Monday, September 29, 2008

DELHI FEAR



ഡല്‍ഹിയില്‍ കളിക്കാന്‍ ഓസ്‌ട്രേലിയക്ക്‌ ഭയം
ഹൈദരാബാദ്‌: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയിലാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. എന്നാല്‍ കോട്‌ലയില്‍ മല്‍സരം നടക്കുമോ എന്ന വലിയ ചോദ്യമാണ്‌ നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ബോംബ്‌്‌ സ്‌ഫോടനങ്ങള്‍ ഉയര്‍ത്തുന്നത്‌. റിക്കി പോണ്ടിംഗിനും സംഘത്തിനും ഡല്‍ഹിയിപ്പോള്‍ ആശങ്കാകേന്ദ്രമാണ്‌. എന്നാല്‍ ഡല്‍ഹിയില്‍ കളിക്കില്ല എന്ന്‌ ഇത്‌്‌ വരെ തീര്‍ത്തുപറഞ്ഞിട്ടില്ല. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
ഒരാഴ്‌ച്ചക്കിടെ രണ്ട്‌ തവണയാണ്‌ ആസ്ഥാനനഗരം കുലുങ്ങിയത്‌. രണ്ട്‌ സ്‌ഫോടനങ്ങളും ആള്‍ത്തിരക്കേറിയ കേന്ദ്രങ്ങളിലായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ എങ്ങനെ കളിക്കുമെന്നാണ്‌ താരങ്ങള്‍ ചോദിക്കുന്നത്‌.
സിഡ്‌നിയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ടീം ഇവിടെയെത്തിയിട്ട്‌ ഒരാഴ്‌ച്ച പിന്നിട്ടു. രാജസ്ഥാന്‍ ക്രിക്കറ്റ്‌ അക്കാദമിയിലെ പരിശീലനവും ദ്വിദിന മല്‍സരവും പൂര്‍ത്തിയാക്കി ടീം ഇന്നലെ ഹൈദരാബാദിലെത്തിയിട്ടുണ്ട്‌. ഒക്ടോബര്‍ രണ്ട്‌ മുതല്‍ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഇലവനുമായി ഇവിടെ ത്രിദിന മല്‍സരമുണ്ട്‌. ഈ മല്‍സരത്തിന്‌ ശേഷമാണ്‌ ബാംഗ്ലൂരില്‍ ഒന്നാം ടെസ്റ്റ്‌ ആരംഭിക്കുന്നത്‌.
ഇന്ത്യ സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്‌ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ്‌ ടീമിന്‌ നല്‍കുന്നത്‌. ടീം രാജസ്ഥാനിലെത്തിയത്‌ മുതല്‍ വന്‍ സുരക്ഷയാണ്‌ നല്‍കി വരുന്നത്‌. ഹൈദരാബാദിലും ഉയര്‍ന്ന സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുകയാണ്‌. ഡല്‍ഹിയില്‍ നിന്ന്‌ മല്‍സരവേദി മാറ്റുന്നത്‌ സംബന്ധിച്ച്‌ ഇത്‌ വരെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ബന്ധപ്പെട്ടിട്ടില്ലെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൃത്തങ്ങള്‍ വ്യക്തമാക്കിയത്‌. ഡല്‍ഹിയിലെ സുരക്ഷാ കാര്യങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചുവരുകയാണെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വക്താവ്‌ പീറ്റര്‍ യംഗ്‌ പറഞ്ഞു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഇന്ത്യയിലുണ്ട്‌. അവരുടെ റിപ്പോര്‍ട്ടിനാണ്‌ പ്രഥമ പരിഗണന നല്‍കുക. നിലവിലുളള സാഹചര്യത്തില്‍ ഒന്നും തുറന്ന്‌ പറയാനാവില്ലെന്നും എന്നാല്‍ താരങ്ങളുടെ സുരക്ഷയാണ്‌ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വേദന ചെറുതല്ല
ബംഗ്ലാദേശ്‌ മുന്‍ വിക്കറ്റ്‌ കീപ്പര്‍ ഖാലിദ്‌ മഷൂദ്‌ വിരമിച്ചു
ധാക്ക: വേദന പരസ്യമാക്കി ബംഗ്ലാദേശ്‌്‌ വിക്കറ്റ്‌ കീപ്പര്‍ ഖാലിദ്‌ മഷൂദ്‌ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഒരു സൂചന പോലും നല്‍കാതെ ഒരു വര്‍ഷത്തോളമായി തന്നെ പുറത്ത്‌ നിര്‍ത്തിയ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോടും സെലക്ഷന്‍ കമ്മിറ്റിയോടുമുള്ള അസംതൃപ്‌തി മാധ്യമങ്ങള്‍ക്ക്‌ മുമ്പാകെ വെളിപ്പെടുത്തിയാണ്‌ 1997 ല്‍ മലേഷ്യയില്‍ നടന്ന ഐ.സി.സി ട്രോഫി രാജ്യത്തിന്‌ സമ്മാനിച്ച താരം വിടപറഞ്ഞത്‌. മഷൂദ്‌ ഇത്‌ വരെ കാത്തിരിക്കുകയായിരുന്നു. തനിക്ക്‌ വിടവാങ്ങാനുളള ഒരു മല്‍സരമെങ്കിലും ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കുമെന്ന്‌ അദ്ദേഹം കരുതി. പക്ഷേ ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്കുളള ടീമിലും തനിക്ക്‌ ഇടമില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ കഴിഞ്ഞ ദിവസം മഷൂദ്‌ ടീമിനോട്‌ ഗുഡ്‌ബൈ പറഞ്ഞത്‌. കഴിഞ്ഞ വര്‍ഷം വിന്‍ഡീസില്‍ നടന്ന ലോകകപ്പിനുളള ബംഗ്ലാദേശ്‌ സംഘത്തില്‍ മഷൂദിന്‌ അവസരം നല്‍കിയിരുന്നില്ല. യുവ കീപ്പറായ മുഷ്‌ഫിഖുര്‍ റഹീമിനായിരുന്നു അവസരം നല്‍കിയത്‌. ലോകകപ്പില്‍ റഹീം തിളങ്ങിയപ്പോള്‍ സ്വാഭാവികമായും മഷൂദ്‌ പുറത്തായി. എങ്കിലും രാജ്യത്തിന്‌ വേണ്ടി ദീര്‍ഘകാലം കളിച്ച തനിക്ക്‌ വിടവാങ്ങാനെങ്കിലും ഒരു മല്‍സരം ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കുമെന്ന പ്രതീക്ഷയില്‍ മുപ്പത്തിരണ്ടുകാരന്‍ കാത്തിരിക്കുകയായിരുന്നു.
ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ഒരു വാക്ക്‌ തന്നോട്‌ പറയാമായിരുന്നു എന്നാണ്‌ മഷൂദ്‌ പറയുന്നത്‌. ഇനി കൂടുതല്‍ അവസരം നല്‍കില്ലെന്ന സൂചന നല്‍കിയിരുന്നെങ്കില്‍ ഔദ്യോഗികമായി തന്നെ വിടവാങ്ങാമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ആശയവിനിമയം നടന്നില്ല. ഓസ്‌ട്രേലിയന്‍ കീപ്പറായിരുന്ന ഇയാന്‍ ഹീലിക്ക്‌ അവിടുത്തെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിരമിക്കാനുളള സൂചന ഒരു മാസം മുമ്പ്‌ നല്‍കിയിരുന്നു. ഇനി ടീമില്‍ കൂടുതല്‍ കാലമുണ്ടാവില്ല എന്ന ക്രിക്കറ്റ്‌ ബോര്‍ഡിന്റെ സൂചനയിലാണ്‌ ഹിലി വിരമിച്ചത്‌. തനിക്‌ അത്തരത്തിലുളള ഒരു നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അതോടെ എല്ലാം അവസാനിപ്പിക്കുമായിരുന്നുവെന്ന്‌ മഷൂദ്‌ വേദനയോടെ പറയുന്നു. ഒരൂ സിനിയര്‍ താരത്തോട്‌ സെലക്ടര്‍മാര്‍ക്ക്‌ കാര്യങ്ങള്‍ തുറന്ന്‌ പറയാം-2007 ല്‍ കരാര്‍ റദ്ദാക്കപ്പെട്ട താരം പറഞ്ഞു. വിരമിക്കാന്‍ ഒരു മല്‍സരത്തിലെങ്കിലും തനിക്ക്‌ അവസരം വേണമെന്ന്‌ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ അഭ്യര്‍ത്ഥിച്ചതായുളള വാര്‍ത്ത മഷൂദ്‌ നിഷേധിച്ചു. ഞാനൊരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്‌. എനിക്ക്‌ സെലക്ടര്‍മാര്‍ അവസരം നല്‍കുന്നില്ലെങ്കില്‍ അവരോട്‌ യാചിക്കാന്‍ പോവില്ല. എന്റെ ബാറ്റിംഗ്‌ മോശമാണെന്ന്‌ സെലക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. അപ്പോള്‍ മുതല്‍ ബാറ്റിംഗില്‍ ശ്രദ്ധിച്ചു. എന്നാല്‍ കീപ്പിംഗില്‍ താന്‍ മോശമാണെന്ന്‌ ഇത്‌ വരെ ആരും പറഞ്ഞിട്ടില്ലെന്നും മഷൂദ്‌ വ്യക്തമാക്കി.

ഇന്ത്യയിലെ സ്‌ഫോടനങ്ങള്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സാകൂതം വീക്ഷിക്കുന്നുണ്ട്‌. പാക്കിസ്‌താനില്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ കളിക്കാനാവില്ലെന്ന്‌ അറിയിച്ചവരാണ്‌ ഓസ്‌ട്രേലിയ.

വമ്പന്മാര്‍ മുന്നോട്ട്‌്‌
ഇംഗ്ലണ്ടില്‍ ചെല്‍സി, സ്‌പെയിനില്‍ റയല്‍, ഫ്രാന്‍സിസില്‍ ലിയോണ്‍, ജര്‍മനിയിലും ഇറ്റലിയിലും പ്രമുഖര്‍ പിറകില്‍
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ പോരാട്ടങ്ങള്‍ കനക്കുമ്പോള്‍ വമ്പന്മാര്‍ക്ക്‌ കാര്യമായ ആഘാതമില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ലിവര്‍പൂളും മുന്നേറുമ്പോള്‍ സ്‌പെയിനില്‍ കരുത്തരായ റയല്‍ മാഡ്രിഡും ബാര്‍സിലോണയും ആദ്യതിരിച്ചടികള്‍ മറന്ന്‌ കരുത്തിന്റെ പാതയിലെത്തിക്കഴിഞ്ഞു. ഇറ്റാലിയന്‍ സീരിയ എ യില്‍ പുതുമുഖങ്ങളാണ്‌ തലപ്പത്ത്‌ വന്നതെങ്കില്‍കൂടി കരുത്തര്‍ തൊട്ട്‌ പിറകില്‍ നില്‍ക്കുന്നു. ഫ്രഞ്ച്‌ ലീഗില്‍ ലിയോണിന്റെ കുതിപ്പിന്‌ തടയിടാന്‍ ആരുമില്ലെങ്കില്‍ ജര്‍മനിയില്‍ കരുത്തര്‍ വെള്ളം കുടിക്കുകയാണ്‌.
പ്രീമിയര്‍ ലീഗ്‌: പ്രീമിയര്‍ ലീഗില്‍ പതിനാല്‌ പോയന്റുമായി ചെല്‍സിയും ലിവര്‍പൂളുമാണ്‌ ഒന്നാം സ്ഥാനത്ത്‌. 13 പോയന്റുമായി ആസ്‌റ്റണ്‍വില്ല പിറകിലുണ്ട്‌. ഈയാഴ്‌ച്ചയിലെ ടീം ഹള്‍ സിറ്റിയാണ്‌. കരുത്തരായ ആഴ്‌സനലിനെ അവരുടെ തട്ടകത്ത്‌ വെച്ച്‌ മറിച്ചിട്ടാണ്‌ ഹള്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌. സ്വന്തം താരം പോള്‍ മഷാനെയുടെ സെല്‍ഫ്‌ ഗോളില്‍ തുടക്കത്തില്‍ പിറകിലായ ടീം രണ്ട്‌ ഗോള്‍ സ്‌ക്കോര്‍ ചെയ്‌താണ്‌ ഗണ്ണേഴ്‌സിനെ മറിച്ചിട്ടത്‌. ആഴ്‌സനലിന്‌ സമീപകാലത്ത്‌ ഏല്‍ക്കുന്ന ഏറ്റവും വലിയ പരാജയമാണിത്‌. പ്രിമിയര്‍ ലീഗില്‍ ഒരു വിലാസവുമില്ലാത്ത ടീമാണ്‌ ഹള്‍. അവര്‍ക്ക്‌ മുന്നിലാണ്‌ തിയോ വാല്‍ക്കോട്ടിനും സംഘത്തിനും പിഴച്ചിരിക്കുന്നത്‌. അതേ സമയം ചെല്‍സി സമ്മര്‍ദ്ദമില്ലാതെ മുന്നേറുകയാണ്‌. ജോസ്‌ ബോസ്‌നിഗ,നിക്കോളോസ്‌ അനേല്‍ക്ക എന്നിവരുടെ ഗോളുകളില്‍ ചെല്‍സി സ്റ്റോക്ക്‌ സിറ്റിയെ പരാജയപ്പെടുത്തി. സീസണ്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ യൂറോ ഹീറോ ഫെര്‍ണാണ്ടോ ടോറസിന്റെ മികവാണ്‌ ലിവര്‍പൂളിന്‌ തുണയായത്‌. രണ്ട്‌ ഗോളിനാണവര്‍ എവര്‍ട്ടണെ വീഴ്‌ത്തിയത്‌. ലീഗില്‍ ഇതാദ്യമായി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും ഒരുമിച്ച്‌ ഗോളുകള്‍ നേടിയപ്പോള്‍ ചാമ്പ്യന്മാര്‍ ബോള്‍ട്ടണെതിരെ വിജയം വരിച്ചു. സുതര്‍ലാന്‍ഡിനെ 1-2ന്‌ പരാജയപ്പെടുത്തിയാണ്‌ ആസ്റ്റണ്‍വില്ല മുന്നേറിയത്‌.
ഇപ്പോള്‍ പോയന്റ്‌്‌ പട്ടികയില്‍ ഏറെ പിറകിലുളളവര്‍ സ്റ്റോക്‌ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ്‌ (നാല്‌ വീതം), ടോട്ടന്‍ഹാം (രണ്ട്‌) എന്നിവരാണ്‌. ഗോള്‍വേട്ടയില്‍ അഞ്ച്‌ വീതം ഗോളുകളുമായി ജെറമിന്‍ ഡാഫോയും അമര്‍ സാകിയും മിന്നിലാണ്‌.
സീരിയ എ: ഇറ്റാലിയന്‍ ലീഗില്‍ അപ്രശസ്‌്‌തരാണ്‌ മുന്നേറുന്നത്‌. നാപ്പോളി, ലാസിയോ, ഉദിനസ്‌, കറ്റാനിയ എന്നിവര്‍ വിജയം കണ്ടപ്പോള്‍ മിലാന്‍ യുദ്ധത്തില്‍ റൊണാള്‍ഡിഞ്ഞോ കരുത്തില്‍ ഏ.സി മിലാന്‍ ഒന്നാമതെത്തി. 12 പോയന്റുമായി ലാസിയോയാണ്‌ ഇപ്പോള്‍ ടേബിളില്‍ ഒന്നാമത്‌. നാപ്പോളി (11), ഉദിനസ്‌ (10
) എന്നിവര്‍ അടുത്തസ്ഥാനങ്ങളില്‍ നില്‍ക്കുന്നു. സാന്‍സിറോയില്‍ നടന്ന മിലാന്‍ അങ്കമായിരുന്നു സോക്കര്‍ ലോകം ആകാംക്ഷയോടെ വീക്ഷിച്ചത്‌. മുപ്പത്തിയാറാം മിനുട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡിഞ്ഞോയുടെ ഗോള്‍ മല്‍സരത്തില്‍ വഴിത്തിരിവായി. രണ്ട്‌ ചുവപ്പ്‌ കാര്‍ഡും ഏഴ്‌ മഞ്ഞക്കാര്‍ഡും കണ്ട മല്‍സരം ആദ്യാവസാനം സംഭവ ബഹുലമായിരുന്നു. ഇന്റര്‍ താരങ്ങളായ ബുര്‍ദിസോ, മാര്‍ക്കോ മറ്റരേസി എന്നിവരാണ്‌ ചുവപ്പ്‌ കണ്ടത്‌. കൃസ്റ്റ്യന്‍ പനൂച്ചി , മിര്‍കോ വുസിനിക്‌ എന്നിവരുടെ ഗോളുകളില്‍ റോമ അറ്റ്‌ലാന്റയെ തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ യുവന്തസിന്‌ സാംപദോറിയക്കെതിരെ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
സ്‌പാനിഷ്‌ ലീഗ്‌: സ്‌പെയിനില്‍ മോശം തുടക്കത്തിന്‌ ശേഷം പ്രബലരായ റയല്‍ മാഡ്രിഡും ബാര്‍സിലോണയും താളം വീണ്ടെടുത്തിട്ടുണ്ട്‌. റുഡ്‌വാന്‍ നിസ്‌റ്റര്‍ റൂയിയുടെ മികവില്‍ റയല്‍ 2-1ന്‌ റയല്‍ ബെറ്റിസിനെ വീഴ്‌ത്തിയപ്പോള്‍ മല്‍സരാവസാനം ലയണല്‍ മെസി നേടിയ ഗോളില്‍ ബാര്‍സ എസ്‌പാനിയോളിനെ വീഴ്‌ത്തി. 13 പോയന്റുമായി വലന്‍സിയയും വില്ലാറയലുമാണ്‌ മുന്നില്‍. 12 പോയന്റുള്ള റയലാണ്‌ രണ്ടാമത്‌.
ഫ്രഞ്ച്‌ ലീഗ്‌: കളിച്ച മല്‍സരങ്ങളിലൊന്നും തോല്‍ക്കാതെ ലിയോണ്‍ 19 പോയന്റുമായി ഒന്നാമതാണ്‌. ഏഴ്‌ മല്‍സരങ്ങളില്‍ ആറിലും വിജയമായിരുന്നു ലിയോണിന്‌. രണ്ടാം സ്ഥാനത്തുളള ടുളോസിനെക്കാള്‍ അഞ്ച്‌ പോയന്റിന്റെ മുന്നിലാണ്‌ ലിയോണ്‍.
ജര്‍മന്‍ ലീഗ്‌: 13 പോയന്റുള്ള ഹാംബര്‍ഗ്ഗാണ്‌ ജര്‍മന്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. ബയര്‍ ലെവര്‍കൂസണ്‍ (12), വെര്‍ഡര്‍ ബ്രെഹ്മന്‍ (11) എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലാണ്‌. കരുത്തരായ ബയേണ്‍ മ്യൂണിച്ചിന്‌ ഇന്നലെയും തോല്‍വി പിണഞ്ഞു. ഹാനോവറിനെതിരായ മല്‍സരത്തിലാണ്‌ ബയേണ്‍ ഒരു ഗോള്‍ പരാജയമറിഞ്ഞത്‌.

മാനസിക കരുത്താണ്‌ പ്രധാനം
ശ്രീകാന്ത്‌ മനസ്സ്‌ തുറക്കുന്നു
മുംബൈ: കളിക്കാരന്‍, ക്രിക്കറ്റ്‌ നിരുപകന്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ ക്രിക്കറ്റിലെ പാഠങ്ങളെല്ലാം കൃഷ്‌ണമാചാരി ശ്രീകാന്തിനറിയാം. ബാറ്റ്‌സ്‌മാന്‌ പന്തിനെ ആക്രമിക്കാം, നിരൂപകന്‌ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാം, കമന്റേറ്റര്‍ക്ക്‌ വസ്‌തുനിഷ്ടമായി കാര്യങ്ങളെ അപഗ്രഥിക്കാം. എന്നാല്‍ ഇതിനൊന്നും കഴിയില്ല ഒരു സെലക്ടര്‍ക്ക്‌. സ്വന്തം തീരുമാനങ്ങള്‍ സ്വതന്ത്രമായി നടപ്പിലാക്കാന്‍ സെലക്ടര്‍ക്ക്‌ കഴിയില്ല. അവര്‍ പല വിധേയത്വങ്ങള്‍ക്കും നിര്‍ബന്ധിതരാണ്‌. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ, സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റംഗങ്ങളുടെ, സൂപ്പര്‍ താരങ്ങളുടെയെല്ലാം താല്‍പ്പര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സെലക്ടര്‍ നിര്‍ബന്ധിതരാണ്‌. ഒരു മല്‍സരത്തില്‍ ടീം വിജയിച്ചാല്‍ മാര്‍ക്ക്‌ താരങ്ങള്‍ക്കാണ്‌. പരാജയപ്പെട്ടാല്‍ താരങ്ങളെ പോലെ സെലക്ട
ര്‍മാരും കുരിശിലേറ്റപ്പെടും. ഈ സത്യങ്ങള്‍ മനസ്സിലാക്കിയാണ്‌ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തലവനാവാന്‍ ഞാനില്ല എന്ന്‌ ശ്രീകാന്ത്‌ തീര്‍ത്തുപറഞ്ഞത്‌. പക്ഷേ അദ്ദേഹത്തിന്‌ ആ സ്ഥാനം സ്വീകരിക്കേണ്ടി വന്നു. ദക്ഷിണേന്ത്യക്ക്‌ അനുവദിച്ച സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കാന്‍ അനുയോജ്യനായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി തലവനായ ശേഷം ശ്രീകാന്ത്‌ മനസ്സ്‌ തുറക്കുന്നു:
എന്റെ വലിയ ലക്ഷ്യം 2011 ലെ ലോകകപ്പാണ്‌. ലോകകപ്പ്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാന്‍ പ്രാപ്‌തരായ ഒരു സംഘത്തെ തെരഞ്ഞ്‌ കണ്ട്‌ പിടിക്കുക. ആ ദൗത്യത്തിലേക്കാണ്‌ യാത്രയാരംഭിക്കുന്നത്‌. എന്നാല്‍ പെട്ടെന്നുള്ള ലക്ഷ്യം ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ മികച്ച ടീമിനെ അണിനിരത്തുകയാണ്‌. ഒക്ടോബര്‍ ഒമ്പതിനാണ്‌ ഓസ്‌ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കുന്നത്‌. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിനുളള ടീമില്‍ തീര്‍ച്ചയായും സീനിയര്‍ താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവും. സീനിയര്‍ താരങ്ങളില്‍ എനിക്ക്‌ വിശ്വാസക്കുറവില്ല. മാനസിക കരുത്താണ്‌ ഒരു താരത്തിന്‌ അവശ്യം വേണ്ട കരുത്ത്‌. ഇത്‌ ആര്‍ക്കും പഠിപ്പിച്ചു കൊടുക്കാനാവില്ല. സ്വയമേവ ആര്‍ജ്ജിക്കണം. ഏത്‌ മല്‍സരത്തെയും അതിന്റേതായ കരുത്തില്‍ കാണണം. എതിരാളികള്‍ ഓസ്‌ട്രേലിയയാണെങ്കില്‍ പോലും മല്‍സരത്തില്‍ വെറുതെ പിരിമുറുക്കത്തിന്‌ ഇട നല്‍കരുത്‌. സീനിയര്‍ താരങ്ങള്‍ക്ക്‌ അനുഭവസമ്പത്തുണ്ട്‌. വലിയ മല്‍സരങ്ങളെ എങ്ങനെ നേരിടണമെന്ന ബോധ്യം അവര്‍ക്കുണ്ട്‌. സച്ചിന്‍, ദ്രാവിഡ്‌, കുംബ്ലെ തുടങ്ങിയവര്‍ വര്‍ഷങ്ങളായി സ്വന്തം കരുത്ത്‌ പ്രകടിപ്പിക്കുന്നവരാണ്‌. ഇവര്‍ക്ക്‌ കീഴില്‍ യുവതാരങ്ങള്‍ വളര്‍ന്നുവരണം. എസ്‌.ബദരീനാഥ്‌, രോഹിത്‌ ശര്‍മ്മ തുടങ്ങിയ യുവതാരങ്ങള്‍ മിടുക്കരാണ്‌. പക്ഷേ മിടുക്ക്‌ കൊണ്ട്‌ മാത്രം ഒരു താരത്തിന്‌ ഉന്നതങ്ങളില്‍ എത്താനാവില്ല. മാനസിക കരുത്ത്‌ പ്രകടിപ്പിക്കണം.
നാളെയിലേക്ക്‌ തീര്‍ച്ചയായും ഒരു കണ്ണുണ്ടാവണം. നിലവിലുളളത്‌ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ്‌ ടീമാണ്‌. അതില്‍ സംശയമില്ല. ഈ ടീമില്‍ കാര്യമായ അഴിച്ചുപണിക്ക്‌ കഴിയില്ല. ടെസ്‌റ്റിനും ഏകദിനത്തിനും 20-20 ക്കും പ്രത്യേക ടീമുകള്‍ വേണമെന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റിന്‌ അനുയോജ്യരായവര്‍ക്ക്‌ ചിലപ്പോള്‍ 20-20 യില്‍ തിളങ്ങാന്‍ കഴിഞ്ഞെന്ന്‌ വരില്ല. 20-20 വന്നതോടെ യുവതാരങ്ങളെ കണ്ടെത്താന്‍ പ്രയാസമില്ല. നിലവിലുളള 20-20 ടീം മികച്ച വിജയങ്ങളാണ്‌ നേടുന്നത്‌. ഈ ടീമിന്റെ കരുത്തിനെ നിലനിര്‍ത്തണം.
പ്രതീക്ഷകള്‍ക്കൊപ്പം ഉയരുക എന്നതാണ്‌ സെലക്ഷന്‍ കമ്മിറ്റിയുടെ വലിയ ജോലികളില്‍ ഒന്ന്‌. ഒരു സെലക്ടര്‍ എന്ന നിലയില്‍ എന്റെ ജോലികളും പ്രവര്‍ത്തനങ്ങളും നിരീക്ഷക്കപ്പെടുകയും വിലയിരുത്തപ്പെടുകയും വേണം. ഇന്ത്യക്കായി ഏറ്റവും മികച്ച ടീമിനെ നല്‍കാന്‍ കഴിയാനായി പ്രയത്‌നിക്കുമെന്ന്‌ ഞാന്‍ ഉറപ്പ്‌ നല്‍കുന്നു-ശ്രകാന്ത്‌ പറഞ്ഞു.

കെനിയ പാക്കിസ്‌താനിലേക്ക്‌
നെയ്‌റോബി: ഐ.സി.സി ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ക്ക്‌ മുമ്പായി കെനിയന്‍ ക്രിക്കറ്റ്‌ ടീം പാക്കിസ്‌താനില്‍ പര്യടനം നടത്തും. ആറ്‌ മല്‍സര ഏകദിന പരമ്പരയില്‍ അവര്‍ പാക്കിസ്‌താനെ നേരിടും.
നാലാം ഏകദിനം ബാംഗ്ലൂരില്‍
മുംബൈ: അടുത്തവര്‍ഷമാദ്യം ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം ഇന്ത്യക്കെതിരായ നാലാം ഏകദിനം ബാംഗ്ലൂരില്‍ കളിക്കും. നേരത്തെ ജാംഷഡ്‌പ്പൂരിലായിരുന്നു വേദി നിശ്ചയിച്ചത്‌.

ഗെബ്രിസലാസിക്ക്‌ പുതിയ ലോക റെക്കോര്‍ഡ്‌
ബെര്‍ലിന്‍: എത്യോപ്യന്‍ ദീര്‍ഘദൂര ഇതിഹാസം ഹെയില്‍ ഗെബ്രിസലാസിക്ക്‌ പുതിയ ലോക റെക്കോര്‍ഡ്‌. ബെര്‍ലിന്‍ മാരത്തോണില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം സ്വന്തമാക്കിയ മുപ്പത്തിയഞ്ചുകാരന്‍ 20 കിലോമീറ്റര്‍ രണ്ട്‌ മണിക്കൂറിനടുത്താണ്‌ പിന്നിട്ടത്‌. 2: 03.59 സെക്കന്‍ഡിലാണ്‌ ബെര്‍ലിനില്‍ ഗെബ്രിസലാസി ചരിത്രമായത്‌. അനുകൂലമായ കാലാവസ്ഥയാണ്‌ പുതിയ റെക്കോര്‍ഡിന്‌ സഹായിച്ചതെന്ന്‌ മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ സലാസി പറഞ്ഞു.

ഇന്ത്യന്‍ ടീം നാളെ
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട്‌ ടെസ്‌റ്റിനുളള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. കൃഷ്‌ണമാചാരി ശ്രീകാന്ത്‌ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം നാളെ മുംബൈയില്‍ നടക്കുമെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കുന്ന സൂചന. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പ്‌ ബാംഗ്ലൂരില്‍ തുടങ്ങുകയും ക്യാപ്‌റ്റനാവുമെന്ന്‌ കരുതുന്ന അനില്‍ കുംബ്ലെ ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യോഗം ചിലപ്പോള്‍ ടെലി കോണ്‍ഫ്രന്‍സായി മാറാനും സാധ്യതയുണ്ട്‌. ഒമ്പതിനാണ്‌ ഒന്നാം ടെസ്റ്റ്‌ ആരംഭിക്കുന്നത്‌. രണ്ടാം ടെസ്റ്റ്‌ 17 മുതല്‍ മൊഹാലിയിലാണ്‌. യശ്‌പാല്‍ ശര്‍മ്മ, നരേന്ദ്ര ഹിര്‍വാനി, രാജാ വെങ്കട്ട്‌,സുരേന്ദ്ര ബവെ എന്നിവരാണ്‌ സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

മദന്‍ലാലിന്റെ മകന്‍ ഐ.സി.എല്ലില്‍
മുംബൈ: മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായ മദന്‍ലാലിന്റെ മകന്‍ കുനാല്‍ കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ അഹമ്മദാബാദ്‌ റോക്കറ്റ്‌സിനായി കളിക്കും. നാല്‌ വിദേശ താരങ്ങളെ ഐ.സി.എല്‍ പുതുതായി റിക്രൂട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഓള്‍റൗണ്ടര്‍ താഹിര്‍ മുഗള്‍, ഷാഹിദ്‌ യൂസഫ്‌,ഹാഫിസ്‌ ഖലീല്‍ എന്നീ പാക്കിസ്‌താന്‍ താരങ്ങള്‍ ഇന്‍സമാമുല്‍ ഹഖ്‌ നയിക്കുന്ന ലാഹോര്‍ ബാദ്‌ഷായില്‍ കളിക്കും. 22 കാരനായ ബംഗ്ലാ താരം നസിമുദ്ദീന്‍ ധാക്ക വാരിയേഴ്‌സില്‍ കളിക്കും.

രാജ്യത്തിനായി 13 വര്‍ഷം
169 ക്യാച്ചുകള്‍, 44 സ്റ്റംമ്പിംഗ്‌
126 ഏകദിനങ്ങളില്‍ നിന്ന്‌ 1818 റണ്‍സ്‌
44 ടെസ്റ്റില്‍ 1409 റണ്‍സ്‌്‌

മുഹമ്മദന്‍സിന്‌ സമനില
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌-എയര്‍ ഇന്ത്യ മല്‍സരം 1-1 ല്‍ അവസാനിച്ചു. വിരസമായി മാറിയ പോരാട്ടത്തിന്റെ തുടക്കത്തില്‍ എയര്‍ ഇന്ത്യയാണ്‌ കരുത്ത്‌ കാട്ടിയത്‌. ഇരുപത്തിമൂന്നാം മിനുട്ടില്‍ സുരോജിത്‌ റോയിയുടെ അവസരോചിത ഗോളില്‍ മുംബൈ ടീം ലീഡ്‌ നേടി. ഒന്നാം പകുതിയില്‍ ഈ ഗോളിന്‌ മുന്നിട്ട്‌ നിന്ന എയര്‍ ഇന്ത്യ പക്ഷേ രണ്ടാം പകുതിയില്‍ നിറം മങ്ങി. തിയോഡര്‍ സണ്‍ഡെയിലൂടെ അമ്പത്തിയൊമ്പതാം മിനുട്ടില്‍ മുഹമ്മദന്‍സ്‌ ഒപ്പമെത്തി. മുഹമ്മദന്‍സിന്റെ അഡിബയോ അഡിവുസിയാണ്‌ കളിയിലെ കേമന്‍. ഇന്ന്‌ ഈസ്റ്റ്‌്‌ ബംഗാള്‍ മുംബൈ എഫ്‌.സിയെ നേരിടും.
ഇന്ത്യ എക്ക്‌ ലീഡ്‌
ചെന്നൈ: ന്യൂസിലാന്‍ഡ്‌ എ ക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ദിനം ഇന്ത്യ എ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ നേടി. ആദ്യ ഇന്നിംഗ്‌സില്‍ 248 റണ്‍സ്‌ നേടിയ ഇന്ത്യ ഇന്നലെ സന്ദര്‍ശകരുടെ ആദ്യ ഇന്നിംഗ്‌സ്‌ 248 റണ്‍സില്‍ അവസാനിപ്പിച്ചു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ശിഖര്‍ ധവാന്റെ നഷ്‌ടത്തില്‍ 27 റണ്‍സ്‌ നേടിയിട്ടുണ്ട്‌.

No comments: