Wednesday, September 10, 2008
പരാഗ്വേ മുന്നോട്ട്
പരാഗ്വേ മുന്നോട്ട്
അസുന്‍സിയോണ്‍: അര്‍ജന്റീനയും ബ്രസീലും കളിക്കുന്ന ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ നിന്നും പരാഗ്വേ ഒന്നാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ദുര്‍ബലരായ വെനിസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പരാഗ്വേ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്വന്തം മൈതാനത്ത് നടന്ന യോഗ്യതാ മല്‍സരങ്ങളില്‍ 100 ശതമാനം വിജയമുളള പരാഗ്വേക്കാര്‍ നിഷ്‌പ്രയാസമാണ് വെനിസ്വേലയെ അതിജയിച്ചത്. ഇതോടെ എട്ട് മല്‍സരങ്ങളില്‍ നിന്ന് പരാഗേ്വയുടെ സമ്പാദ്യം 17 പോയന്റായി. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ലാറ്റിനമേരിക്കയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടിയ പരാഗ്വേക്കിപ്പോള്‍ രണ്ടാമതുള്ള ബ്രസീലിനേക്കാള്‍ അഞ്ച് പോയന്റ് മുന്നിലാണ്.
ഒന്നാം പകുതിയിലായിരുന്നു പരാഗേ്വയുടെ രണ്ട് ഗോളുകളും. ഇരുപത്തിയെട്ടാം മിനുട്ടിലായിരുന്നു ആദ്യഗോള്‍. ഒരു വെനിസ്വേലന്‍ ഡിഫന്‍ഡറെ മറികടന്ന് ക്ലൗഡിയോ മോറല്‍ റോഡ്രിഗസ് പന്ത് പെനാല്‍ട്ടി ബോക്‌സില്‍ ക്രിസ്‌റ്റിയന്‍ ഇവോറസിന് നല്‍കി. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍ കയറി. രണ്ടാം ഗോളിലേക്ക് പന്ത് നല്‍കിയത് ജൂലിയോ മാന്‍സറാണ്. അദ്ദേഹത്തിന്റെ ലോംഗ് ക്ലിയറന്‍സില്‍ ഉയര്‍ന്ന പന്ത് റോക്കി സാന്താക്രൂസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഹാഡിയോ വാലസിന് നല്‍കി. അദ്ദേഹത്തിന്റെ ഷോട്ട് ഗോള്‍ക്കീപ്പര്‍ റെന്നി വെഗയെ നിസ്സഹായനാക്കി.
വെനിസ്വേലന്‍ മുന്‍നിരക്കാര്‍ക്ക് 90 മിനുട്ടില്‍ ഒരിക്കല്‍ പോലും പരാഗ്വേ ഗോള്‍ക്കീപ്പര്‍ ജസ്റ്റോവില്ലാറെ വെല്ലുവിളിക്കാനായില്ല. ഇത് വരെ ഒരു ലോകകപ്പ് ഫൈനല്‍ റൗണ്ടും കളിക്കാത്ത ഏക ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേല ഏഴ് പോയന്റുമായി ഗ്രൂപ്പില്‍ ഏറെ പിറകിലാണ്.
ഓഷ്യാനയില്‍ നടന്ന മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് മറുപടിയില്ലാത്ത മൂന്ന് ഗോുളകള്‍ക്ക് ന്യൂ കാലിഡോണിയയെ പരാജയപ്പെടുത്തി. നേരത്തെ തന്നെ മേഖലയില്‍ നിന്നും അടുത്ത റൗണ്ടിനും കോണ്‍ഫെഡറേഷന്‍ കപ്പിനും യോഗ്യത നേടിയ കിവീസ് അനായാസ ഫുട്‌ബോളുമായാണ് ജയം ആവര്‍ത്തിച്ചത്. ഓഷ്യാനയില്‍ നിന്ന് ഒന്നാം സ്ഥാനം നേടുന്ന ടീം ഏഷ്യന്‍ മേഖലയിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ലേ ഓഫ് കളിക്കണം.
ഓസ്‌ട്രേലിയ ഓഷ്യാന മേഖല വിട്ട് ഏഷ്യന്‍ മേഖലയിലേക്ക് ചേക്കേറിയത് മുതല്‍ ന്യൂസിലാന്‍ഡിന് ഈ മേഖലയില്‍ നിന്ന്‌് കടന്നു കയറാന്‍ കഴിയുമെന്നുറപ്പായിരുന്നു. ന്യൂ കാലിഡോണിയ, വനാത്തു തുടങ്ങിയ ദുര്‍ബലരാണ് മേഖലയില്‍ കളിക്കുന്നത്. മറ്റൊരു മല്‍സരത്തില്‍ വനാത്തു 2-1 ന് ഫിജിയെ പരാജയപ്പെടുത്തി. അഞ്ച് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിവീസിനിപ്പോള്‍ 15 പോയന്റായി. ആറ് മല്‍സരങ്ങളില്‍ നിന്ന് 8 പോയന്റ് കരസ്ഥമാക്കിയ ന്യൂകാലിഡോണിയ രണ്ടാമതും നാല് പോയന്റുമായി ഫിജി മൂന്നാമതുമാണ്.
ചൂളം വിളി
ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം. ചാമ്പ്യന്‍പ്പട്ടം നിലവിലെ ജേതാക്കളായ റെയില്‍വേസ് ഉറപ്പാക്കുന്നു
കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് തിരശ്ശീല വീഴുന്ന നാല്‍പ്പത്തിയെട്ടാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസ് കിരീടം നിലനിര്‍ത്തുമെന്നുറപ്പാവുന്നു. സ്വര്‍ണ്ണ വേട്ട തുടരുന്ന തിവണ്ടിക്കാരെ വെല്ലുവിളിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. സര്‍വീസസും കേരളവും ഏറെ പിറകിലാണ്. ഇന്നലെ നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ റെയില്‍വേസിന് വേണ്ടി അനില്‍സിംഗ് സ്വര്‍ണ്ണം നേടി. രാവിലെ നടന്ന മല്‍സരത്തില്‍ 74.11 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് റെയില്‍വേസ് താരം ഒന്നാമനായത്. സര്‍വീസസിന്റെ കാശിനാഥ് നായിക് 72.6 മീറ്ററില്‍ വെള്ളിയും കര്‍ണ്ണാടകയുടെ പുരന്ദര്‍ 71.78 മീറ്ററില്‍ വെങ്കലവും കരസ്ഥമാക്കി. മീറ്റില്‍ റെയില്‍വേസിന്റെ പത്താം സ്വര്‍ണ്ണമാണ് അനില്‍സിംഗ് നേടിയത്.
ഇന്നലെ നടന്ന ആദ്യ ഇനമായ പുരുഷന്മാരുടെ 20 കീലോമീറ്റര്‍ നടത്തത്തില്‍ സര്‍വീസസ് സ്വര്‍ണ്ണം കരസ്ഥമാക്കി. ശക്തമായ മല്‍സരത്തെ അതിജയിച്ച ഹര്‍വീന്ദര്‍ ഒരു മണിക്കൂറും 35.21 സെക്കന്‍ഡുമെടുത്താണ് ഫിനിഷ് ചെയ്‌തത്. ആര്‍മിയില്‍ ഹവില്‍ദാറായ ഇരുപത്തിമൂന്നുകാരനെ റെയില്‍വേസിന്റെ അശോക് കുമാര്‍ പട്ടേല്‍ ആദ്യാവസാനം വെല്ലുവിളിച്ചിരുന്നു. അവസാന ലാപ്പില്‍ മാത്രമാണ് സര്‍വീസസ് താരം സ്വര്‍ണ്ണം ഉറപ്പിച്ചത്. അവസാന 300 മീറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. അപകടം മനസ്സിലാക്കി ഫസ്‌റ്റ് ഗിയറിറല്‍ നടന്ന ഹര്‍വീന്ദര്‍ കാണികളുടെ കൈയ്യടിയുടെ അകമ്പടിയില്‍ ഒന്നാമനായി. സ്വര്‍ണ്ണം ലക്ഷ്യമിട്ട് തന്നെയാണ് ഇവിടെയെത്തിയതെന്നും ആ നേട്ടം ൈകവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ വര്‍ഷം ജാംഷഡ്‌പ്പൂരില്‍ നടന്ന ദേശീയ ഓപ്പണ്‍ മീറ്റില്‍ മൂന്നാമനായിരുന്ന ഹര്‍വീന്ദര്‍ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന യൂറോപ്യന്‍ ഗ്രാന്‍ഡ്‌പ്രിയില്‍ മല്‍സരിച്ച ഹര്‍വീന്ദര്‍ അവിടെ ഏഴാമനായിരുന്നു.
പാക്കിസ്‌താനില്‍ ക്രിക്കറ്റിന് സ്‌പോണ്‍സര്‍മാരില്ല
ലാഹോര്‍: പാക്കിസ്‌താനില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ല. ഈ മാസം നടക്കേണ്ടിയിരുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ നീട്ടി വെക്കപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് പെട്ടെന്ന് തയ്യാറാക്കിയ ശ്രീലങ്കകെതിരായ ഏകദിന പരമ്പര സ്‌പോണ്‍സര്‍മാരില്ലാത്തത് കാരണം ഉപേക്ഷിക്കപ്പെടുകയാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി ഉദ്ദേശിച്ച സമയത്താണ് അഞ്ച് മല്‍സര പരമ്പരക്കായി പി.സി.ബി ഒരുക്കം നടത്തിയത്. എന്നാല്‍ റമസാന്‍ വ്രതകാലത്ത് ക്രിക്കറ്റിന് ആരാധകരെ ലഭിക്കില്ലെന്ന് മനസ്സിലാക്കി പരമ്പര സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരും മുന്നോട്ട് വരുന്നില്ല. സെപ്‌തംബര്‍ 12 മുതല്‍ 28 വരെയാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പല ടീമുകളും പാക്കിസ്‌താനിലേക്ക് വരാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് ഐ.സി.സി മാറ്റിവെക്കുകയായിരുന്നു.
പോണ്ടിംഗും ഹെയ്‌ഡനും സുഖം പ്രാപിക്കുന്നു
മെല്‍ബണ്‍: അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം മുന്‍നിര്‍ത്തി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്, ഓപ്പണിംഗ് ബാറ്റ്‌സ്‌മാന്‍ മാത്യൂ ഹെയ്‌ഡന്‍ എന്നിവരുടെ കാര്യത്തില്‍ ശുഭവാര്‍ത്തകള്‍. ഇരുവരും ദേശീയ ടീമിലേക്ക് ഉടന്‍ തിരിച്ചുവരുമെന്നാണ് ടീം കോച്ച് ടീം നീല്‍സണ്‍ പറഞ്ഞു. വിന്‍ഡീസ് പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങി കൈക്കുഴയില്‍ സര്‍ജറിക്ക് വിധേയനായ പോണ്ടിംഗ് പരീശിലനം പുനരാരംഭിച്ചിട്ടുണ്ട്. ഹെയ്‌ഡനാവട്ടെ വിന്‍ഡീസ് പര്യടനത്തിനുണ്ടായിരുന്നില്ല. ആന്‍ഡ്ര്യൂ സൈമണ്ട്‌സ് എന്ന സ്‌റ്റാര്‍ ക്രിക്കറ്ററുടെ കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കെ ഹെയ്‌ഡന്റെയും പോണ്ടിംഗിന്റെയും സേവനം ടീമിന് നിര്‍ബന്ധമാണ്.
മുഹമ്മദന്‍സിന് തകര്‍പ്പന്‍ വിജയം
കൊല്‍ക്കത്ത: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിന് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ സ്‌പോര്‍ട്ടിംഗ് മൂന്ന് ഗോളുകള്‍ക്ക് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്‌്‌റ്റിനെ പരാജയപ്പെടുത്തി. ഇന്ന് കളിയില്ല. നാളെ കരുത്തരായ മോഹന്‍ ബഗാനും ഈസ്‌റ്റ് ബംഗാളും ഏറ്റുമുട്ടും.
അണ്ടര്‍ 19- ഐ ലീഗിന് തുടക്കം
ജാംഷഡ്‌പ്പൂര്‍: അണ്ടര്‍ -19 ഐ ലീഗ് ഫുട്‌ബോളിന് തുടക്കമായി. ആദ്യ മല്‍സരത്തില്‍ സാല്‍ഗോക്കര്‍ 2-1 ന് എയര്‍ ഇന്ത്യയെയും മോഹന്‍ബഗാന്‍ 2-1ന് ജെ.സി.ടി ഫുട്‌ബോള്‍ അക്കാദമിയെയും പരാജയപ്പെടുത്തി. ഇന്ന് മഹീന്ദ്ര യുനൈറ്റഡ് വാസ്‌ക്കോയെയും സെസ ഫുട്‌ബോള്‍ ക്ലബ് മുഹമ്മദന്‍സിനെയും സ്‌പോര്‍ട്ടിംഗ് ഗോവ പൂനെ എഫ്.സിയെയും ഡെംപോ ചിരാഗ് യുനൈറ്റഡിനെയും നേരിടും.
മഴ വീണ്ടും തടസ്സമായി
ഹൈദരാബാദ്: ഇന്ത്യ എയും ഓസ്‌ട്രേലിയ എ യും തമ്മിലുളള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ മഴ കാരണം കളി മുടങ്ങി. ആദ്യ ദിവസം അല്‍പ്പസമയം മാത്രമാണ് കളി നടന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് 82 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മല്‍സരം സമനിലയിലാണ് അവസാനിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment