണ്ടിംഗും സംഘവും ഇവിടെ നിന്ന്‌ പുറപ്പെടും. നാല്‌ ടെസ്‌റ്റുകളാണ്‌ ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്‌.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ വെളിച്ചത്തില്‍ ഇന്ത്യയിലെ സുരക്ഷാ കാര്യങ്ങളില്‍ ഓസ്‌ട്രേലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുളള ഓസീസ്‌ ടീമിന്റെ പര്യടനത്തില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിരുന്നില്ലെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ പബ്ലിക്‌ അഫയേഴ്‌സ്‌ ജനറല്‍ മാനേജര്‍ പീറ്റര്‍ യംഗ്‌്‌ പറഞ്ഞു.ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചായിരിക്കും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നീങ്ങുകയെന്നും നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഭദ്രമാണെന്ന്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാരിന്റേതായിരിക്കില്ല ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ തീരുമാനമായിരിക്കും അന്തിമമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യങ്ങള്‍ അപ്പപ്പോള്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയെ സര്‍ക്കാര്‍ അറിയിക്കുന്നുണ്ട്‌. അന്തിമ തീരുമാനം ക്രിക്കറ്റ്‌ ബോര്‍ഡിന്‌ കൈകൊള്ളാമെന്നാണ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ സംഘടന ഇന്ത്യന്‍ പര്യടനത്തിന്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. പാക്കിസ്‌താനിലേത്‌ പോലുളള അവസ്ഥയല്ല ഇന്ത്യയില്ലെന്നും ഇന്ത്യന്‍ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‌ കഴിയുമെന്നും താരങ്ങളുടെ സംഘടനാ വക്താവ്‌ വിശ്വാസം പ്രകടിപ്പിച്ചു.
ഓസ്‌ട്രേലിയന്‍ താരങ്ങളാരും ഇന്ത്യന്‍ പര്യടനത്തില്‍ വിമുഖത പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ പാക്കിസ്‌താനില്‍ നടത്താനിരുന്ന പര്യടനം സുരക്ഷാ കാരണങ്ങളാല്‍ ഓസ്‌ട്രേലിയ റദ്ദാക്കിയിരന്നു. പാക്കിസ്‌താന്‍ ആതിഥേയത്വം വഹിക്കാനിരുന്ന ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ നീട്ടിവെക്കപ്പെട്ടതും ഇതേ കാരണത്താലാണ്‌.

No comments: