Friday, September 5, 2008

REAL HERO






റിയല്‍ ഹീറോ
ന്യൂയോര്‍ക്ക്‌: മറ്റൊരു ഗ്രാന്‍ഡ്‌സ്ലാം കിരീടം കൂടി സ്വന്തമാക്കി ലിയാന്‍ഡര്‍ പെയ്‌സ്‌ എന്ന ടെന്നിസ്‌ പ്രതിഭ തെളിയിച്ചിരിക്കുന്നത്‌ കരുത്തിന്റെ സൂര്യ ശോഭയാണ്‌... ഇന്ത്യന്‍ ടെന്നിസില്‍ മാത്രമല്ല ലോക ടെന്നിസില്‍ പോലും ഈ വെറ്ററന്‍ താരം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പെയ്‌സിന്റെ മാഹാത്മ്യത്തെ എല്ലാവരും വാഴ്‌ത്തുന്നു. ഇന്നലെ യു.എസ്‌ ഓപ്പണ്‍ സെന്റര്‍ കോര്‍ട്ടില്‍ നടന്ന മിക്‌സഡ്‌ ഡബിള്‍സ്‌ ഫൈനലില്‍ സിംബാബ്‌വെക്കാരി കാര ബ്ലാക്കിനൊപ്പം പെയ്‌സ്‌ നടത്തിയ തകര്‍പ്പന്‍ പ്രകടനം കണ്ടവര്‍ ഇന്ത്യന്‍ താരത്തിന്റെ പോരാട്ട വീര്യത്തിന്‌ നൂറ്‌ മാര്‍ക്കാണ്‌ നല്‍കിയത്‌. കഴിഞ്ഞ അഞ്ച്‌ ദിവസങ്ങളിലായി വിശ്രമമില്ലാത്ത പോരാട്ടമായിരുന്നു പെയ്‌സിന്‌. പുരുഷ ഡബിള്‍സിലും മിക്‌സഡ്‌ ഡബിള്‍സിലും ഒരു ദിവസം ചിലപ്പോള്‍ രണ്ട്‌ മല്‍സരങ്ങള്‍ വീതം. പക്ഷേ റാക്കറ്റെടുത്താല്‍ തളര്‍ച്ച പ്രകടിപ്പിക്കാത്ത കൊല്‍ക്കത്തക്കാരന്‍ ഓരോ മല്‍സരം കഴിയും തോറും മികവ്‌ വര്‍ദ്ധിപ്പിക്കുമ്പോള്‍ കാര ബ്ലാക്കിന്‌ സഹായിയുടെ റോള്‍ മാത്രമായിരുന്നു.
ഇന്ത്യന്‍ കായികരംഗത്തെ എല്ലാ ബഹുമതികളും നേട്ടങ്ങളും പെയ്‌സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. എട്ട്‌ ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി ലോക ടെന്നിസ്‌ ഭൂപഠത്തില്‍ ഇന്ത്യന്‍ സ്ഥാനം ഭദ്രമാക്കിയ പെയ്‌സ്‌ രാജ്യത്തെ പരമോന്നത കായിക പുസ്‌ക്കാരമായ രാജീവ്‌ ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ്‌ 1996-97 വര്‍
ഷത്തില്‍ സ്വന്തമാക്കിയിരുന്നു, 2001 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
ഗ്രാന്‍ഡ്‌സ്ലാം നേട്ടങ്ങള്‍ കൂടാതെ പെയ്‌സിന്റെ യഥാര്‍ത്ഥ രാജ്യസ്‌നേഹവും പോരാട്ടവീര്യവും കണ്ടിട്ടുള്ളത്‌ ഡേവിസ്‌ കപ്പ്‌ മല്‍സരങ്ങളിലാണ്‌. രാജ്യത്തെ പലപ്പോഴും ഒറ്റക്ക്‌ വിജയത്തിലേക്ക്‌ നയിച്ചിട്ടുണ്ട്‌ ഡേവിസ്‌ കപ്പില്‍ അദ്ദേഹം. 1996 ല്‍ അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന ഒളിംപിക്‌സില്‍ സിംഗിള്‍സില്‍ വെങ്കലം നേടിയ പെയ്‌സിന്‌ ടെന്നിസ്‌ സര്‍ക്ക്യൂട്ടില്‍ നേടാന്‍ കഴിയാത്തത്തായി ഒന്നുമില്ല.
യു.എസ്‌ ഓപ്പണ്‍ എന്നും തന്റെ ഇഷ്‌ട ചാമ്പ്യന്‍ഷിപ്പാണെന്ന്‌ ഇന്നലെ മിക്‌സഡ്‌ കിരീടം സ്വന്തമാക്കിയതിന്‌ ശേഷം സംസാരിക്കവെ പെയ്‌സ്‌ പറഞ്ഞു. 2006 ലാണ്‌ അവസാനമായി ഇവിടെ കിരീടം സ്വന്തമാക്കിയത്‌. അന്ന്‌ ചെക്‌ താരം മാര്‍ട്ടിന്‍ ഡ്രമ്മിനൊപ്പം ഡബിള്‍സിലായിരുന്നു നേട്ടം. ഇത്‌ കൂടാതെ രണ്ട്‌ തവണ (1999, 2004) ഡബിള്‍സ്‌ ഫൈനലിലും മൂന്ന്‌ തവണ (1993, 1997, 1998) സെമി ഫൈനലിലും അദ്ദേഹം കളിച്ചിരുന്നു.
യു.എസ്‌ ഓപ്പണ്‍ നേട്ടം തന്റെ ആരോഗ്യത്തിനുള്ള തെളിവാണെന്ന്‌ പെയ്‌സ്‌ പറയുന്നു. ബെയ്‌ജിംഗിലെ പരാജയത്തിന്‌ ശേഷം പെയ്‌സ്‌ റിട്ടയര്‍ ചെയ്യാന്‍ സമയമായിരിക്കുന്നുവെന്ന്‌്‌ ചിലര്‍ പറഞ്ഞിരുന്നു. ബെയ്‌ജിംഗില്‍ നിന്ന്‌ പെയ്‌സും മഹേഷ്‌ ഭൂപതിയും ഒരു മെഡല്‍ കൊണ്ടു വരുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. ബെയ്‌ജിംഗിലെ നിരാശക്ക്‌ ശേഷമാണ്‌ പെയ്‌സ്‌ ന്യൂയോര്‍ക്കിലെത്തിയത്‌. ഇവിടെ എത്തിയ ശേഷം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം മാറുകയായിരുന്നു. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയ പെയ്‌സ്‌ ഡബിള്‍സ്‌ സെമിയില്‍ കേവലം 48 മിനുട്ടികം വിജയം വരിച്ചിരുന്നു.
ഇതാദ്യമായാണ്‌ കാര ബ്ലാക്കിനൊപ്പം പെയ്‌്‌സ ഒരു ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നത്‌. നേരത്തെ മാര്‍ട്ടീന നവരത്ത്‌ലോവയെ പോലെയുളള ലോക പ്രശസ്‌തരായ താരങ്ങള്‍ക്കൊപ്പം മിക്‌സഡ്‌ ഡബിള്‍സില്‍ പങ്കെടുത്തിട്ടുള്ള പെയ്‌സ്‌ സിംബാബ്‌വെക്കാരിക്കൊപ്പം പിഴവുകളില്ലാത്ത ഗെയിമാണ്‌ ചാമ്പ്യന്‍ഷിപ്പിലുടനീളം നടത്തിയത്‌.
1999 ല്‍ ലിസ റെയ്‌മോണ്ടിനൊപ്പം പെയ്‌സ്‌ ഫ്രഞ്ച്‌ ഓപ്പണിലും വിംബിള്‍ഡണിലും മിക്‌സഡ്‌ കിരീടങ്ങള്‍ നേടിയിരുന്നു. 2003 ല്‍ മാര്‍ട്ടീനക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണിലും പെയ്‌സ്‌ മിക്‌സഡ്‌ കിരീടം ഉയര്‍ത്തിയിരുന്നു. ഇവരില്‍ ഏറ്റവും ഇഷ്ടപ്പെട്ട പങ്കാളി ആരെന്ന ചോദ്യത്തന്‌ എല്ലാവരുമായി പെട്ടെന്ന്‌ ഒത്തൊരുമിച്ച്‌ കളിക്കാന്‍ കഴിയുന്നതാണ്‌ നേട്ടമെന്ന്‌ പെയ്‌സ്‌ പറഞ്ഞു.
കാര ബ്ലാക്‌ വനിതാ സര്‍ക്ക്യൂട്ടില്‍ അനുഭവ സമ്പന്നയാണ്‌. മിക്‌സഡ്‌ ഡബിള്‍സില്‍ എങ്ങനെ കളിക്കണമെന്ന്‌ അവര്‍ക്ക്‌ നന്നായറിയാം. ഞങ്ങള്‍ തമ്മില്‍ ആദ്യ മല്‍സരം മുതല്‍ നല്ല ചേര്‍ച്ചയിലായിരുന്നു. മാര്‍ട്ടിനക്കൊപ്പം കളിക്കുമ്പോള്‍ നമ്മള്‍ ഒരു തണലിലാണ്‌ എന്ന വിശ്വാസമുണ്ട്‌. അവരോളം അനുഭവസമ്പത്തുളളവര്‍ വേറെയില്ല. ലിസ പ്രതിയോഗിയെ പഠിക്കാനും അതിനനുസരിച്ച്‌ ഗെയിം പ്ലാന്‍ ചെയ്യാനും മിടുക്കിയാണെന്നും പെയ്‌സ്‌ പറഞ്ഞു.

വനിതാ ക്രിക്കറ്റ്‌
പരമ്പര ഇംഗ്ലണ്ടിന്‌
ടോന്റണ്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരം സ്വന്തമാക്കി ഇംഗ്ലണ്ട്‌ കരുത്ത്‌ കാട്ടി. അഞ്ച്‌ മല്‍സര പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളും നേരത്തെ സ്വന്തമാക്കിയ ഇംഗ്ലണ്ട്‌ ഇതോടെ ഏകദിന പരമ്പര ഉറപ്പാക്കി. ഇന്നലെ മഴ കാരണം തടസ്സപ്പെട്ട മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 35.2 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 126 റണ്‍സാണ്‌ നേടിയത്‌. ഡക്‌വെര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 21 ഓവില്‍ 99 റണ്‍സാക്കിയിരുന്നു. രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു.

ഇന്ന്‌ ഫുട്‌ബോള്‍ വീര്യം
ലണ്ടന്‍: 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ സ്വന്തമാക്കാനുളള യാത്രയില്‍ യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കനത്ത പോരാട്ടങ്ങള്‍. യൂറോപ്പില്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി, രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ എന്നിവരെല്ലാം ഇന്ന്‌ കളിക്കുന്നുണ്ട്‌. തപ്പിതടയുന്ന ഫ്രാന്‍സിന്‌ മുന്നില്‍ വരുന്നത്‌ ഓസ്‌ട്രിയയാണ്‌. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വം വഹിച്ചവരായ ഓസ്‌ട്രിയക്കാര്‍ വലിയ വെല്ലുവിളിയല്ലെങ്കിലും ഫ്രാന്‍സിന്റെ നിലവിലെ ഫോമില്‍ കോച്ച്‌ ഡൊമന്‍ച്ചെ ആശങ്കയിലാണ്‌. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍ നിരാശയാണ്‌ ഫ്രഞ്ച്‌ ടീം സമ്മാനിച്ചത്‌. അതിന്‌ ശേഷം ദേശീയ ടീമിന്റെ കരുത്ത്‌ അറിയാവുന്ന മല്‍സരമാണിത്‌. തിയറി ഹെന്‍ട്രി ഉള്‍പ്പെടെ എല്ലാ പ്രമുഖരും ടീമിലുണ്ട്‌. ലോക ചാമ്പ്യന്മാരായ ഇറ്റലിയുടെ എതിരാളികള്‍ സൈപ്രസാണ്‌. വലിയ വെല്ലുവിളി ഇറ്റലിക്കുമില്ല.
ഇംഗ്ലണ്ട്‌ ടീം പരുക്കില്‍ തളരുകയാണ്‌. സ്റ്റീവന്‍ ജെറാര്‍ഡ്‌, റിയോ ഫെര്‍ഡിനാന്‍ഡ്‌, മൈക്കല്‍ ഓവന്‍ എന്നിവരുടെ കാര്യത്തിലെല്ലാം സംശയമാണ്‌. കാല്‍ക്കുഴയില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ജെറാര്‍ഡ്‌ കളിക്കില്ല .മൊത്തം 24 മല്‍സരങ്ങളാണ്‌ വന്‍കരയില്‍ നടക്കുന്നത്‌. യൂറോപ്പില്‍ ചാമ്പ്യന്‍പ്പട്ടം സ്വന്തമാക്കിയ ശേഷം സ്‌പാനിഷ്‌ ടീം പുതിയ പരിശീലകന്‌ കിഴീലാണ്‌ കളിക്കുന്നത്‌. വിസന്റെ ഡെല്‍ ബോസ്‌ക്കാണ്‌ സ്‌പാനിഷ്‌ സംഘത്തിന്‍രെ പുതിയ അമരക്കാരന്‍. ലോക ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പവും പുതിയ പരിശീലകനാണ്‌-മാര്‍സിലോ ലിപ്പി.
സ്‌പെയിനിന്‌ ഇന്ന്‌ കാര്യങ്ങള്‍ എളുപ്പമല്ല. വന്‍കരാ ചാമ്പ്യന്മാരാണെങ്കിലും ബോസ്‌നിയക്കാര്‍ സ്വന്തം നാട്ടിലാണ്‌ കളിക്കുന്നത്‌. കൂടാതെ സ്‌പാനിഷ്‌ സംഘത്തില്‍ ഫെര്‍ണാണ്ടോ ടോറസും ഡേവിഡ്‌ സില്‍വയും കളിക്കുന്നുമില്ല. രാജ്യത്തെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച ഇരുവരും പരുക്കില്‍ ചികില്‍സയിലാണ്‌. സ്‌പെയിനും ബോസ്‌നിയയും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 ലാണ്‌ അവസാനിച്ചത്‌.
ഗ്രൂപ്പ്‌ ആറില്‍ അന്‍ഡോറക്കെതിരെ കളിക്കുന്ന ഇംഗ്ലീഷ്‌ സംഘത്തിന്റെ കരുത്തില്‍ കോച്ച്‌ ഫാബിയോ കാപ്പലോ സംതൃപ്‌തനല്ല. വ്യക്തമായ വിജയമാണ്‌ അദ്ദേഹം ലക്ഷ്യമിടുന്നത്‌. ലൈഞ്ചസ്‌റ്റിനെ നേരിടുന്ന ജര്‍മന്‍ സംഘത്തില്‍ മൈക്കല്‍ ബലാക്കും ടോര്‍സ്‌റ്റണ്‍ ഫ്രിംഗ്‌സും കളിക്കുന്നില്ല. പക്ഷേ എതിരാളികള്‍ ദുര്‍ബലരായതിനാല്‍ ജര്‍മനിക്ക്‌ കാര്യങ്ങള്‍ പ്രയാസമുളളതാവില്ല. ഇറ്റലിക്കെതിരെ ഈയിടെ നടന്ന സൗഹൃദ മല്‍സരത്തില്‍ 2-2 ന്റെ സമനില സ്വന്തമാക്കിയവരാണ്‌ ഓസ്‌ട്രിയ എന്ന സത്യം ഫ്രാന്‍സിന്‌ ചെറിയ തലവേദനയുണ്ടാക്കുമ്പോള്‍ ജോര്‍ജിയ-അയര്‍ലാന്‍ഡ്‌ മല്‍സരത്തില്‍ തീപ്പാറാനാണ്‌ സാധ്യത.
അല്‍ബേനിയയെ നേരിടുന്ന സ്വീഡിഷ്‌ സംഘത്തില്‍ അവരുടെ വെറ്ററന്‍ താരം ഹെന്‍ട്രിക്‌ ലാര്‍സണ്‍ കളിക്കുന്നപക്ഷം ഇത്‌ അദ്ദേഹത്തിന്റെ നൂറാമത്‌ രാജ്യാന്തര മല്‍സരമായിരിക്കും.

കിര്‍സ്റ്റണ്‍ അതിര്‌ ലംഘിച്ചു: കിര്‍മാനി
കോഴിക്കോട്‌: ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു പരീശിലകന്‌ യോജിച്ചതല്ലെന്നും അദ്ദേഹം അതിര്‌ ലംഘിച്ചാണ്‌ സംസാരിച്ചതെന്നും മുന്‍ ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സയ്യദ്‌ കിര്‍മാനി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടെസ്‌റ്റ്‌ ടീമിന്റെ ക്യാപ്‌റ്റന്‍സി ഏറ്റെടുക്കാനുളള പ്രാപ്‌തി മഹേന്ദ്രസിംഗ്‌ ധോണി കൈവരിച്ചതായി കിര്‍സ്‌റ്റണ്‍ പറഞ്ഞത്‌ വലിയ വിവാദമാവുകയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കോച്ചിനെ താക്കീത്‌ ചെയ്യുകയും ചെയ്‌തിരുന്നു. ക്രിക്കറ്റ്‌ ബോര്‍ഡ്‌ കര്‍ക്കശമായി ഇടപെടേണ്ട വിഷയം തന്നെയായിരുന്നു അതെന്ന്‌ ഇവിടെ സ്വകാര്യ പരിപാടിക്കെത്തിയ കീരി എന്ന കിര്‍മാനി പറഞ്ഞു. ഇന്ത്യന്‍ ടീമിലെ രണ്ട്‌ കളിക്കാര്‍ തമ്മില്‍ ശത്രുതക്ക്‌ കാരണമാവുന്നതാണ്‌ കിര്‍സ്‌റ്റന്റെ പരാമര്‍ശം. ധോണി ഇന്ത്യന്‍ ടെസ്‌റ്റ്‌ ടീമിന്റെ ക്യാപ്‌റ്റനാവാന്‍ യോഗ്യനാണ്‌ എന്ന്‌ കോച്ച്‌ പറഞ്ഞാല്‍ അതിനര്‍ത്ഥം ടെസ്‌റ്റ്‌ ടീമിന്റെ നായകസ്ഥാനത്ത്‌ അനില്‍ കുംബ്ലെ യോഗ്യനല്ല എന്നാണല്ലോ... കുംബ്ലെയും ധോണിയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകങ്ങളാണ്‌. അവര്‍ തമ്മില്‍ പിണക്കത്തിന്‌ മാത്രമാണ്‌ കോച്ചിന്റെ വാക്കുകള്‍ കാരണമാവുക. കോച്ച്‌ എന്ന നിലയില്‍ ടീമിനെയും ടീമിന്റെ പ്രകടനത്തെയും പരിപൂര്‍ണ്ണതയിലെത്തിക്കുകയാണ്‌ കിര്‍സ്‌റ്റന്റെ ദൗത്യം.
ശ്രീശാന്ത്‌ പ്രതിഭാശാലിയായ ക്രിക്കറ്റാണെന്ന്‌ കിര്‍മാനി പറഞ്ഞു. ഫാസ്റ്റ്‌ ബൗളിംഗിന്റെ കരുത്തും ഗാംഭീര്യവും ശ്രീശാന്തില്‍ സമ്മേളിക്കുന്നുണ്ട്‌. അദ്ദേഹത്തിന്‌ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചെത്താനാവും. ഇപ്പോള്‍ പരുക്കുകളുണ്ട്‌. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ഇന്ത്യന്‍ ക്രിക്കറ്റ്‌ അക്കാദമി ആസ്ഥാനത്ത്‌ വെച്ച്‌ ശ്രീശാന്തിനെ കണ്ടിരുന്നു. പൂര്‍ണ്ണ കരുത്തോടെ ദേശീയ സംഘത്തില്‍ തിരിച്ചെത്താന്‍ പ്രയത്‌നിക്കുകയാണ്‌ ശ്രീശാന്ത്‌. പക്ഷേ അദ്ദേഹം സ്വഭാവം മാറ്റണം. സ്വയം ഒരു കുരങ്ങനാവരുത്‌. ക്യാമറകള്‍ക്ക്‌ വേണ്ടി മൈതാനത്ത്‌ കോപ്രായങ്ങള്‍ കാണിക്കരുത്‌. ക്രിക്കറ്റിലെ പുതിയ വംശീയ വിവാദങ്ങള്‍ക്കെല്ലാം കാരണം കളിക്കാര്‍ തന്നെയാണ്‌. ക്രിക്കറ്റ്‌ ജെന്റില്‍മാന്‍സ്‌ ഗെയിമാണ്‌. ആ പാരമ്പര്യം നിലനിര്‍ത്തണം. ഹര്‍ഭജനും ശ്രീശാന്തും സൈമണ്ട്‌സുമെല്ലാം മര്യാദക്കാരാവണം. ധോണി മികച്ച കീപ്പറായി മാറുന്നുണ്ട്‌. അദ്ദേഹത്തിലെ ക്രിക്കറ്റര്‍ തീര്‍ച്ചയായും പക്വമതിയാണ്‌.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക്‌ വിദേശ താരങ്ങള്‍ വരുന്നതില്‍ തെറ്റില്ല. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഗുണം ചെയ്യും. കാരണം വിദേശ താരത്തില്‍ നിന്ന്‌ പലതും പഠിക്കാന്‍ നമ്മുടെ താരങ്ങള്‍ക്കാവും. നിലവിലെ സെലക്ഷന്‍ സമ്പ്രദായത്തില്‍ പിഴവില്ല. സെലക്ടര്‍മാര്‍ക്ക്‌ പ്രതിഫലം നല്‍കുന്നതിലും തെറ്റില്ല. കര്‍ണ്ണാടക ക്രിക്കറ്റ്‌ അസോസിയേഷന്‍ തന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടത്തിയില്ല എന്നാണ്‌ കിര്‍മാനിയുടെ പരാതി. അവര്‍ക്ക്‌ യെസ്‌ മൂളികളെയാണ്‌ വേണ്ടത്‌. എന്നെ അതിന്‌ കിട്ടില്ല. കര്‍ണ്ണാടക ക്രിക്കറ്റിനെ സേവിക്കാന്‍ ഇപ്പോഴും ഒരുക്കമാണ്‌. കേരളത്തില്‍ ക്രിക്കറ്റിന്‌ നല്ല വേരുകളുണ്ട്‌. നല്ല താരങ്ങങള്‍ ഇവിടെയുണ്ട്‌. അവരെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കണമെന്നും കോഴിക്കോട്‌ കോര്‍ട്ട്‌ റോഡില്‍ വെസ്‌റ്റ്‌ ഹാരിസ്‌ റെഡിമെയ്‌ഡ്‌ ഷോറൂം ഉദ്‌ഘാടനം ചെയ്യാനെത്തിയ കിര്‍മാനി പറഞ്ഞു. ഇന്ത്യയന്‍ വെറ്ററന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌്‌ ജെ.കെ മഹീന്ദ്രയും ഒപ്പമുണ്ടായിരുന്നു.

ബ്രസീല്‍ സമ്മര്‍ദ്ദത്തില്‍
സാന്റിയാഗോ: ലോകകപ്പ്‌ യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കന്‍ അങ്കത്തില്‍ നാളെ ഇവിടെ ബ്രസീലും ചിലിയും മുഖാമുഖം. വന്‍കരയില്‍ നിന്ന്‌ ലോകകപ്പിന്‌ യോഗ്യത നേടാന്‍ ഇനി തോല്‍വികള്‍ ബ്രസീലിന്‌ പാടില്ല. ഇപ്പോള്‍ പത്ത്‌ ടീമുകളുടെ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്‌ ടീം. ഫിഫ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തും. ഈ ദുര്‍ഗതി സമീപകാലത്തൊന്നും ബ്രസീലിന്‌ ഉണ്ടായിട്ടില്ല. നാളെ ചിലി കളിക്കുന്നത്‌ സ്വന്തം തട്ടകത്താണ്‌. മാര്‍സിലോ ബിയല്‍സ എന്ന മുന്‍ അര്‍ജന്റീനിയിന്‍ പരിശീലകനാണ്‌ ചിലിയെ പരിശീലിപ്പിക്കുന്നത്‌. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ കോച്ച്‌ ഡുംഗെ മല്‍സരസാധ്യതകളെക്കുറിച്ച പ്രതികരിക്കാന്‍ പോലും വിസമ്മതിക്കുകയാണ്‌.
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന്‌ അര്‍ജന്റീന ബ്യൂണസ്‌ അയേഴ്‌സില്‍ പരാഗ്വേയുമായി കളിക്കുന്നുണ്ട്‌. ഈ രണ്ട്‌ ടീമുകളുമാണ്‌ ഇപ്പോള്‍ ഗ്രൂപ്പില്‍ മുന്നില്‍.

ത്രിദിനം സമനിലയില്‍
ബാംഗ്ലൂര്‍: ഇന്ത്യ എ യും ഓസ്‌ടല്രേിയും എ യും തമ്മില്‍ നടന്ന ത്രിദിന മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇന്നലെ ഫോളോ ഓണ്‍ ചെയ്‌ത സന്ദര്‍ശകര്‍ ഏഴ്‌ വിക്കറ്റിന്‌ 263 റണ്‍സ്‌ നേടി. ഒന്നാം ഇന്നിംഗ്‌സില്‍ മുഹമ്മദ്‌ കൈഫിന്റെ കരുത്തില്‍ ഇന്ത്യ 284 റണ്‍സ്‌ നേടിയപ്പോള്‍ ഓസ്‌ട്രേലിയ ഒന്നം ഇന്നിംഗ്‌സില്‍ 116 റണ്‍സ്‌ നേടിയിരുന്നു. ഫോളോ ഓണ്‍ ചെയ്‌ത ഓസീസിന്‌ വേണ്ടി സൈമണ്‍ കാറ്റിച്ച്‌ (56), എം.ജെ നോര്‍ത്ത്‌ (88) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
ഷൂട്ടൗട്ടില്‍ ചര്‍ച്ചില്‍ ഫൈനലില്‍
ന്യൂഡല്‍ഹി: ഷൂട്ടൗട്ടില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവയെ മൂന്ന്‌ ഗോളിന്‌ തകര്‍ത്ത്‌ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഡ്യൂറാന്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മഹീന്ദ്രയെ നേരിടാന്‍ യോഗ്യത നേടി. നാളെയാണ്‌ ഫൈനല്‍. ഇന്നലെ ആവേശ പോരാട്ടം നിശ്ചിത സമയത്ത്‌ ഗോള്‍രഹിത സമനിലയിലായിരുന്നു
അഡ്വാനിക്ക്‌ ലോക കിരീടം
ബാംഗ്ലൂര്‍: ലോക ബില്ല്യാര്‍ഡ്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ (പോയന്റ്‌ സമ്പ്രദായം) ഇന്ത്യയുടെ പങ്കജ്‌ അഡ്വാനി ചാമ്പ്യനായി. ആറ്‌ ഗെയിം ദീര്‍ഘിച്ച ഫൈനലില്‍ ഇന്ത്യയുടെ തന്നെ മുന്‍ ലോക ചാമ്പ്യന്‍ ഗീത്‌ സേഥിയെയാണ്‌ പങ്കജ്‌ പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 150-90, 151-0, 150-24, 150-0, 86-150, 150-72, 150-12

No comments: