Tuesday, September 9, 2008

GLORIOUS FEDRER


ഗ്ലോറിയസ്‌ ഫൈവ്‌
യു.എസ്‌ ഓപ്പണ്‍ ടെന്നിസില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷത്തിലും കിരീടം സ്വിസ്‌ താരം റോജര്‍ ഫെഡ്‌റര്‍ക്ക്‌.
ന്യൂയോര്‍ക്ക്‌: 2008 ഇന്നലെ വരെ റോജര്‍ ഫെഡ്‌റര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഷമായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി അദ്ദേഹത്തില്‍ നിന്നും ഗ്രാന്‍ഡ്‌സ്ലാം പട്ടങ്ങള്‍ അകന്നതിനൊപ്പം ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനവും നഷ്ടമായിരുന്നു. സീസണ്‍ എങ്ങനെയെങ്കിലും പെട്ടെന്ന്‌ അവസാനിക്കാന്‍ പ്രാര്‍ത്ഥിച്ച സ്വിസ്‌ സൂപ്പര്‍ താരത്തിനിതാ അവസാനം ചരിത്രനേട്ടം. തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും അദ്ദേഹത്തിന്‌ യു.എസ്‌ ഓപ്പണ്‍ കിരീടം കാക്കാന്‍ കഴിഞ്ഞിരിക്കുന്നു. ലോക ടെന്നിസ്‌ ഓപ്പണ്‍ യുഗത്തിലേക്ക്‌ കടന്നതിന്‌ ശേഷം യു.എസ്‌ ഓപ്പണില്‍ ഇതാദ്യമായാണ്‌ ഒരു താരം അഞ്ച്‌ വര്‍ഷം സ്ഥിരമായി കിരീടം സ്വന്തമാക്കുന്നത്‌. ഇന്നലെ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ഫ്രെഡ്ഡി മൂന്ന്‌ സെറ്റ്‌ പോരാട്ടത്തില്‍ ബ്രിട്ടന്റെ വളര്‍ന്നുവരുന്ന താരം ആന്‍ഡി മുറേയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 6-2, 7-5, 6-2.
2008 ആരംഭിക്കുമ്പോള്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ഒഴികെ എല്ലാ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളും ഫ്രെഡ്ഡിക്ക്‌ സ്വന്തമായിരു്‌ന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും അദ്ദേഹത്തെ കൈവിട്ടപ്പോള്‍ ഫെഡ്‌ററുടെ കാലഘട്ടം റാഫേല്‍ നദാലിന്‌ വഴിമാറിയെന്നാണ്‌ കരുതപ്പെട്ടത്‌. ഗ്രാന്‍ഡ്‌സ്ലാം പരാജയങ്ങള്‍ക്ക്‌ പിറകെ ബെയ്‌ജിംഗ്‌ ഒളിംപിക്‌സും ഫെഡ്‌റര്‍ക്ക്‌ വേദനയാണ്‌ സമ്മാനിച്ചത്‌.
ലോക ഒന്നാം നമ്പര്‍ പട്ടം നഷ്‌ടമായതിന്‌ പിറകെ തന്നെ യു.എസ്‌ ഓപ്പണില്‍ കിരീടം സ്വന്തമാക്കാനായത്‌ വലിയ നേട്ടമാണെന്ന്‌ ആഹ്ലാദവാനായി കാണപ്പെട്ട ഫെഡ്‌റര്‍ പറഞ്ഞു. അഞ്ച്‌ തവണ ഫെഡ്‌റര്‍ വിംബിള്‍ഡണ്‍ കിരീടം തുടര്‍ച്ചയായി സ്വന്തമാക്കിയിട്ടുണ്ട്‌. ആറാമത്‌ തവണയും വിംബിള്‍ഡണില്‍ മുത്തമിടാനുളള അദ്ദേഹത്തിന്റെ മോഹം ഇത്തവണ നദാലില്‍ തട്ടി മറിഞ്ഞിരുന്നു. ഇവിടെ ബ്രിട്ടീഷ്‌ യുവതാരം തനിക്ക്‌ വെല്ലുവിളിയാവുമെന്നാണ്‌ ഫെഡ്‌റര്‍ കരുതിയത്‌. എന്നാല്‍ മല്‍സരം വളരെ എളുപ്പം അവസാനിച്ചു. നദാലിനെ അട്ടിമറിച്ചാണ്‌ മുറെ ഫൈനല്‍ ടിക്കറ്റ്‌ നേടിയത്‌.
സ്വന്തം വിജയത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ചതിനൊപ്പം മുറെയെ അഭിനന്ദിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഫെഡ്‌റര്‍ മറന്നില്ല. വളരെ പെട്ടെന്ന്‌ രാജ്യാന്തര രംഗത്ത്‌ കുതിപ്പ്‌ നടത്തുന്ന താരമാണ്‌ മുറെയെന്ന്‌ അദ്ദേഹം പറഞ്ഞു.
വിദേശ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്ന്‌ ഗവാസ്‌ക്കര്‍
ദുബായ്‌: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ വിദേശ താരത്തിന്‌ അവസരം നല്‍കുന്നത്‌ ആഭ്യന്തര ക്രിക്കറ്റിന്‌ മാത്രമല്ല ഇന്ത്യയില്‍ വളര്‍ന്നു വരുന്ന താരങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍
ബോര്‍ഡ്‌ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ഗവാസ്‌ക്കര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ ഇനി മുതല്‍ ഒരു സംസ്ഥാനത്തിന്‌ ഒരു വിദേശ താരത്തെ കളിപ്പിക്കാമെന്ന ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശയില്‍ പ്രതികരിക്കവെ അനുഭവസമ്പന്നായ ഒരു വിദേശ താരത്തിന്റെ സാന്നിദ്ധ്യം മല്‍സരനിലവാരത്തെ ഉയര്‍ത്തുന്നതിനൊപ്പം നമ്മുടെ ആഭ്യന്തര രംഗത്തെ യുവതാരങ്ങള്‍ക്കും കൂടുതല്‍ ഗുണം ചെയ്യുമെന്നും ഗള്‍ഫ്‌ ന്യൂസ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു വിദേശ താരത്തെ ഒരു ടീമിന്‌ കളിപ്പിക്കാമെന്നാണ്‌ ശുപാര്‍ശ. ഈ വിദേശ താരം ഏറ്റവും കുറഞ്ഞത്‌ പത്ത്‌ ടെസ്റ്റോ അല്ലെങ്കില്‍ ഇരുപത്‌ ഏകദിനങ്ങളോ കളിച്ച താരമായിരിക്കണമെന്നും പറയുന്നുണ്ട്‌. അനുഭവസമ്പന്നനായിരിക്കണം വിദേശ താരം എന്ന ഉദ്ദേശത്തിലാണ്‌ ഈ വ്യവസ്ഥ. വിദേശത്ത്‌ നിന്ന്‌ വരുന്ന യുവതാരങ്ങള്‍ നമ്മുടെ ക്രിക്കറ്റിന്‌ ഗുണം ചെയ്യില്ല. അനുഭവ സമ്പന്നരാവുമ്പോള്‍ അവര്‍ക്ക്‌ ഇവിടെയുളള താരങ്ങളെ സഹായിക്കാനാവും. നമ്മുടെ ആഭ്യന്തര രംഗം വിദേശ താരത്തിന്‌ വളര്‍ന്നുവലുതാവാനുളള വേദിയാവില്ല. നമ്മുടെ സംസ്ഥാനങ്ങളില്‍ ക്രിക്കറ്റിന്റെ നിലവാരത്തെ ഉയര്‍ത്താനും വിദേശ താരങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ ഗവാസ്‌്‌കര്‍ കരുതുന്നത്‌. നമ്മുടെ തന്നെ ചില താരങ്ങള്‍-ഉദാഹരണത്തിന്‌ ചന്ദ്രകാന്ത്‌ പണ്ഡിറ്റും അരുണ്‍ ലാലും സന്ദീപ്‌ പാട്ടിലുമെല്ലാം സംസ്ഥാനങ്ങള്‍ മാറി ക്രിക്കറ്റിനെ പ്രോല്‍സാഹിപ്പിച്ചപ്പോള്‍ അതിന്റെ മാറ്റം കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പില്‍ ഇന്ന്‌ തകര്‍പ്പന്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍. ഇംഗ്ലണ്ടിന്‌ മുന്നില്‍ ക്രോട്ടുകാര്‍, ഫ്രാന്‍സിന്‌ മാനം കാക്കാന്‍ അവസരം
ലണ്ടന്‍: 2010 ല്‍ ദക്ഷിണാഫ്രിക്കയിലെത്താനുളള സഞ്ചാരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ ഇന്ന്‌ വീണ്ടും പോരാട്ടങ്ങള്‍. രണ്ട്‌ ദിവസം മുമ്പ്‌ മല്‍സരത്തനിറങ്ങിയവരെല്ലാം ഒരിക്കല്‍ കൂടി ഇന്ന്‌ കളത്തില്‍ വരുന്നു. ഫ്രാന്‍സ്‌ ഒഴികെ മറ്റ്‌ പ്രമുഖരെല്ലാം വിജയം കണ്ടിരുന്നു ആദ്യ ഘട്ട പോരാട്ടത്തില്‍. അതിനാല്‍ തന്നെ ഇന്ന്‌ സമ്മര്‍ദ്ദത്തിന്റെ വലിയ ഭാരം ഫ്രാന്‍സിലാണ്‌. സെര്‍ബിയാണ്‌ അവരുടെ എതിരാളികള്‍.
സാഗ്രബില്‍ നടക്കുന്ന ഇംഗ്ലണ്ട്‌-ക്രൊയേഷ്യ അങ്കത്തിനാണ്‌ സോക്കര്‍ ലോകം കാത്തുനില്‍ക്കുന്നത്‌. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്റെ വഴി മുടക്കിയവരാണ്‌ ക്രോട്ടുകാര്‍. അവരെ തോല്‍പ്പിക്കേണ്ട വലിയ ബാധ്യതയാണ്‌ ഫാബിയാ കാപ്പലോ എന്ന കോച്ചിന്‌ കീഴില്‍ കളിക്കുന്ന ഇംഗ്ലണ്ടിനുള്ളത്‌. രണ്ട്‌ ദിവസം മുമ്പ്‌ അന്‍ഡോറക്കെതിരെ മങ്ങിയ വിജയം മാത്രം നേടാനായ ഇംഗ്ലണ്ടിന്‌ സാഗ്രബില്‍ ഏറ്റവും മികച്ച പോരാട്ടം നടത്തിയാല്‍ മാത്രമാണ്‌ ജയിച്ചുകയറാനാവുക. യൂറോ 2008 ലെ സര്‍പ്രൈസ്‌ ടീമായിരുന്നു ക്രൊയഷ്യ. അവരുടെ തന്ത്രങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു.
താരനിബിഡമാണ്‌ രണ്ട്‌ ടീമുകളും. ഇംഗ്ലീഷ്‌്‌ സംഘത്തില്‍ റിയോ ഫെര്‍ഡിനാന്‍ഡും സ്‌റ്റീവന്‍ ജെറാര്‍ഡും കളിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. സ്വന്തം ഗ്രൂപ്പില്‍ ഇത്‌ വരെ ആധികാരിക വിജയം നേടാനാവാത്ത നിരാശയില്‍ കാപ്പലോയുടെ സംഘത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനമുണ്ടായാല്‍ മാത്രമേ രക്ഷപ്പെടാനാവു. ക്രോട്ട്‌ കോച്ച്‌ സ്ലാവന്‍ ബിലിച്ച്‌ യൂറോ പ്രകടനം ആവര്‍ത്തിക്കാന്‍ തന്റെ ടീമിന്‌ കഴിയുമെന്നാണ്‌ പറയുന്നത്‌.
ഗ്രൂപ്പ്‌ ഒന്നില്‍ നടക്കുന്ന പോര്‍ച്ചുഗല്‍-ഡെന്മാര്‍ക്ക്‌ മല്‍സരത്തിലും ആവേശം ഉയരും. കഴിഞ്ഞ മല്‍സരത്തില്‍ മാള്‍ട്ടയെ മറുപടിയില്ലാത്ത നാല്‌ ഗോളിന്‌ തകര്‍ത്തവരാണ്‌ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ സംഘം. ഇന്ന്‌ വിജയം ആവര്‍ത്തിക്കാനായാല്‍ പറങ്കിപ്പടക്ക്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താം. ഡെന്മാര്‍ക്ക്‌ കഴിഞ്ഞ മല്‍സരത്തില്‍ ഹംഗറിക്കെതിരെ സമനില വഴങ്ങിയിരുന്നു.
ഗ്രൂപ്പ്‌ രണ്ടില്‍ ലാത്‌വിയ, ഗ്രീസ്‌ എന്നിവരാണ്‌ മുന്നില്‍. ഇന്ന്‌ ലാത്‌വിയ മോള്‍ദോവയെയും ഗ്രീസ്‌ ലക്‌സംബര്‍ഗ്ഗിനെയും എതിരിടുകയാണ്‌. ഗ്രൂപ്പില്‍ നടന്ന ഇസ്രാഈല്‍-സ്വിറ്റ്‌സര്‍ലാന്‍ഡ്‌ മല്‍സരം 2-2 ല്‍ അവസാനിച്ച സാഹചര്യത്തില്‍ വിജയങ്ങള്‍ തുടരാനായാല്‍ ലാത്‌വിയക്കും ഗ്രീസിനും സാധ്യതകള്‍ സജീവമാക്കാം.
ഗ്രൂപ്പ്‌ മൂന്നില്‍ ചെക്കുകാര്‍ ഇന്ന്‌ ഇറങ്ങുന്നുണ്ട്‌. പുതിയ കോച്ച്‌ പീറ്റര്‍ റാദക്ക്‌ കീഴില്‍ അണിനിരക്കുന്ന ചെക്‌ പടയുടെ എതിരാളികള്‍ ഉത്തരഅയര്‍ലാന്‍ഡാണ്‌. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്ലോവാക്യ സ്ലോവേനിയയെ നേരിടും. ഗ്രൂപ്പ്‌ നാലില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ജര്‍മനിയാണ്‌. ഇന്ന്‌ അവരുടെ എതിരാളികള്‍ ഫിന്‍ലാന്‍ഡാണ്‌. അവസാന മല്‍സരത്തില്‍ ലൈഞ്ചസ്റ്റിനെ മറുപടിയില്ലാത്ത ആറ്‌ ഗോളുകള്‍ക്ക്‌ തരിപ്പണമാക്കിയ ജര്‍മന്‍ നിരയില്‍ ഇന്നും ക്യാപ്‌റ്റന്‍ മൈക്കല്‍ ബലാക്‌ കളിക്കില്ല. ഈ ഗ്രൂപ്പില്‍ തന്നെ റഷ്യ വെയില്‍സിനെ നേരിടും.
ഗ്രൂപ്പ്‌ അഞ്ചില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ അര്‍മീനീയക്കെതിരെ കളിക്കും. വിസന്‍ഡെ ഡെല്‍ ബോസ്‌ക്കിന്‌ കീഴില്‍ കളിച്ച ആദ്യ മല്‍സരത്തില്‍ തന്നെ ബോസ്‌നിയ ഹെര്‍സഗോവിനക്കെതിരെ ഏക ഗോള്‍ വിജയം നേടിയ സ്‌പെയിന്‍ നിരയില്‍ ഡേവിഡ്‌ സില്‍വ, ഫെര്‍ണാണ്ടോ ടോറസ്‌ എന്നിവര്‍ കളിക്കില്ല. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി സ്വന്തം നാട്ടില്‍ ബെല്‍ജിയത്തെ എതിരിടും. സ്വന്തം നാട്ടില്‍ നൂറാമത്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരം കളിക്കുന്ന തുര്‍ക്കിയുടെ റെക്കോര്‍ഡ്‌ 35 വിജയവും 17 സമനിലകളും 47 പരാജയങ്ങളുമാണ്‌ .
ഗ്രൂപ്പ്‌്‌ ആറില്‍ നടക്കുന്ന ഇംഗ്ലണ്ട്‌-ക്രൊയേഷ്യ മല്‍സരത്തിനൊപ്പം ഫോമിലുളള ഉക്രൈന്‍ കസാക്കിസ്ഥാന നേരിടുന്നുണ്ട്‌. കഴിഞ്ഞ മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയവരായ ലിത്വാനിയയും ഓസ്‌ട്രിയയും ഇന്ന്‌ പരസ്‌പരം വരുന്നുണ്ട്‌. ലിത്വാനിയ റുമേനിയയെയും ഓസ്‌ട്രിയ ഫ്രാന്‍സിനെയുമാണ്‌ കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയത്‌. ഇന്ന്‌ റുമേനിയയുടെ പ്രതിയോഗികള്‍ ഫറോ ഐലാന്‍ഡും ഫ്രാന്‍സിന്റെ എതിരാളികള്‍ സെര്‍ബിയയുമാണ്‌. മല്‍സരം സെര്‍ബിയയില്‍ നടക്കുന്നതിനാല്‍ ഫ്രഞ്ച്‌ കോച്ച്‌ ഡൊമന്‍ച്ചെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌. തിയറി ഹെന്‍ട്രി ഉള്‍പ്പെടെ ഫ്രഞ്ച്‌ നിരയിലെ വെറ്ററന്മാരാല്ലാം ഇന്ന്‌ കളിക്കുന്നുണ്ട്‌.
ഗ്രൂപ്പ്‌ എട്ടില്‍ നിലവിലെ ലോക ചാമ്പ്യന്മരായ ഇറ്റലി ജോര്‍ജിയയെ നേരിടും. സൈപ്രസിനെതിരെ അവസാന മിനുട്ട്‌്‌ ഗോളില്‍ ജയം കണ്ട ഇറ്റാലിയന്‍ സംഘത്തില്‍ ഇന്ന്‌ അവരുടെ സൂപ്പര്‍ താരങ്ങളായ ജെനറി ഗട്ടൂസോ, അലക്‌സാണ്ടറോ ഗാംബര്‍നി, ഫാബിയോ ഗ്രോസോ എന്നിവര്‍ കളിക്കില്ല. ഗ്രൂപ്പ്‌ ഒമ്പതില്‍ ഹോളണ്ട്‌ മാസിഡോണിയയെ എതിരിടും.