Tuesday, September 30, 2008

EID DAY TEAM
ടീം ഇന്ന്‌
ബദരീനാഥിന്‌ സാധ്യത
മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ബാംഗ്ലൂരിലും മൊഹാലിയിലുമായി നടക്കുന്ന ആദ്യ രണ്ട്‌ ടെസ്‌റ്റുകള്‍ക്കുളള ഇന്ത്യന്‍ ടീമിനെ ഇന്ന്‌ പ്രഖ്യാപിക്കും. കൃഷ്‌ണമാചാരി ശ്രികാന്തിന്റെ നേതൃത്ത്വത്തിലുളള പുതിയ സെലക്ഷന്‍ സമിതിയുടെ ആദ്യ ടെലി കോണ്‍ഫ്രന്‍സ്‌ യോഗത്തിലായിരിക്കും ടീമിനെ തീരുമാനിക്കുക. ഇന്ത്യന്‍ സാധ്യതാ ടീമിന്റെ ക്യാമ്പ്‌ ബാംഗ്ലൂരില്‍ ആരംഭിച്ചതിനാല്‍ ക്യാപ്‌റ്റനാവാന്‍ സാധ്യതയുളള അനില്‍ കുംബ്ലെ, കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ എന്നിവര്‍ക്ക്‌ മുംബൈയിലെത്താന്‍ സാധിക്കാത്തതിനാലാണ്‌ ടെലി കോണ്‍ഫ്രന്‍സിലൂടെ ടീമിനെ തെരഞ്ഞെടുക്കുന്നത്‌.
ശ്രീലങ്കയില്‍ പര്യടനം നടത്തിയ ടീമില്‍ നിന്നും കാര്യമായ മാറ്റങ്ങളുണ്ടാവില്ല എന്നാണ്‌ സൂചനകള്‍. ഇറാനി ട്രോഫിയില്‍ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യക്കായി കളിച്ച ടീമിനെ നിലനിര്‍ത്താനാണ്‌ സാധ്യതകള്‍. സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍, അനില്‍ കുംബ്ലെ, വിരേന്ദര്‍ സേവാഗ്‌, ഹര്‍ഭജന്‍സിംഗ്‌, സഹീര്‍ഖാന്‍ എന്നിവരെ നിലനിര്‍ത്തും. വിക്കറ്റ്‌ കീപ്പര്‍ സ്ഥാനത്ത്‌ മഹേന്ദ്രസിംഗ്‌ ധോണി തുടരും. സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടാന്‍ ഡല്‍ഹിക്കാരനായ ഗൗതം ഗാംഭീര്‍ നിയോഗിക്കപ്പെടും. മധ്യനിരയിലെ ആറാം നമ്പറുകാരന്റെ സ്ഥാനത്തിനായി എസ്‌.ബദരിനാഥും മുഹമ്മദ്‌ കൈഫും തമ്മിലാണ്‌ മല്‍സരം. സെലക്ഷന്‍ കമ്മിറ്റി തലവന്‍ തമിഴ്‌നാട്ടുകാരനായ ശ്രീകാന്തായതിനാല്‍ സ്വന്തം സംസ്ഥാനത്തിലെ ബദരീനാഥിനൊപ്പം ശ്രീകാന്ത്‌ നില്‍ക്കും. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുംബ്ലെക്കൊപ്പം ഹര്‍ഭജനും പ്രഗ്യാന്‍ ഒജക്കുമായിരിക്കും അവസരം. സഹീര്‍ഖാനൊപ്പം പേസര്‍മാരായി ഇശാന്ത്‌ ശര്‍മ, മുനാഫ്‌ പട്ടേല്‍ എന്നിവര്‍ക്കും അവസരമുണ്ടാവും.

പ്രഷര്‍ സച്ചിന്‍
ബാംഗ്ലൂര്‍: സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ്‌ വാര്‍ത്തകളും വര്‍ത്തമാനങ്ങളും കുറവായിരിക്കും. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരക്ക്‌ അരങ്ങൊരുങ്ങുമ്പോള്‍ പതിവ്‌ പോലെ ചര്‍ച്ചകളില്‍ സച്ചിന്‍ നിറയുകയാണ്‌. സച്ചിന്‍ മികച്ച ബാറ്റ്‌സ്‌മാനാണെങ്കിലും അദ്ദേഹത്തോട്‌ ഒരു കരുണയും കാണിക്കില്ലെന്നാണ്‌ ഇന്നലെ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ പറഞ്ഞത്‌. ആരുടെ കരുണയും തനിക്ക്‌ വേണ്ടെന്ന്‌ സച്ചിനും തിരിച്ചടിച്ചിരിക്കുന്നു.
സമ്മര്‍ദ്ദത്തിന്റെ പിച്ചിലാണ്‌ സച്ചിന്‍. സൗരവ്‌ ഗാംഗുലിയെ ഒഴിവാക്കി സെലക്ഷന്‍ കമ്മിറ്റി കാണിച്ച ധൈര്യം സീനിയര്‍ താരങ്ങള്‍ക്കുളള മുന്നറിയിപ്പാണെന്ന്‌ അദ്ദേഹം മനസ്സിലാക്കുന്നു. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ വന്‍ പരാജയമായിരുന്നു സച്ചിന്‍. ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ എന്ന ബഹുമതി വിന്‍ഡീസ്‌ ഇതിഹാസം ബ്രയന്‍ ലാറയില്‍ നിന്നും സ്വന്തമാക്കാന്‍ ലങ്കയില്‍ സച്ചിന്‌ കഴിയുമെന്നാണ്‌ കരുതപ്പെട്ടത്‌. 172 റണ്‍സായിരുന്നു ലാറയെ മറികടക്കാന്‍ സച്ചിനാവശ്യം. എന്നാല്‍ മൂന്ന്‌ ടെസ്‌റ്റിലും സച്ചിന്‍ വലിയ നിരാശയായിരുന്നു സമ്മാനിച്ചത്‌. ലാറയുടെ റെക്കോര്‍ഡ്‌ മറികടക്കാന്‍ സച്ചിന്‌ ഇപ്പോഴും 77 റണ്‍സ്‌ കൂടി വേണം. എന്നാല്‍ റെക്കോര്‍ഡിന്‌ വേണ്ടിയല്ല താന്‍ കളിക്കുന്നതെന്ന്‌ സച്ചിന്‍ ആവര്‍ത്തിച്ചു. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യഘട്ട പരിശീലനത്തിന്‌ ശേഷം സംസാരിക്കവെ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്‌ എന്ന വാദം അദ്ദേഹം നിരാകരിച്ചു. ഇന്ത്യന്‍ സീനിയര്‍ താരങ്ങളും ഓസ്‌ട്രേലിയയും തമ്മിലുളള പരമ്പരയല്ലിത്‌. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്‌ കളിക്കുന്നത്‌. രണ്ട്‌ ടീമുകള്‍ തമ്മില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണെന്നും സച്ചിന്‍ പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള അങ്കമായി ഇതിനെ കാണരുത്‌. ക്രിക്കറ്റ്‌ ടീം ഗെയിമാണ്‌. രണ്ട്‌ ടീമിലെയും 22 പേരാണ്‌ കളത്തിലിറങ്ങുന്നത്‌.
റെക്കോര്‍ഡിനായിട്ടില്ല താരങ്ങള്‍ കളിക്കുന്നത്‌. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇന്ത്യ വിജയിക്കണം. എന്റെ റെക്കോര്‍ഡിലേക്കല്ല അപ്പോള്‍ നോട്ടം. താരങ്ങള്‍ നന്നായി കളിക്കുമ്പോഴാണ്‌ റെക്കോര്‍ഡുകള്‍ പിറക്കുന്നത്‌-സച്ചിന്‍ പറഞ്ഞു. എന്നാല്‍ സൗരവ്‌ പ്രശ്‌്‌നത്തില്‍ അഭിപ്രായ പ്രകടനത്തിന്‌ മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ തയ്യാറായില്ല. ഈ കാര്യത്തില്‍ ക്യാപ്‌റ്റനും കോച്ചിനും സെലക്ടര്‍മാര്‍ക്കും അവരുടേതായ ആശയങ്ങളും നിലപാടുകളുമുണ്ടാവാം എന്ന്‌ മാത്രമാണ്‌ വിവാദ വിഷയത്തില്‍ സച്ചിന്‍ പ്രതികരിച്ചത്‌.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കളിക്കുമ്പോള്‍ 77 റണ്‍സ്‌ നേടി ബ്രയന്‍ലാറയുടെ ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്നും ശക്തരായ പ്രതിയോഗികള്‍ക്കെതിരെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ടീമിനെ ജയിപ്പിക്കുകയാണ്‌ പ്രധാനമെന്നും സച്ചിന്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ നാല്‌ ടെസ്‌റ്റുകളാണ്‌ ഇന്ത്യ കളിക്കുന്നത്‌. നാല്‌ മല്‍സരത്തിലും പ്രത്യേക പ്ലാനുമായിട്ടായിരിക്കും ഓസ്‌ട്രേലിയ കളിക്കുക. അവര്‍ക്കെതിരെ വ്യക്തമായ പ്ലാനില്‍ കളിക്കാനാവണം. ആരോഗ്യകാര്യം സംതൃപ്‌തികരമാണ്‌. ടീം ട്രെയിനറുടെ മേല്‍നോട്ടത്തിലാണ്‌ പരിശീലനം നടത്തുന്നത്‌. കഴിഞ്ഞ രണ്ട്‌ മൂന്നാഴ്‌ച്ചകളായി വേദനകളില്ലാതെ പരിശീലനം നടത്താനാവുന്നുണ്ട്‌്‌. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി ടീം ഇവിടെ പരിശീലനം നടത്തുന്നു.-സച്ചിന്‍ പറഞ്ഞു. സച്ചിനൊപ്പം ഇന്നലെ കുംബ്ലെ, ദ്രാവിഡ്‌, ലക്ഷ്‌മണ്‍, സേവാഗ്‌ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു.

സച്ചിനെ വെറുതെ വിടില്ല: പോണ്ടിംഗ്‌
ഹൈദരാബാദ്‌: ബ്രയന്‍ ചാള്‍സ്‌ ലാറ എന്ന വിന്‍ഡീസുകാരന്റെ പേരിലുളള ഉയര്‍ന്ന്‌ ടെസ്‌റ്റ്‌്‌ റണ്‍സ്‌ വേട്ടക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കാന്‍ ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍കര്‍ക്ക്‌്‌ ഇനിയും 77 റണ്‍സ്‌ കൂടി സമ്പാദിക്കണം. എന്നാല്‍ ആ 77 റണ്‍സ്‌ നേടാന്‍ സച്ചിനെ അനുവദിക്കില്ലെന്നാണ്‌ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ പറയുന്നത്‌. സച്ചന്‍ മഹാനായ താരമാണ്‌. ക്രിക്കറ്റ്‌ ചരിത്രത്തിലെ ഇതിഹാസങ്ങളില്‍ ഒരാള്‍. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‌ വലിയ റെക്കോര്‍ഡില്ല. ഞങ്ങള്‍ക്കെതിരെ കൂടുതല്‍ റണ്‍സും അദ്ദേഹം കരസ്ഥമാക്കിയിട്ടില്ല. അതിനാല്‍ വലിയ ഭയമില്ല. ഈ പരമ്പരയില്‍ സച്ചിന്‌ റെക്കോര്‍ഡ്‌ അനുവദിക്കാതിരിക്കാനായി ഞങ്ങള്‍ ചില തന്ത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്‌. അത്‌്‌ വിജയിക്കുമെന്നണ്‌ കരുതുന്നതെന്നും ഇവിടെ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഇലവനെതിരായ ത്രിദിന മല്‍സരം കളിക്കാനെത്തിയ റിക്കി പറഞ്ഞു.
സച്ചിന്‌ ഓസ്‌ട്രേലിയക്കെതിരെ വലിയ പ്രകടനം നടത്താനായിട്ടില്ല. പക്ഷേ ഡോണ്‍ ബ്രാഡ്‌മാന്‍, ലാറ എന്നിവരെ പോലെ മഹാനായ താരമാണ്‌ അദ്ദേഹം. യഥാര്‍ത്ഥ ചാമ്പ്യന്‍ താരം. അദ്ദേഹത്തെ ബഹുമാനിക്കുന്നതിനൊപ്പം റണ്‍സ്‌ നേടാതാരിക്കാനുള്ള വഴികളും ഓസ്‌ട്രേലിയ ആലോചിക്കുന്നതായി നായകന്‍ വ്യക്തകമാക്കി.
പേസ്‌ ബൗളിംഗിനെതിരെ സച്ചിന്‍ അത്ര ഭദ്രമല്ല. ഓസീസ്‌ പ്ലാന്‍ ഇതാണ്‌. ബ്രെട്ട്‌ ലീ, മിച്ചല്‍ ജോണ്‍സണ്‍, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ തുടങ്ങിയ വേഗക്കാരായ ബൗളര്‍മാര്‍ ഓസീസ്‌ സംഘത്തിലുണ്ട്‌. ഇവരെ ഉപയോഗപ്പെടുത്തി സച്ചിന്റെ കഥ തീര്‍ക്കാനാണ്‌ പോണ്ടിംഗ്‌ പ്ലാന്‍ ചെയ്യുന്നത്‌.
സച്ചിനെതിരെ പന്തെറിയുക ആവേശകരമായ കാര്യമാമെന്ന്‌ ബ്രെട്ട്‌ ലീ പറഞ്ഞു. ലോക ക്രിക്കറ്റിലെ മികച്ചവരാണ്‌ ബ്രാഡ്‌മാനും സച്ചിനും ലാറയും റിക്കിയുമെല്ലാം. സച്ചിനെ പോലെ ഒരാള്‍ക്കെതിരെ പന്തെറിയുക വലിയ കാര്യമാണെന്നും ലീ പറഞ്ഞു.

വേദികളില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ്‌ പരമ്പരയിലെ വേദികളില്‍ മാറ്റമില്ലെന്ന്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ വ്യക്തമാക്കി. തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടക്കുന്ന ഡല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന പരമ്പരയിലെ മൂന്നാം ടെസ്‌റ്റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഓസീസ്‌ ടീമിലെ ചില താരങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ സുരക്ഷ സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം ഉറപ്പ്‌ നല്‍കിയ സാഹചര്യത്തില്‍ വേദികളില്‍ മാറ്റമില്ലെന്ന്‌്‌ ഉന്നതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 29 മുതലാണ്‌ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയില്‍ മൂന്നാം ടെസ്‌റ്റ്‌ ആരംഭിക്കുന്നത്‌. ക്രിക്കറ്റ്‌ ബോര്‍ഡ്‌ സാമ്പത്തിക കാര്യ കമ്മിറ്റി ചെയര്‍മാന്‍ രാജീവ്‌ ശുക്ല, പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ ഐ.എസ്‌ ബിന്ദ്ര, ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി എന്നിവര്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്‌തയുമായി സംസാരിച്ചിരുന്നു.

അമര്‍ സാകി
ദി മാന്‍
ലണ്ടന്‍: കൃസ്റ്റിയാനോ റൊണാള്‍ഡോയും റോബിഞ്ഞോയും വെയിന്‍ റൂണിയുമെല്ലാം കളിക്കുന്ന ഇംഗ്ലീഷ്‌്‌ പ്രിമിയര്‍ ലീഗിലെ ആദ്യ അഞ്ച്‌ റൗണ്ട്‌ പോരാട്ടങ്ങല്‍ സമാപിച്ചപ്പോള്‍ ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഇവരാരുമല്ല-ഒരു ആഫ്രിക്കന്‍ താരം. പേര്‌ അമര്‍ സാകി. കളിക്കുന്നത്‌ വിഗാന്‍ അത്‌ലറ്റിക്‌ സംഘത്തില്‍. ആറ്‌ മല്‍സരങ്ങളില്‍ നിന്നായി അഞ്ച്‌ ഗോളുകളാണ്‌ സാക്കി നേടിയിരിക്കുന്നത്‌. നാളെയുടെ കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്നാണ്‌ സാക്കി അറിയപ്പെടുന്നത്‌ തന്നെ. അലന്‍ ഷിയററെ പോലെ കരുത്തനും തന്ത്രശാലിയുമാണ്‌ സാക്കിയെന്ന്‌ വിഗാന്‍ ചെയര്‍മാന്‍ ഡേവ്‌ വിലാന്‍ സാക്ഷ്യപ്പെടുത്തുന്നു.
ആഫ്രിക്കയില്‍ ഈജിപ്‌തിനായി കളിക്കുന്ന സാക്കി രാജ്യത്തിന്റെ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്‌.

ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌്‌
ഫമഗുസ്റ്റ-പനാത്തിനായിക്കോസ്‌
അത്‌ലറ്റികോ മാഡ്രിഡ്‌-മാര്‍സലി
ബോറോഡോക്‌സ്‌-റോമ
സി.എഫ്‌.ആര്‍ ക്ലൂജ്‌-ചെല്‍സി
ഇന്റര്‍ മിലാന്‍-വെര്‍ഡര്‍ ബ്രെഹ്മന്‍
ലിവര്‍പൂള്‍-പി.എസ്‌.വി
ഷാക്തര്‍ ഡോണ്‍സ്‌റ്റക്‌-ബാര്‍സിലോണ
സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍-ബേസില്‍

വെംഗ്‌സാര്‍ക്കര്‍ രാജി നല്‍കി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതിന്‌ പിറകെ ദിലീപ്‌ വെംഗ്‌സാര്‍ക്കര്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ (എം.സി.എ) സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍ എം.സി.എ വൈസ്‌ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ അദ്ദേഹം തുടരും. എം.സി.എ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ വെംഗ്‌സാര്‍ക്കര്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന സ്ഥാനമുളളതിനാല്‍ എം.സി.എ ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടരുകയായിരുന്നു. ഇന്ത്യന്‍ ചെയര്‍മാന്‍ സ്ഥാനം നഷ്‌്‌ടമായതിനാല്‍ എം.സി.എ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടരുന്നതില്‍ കാര്യമില്ലെന്നാണ്‌ അദ്ദേഹം രാജിക്കത്തില്‍ പറയുന്നത്‌.
ഉവൈസ്‌്‌ ഷാ
ഇന്ത്യയിലേക്ക്‌
ലണ്ടന്‍: ഇന്ത്യന്‍ പര്യടനത്തിനുളള ഇംഗ്ലീഷ്‌ സംഘത്തില്‍ സ്ഥാനം ലഭിച്ചതില്‍ ഒവൈസ്‌ ഷാക്ക്‌ അല്‍ഭുതം. രവി ബോപ്പാരക്ക്‌ പകരമാണ്‌ ഷായെ രണ്ട്‌ ടെസ്‌റ്റിനായുളള ടീമില്‍ ഉള്‍പ്പെടുത്തിയത്‌. ദക്ഷിണാഫ്രിക്കക്കെതിരെ ഓവലില്‍ നടന്ന ടെസ്‌റ്റില്‍ ബോപ്പാര കളിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന്‌ തന്നെ സ്ഥാനം ലഭിക്കുമന്നാണ്‌ കരുതിയത്‌. കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ ശരിക്കും അല്‍ഭുതം തോന്നിയതായി ഇന്ത്യന്‍ വംശജനായ താരം പറഞ്ഞു. 2006 ല്‍ ഇന്ത്യയിലെത്തിയ ഇംഗ്ലീഷ്‌ സംഘത്തില്‍ ഷായുണ്ടായിരുന്നു. മുംബൈ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവും അദ്ദേഹം നടത്തിയിരുന്നു.

വിധിയെന്ന്‌ ടീം അധികാരികള്‍, ചതിയെന്ന്‌ ലക്ഷ്‌മണ്‍ അനുകൂലികള്‍
വിധിയോ ചതിയോ
ഹൈദരാബാദ്‌: ബാംഗ്ലൂരില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കൊരുങ്ങുന്നതിനിടയിലാണ്‌ ആ വാര്‍ത്ത വി.വി.എസ്‌ ലക്ഷ്‌മണ്‍ അറിഞ്ഞത്‌- ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്ലബായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ കപ്പിത്താന്‍ സ്ഥാനത്ത്‌ നിന്ന്‌ താന്‍ പുറത്തായിരിക്കുന്നു. വിവാദങ്ങള്‍ ഭയന്ന്‌ തല്‍ക്കാലം ഒന്നും പറയാന്‍ വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്‌മണ്‍ ഒരുക്കല്ല. പക്ഷേ അദ്ദേഹത്തന്‌ നിരാശയും വേദനയുമുണ്ട്‌. ഒരു വാക്ക്‌ പോലും തന്നോട്‌ പറയാതെയാണ്‌ ആദം ഗില്‍ക്രൈസ്‌റ്റിനെ നായകനാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ്‌ വെറ്ററന്‍ താരം പറുന്നത്‌.
എന്നാല്‍ ഇതില്‍ കാര്യമില്ലെന്നാണ്‌ ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ അധികാരികളും ടീം ചെയര്‍മാന്‍ ടീം റൈറ്റും പറയുന്നത്‌. ഐ.പി.ല്‍ ആദ്യ സീസണില്‍ വന്‍ പരാജയമായിരുന്നു ഡക്കാന്‍ ചാര്‍ജേഴ്‌സ്‌. ഗില്ലി, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌, ഷാഹിദ്‌ അഫ്രീദി, സ്‌ക്കോട്ട്‌ സ്‌റ്റൈറിസ്‌ , ഹര്‍ഷല്‍ ഗിബ്‌്‌സ്‌്‌ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും അവസാന സ്ഥാനത്താണ്‌ ചാര്‍ജേഴ്‌സ്‌ എത്തിപ്പെട്ടത്‌. ഇതിന്‌ പ്രധാന ഉത്തരവാദി നായകനായ ലക്ഷ്‌മണാണെന്നാണ്‌ മാനേജ്‌മെന്റ്‌്‌ വിലയിരുത്തല്‍. ടെസ്‌റ്റ്‌്‌ താരമായ ലക്ഷ്‌മണ്‌ 20-20 പോലെ അതിവേഗ ക്രിക്കറ്റിന്റെ ആവേശത്തിനൊപ്പം ഉണരാന്‍ കഴിഞ്ഞില്ലെന്നാണ്‌ വിലയിരുത്തല്‍. ഇത്‌ കാരണമാണ്‌ അദ്ദേഹത്തെ മാറ്റിയത്‌. ഒരിക്കലും ഇത്‌ ലക്ഷ്‌മണോടുളള ചതിയല്ല. ക്യാപ്‌റ്റന്‍സി നഷ്ടമായതില്‍ ലക്ഷ്‌മണ്‌ നിരാശയുണ്ടാവും. പക്ഷേ അദ്ദേഹം ടീമിലുണ്ട്‌. ചാര്‍ജേഴ്‌സിന്‌ പുതിയ കരുത്ത്‌ പകരാന്‍ ലക്ഷ്‌മണാവും-മാനേജ്‌മെന്റ്‌ വ്യക്തമാക്കുന്നു. മാനേജ്‌മെന്റ്‌ ഈ കാര്യത്തില്‍ ലക്ഷ്‌മണുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിലപിടിപ്പുളള വമ്പന്മാരെയാണ്‌ ടീം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്‌. ഇവരില്‍ നിന്നാണ്‌ ഹൈക്കണ്‍ താരമായി ലക്ഷ്‌മണെ നായകനാക്കിയത്‌. മറ്റ്‌ താരങ്ങളെക്കാള്‍ കൂടുതല്‍ പ്രതിഫലം നായകന്‌ ലഭിച്ചിരുന്നു. എന്നാല്‍ പ്രതിഫലത്തിനൊത്ത പ്രകടനം ലക്ഷ്‌മണ്‍ നടത്തിയില്ല. 14 മല്‍സരങ്ങളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ ചാര്‍ജേഴ്‌സ്‌്‌ കളിച്ചത്‌. ഇതില്‍ എട്ട്‌ മല്‍സരങ്ങള്‍ പരുക്ക്‌ കാരണം ലക്ഷ്‌മണ്‌ നഷ്ടമായി. ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം ടീമിലെ അംഗമായ പാക്‌ താരം ഷാഹിദ്‌ അഫ്രീദി ലക്ഷ്‌മണിനെതിരെ രംഗത്ത്‌ വന്നിരുന്നു. ടീമിനെ നയിക്കാന്‍ യോഗ്യന്‍ ഗില്ലിയാണെന്നും അഫ്രീദി തുറന്നടിച്ചിരുന്നു. അഫ്രീദിക്കെതിരെ ലക്ഷമണ്‍ നടത്തിയ പരാമര്‍ശം വിവാദമായതിനെല്ലാം ശേഷമാണ്‌ ഇപ്പോള്‍ അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്‌.
എന്നാല്‍ ലക്ഷ്‌മണോട്‌ മാനേജ്‌മെന്റ്‌്‌ നീതി കാട്ടിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ അനുകൂലികള്‍ പറയുന്നത്‌. തികച്ചും അധാര്‍മികമായാണ്‌ ലക്ഷ്‌മണെ നീക്കിയിരിക്കുന്നതെന്ന്‌ ഹൈദരാബാദിന്റെ മുന്‍ താരവും ഡക്കാന്‍ ചാര്‍ജേഴ്‌്‌സില്‍ അംഗവുമായ വിജയ്‌ മോഹന്‍രാജ്‌ പറഞ്ഞു. ടീമിന്റെ കോച്ചായ റോബിന്‍സിംഗും ലക്ഷ്‌മണിന്റെ കാര്യത്തില്‍ നിരാശ പ്രകടിപ്പിച്ചു. പരിശീലക സ്ഥാനത്ത്‌ നിന്ന്‌ റോബിനും തെറിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയക്കാരനായ ഡാരന്‍ ലെഹ്‌മാനാണ്‌ പുതിയ കോച്ച്‌. ലക്ഷ്‌മണോട്‌ പുറത്താക്കും മുമ്പ്‌ ഒരു വാക്ക്‌ പോലും മാനേജ്‌മെന്റ്‌്‌ പറഞ്ഞില്ലെന്ന്‌ മോഹന്‍രാജ്‌ കുറ്റപ്പെടുത്തി. ക്യാപ്‌റ്റന്‍ സ്ഥാനത്ത്‌ നിന്ന്‌ നീക്കുകയാണെങ്കില്‍ കഴിഞ്ഞ സീസണില്‍ തന്നെ അവര്‍ക്ക്‌ സൂചന നല്‍കാമായിരുന്നു. ഇന്ത്യയുടെ പ്രമുഖനായ ഒരു താരത്തെ ഈ വിധം അപമാനിച്ചതില്‍ നിരാശയുണ്ടെന്നും മോഹന്‍രാജ്‌ പറഞ്ഞു.
എന്നാല്‍ തന്നെ പുറത്താക്കിയതില്‍ റോബിന്‍ സിംഗ്‌ വലിയ നിരാശ പ്രകടിപ്പിച്ചില്ല. അത്‌ മാനേജ്‌മെന്റിന്റെ തീരുമാനമാണെന്ന്‌ മാത്രമാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.

No comments: