Thursday, September 25, 2008

MUNAF DAY


മുനാഫ്‌
ബറോഡ: മുനാഫ്‌ മൂസ്സ പട്ടേലിന്‌ മുന്നില്‍ വിരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി സംഘം തകര്‍ന്നടിഞ്ഞപ്പോള്‍ ഇറാനി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം ദിനം റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ സ്വന്തമാക്കി. രഞ്‌ജി ചാമ്പ്യന്മാരായ ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്‌സ്‌ 177 റണ്‍സില്‍ അവസാനിപ്പിച്ച്‌ വിലപ്പെട്ട 75 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ സ്വന്തമാക്കിയ അനില്‍ കുംബ്ലെയും സംഘവും രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 99 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. മൊത്തം 174 റണ്‍സിന്റെ ലീഡുമായി മല്‍സരത്തില്‍ സൂപ്പര്‍താരനിര പിടിമുറുക്കി കഴിഞ്ഞു.
ഒന്നാം ദിവസം ബൗളിംഗ്‌ മികവില്‍ റെസ്‌റ്റിന്റെ പുകള്‍പെറ്റ ബാറ്റിംഗ്‌ നിരയെ വരിഞ്ഞ്‌ മുറുക്കിയ ഡല്‍ഹിക്കാര്‍ക്ക്‌ നല്ല തുടക്കവും വേഗതയും ലഭിച്ചിരുന്നു. പക്ഷേ രണ്ടാം സെഷനില്‍ അവര്‍ മുനാഫിന്റെ മീഡിയം പേസിന്‌ മുന്നില്‍ തലവെച്ചു.
വിക്കറ്റ്‌ നഷ്ടമാവാതെ 22 റണ്‍സ്‌ എന്ന നിലയില്‍ ഇന്നിംഗ്‌സ്‌ പുനരാരംഭിച്ച ഡല്‍ഹിക്ക്‌ തുടക്കത്തില്‍ തന്നെ ഗൗതം ഗാംഭീറിനെ നഷ്‌ടമായിരുന്നു. സഹീര്‍ഖാന്റെ അതിവേഗതയുളള പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്ലിപ്പില്‍ പിടി നല്‍കി. എന്നാല്‍ ദേശീയ നിരയിലേക്ക്‌ തിരിച്ചുവരാന്‍ പോരാടുന്ന ആകാശ്‌ ചോപ്ര ക്യാപ്‌റ്റന്‍ സേവാഗിനൊപ്പം പൊരുതി നിന്നപ്പോള്‍ കാര്യങ്ങള്‍ ഡല്‍ഹിക്ക്‌ അനുകൂലമായി മാറി. ചോപ്രയും (42), സേവാഗും (43) പുറത്തായതോടെ ചിത്രം മാറി. മധ്യനിരയും വാലറ്റവും ദയനീയതയുടെ പര്യായങ്ങളായി മാറി.
പിച്ചില്‍ നിന്ന്‌ കാര്യമായ പിന്തുണ മുനാഫിന്‌ ലഭിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം സാഹചര്യം മനോഹരമായി പ്രയോജനപ്പെടുത്തി. സേവാഗ്‌ പുറത്തായപ്പോള്‍ ഡല്‍ഹി ബാറ്റ്‌സ്‌മാന്മാര്‍ പതറിയിരുന്നു. ആ പതര്‍ച്ചയിലേക്കാണ്‌ മുനാഫും സഹീറും ഹര്‍ഭജനും പന്തെറിഞ്ഞത്‌. ചോപ്രയും സേവാഗും നിലയുറപ്പിച്ച ഘട്ടത്തിലാണ്‌ കുംബ്ലെ മുനാഫിന്‌ പന്ത്‌ നല്‍കിയത്‌. റിവേഴ്‌സ്‌ സ്വിംഗും ഒപ്പം കൃത്യതയും സംയോജിപ്പിച്ചുളള ആക്രമണത്തില്‍ മുനാഫും ചോപ്രയും തമ്മിലിടഞ്ഞു. സ്വന്തം ബൗളിംഗ്‌ പോയന്റിലേക്ക്‌ മടങ്ങാന്‍ ചോപ്ര മുനാഫിന്‌ നിര്‍്‌ദ്ദേശം നല്‍കിയത്‌ ബഹളത്തിന്‌ കാരണമായി. സേവാഗ്‌ ഉടന്‍ തന്നെ ഇടപ്പെട്ടു. പക്ഷേ ഈ സംഭവം മുനാഫിന്‌ തുണയായി. ചോപ്രയുടെ ശ്രദ്ധ മാറിയപ്പോള്‍ വിക്കറ്റ്‌ മുനാഫിന്‌ ലഭിച്ചു. ഓഫ്‌ സൈഡില്‍ കുത്തിയ ഉയര്‍ന്ന പന്തിന്‌ ചോപ്ര ബാറ്റ്‌ വെക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ രണ്ടാം സ്ലിപ്പില്‍ മുഹമ്മദ്‌ കൈഫ്‌ എന്ന വിശ്വസ്‌തന്‌്‌ പിഴച്ചില്ല. വിക്കറ്റ്‌ നേട്ടം വാനിലുയര്‍ന്ന്‌ മുനാഫ്‌ ആഘോഷമാക്കി. പകരം വന്ന വിരാത്‌ കോഹ്‌ലിക്കെതിരെ കുംബ്ലെ ഫീല്‍ഡര്‍മാരെ ചുറ്റും നിരത്തി. മുനാഫ്‌ യുവതാരത്തിന്‌ നേരെ ബൗണ്‍സറാണ്‌ പായിച്ചത്‌. ബാറ്റില്‍ തട്ടിയ പന്ത്‌ ധോണിയുടെ കരങ്ങളില്‍.
സേവാഗിലായിരുന്നു ഡല്‍ഹിയുടെ പ്രതീക്ഷകളത്രയും. കുംബ്ലെയുടെ പന്തിനെ ക്രിസ്‌ വിട്ടിറങ്ങി സിക്‌സറിനും ബൗണ്ടറിക്കും പറത്തിയ സേവാഗിന്‌ പക്ഷേ ഇന്ത്യന്‍ നായകന്റെ ലെഗ്‌ ബ്രേക്കില്‍ തിരിഞ്ഞുനടക്കേണ്ടി വന്നു. ദ്രാവിഡിന്‌ ക്യാച്ച്‌. മുനാഫിന്റെ പന്തില്‍ മിഥുന്‍ മന്‍ഹാസിനെ ധോണി പിടിച്ചപ്പോള്‍ വാലറ്റത്തിന്റെ കഥ പെട്ടെന്ന്‌ കഴിഞ്ഞു.
രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച റെസ്റ്റിന്‌ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. വസീം ജാഫര്‍ പെട്ടെന്ന്‌ പുറത്തായതിന്‌ ശേഷം ദ്രാവിഡും ബദരീനാഥും ഉണര്‍ന്നു കളിച്ചതോടെ സേവാഗിന്റെ തന്ത്രങ്ങള്‍ പാളി.
സ്‌ക്കോര്‍ ബോര്‍ഡ്‌: റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌ 252. ഡല്‍ഹി ഒന്നാം ഇന്നിംഗ്‌സ്‌: ആകാശ്‌്‌ ചോപ്ര-സി-കൈഫ്‌-ബി-മുനാഫ്‌-42, ഗാംഭീര്‍-സി-ദ്രാവിഡ്‌-ബി-സഹീര്‍-5, സേവാഗ്‌-സി-ദ്രാവിഡ്‌-ബി-കുംബ്ലെ-43, കോഹ്‌ലി-സി-ധോണി-ബി-മുനാഫ്‌-4, ഭാട്ടിയ-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-17, മിഥുന്‍ മന്‍ഹാസ്‌-സി-ധോണി-ബി-മുനാഫ്‌-4, ബിഷ്‌ത്‌-സി-ബദരിനാഥ്‌-ബി-ഹര്‍ഭജന്‍-28, നന്ദ-സി-ജാഫര്‍-ബി-ഹര്‍ഭജന്‍-0, സാംഗ്‌വാന്‍-നോട്ടൗട്ട്‌-23, നെഹ്‌റ-ബി-മുനാഫ്‌-0, ഇശാന്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-കുംബ്ലെ-3, എക്‌സ്‌ട്രാസ്‌്‌്‌ -8, ആകെ 57 ഓവറില്‍ 177 റണ്‍സിന്‌ എല്ലാവരും പുറത്ത്‌. വിക്കറ്റ്‌ വീഴ്‌ച്ച: 1-23 (ഗാംഭീര്‍), 2-80 (ചോപ്ര), 3-96 (കോഹ്‌ലി), 4-96 (സേവാഗ്‌), 5-102 (മന്‍ഹാസ്‌), 6-138 (ഭാട്ടിയ), 7-139 (നന്ദ), 8-160 (ബിഷ്‌ത്‌), 9-161 (നെഹ്‌റ), 10-177 (ഇശാന്ത്‌). ബൗളിംഗ്‌: സഹീര്‍ 15-3-45-2, ആര്‍. പി സിംഗ്‌ 9-0-31-0, കുംബ്ലെ 11-2-34-2, മുനാഫ്‌ 9-0-31-4, ഹര്‍ഭജന്‍ 13-2-32-2. റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ-രണ്ടാം ഇന്നിംഗ്‌സ്‌. ജാഫര്‍-സി-ചോപ്ര-ബി-സാംഗ്‌വാന്‍-21, ദ്രാവിഡ്‌-ബാറ്റിംഗ്‌-34, ബദരീനാഥ്‌-ബാറ്റിംഗ്‌-33. എക്‌സ്‌ട്രാസ്‌ 11, ആകെ 36 ഓവറില്‍ ഒരു വിക്കറ്റിന്‌ 99. വിക്കറ്റ്‌ വീഴ്‌ച്ച: 1-44 (ജാഫര്‍). ബൗളിംഗ്‌: നെഹ്‌റ 8-1-28-0, ഇശാന്ത്‌ 9-1-29-0, നന്ദ 10-2-15-0, സാംഗ്‌വാന്‍ 5-0-11-1, സേവാഗ്‌ 2-1-4-0, ഭാട്ടിയ 2-0-3-0.

ഐ റെഡി
മഡ്‌ഗാവ്‌: രണ്ടാമത്‌ ഐ ലീഗ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ മഡ്‌ഗാവിലും കൊല്‍ക്കത്തയിലുമായി തുടക്കം. നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ പ്രൊമോട്ട്‌ ചെയ്യപ്പെട്ട വാസ്‌ക്കോ ഗോവ നാട്ടുകാരായ സ്‌പോര്‍ട്ടിംഗ്‌ ഗോവയെ എതിരിടുമ്പോള്‍ ബര്‍സാത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഈസ്റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുനൈറ്റഡുമായി കളിക്കും. പന്ത്രണ്ട്‌ ടീമുകളാണ്‌ ഇത്തവണ അങ്കക്കളത്തില്‍. ഹോം, എവേ മല്‍സരങ്ങളില്‍ മികവ്‌ തെളിയിക്കുന്നവര്‍ക്ക്‌ ചാമ്പ്യന്മാരാവാം. മല്‍സരങ്ങള്‍ സീ സപോര്‍ട്‌സില്‍ തല്‍സമയം.
ഒ.എന്‍.ജി .സി തന്നെയാണ്‌ ഇത്തവണയും രാജ്യത്തെ പരമോന്നത സോക്കര്‍ ചാമ്പ്യന്‍ഷിപ്പ്‌ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാന്‍ മിക്ക മല്‍സരങ്ങളും ആഴ്‌ച്ചയുടെ അവസാനത്തിലാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ തന്നെ ചാമ്പ്യന്‍ഷിപ്പ്‌ എട്ട്‌ മാസത്തോളം ദീര്‍ഘിക്കും.
പ്രഥമ ഐ ലീഗ്‌ ചാമ്പ്യന്മാരായ ഡെംപോ ഗോവക്ക്‌ തന്നെയാണ്‌ ഇത്തവണയും വ്യക്തമായ സാധ്യതകള്‍. ആദ്യമായി ഏ.എഫ്‌.സി കപ്പ്‌ സെമി ഫൈനലില്‍ സ്ഥാനം നേടുന്ന ഇന്ത്യന്‍ ടീം എന്ന ഖ്യാതി സ്വന്തമാക്കിയ ഡെംപോക്ക്‌ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇനിയും മല്‍സരങ്ങളുളളതിനാല്‍ ഐ ലീഗ്‌ ഫിക്‌സ്‌ച്ചറില്‍ ഇനിയും മാറ്റത്തിന്‌ സാധ്യതയുണ്ടെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ആല്‍ബെര്‍ട്ടോ കൊളോസോ പറഞ്ഞു. ഡെംപോ ഏ.എഫ്‌.സി കപ്പ്‌്‌ സെമിഫൈനലില്‍ എത്തിയത്‌ ഇന്ത്യന്‍ ഫുട്‌ബോളിന്‌ നേട്ടമാണ്‌. ഇത്‌ ഐ ലീഗിലെ ഫിക്‌സ്‌ച്ചറിനെ ബാധിക്കുമെങ്കിലും പരിഹാരം കാണാന്‍ ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിയതായി കൊളോസോ വ്യക്തമാക്കി.
മൊത്തം 12.5 ദശലക്ഷം രൂപയുടെ പ്രൈസ്‌മണിയാണ്‌ ഇത്തവണ നല്‍കുന്നത്‌. 60 ദശലക്ഷം രൂപയാണ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ ഒ.എന്‍.ജി.സി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌ കൈമാറുന്നത്‌. ചാമ്പ്യന്മാര്‍ക്ക്‌ അഞ്ച്‌ ദശലക്ഷവും റണ്ണര്‍ അപ്പിന്‌ 2.8 ദശലക്ഷവും നല്‍കും. മല്‍സര വേദികളുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. മുംബൈ കൂപ്പറേജ്‌ സ്റ്റേഡിയത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്‌. കഴിഞ്ഞ ദിവസം ഐ ലീഗ്‌ അധികൃതര്‍ കൂപ്പറേജ്‌ സന്ദര്‍ശിച്ച്‌ സംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. എന്തെങ്കിലും കാരണവശാല്‍ ഇവിടെ മല്‍സരങ്ങള്‍ നടത്താനായില്ലെങ്കില്‍ ഡല്‍ഹിയിലെ താവു ദേവിലാല്‍ സ്‌റ്റേഡിയത്തിലോ, അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലോ മല്‍സരങ്ങള്‍ നടക്കും.
ഐ ലീഗിനൊപ്പം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ഒരുക്കത്തിനായും ഫെഡറേഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി പ്രസിഡണ്ട്‌ പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷി അറിയിച്ചു.

ചര്‍ച്ചില്‍ കോച്ചിനെ പുറത്താക്കി
മഡ്‌ഗാവ്‌: ഐ ലീഗ്‌ ഫുട്‌ബോള്‍ തൊട്ടരികില്‍ നില്‍ക്കവെ പോയ വര്‍ഷത്തെ റണ്ണേഴ്‌സ്‌ അപ്പായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവ നൈജീരിയന്‍ കോച്ചായ എമിക്ക എസുഗോയെ മാറ്റി. താരങ്ങളും കോച്ചും തമ്മിലുളള ബന്ധം വഷളായതിനെ തുടര്‍ന്നാണ്‌ കോച്ചിനെ പുറത്താക്കിയത്‌. ഡ്യൂറാന്‍ഡ്‌ കപ്പിനിടെ കോച്ച്‌ താരങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്ത്‌ വന്നിരുന്നു.

ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ മുംബൈയില്‍
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിലെ മല്‍സരങ്ങള്‍ മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി ഡിസംബര്‍ മൂന്ന്‌ മുതല്‍ പത്ത്‌ വരെ നടക്കും. അഞ്ച്‌ രാജ്യങ്ങളില്‍ നിന്നായി എട്ട്‌ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ കസാശപ്പോരാട്ടം മുംബൈയിലായിരിക്കും. ആറ്‌ കോടിയോളം രൂപയായിരിക്കും ചാമ്പ്യന്മാര്‍ക്ക്‌ നല്‍കുകയെന്ന്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ചെയര്‍മാന്‍ ലളിത്‌ മോഡി വ്യക്തമാക്കി. എട്ട്‌ ടീമുകളെ രണ്ട്‌ ഗ്രൂപ്പുകളിലാക്കി തിരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ സെമി കളിക്കും.
പ്രഥമ ഐ.പി.എല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ , റണ്ണര്‍ അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌, എന്നിവരാണ്‌ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതിനിധികള്‍. ഓസ്‌ട്രേലിയയില്‍ നിന്ന്‌ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ വാരിയേഴ്‌സും വിക്ടോറിയ റേഞ്ചേഴ്‌സും പങ്കെടുക്കുമ്പോള്‍ ദക്ഷിമണാഫ്രിക്കയില്‍ നിന്നും ടൈറ്റാന്‍സും ഡോള്‍ഫിന്‍സും കളിക്കും. പാക്കിസ്‌താനിലെ ആഭ്യന്തര 20-20 ചാമ്പ്യന്മാരും ഇംഗ്ലണ്ടില്‍ നന്ന്‌ കൗണ്ടി ടീമായ മിഡില്‍സക്‌സും പങ്കെടുക്കും. മൊത്തം 15 മല്‍സരങ്ങളായിരിക്കും ചാമ്പ്യന്‍ഷിപ്പിലുണ്ടാവുക.

ഓസ്‌ട്രേലിയക്ക്‌ ഉയര്‍ന്ന പരിശീലന സംവിധാനങ്ങള്‍
ക്രിക്കറ്റ്‌ ബോര്‍ഡിന്‌ നീരസം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിന്‌ മുന്നോടിയായി രാജസ്ഥാനില്‍ പരിശീലനം തേടുന്ന ഓസ്‌ട്രേലിയന്‍ ടീമിനായി രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഉയര്‍ന്ന സജ്ജീകരണങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ നിരസം. ഇന്ത്യ വിദേശത്ത്‌ കളിക്കാന്‍ പോവുമ്പോള്‍ എവിടെയും ഉയര്‍ന്ന പരിശീലന സജ്ജീകരണങ്ങള്‍ ലഭിക്കാറില്ലെന്നും രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിേയഷന്‍ ഓസ്‌ട്രേലിയന്‍ ആവശ്യത്തിനെല്ലാം വഴങ്ങുകയാണെന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി കുറ്റപ്പെടുത്തി. രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ ക്രിക്കറ്റ്‌ അക്കാദമി കണ്‍ല്‍ട്ടന്റാണ്‌ ഗ്രെഗ്‌ ചാപ്പല്‍. അദ്ദേഹത്തിന്റെ സ്വാധീനത്തിന്‌ വിധേയരായിട്ടാണ്‌ രാജസ്ഥാന്‍കാര്‍ നീങ്ങുന്നതെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പരാതി. രാജസ്ഥാന്‍ ക്രിക്കറ്റിനെ നയിക്കുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ഉന്നതനായ ലളിത്‌ മോഡിയാണ്‌. മോഡിയും ക്രിക്കറ്റ്‌ ബോര്‍ഡിലെ ചില ഉന്നതരും തമ്മിലുളള അധികാര വടംവലിയുടെ ഭാഗമായാണ്‌ പുതിയ ആരോപണം.
ഓസ്‌ട്രേലിയയെ പോലെ ഒരു ടീം ഒരാഴ്‌ച്ച മുമ്പ്‌ ആദ്യമായാണ്‌ ഇന്ത്യയില്‍ വരുന്നത്‌. അവര്‍ക്ക്‌ ഉന്നത സൗകര്യങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നാണ്‌ രാജസ്ഥാന്റെ നിലപാട്‌.


ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ ഇപ്പോള്‍ തന്നെ കുംബ്ലെക്ക്‌ മാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. പരമ്പരയിലെ വില്ലന്‍ കുംബ്ലെ ആയിരിക്കുമെന്നാണ്‌ ഓസീസ്‌ പത്രമായ ഡെയ്‌ലി ടെലഗ്രാഫ്‌ വിലയിരുത്തിയത്‌. കുംബ്ലെയും ധോണിയുമാണ്‌ ഇന്ത്യന്‍ നിരയിലെ പ്രധാനികള്‍. ഇന്ത്യന്‍ പിച്ചുകളില്‍ കുംബ്ലെയുടെ ലെഗ്‌ സ്‌പിന്നിനെ സൂക്ഷിക്കണമെന്ന്‌ പത്രം മുന്നറിയിപ്പ്‌ നല്‍കുന്നു.

പാക്കിസ്‌താന്റെ മല്‍സരങ്ങള്‍ ഇനി ദുബായില്‍
ലാഹോര്‍: സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്‌താനിലേക്ക്‌ വരാന്‍ മടിക്കുന്ന ടീമുകള്‍ക്ക്‌ പാക്കിസ്‌താനെ ഇനി ദുബായില്‍ നേരിടാം. ദുബായ്‌ സ്‌പോര്‍ട്‌സ്‌്‌്‌്‌ സിറ്റിയുമായി ഒപ്പിട്ട കരാര്‍ പ്രകാരം പാക്കിസ്‌താന്റെ മല്‍സരങ്ങള്‍ ഇനി ഇവിടെയും നടക്കും. പുതിയ കരാര്‍ പ്രകാരം വിന്‍ഡീസ്‌ ടീം പാക്കിസ്‌താനെതിരെ അബുദാബിയില്‍ രണ്ട്‌ ടെസ്‌റ്റുകള്‍ കളിക്കുന്നുണ്ട്‌. നവംബറില്‍ മൂന്ന്‌ ഏകദിനങ്ങളും ഇവിടെ നടക്കും.

ഇന്ന്‌ ഇന്ത്യ-ഓസീസ്‌ ഫൈനല്‍
ചെന്നൈ: ഇന്ത്യ-ഓസട്രേലിയ സീനിയര്‍ ടീമുകള്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്കായുളള ടെസ്‌റ്റ്‌ പരമ്പരക്ക്‌ ഒരുങ്ങുമ്പോള്‍ രണ്ട്‌ രാജ്യത്തെയും യുവതാരങ്ങളുടെ എ ടീമുകള്‍ ഇന്ന്‌ ചിദംബരം സ്‌റ്റേഡിയത്തില്‍ ത്രിരാഷ്‌ട്ര കപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നു. ഫൈനലിന്‌ മുന്നോടിയായുളള മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യക്കാണ്‌ ഫൈനലില്‍ നേരിയ മുന്‍ത്തൂക്കം. സുരേഷ്‌ റൈന, യൂസഫ്‌ പത്താന്‍, രോഹിത്‌ ശര്‍മ്മ തുടങ്ങിയ ബാറ്റ്‌സ്‌മാന്മാര്‍ ഫോമിലാണ്‌. ഡേവിഡ്‌ ഹസ്സിയിലാണ്‌ ഓസീസ്‌ പ്രതീക്ഷകള്‍.

No comments: