Monday, September 8, 2008
VIVA BRAZIL
മാനം കാത്തു
സൂപ്പര്‍താരം റൊണാള്‍ഡിഞ്ഞോ പെനാല്‍ട്ടി കിക്ക് നഷ്ടമാക്കിയിട്ടും ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീല്‍ ചിലിയെ മൂന്ന് ഗോളിന് തകര്‍ത്തു. വിജയത്തോടെ ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്
ജന്റീനയെയും പിന്തള്ളി രണ്ടാം സ്ഥാനത്ത്
സാന്‍ഡിയാഗോ: അവസാനം ബ്രസീല്‍ ബ്രസീലായി. ഒരു പെനാല്‍ട്ടി കിക്ക് നഷ്ടമാക്കിയിട്ടും മൂന്ന് സുന്ദരന്‍
ഗോളുകളുമായി മഞ്ഞപ്പട ചിലിക്കുമേല് ഓടിക്കയറി. തകര്‍പ്പന്‍ വിജയത്തില്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ പരാഗ്വേക്ക് പിറകില്‍ മുന്‍ ലോക ചാമ്പ്യന്മാര് രണ്ടാം സ്ഥാനത്ത് വന്നു. ഏഴ് മല്‍സരങ്ങളില്‍ നിന്നായി 12 പോയന്റ്. ഇത്രയും സമ്പാദ്യമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീനയിപ്പോള്‍ മൂന്നാമതാണ്.
സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ കളിച്ചാണ് ബ്രസീല്‍ ഏകപക്ഷീയ ജയം കരസ്ഥമാക്കിയത്. തോല്‍വികളുടെ കൂമ്പാരത്തില്‍ സ്വന്തം കസേര സംരക്ഷിക്കാന്‍ ബാധ്യസ്ഥനായിരുന്നു കോച്ച് ഡുംഗെ. റൊണാള്‍ഡിഞ്ഞോ, റോബിഞ്ഞോ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും ജനവികാരം ഉണര്‍ന്നിരുന്നു. ഒരു വിജയം മാത്രമായിരുന്നു എല്ലാത്തിനും പരിഹാരം. തോല്‍വിയായിരുന്നെങ്കില്‍ ഡുംഗെയുടെ തൊപ്പി തെറിക്കുമായിരുന്നു. സൂപ്പര്‍ താരങ്ങളെ മാറ്റിനിര്‍ത്താന്‍ വരെ ദേശീയ ഫുട്ബോള്‍ ഫെഡറേഷനില്‍ ആലോചനയുണ്ടായിരുന്നു.
സമ്മര്‍ദ്ദം തലയിലേറ്റാതെ കളിച്ച യുവതാരം ലൂയിസ് ഫാബിയാനോ രണ്ട് ഗോളുകള്‍ സ്ക്കോര്‍ ചെയ്തപ്പോള്‍ റോബിഞ്ഞോ ഒരു ഗോള്‍ സ്വന്തമാക്കി. പക്ഷേ ടീമിലെ സീനിയര്‍ താരമായ റൊണാള്‍ഡിഞ്ഞോ പെനാല്‍ട്ടി കിക്കിലൂടെ ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കി. ചിലി ഗോള്‍ക്കീപ്പര്‍ ക്ലൗഡിയോ ബ്രാവോയുടെ സുന്ദരമായ സേവില്‍ ഗോള്‍ സ്ക്കോറര്‍ പട്ടികയില്‍ ഇടം നേടാനുള്ള റൊണാള്‍ഡിഞ്ഞോയുടെ മോഹം പൊലിഞ്ഞു. ആവേശം വൈര്യത്തിന് വഴിമാറിയപ്പോള്‍ മല്‍സരത്തിനിടെ രണ്ട് പേര് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ബ്രസീല്‍ ഡിഫന്‍ഡര്‍ ക്ലെബറും ചിലി മിഡ്ഫീല്‍ഡര്‍ ജോര്‍ജ് വാല്ഡിവിയയുമാണ് പുറത്തായത്. അച്ചടക്കലംഘനത്തിന്റെ പേരില്‍ പത്ത് മല്‍സരത്തില്‍ നിന്ന് സസ്്പെന്‍ഡ് ചെയ്യപ്പെട്ട ചിലി താരം സസ്പെന്ഷന് കാലാവധി പൂര്‍ത്തിയാക്കി രാജ്യത്തിനായി പങ്കെടുത്ത ആദ്യ മല്‍സരത്തില്‍ തന്നെയാണ് പുറത്താക്കപ്പെട്ടത്.
സമീപകാലത്ത് ബ്രസീലിന് വ്യക്തമായ മാര്‍ജിനില്‍ മല്‍സരങ്ങള്‍ ജയിക്കാനായിരുന്നില്ല. ബെയ്ജിംഗ് ഒളിംപിക്സില്‍ മൂന്ന് വിജയങ്ങള്‍ നേടിയെങ്കിലും എല്ലാം പൊരുതി നേടിയവയായിരുന്നു. ഒളിംപിക്സില്‍ സെമി ബെര്‍ത്ത് പോലും ടീമിന് കിട്ടിയതുമില്ല. തുടക്കം മുതല്‍ ആവേശകരമായിരുന്നു മല്‍സരം. ബ്രസീലിനെന്ന പോലെ ചിലിക്കും അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ബ്രസീലിന്റെ ഫിനിഷിംഗ് കരുത്ത് ചലിക്കുണ്ടായിരുന്നില്ല. ഒമ്പതാം മിനുട്ടില്‍ ബ്രസീല്‍ റോബിഞ്ഞോയിലൂടെ ഗോളിന് അരകിലെത്തി. രണ്ട് ചിലി ഡിഫന്‍ഡര്‍മാരെ മനോഹരമായി മറികടന്ന് റോബിഞ്ഞോ പായിച്ച ഷോട്ട് പക്ഷേ പുറത്തായി. അടുത്ത മിനുട്ടില്‍ ഹൂംബെര്ട്ടോ സുവാസോ ബ്രസീല്‍ ബോക്സില്‍ ലഭിച്ച അവസരം പന്ത് പുറത്തേക്കടിച്ച് പാഴാക്കിയതോടെ ആവേശത്തിന് കരുത്തായി.
ഇരുപത്തിയൊന്നാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. റൊണാള്‍ഡിഞ്ഞോയുടെ ഫ്രീകിക്കില്‍ നിന്നും ഉയര്‍ന്ന പന്ത് ഫാബിയാനോ ഹെഡ് ചെയ്യുകയായിരുന്നു. തിരിച്ചടിക്കാന്‍ ലഭിച്ച രണ്ട് സുവര്‍ണ്ണാവസരങ്ങള്‍ ചിലി മുന്നിരക്കാരന് സുവാസോ പാഴാക്കിയ ശേഷം ബ്രസീലിന് സ്പോട്ട് കിക്ക് അനുവദിക്കപ്പെട്ടു. പെനാല്‍ട്ടി ബോക്സില്‍ വെച്ച് ഡിയാഗോയെ മാര്‍ക്കോ എസ്ട്രാഡ ഫൗള്‍ ചെയ്തപ്പോള്‍ റഫറി സ്പോട്ട് കിക്കിന് വിരല്‍ ചൂണ്ടി. കഴിഞ്ഞ നവംബറിന് ശേഷം ഇതാദ്യമായി രാജ്യത്തിന് വേണ്ടി പൂര്‍ണ്ണസമയം കളിച്ച അനുഭവ സമ്പന്നനായ റൊണാള്‍ഡിഞ്ഞോ പന്ത് വലയുടെ വലത്ത് ഭാഗത്തേക്ക് നിക്ഷേപിക്കുന്നത് തകര്‍പ്പന്‍ ഡൈവില്‍ ചിലി ഗോള്‍ക്കീപ്പര്‍ തടുത്തു. ഇതിനെ തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും ഉയര്‍ന്ന പന്ത് മൈക്കോണ്‍ ഹെഡ് ചെയ്തപ്പോള്‍ ഗോള്‍ലൈനില്‍ നിന്നാണ് ഗോള്‍ക്കീപ്പര്‍ രക്ഷപ്പെടുത്തിയത്. ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഫാബിയാനോ ടീമിന്റെ രണ്ടാം ഗോള്‍ സ്ക്കോര്‍ ചെയ്തു. റോബിഞ്ഞോയുടെ ക്രോസ് ബോക്സില്‍ നിന്ന സ്വീകരിച്ച് പായിച്ച ഷോട്ടിന് കനമുണ്ടായിരുന്നു.
മല്‍സരം അവസാനിക്കാന്‍ ഏഴ് മിനുട്ട് മാത്രം ശേഷിക്കവെയായിരുന്നു ബ്രസീലിന്റെ മൂന്നാം ഗോള്‍.
മല്‍സരം ആരംഭിക്കുന്നതിന് മുമ്പ് പോയന്റ് ടേബിളില്‍ ആറാം സ്ഥാനക്കാരായിരുന്നു ബ്രസീല്‍. മികച്ച വിജയത്തോടെ അവര്‍ അര്‍ജന്റീനയെയും പിറകിലാക്കി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അര്‍ജന്റീന പരാഗ്വേക്കെതിരെ 1-1 സമനില വഴങ്ങിയിരുന്നു. നാല് ടീമുകളാണ് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടുക. അഞ്ചാമത് വരുന്ന ടീം കോണ്‍കാകാഫില്‍ നിന്നുള ടീമുമായി പ്ലേ ഓഫ് കളിക്കണം. ദയനീയമായ തോല്‍വിയോടെ ചിലിയുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചിരിക്കയാണ്. ആകെ കളിച്ച ഏഴ് മല്‍സരങ്ങളില്‍ അഞ്ചിലും അവര്‍ പരാജയമായിരുന്നു. 21 ഗോളുകളും വാങ്ങി.
ലാറ്റിനമേരിക്കയിലെ അടുത്ത റൗണ്ട് മല്‍സരങ്ങള്‍ നാളെ മുതലാണ്. നാളെ അസുന്‍സിയോണില്‍ നടക്കുന്ന പോരാട്ടത്തില്‍ പരാഗ്വേ വെനിസ്വേലയെ എതിരിടും. പത്തിന് നാല് മല്‍സരങ്ങളുണ്ട്. മോണ്ടിവീഡിയോയില്‍ ഉറുഗ്വേ ഇക്വഡോറിനെയും സാന്‍ഡിയാഗോയില്‍ ചിലി കൊളംബിയയെയും ലിമയില്‍ പെറു അര്‍ജന്റീനയെയും റിയോഡിജനറോയില് ബ്രസീല്‍ ബൊളിവിയയെയും നേരിടും.
വീണ്ടും സറീന
യു.എസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ സറീന വില്ല്യംസിന് മൂന്നാം കിരീടം.
ന്യൂയോര്‍ക്ക്: അമേരിക്കയുടെ മണ്ണില്‍ സ്വന്തം താരത്തിന് തന്നെ വിജയം. മഴ കാരണം നീട്ടി വെക്കപ്പെട്ട വനിതകളുടെ സിംഗിള്‍സ് ഫൈനലില്‍ ജലീന ജാന്‍കോവിച്ചിനെ തകര്‍പ്പന്‍ മല്‍സരത്തില്‍ പിന്തള്ളി 26 കാരിയായ സറീന കീരീടത്തില്‍ മുത്തമിട്ടു. സ്ക്കോര്‍ 6-4, 7-5.
ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കുന്ന ജാന്‍കോവിച്ച് തുടക്കത്തില്‍ ഏറെ കരുത്ത് കാട്ടി. സറീനയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ തകര്‍പ്പന്‍ പ്രകടനം. പക്ഷേ അനുഭവസമ്പത്തിന്റെ കരുത്ത് ചുവന്ന കുപ്പായത്തില്‍ കളിച്ച സറീനക്കുണ്ടായിരുന്നു. മൂന്ന് തവണ എതിരാളിയുടെ സര്‍വീസ് ബ്രേക്ക് ചെയ്ത സറീന സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ നാല് തവണ ജാന്‍കോവിച്ച് സെറ്റ് പോയന്റിന് അരികിലായിരുന്നു. പക്ഷേ സറീന അതിജയിച്ചു.
മാജിക് വിജയമെന്നാണ് തന്റെ നേട്ടത്തെ സറീന വിശേഷിപ്പിച്ചത്. ശരിക്കും ഇത് മാജിക്കായിരുന്നു. കാരണം നല്ല തുടക്കം എനിക്ക് ലഭിച്ചില്ല. എന്നിട്ടും ആദ്യ സെറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞു. രണ്ടാം സെറ്റില്‍ പലവട്ടം ജാന്‍കോവിച്ച് സെറ്റ് സ്വന്തമാക്കുമെന്ന് കരുതി. അവിടെയും പക്ഷേ ഞാന്‍ വിജയിച്ചു. ലോക ഒന്നാം നമ്പര്‍സ്ഥാനം നേടുകയല്ല ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീട വിജയങ്ങള്‍ നേടുകയാണ് പ്രധാനമെന്ന് അവര്‍ പറഞ്ഞു. 1999, 2000 ത്തിലുമായിരുന്നു നേരത്തെ സറീന യു.എസ് ഓപ്പണില്‍ മുത്തമിട്ടത്. ഒരു തവണ ഫ്രഞ്ച് ഓപ്പണും രണ്ട് തവണ വിംബിള്‍ഡണും മൂന്ന് തവണ ഓസ്ട്രേലിയന്‍ ഓപ്പണും സറീന നേടിയിട്ടുണ്ട്.
മൂന്ന് തവണ യു.എസ് ഓപ്പണില്‍ മുത്തമിടാന്‍ കഴിഞ്ഞതില്‍ ഏത് തവണയാണ് ഏറെ ആഹ്ലാദം തോന്നിയതെന്ന് ചോദിച്ചപ്പോള്‍ എല്ലാ വിജയങ്ങള്‍ക്കും സറീന ഒരേ മാര്‍ക്കാണ് നല്‍കിയത്. 1999 ലെ വിജയത്തിന് ചാരുതയുണ്ട്. കാരണം എന്റെ ആദ്യ കിരീടം. അതുമല്ല എനിക്കറിയാമായിരുന്നു അന്ന് കിരീടം നേടാനാവുമെന്ന്. 99 ല്‍ ഞാന്‍ ഈ സര്‍ക്ക്യൂട്ടില്‍ താരതമ്യേന പുതുമുഖമാണ്. എന്നിട്ടും ജയിക്കാനായി. ആ വര്‍ഷം ഡബിള്‍സിലും കിരീടമുണ്ടായിരുന്നു.
ശനിയാഴ്ച്ച നടക്കേണ്ടതായിരുന്നു ഫൈനല്‍. കനത്ത മഴയില്‍ പലവട്ടം നീട്ടിവെക്കപ്പെട്ടപ്പോള് ഇന്നലെ മാത്രമാണ് സൂര്യന് തെളിഞ്ഞത്. 1974 ന് ശേഷം ഇതാദ്യമായാണ് വനിതാ ഫൈനല്‍ ശനിയാഴ്ച്ചയല്ലാത്ത ഒരു ദിവസത്തില്‍ നടക്കുന്നത്. ജാന്‍കോവിച്ച് സമ്മര്‍ദ്ദം പ്രകടിപ്പിക്കാതെയാണ് കളിച്ചത്. ആദ്യ സെറ്റിലെ ആദ്യ ഗെയിമില്‍ 40-0 ത്തിന് മുന്നിലായിരുന്നു ലോക രണ്ടാം നമ്പര്‍ താരം. പക്ഷേ ഡബിള്‍ ഫാള്ട്ടുമായി സറീനക്ക് തിരിച്ചുവരാന്‍ ജാന്‍കോവിച്ച് അവസരം നല്കിയപ്പോള് അത് വഴിത്തിരിവായി.
ഫൈനലില്‍ കളിക്കാനായത് വലിയ നേട്ടമാണെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ കഴിയാത്ത നിരാശ പെട്ടെന്ന് അകലില്ലെന്ന് ജാന്‍കോവിച്ച് പറഞ്ഞു. സറീന മനോഹരമായാണ് കളിച്ചത്. അവള്‍ക്ക് എല്ലാ മാര്‍ക്കും നല്കുന്നു. പരുക്ക് കാരണം സീസണിലുടനീളം ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്. എന്നിട്ടും ഫൈനല്‍ വരെ എത്താനായത് നേട്ടം തന്നെയാണെന്നും അവര്‍ പറഞ്ഞു.
സൗരവ്, യുവി ബൗള്‍ഡ്
ഇറാനി ട്രോഫിക്കുളള റെസ്റ്റ് ഓഫ് ഇന്ത്യന്‍ ടീമില്‍ സൗരവ് ഗാംഗുലിക്കും യുവരാജ് സിംഗിനും ശ്രീശാന്തിനും അവസരമില്ല. മുഹമ്മദ് കൈഫും അശോക് ഡിന്‍ഡയും ടീമില്‍.
മുംബൈ: സൗരവ് ദാദയുടെ കാലം കഴിഞ്ഞുവോ..? അങ്ങനെ കരുതേണ്ടിയിരിക്കുന്നു. പുതിയ സീസണിലെ ആദ്യ മല്‍സരമായ ഇറാനി ട്രോഫിയില്‍ ദാദക്ക് മാത്രമല്ല, യുവരാജ് സിംഗിനും ശ്രീശാന്തിനുമൊന്നും കളിക്കാന്‍ അവസരമില്ല. ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഓസ്ട്രേലിയക്കെതിരെ കളിക്കാനുളള സംഘത്തെ കണ്ടെത്താനുളള ട്രയല്‍ മല്‍സരമാണ് ഇറാനി ട്രോഫി. ആ മല്‍സരത്തില്‍ തല കാണിക്കാന്‍ കഴിയാതെ വന്നാല്‍ പിന്നെയൊരു തിരിച്ചുവരവ് എളുപ്പമായിരിക്കില്ല. രഞ്ജി ചാമ്പ്യന്മാരായ ഡല്‍ഹിക്കെതിരെ ഈ മാസം 24 മുതല്‍ 28 വരെ ബറോഡയിലാണ് മല്‍സരം.
ശ്രീലങ്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ദയനീയതയാണ് ദാദയുടെ പുറത്താക്കലിന് കാരണമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം ആ പരമ്പരയില്‍ ദാദയെ പോലെ പരാജിതരായ സച്ചിന് ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും അനില്‍ കുംബ്ലെ നയിക്കുന്ന ടീമിലുണ്ട്. ദിലീപ് വെംഗ്സാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന് കമ്മിറ്റി കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ മുഹമ്മദ് കൈഫിനാണ് വലിയ ആശ്വാസം. ദേശീയ ടീമിലേക്ക്് വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ ഉത്തര്‍ പ്രദേശുകാരന് വഴി തെളിയിച്ചു കൊണ്ടാണ് സെലക്ഷന് കമ്മിറ്റി അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗാള്‍ മീഡിയം പേസര്‍ അശോക് ഡിന്ഡെയാണ് ടീമിലെ പുതുമുഖം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കരുത്ത് കാണിച്ച ഡിന്ഡെക്കൊപ്പം മുംബൈ ഓപ്പണര്‍ വസീം ജാഫറിനും അവസാന അവസരം നല്‍കിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയ ജാഫറിന് ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് സംഘത്തില്‍ സ്ഥാനം നേടാനുളള അവസരമാണിത്. ഓസട്രേലിയ എ, ന്യൂസിലാന്‍ഡ് എ എന്നിവര്‍ക്കെതിരായ ത്രിരാഷ്ട്ര കപ്പിനുളള ഇന്ത്യന്‍ എ സംഘത്തെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.ബദരിനാഥാണ് നായകന്. ചെന്നൈയിലും ഹൈദരാബാദിലുമാണ് ഈ മല്‍സരങ്ങള്‍. യുവരാജ് സിംഗ് ലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ സ്ഥിരത പ്രകടിപ്പിച്ചിരുന്നില്ല. ഇര്ഫാന് പത്താനും ലങ്കയില്‍ നിരാശപ്പെടുത്തിയിരുന്നു.
ഇറാനി ട്രോഫി ടീം ഇതാണ്: അനില്‍ കുംബ്ലെ (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്, സച്ചിന് ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്, വസീം ജാഫര്‍, മഹേന്ദ്രസിംഗ് ധോണി (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് കൈഫ് ,ഹര്ഭജന് സിംഗ്, പ്രഗ്യാന്‍ ഒജ, സഹീര്ഖാന്, മുനാഫ് പട്ടേല്‍, ആര്.പി സിംഗ്, പാര്‍ത്ഥീവ് പട്ടേല്‍, അശോക് ഡിന്‍ഡെ.
പ്രീജ കരുത്ത് കാട്ടി
ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റിന് മഹാരാജാസ് സ്റ്റേഡിയത്തില്‍ തുടക്കം. ഒളിംപ്യന്മാരായ പ്രീജയും സുരീന്ദറും ദീര്‍ഘദൂര മല്‍സരങ്ങളില്‍ കരുത്ത് കാട്ടി.
കൊച്ചി: ബെയ്ജിംഗ് ഒളിംപിക്സില്‍ നിരാശപ്പെടുത്തിയ പ്രീജ ശ്രീധരന് ദേശീയ തലത്തില്‍ തന്നെ മറികടക്കാന്‍ ആരുമില്ലെന്ന് തെളിയിച്ച് ദേശീയ ഓപ്പണ്‍ അത്്ലറ്റിക് മീറ്റിന്റെ ആദ്യ ദിവസം തകര്‍പ്പന്‍ പ്രകട
നവുമായി സ്വര്‍ണ്ണം സ്വന്തമാക്കി. പുരുഷ വിഭാഗത്തിലെ സ്വര്‍ണ്ണം ബെയ്ജിംഗില്‍ എവിടെയും എത്താതെ പോയ സുരീന്ദര്‍ സിംഗിനാണ്. 34: 13.4 സെക്കന്‍ഡിലാണ് പ്രീജ പതിനായിരം മീറ്റര്‍ പൂര്‍ത്തിയാക്കിയത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ലീഡ് നേടിയ റെയില്‍വേ താരത്തിന് കാര്യമായ എതിര്‍പ്പുണ്ടായിരുന്നില്ല. ഒ.എന്‍.ജി.സിയുടെ കവിത റൗത്ത് വെള്ളിയും (36:15.3 സെക്കന്‍ഡ്), റെയില്‍വേയുടെ തന്നെ പ്രീതി എല്‍ റാവു (36: 18.7 സെക്കന്‍ഡ്) വെങ്കലവും നേടി. ചെന്നൈ മാരത്തോണില്‍ ഒന്നാം സ്ഥാനം നേടിയ പ്രീജ ഇവിടെ സ്വര്‍ണ്ണം മാത്രമാണ് പ്രതീക്ഷിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ റെക്കോര്‍ഡിനായി ശ്രമിച്ചിരുന്നില്ലെനന് പ്രീജ പറഞ്ഞു. പുരുഷ വിഭാഗത്തില്‍ 29: 52.6 സെക്കന്‍ഡിലാണ് സര്‍വീസസിന്റെ സുരീന്ദര്‍ സ്വര്‍ണ്ണം നേടിയത്. പോലീസിലെ അജയ് കുമാര്‍ വെള്ളിയും (29:52.48) റെയില്‍വേസിന്റെ സന്തോഷ് കുമാര്‍ (29:55.68) വെങ്കലവും നേടി. സൂരിന്ദറും അജയ് കുമാറും ആദ്യം മതല്‍ അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ഇനത്തില്‍ ദേശീയ ചാമ്പ്യന്‍പ്പട്ടം നിലനിര്‍ത്തുന്ന സുരീന്ദര്‍ സ്വര്‍ണ്ണ നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
ഈസ്റ്റ് ബംഗാളിന് ജയം
കൊല്‍ക്കത്ത: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 3-1ന് പിയര്ലസ്സിനെ പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മോഹന്‍ ബഗാന് ജോര്‍ജ്ജ് ടെലഗ്രാഫിനെ നേരിടും.
ബെയ്ജിംഗ് അനുഭവങ്ങള്‍ പങ്കിട്ടു
കോഴിക്കോട്: ബെയ്ജിംഗ് ഒളിംപിക്സ് അനുഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകരായ ടി.സോമനും (മാതൃഭൂമി), രാജീവ് മേനോനും (മനോരമ) കേരള ഒളിംപിക് അസോസിയേഷന് സെക്രട്ടറി പി.എ ഹംസയും പങ്കിട്ടു. കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കലക്ടര്‍ ഡോ. എ.ജയതിലക് മൂന്ന് പേര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. കോര്പ്പറേഷന് ആസുത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മേലടി നാരായണന് അദ്ധ്യക്ഷനായിരുന്നു. കാലിക്കറ്റ് പ്രസ്സ് ക്ലബ് സെക്രട്ടറി കമാല്‍ വരദൂര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.ജെ മത്തായി, സി.പി ഹമീദ് എന്നിവര്‍ സംസാരിച്ചു. ബെയ്ജിംഗ് എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണെന്നും ഇത്തരമൊരു ഒളിംപിക്സ് നടത്താന്‍ ഇനി മറ്റൊരു രാജ്യത്തിന് കഴിയുന്ന കാര്യം സംശയമാണെന്നും സ്പോര്‍ട്സ് ചന്ദ്രികക്കായി ബെയ്ജിഗ് അനുഭവങ്ങള്‍ എഴുതിയ പി.എ ഹംസ പറഞ്ഞു. ചൈനക്കാരുടെ സമര്‍പ്പണവും അവരുടെ ആതിഥേയത്വവും അപാരമായിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
നദാലിന് ഷോക്ക്
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ റാഫേല്‍ നദാലിന് യു.എസ് ഓപ്പണ്‍ ടെന്നിസ് സെമിയില്‍ പരാജയം. ബ്രിട്ടന്റെ യുവതാരം ആന്‍ഡി മുറെയാണ് തകര്‍പ്പന്‍ പ്രകടനത്തില്‍ നദാലിനെ പരാജയപ്പെടുത്തിയത്. സ്ക്കോര്‍ 6-2, 7-6, (7-5),4-6,6-4. മഴ കാരണം പലവട്ടം തടസ്സപ്പെട്ട മല്‍സരം ഇന്നലെയാണ് പൂര്‍ത്തിയായത്. ഫൈനലില്‍ റോജര്‍ ഫെഡ്ററാണ് മുറെയുടെ പ്രതിയോഗി.
ഹംപി മുന്നേറുന്നു
നാല്ചിക് (റഷ്യ): ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കൊണേരു ഹംപി മുന്നേറുന്നു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹംപി ചൈനയുടെ ഷെന്‍ യാംഗിനെ പരാജയപ്പെടുത്തി സെമിഫൈനല്‍ ഏറെകുറെ ഉറപ്പാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് മല്‍സരങ്ങളാണുളളത്. രണ്ടാമത് മല്‍സരത്തിലും ജയിച്ചാല്‍ ഹംപിക്ക് സെമിയിലെത്താം.
ചാമ്പ്യന്‍സ് ട്രോഫി
നാല് ടീമുകള്‍ വിമുഖത പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ മാറ്റിവെക്കാന്‍ കാരണമായത് പാക്കിസ്താനില്‍ നടത്താനിരുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രമുഖരായ നാല് ടീമുകള്‍ വിമുഖത പ്രകടിപ്പിച്ചത് കൊണ്ടാണെന്ന്് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ ലോക നിലവാരത്തിലുള്ളതായിരിക്കണം. ഈ കാര്യത്തില്‍ ഐ.സി.സിക്ക് നിര്‍ബന്ധമുണ്ട്. കൂറെ ടീമുകള്‍ പിന്മാറിയാല് മല്‍സര നിലവാരത്തെ അത് ബാധിക്കുമെന്നതിനാലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിയതെന്ന് ഐ.സി.സി വക്താവ് ഹാരോണ്‍ ലോര്‍ഗാറ്റ് പറഞ്ഞു.
ചലഞ്ചര്‍ ട്രോഫി കട്ടക്കില്‍
മുംബൈ: എന്‍.കെ.പി സാല്‍വെ ചാലഞ്ചര്‍ ട്രോഫി ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് ഇത്തവണ കട്ടക്ക് വേദിയാവും. അടുത്ത മാസം 23 മുതല്‍ 26 വരെയായിരിക്കും മല്‍സരങ്ങള്‍. ദുലീപ് ട്രോഫി മല്‍സരങ്ങള്‍ ജനുവരി 16 ന്് ആരംഭിക്കും. ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിദേശ ടീം ആരെന്ന് വ്യക്തമായിട്ടില്ല. രഞ്ജി ട്രോഫി മല്‍സരങ്ങള്‍ നവംബറില്‍ ആരംഭിക്കും. ദേവ്ധര്‍ ട്രോഫി മല്‍സരങ്ങള്‍ മാര്‍ച്ചില്‍ നടക്കും. 20-20 സോണല്‍ ലീഗ് മാര്‍ച്ച് 22 മുതല്‍ നടക്കും.
Subscribe to:
Post Comments (Atom)
1 comment:
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍
Post a Comment