Tuesday, September 16, 2008

BIG SORRY FROM SYMO




മാപ്പ്‌
മീന്‍ പിടിക്കല്‍ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ മാപ്പപേക്ഷ. നല്ല വ്യക്തയായി തിരിച്ചുവരുമെന്ന വാഗ്‌ദാനം
മെല്‍ബണ്‍: തല്‍ക്കാലം ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ രാജ്യാന്തര ക്രിക്കറ്റ്‌ വിടുന്നില്ല. സ്വന്തം തെറ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ നല്ല പയ്യനായി തിരിച്ചുവരാനുളള ഒരുക്കത്തിലാണ്‌. ചെയ്‌തതെല്ലാം തെറ്റായിരുന്നെന്നും തന്റെ സ്വഭാവത്തില്‍ മാറ്റം അനിവാര്യമാണെന്ന്‌ ബോധ്യപ്പെട്ടതായും വ്യക്തമാക്കിയ സൈമണ്ട്‌സ്‌ ഓസ്‌ട്രേലിയക്കായി കളിക്കാനുള്ള താല്‍പ്പര്യം ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു.
ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്ക്‌ മുമ്പ്‌ നിര്‍ബന്ധമായ ടീം മീറ്റിംഗിന്‌ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ ആ സമയത്ത്‌ മീന്‍ പിടിക്കാന്‍ പോയ സൈമണ്ട്‌സിനെ അച്ചടക്കനടപടിയുടെ ഭാഗമായി അപ്പോള്‍ തന്നെ നാട്ടിലേക്ക്‌ തിരിച്ചയച്ചിരുന്നു. ഇതിന്‌ പിറകെ ഇന്ത്യന്‍ പര്യടനത്തിനുളള ഓസ്‌ട്രേലിയന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തില്ല. സ്വഭാവത്തില്‍ മാറ്റം വരുത്താതെ ദേശീയ ടീമില്‍ ഇനി ഉള്‍പ്പെടുത്തില്ലെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ സൈമണ്ട്‌സ്‌ മാപ്പ്‌ പറഞ്ഞിരിക്കുന്നത്‌. താല്‍കാലിക നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ അനുസരിക്കാതെയാണ്‌ സൈമണ്ട്‌സ്‌ ടീം മീറ്റിംഗില്‍ പങ്കെടുക്കാതിരുന്നത്‌. ബംഗ്ലാദേശിനെതിരായ പരമ്പരക്കുളള ടീമില്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌, സീനിയര്‍ താരം മാത്യൂ ഹെയ്‌ഡന്‍ എന്നിവരുണ്ടായിരുന്നില്ല. ഇവരുടെ അസാന്നിദ്ധ്യത്തിലാണ്‌ ക്ലാര്‍ക്ക്‌ താല്‍കാലിക നായകനായത്‌. ഡാര്‍വിനിലെ പരമ്പരക്ക്‌ മുമ്പായി ടീം കാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു യോഗം വിളിച്ചത്‌. യോഗത്തിലേക്ക്‌ ക്ലാര്‍ക്ക്‌ തന്നെ സൈമണ്ട്‌സിനെ നേരിട്ട്‌്‌ വിളിച്ചിരുന്നു. ടീം കോച്ച്‌ ടീം നെല്‍സണ്‍, മാനേജര്‍ സ്‌റ്റീവ്‌ ബര്‍ണാഡ്‌ എന്നിവരും സൈമണ്ട്‌സിനെ യോഗത്തിലേക്ക്‌ ക്ഷണിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ധിക്കരിച്ചാണ്‌ സൂപ്പര്‍താരം മീന്‍ പിടിക്കാന്‍ പോയത്‌. ഉടന്‍ തന്നെ പ്രശ്‌നം ടീം മാനേജ്‌മെന്റ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയെ അറിയിക്കുകയും അച്ചടക്കനടപടി വരുകയുമായിരുന്നു. അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ സൈമണ്ട്‌സ്‌ രാജ്യാന്തര ക്രിക്കറ്റ്‌ വിടുമെന്ന്‌ പറയപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്യൂന്‍സ്‌ലാന്‍ഡില്‍ ഹെയ്‌ഡനൊപ്പം സൈമണ്ട്‌സ്‌ പരിശീലനത്തിനെത്തി. അദ്ദേഹത്തെ നിരീക്ഷിക്കാനായി ക്രിക്കറ്റ്‌്‌ ഓസ്‌ട്രേലിയ മന: ശാസ്‌ത്ര വിദഗ്‌ധനെ നിയോഗിച്ചിട്ടുണ്ട്‌.
ഡാര്‍വിന്‍ സംഭവത്തിന്‌ ശേഷം സൈമണ്ട്‌സ്‌ ആരോടും പ്രതികരിച്ചിരുന്നില്ല. ഇന്നലെയാണ്‌ അദ്ദേഹം ആദ്യമായി മനസ്സ്‌ തുറന്നത്‌. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഞാന്‍ ചെയ്‌ത കാര്യങ്ങളെല്ലാം തെറ്റായിരുന്നു. അതില്‍ എനിക്ക്‌ ഖേദമുണ്ട്‌. തീര്‍ച്ചയായും നല്ല വ്യക്തിയായി ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരാന്‍ എനിക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഞാനിപ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ വീണ്ടുവിചാരം അത്യാവശ്യമാണ്‌. അതിന്‌ എനിക്ക്‌ കഴിയും-അദ്ദേഹം പറഞ്ഞു.
അതിനിടെ ആസന്നമായ ഇന്ത്യന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന്‌്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വ്യക്തമാക്കി. ഡല്‍ഹി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്റെ പര്യടന കാര്യത്തല്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ മാസം 21 നാണ്‌ റക്കി പോണ്ടിംഗും സംഘവും ഇന്ത്യയില്‍ എത്തുന്നത്‌. നാല്‌ ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ അവര്‍ പങ്കെടുക്കും.
സുരക്ഷ പ്രശ്‌്‌നങ്ങള്‍ കാരണം പാക്കിസ്‌താനിലേക്ക്‌ ഉദ്ദേശിച്ചിരുന്ന യാത്ര ഓസ്‌ട്രേലിയ റദ്ദാക്കിയിരുന്നു. എന്നാല്‍ പാക്കിസ്‌താനിലേതില്‍ നിന്നും തികച്ചും വിത്യസ്‌തമാണ്‌ ഇന്ത്യയിലെ അവസ്ഥയെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വിശദീകരിച്ചു. ഇന്ത്യന്‍ ഭരണക്കൂടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഓസ്‌ട്രേലിയ വിശ്വാസം പ്രകടിപ്പിച്ചു.

രാജകീയ അരങ്ങേറ്റത്തിന്‌ ഒജ
കൊല്‍ക്കത്ത: ആദ്യം ഇറാനി ട്രോഫിയില്‍ ഗംഭീര പ്രകടനം. ആ പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടി ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുളള ടീമില്‍ ഇടം നേടുക-ഈ ലക്ഷ്യത്തിലാണ്‌ പ്രഗ്യാന്‍ ഒജ എന്ന യുവ സ്‌പിന്നര്‍. ഇറാനി ട്രോഫിക്കുളള റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ സംഘത്തില്‍ ഇടം നേടിയ ഒജ നേരത്തെ ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. എന്നാല്‍ സ്‌പിന്നര്‍മാരെ തുണക്കുന്ന ലങ്കന്‍ പിച്ചുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. മുന്ന്‌ ടെസ്‌റ്റിലും റിസര്‍വ്‌ ബെഞ്ചിലായിരുന്നു ഒജ. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ രാജ്യാന്തര അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം വലിയ നേട്ടം തനിക്കില്ലെന്ന്‌ അദ്ദേഹം പറയന്നു. ഓസ്‌ട്രേലിയ ലോകത്തെ ഒന്നാം നമ്പര്‍ ടീമാണ്‌. പക്ഷേ അവര്‍ക്ക്‌ സ്‌പിന്നിനെ കളിക്കുമ്പോള്‍ പ്രയാസങ്ങളുണ്ടാവാറുണ്ട്‌. ഈ കാര്യമാണ്‌ തനിക്ക്‌ പ്രതീക്ഷ നല്‍കുന്നതെന്നും ഒജ പറഞ്ഞു. ഇറാനി ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും തനിക്ക്‌ സെലക്ടര്‍മാരുടെ അംഗീകാരം ലഭിക്കുമെന്നാണ്‌ ഒജ കരുതുന്നത്‌. ഈ മാസം 24 മുതല്‍ 28 വരെ ബറോഡയിലാണ്‌ റെസ്‌റ്റ്‌ ഓഫ്‌്‌ ഇന്ത്യയും രഞ്‌ജി ചാമ്പ്യന്മാരായ ഡല്‍ഹിയും തമ്മിലുളള ഇറാനി ട്രോഫി മല്‍സരം നടക്കുന്നത്‌. ഈ മല്‍സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്‌.
അനില്‍ കുംബ്ലെ, ഹര്‍ഭജന്‍സിംഗ്‌ എന്നീ രണ്ട്‌ പരിചയസമ്പന്നരായ സ്‌പിന്നര്‍മാര്‍ കളിക്കുന്നതിനാല്‍ ഒജയെ പോലുള്ളവര്‍ക്ക്‌ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ പ്രയാസമാണ്‌. ലങ്കക്കെതിരെ മൂന്ന്‌ ടെസ്‌റ്റിലും കുംബ്ലെയും ഹര്‍ഭജനും കളിച്ചിരുന്നു.

മാറ്റം അത്യാവശ്യമെന്ന്‌ കേണല്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ അത്യാവശ്യമാണെന്ന്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ്‌ വെംഗ്‌സാര്‍ക്കര്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിര ബാറ്റിംഗ്‌ വലിയ പരാജയമായിരുന്നു. മധ്യനിരയില്‍ കൂടുതല്‍ പേര്‍ക്ക്‌ അവസരം നല്‍കണമെന്ന സൂചനയാണ്‌ ലങ്കന്‍ പര്യടനം നല്‍കിയത്‌. ഓസ്‌ട്രേലിയ മികച്ച ടീമാണ്‌. ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഈ പരമ്പരയും തുല്യ ശക്തികളുടെ പോരാട്ടമായിരിക്കും. ഇന്ത്യക്ക്‌ ബാറ്റിംഗില്‍ വലിയ പ്രശ്‌നങ്ങള്‍ കാണുന്നില്ല. ഏറ്റവും അനുഭവസമ്പന്നരാണ്‌ ടീമിലുളളത്‌. അനുഭവസമ്പന്നരായ ബാറ്റ്‌സ്‌മാന്മാര്‍ ലങ്കന്‍ പര്യടനത്തില്‍ പരാജയമായിരുന്നു എന്നത്‌ സത്യമാണ്‌. എന്ന്‌ കരുതി വലിയ മാറ്റത്തിന്റെ സമയമായിട്ടില്ല. ഓപ്പണിംഗില്‍ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും നല്ല തുടക്കമാണ്‌ ടീമിന്‌ നല്‍കാറുളളത്‌ വീരു ഇപ്പോള്‍ നല്ല ഫോമിലാണ്‌. ആ ഫോം തുടരാന്‍ കഴിയണം. ഓസ്‌ട്രേലിയന്‍ സംഘത്തില്‍ കൂടുതല്‍ മികച്ച ബൗളര്‍മാരുണ്ട്‌. ഇവരെ നേരിടാന്‍ മാത്രം കരുത്ത്‌ നമ്മുടെ ബാറ്റ്‌സ്‌മാന്മാര്‍ക്കുണ്ട്‌.
ഓസ്‌ട്രേലിയയെ വിശകലനം ചെയ്യുക പ്രയാസമാണ്‌. കാരണം അവരുടെ സംഘത്തിലെ എല്ലാവരും നൂറ്‌ ശതമാനം പ്രൊഫഷണലുകളാണ്‌. അവരെ പ്രവചിക്കുക എളുപ്പമല്ല. സ്‌പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രകടിപ്പിക്കുന്ന പതര്‍ച്ചയാണ്‌ നമുക്ക്‌ ഉപയോഗപ്പെടുത്താനാവുക. ഹര്‍ഭജന്‍സിംഗ്‌ നല്ല ഫോമിലാണ്‌. കുംബ്ലെയെ പോലെ അനുഭവസമ്പന്നനായ സ്‌പിന്നര്‍ വറെയില്ല. ഈ രണ്ടും പേരും തന്നെയായിരിക്കും ബൗളിംഗ്‌ നട്ടെല്ല്‌. ബാറ്റിംഗില്‍ സുരേഷ റൈന, ബദരീനാഥ്‌, രോഹിത്‌ ശര്‍മ്മ തുടങ്ങിയവര്‍ സാധ്യതകള്‍ കാത്തുകഴിയുകയാണ്‌. എല്ലാവര്‍ക്കും അവസരം നല്‍കാന്‍ കഴിയില്ലെന്നും വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു.

ഇന്നത്തെ കളി
സെല്‍റ്റിക്‌-അല്‍ബോര്‍ഗ്‌
ഡൈനാമോ കീവ്‌-ആഴ്‌സനല്‍
എഫ്‌.സി പോര്‍ട്ടോ-ഫെനര്‍ബസ്‌
യുവന്തസ്‌-സെനിത്ത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്ഗ്‌
ലിയോണ്‍-ഫിയോറന്റീന
മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-വില്ലാ റയല്‍
റയല്‍ മാഡ്രിഡ്‌-ബോറിസോവ്‌
സ്‌റ്റിയൂവ ബുക്കാറസ്റ്റ്‌-ബയേണ്‍ മ്യൂണിച്ച്‌
റയലും മാഞ്ചസ്റ്ററും ഇറങ്ങുന്നു
മാഡ്രിഡ്‌: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പോരാട്ടത്തിന്‌ ഇന്നിറങ്ങുന്നു. മാഞ്ചസ്‌റ്ററിന്റെ പ്രതിയോഗികള്‍ വില്ലാ റയലും റയലിന്റെ എതിരാളികള്‍ ബോറിസോവുമാണ്‌. കനത്ത സമ്മര്‍ദ്ദത്തിലാണ്‌ മാഞ്ചസ്‌റ്റര്‍ ഇറങ്ങുന്നത്‌. പോയ സീസണില്‍ പ്രീമിയര്‍ ലീഗ്‌ കിരീടവും ചാമ്പ്യന്‍സ്‌ ലീഗുമെല്ലാം സ്വന്തമാക്കിയവര്‍ പുതിയ സീസണിന്റെ തുടക്കത്തില്‍ തന്നെ തപ്പിതടയുകയാണ്‌. സൂപ്പര്‍ താരം കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ അസാന്നിദ്ധ്യം ടീം ശരിക്കും അറിയുന്നുണ്ട്‌. ഏക വ്യക്തിയില്‍ കേന്ദ്രീകൃതമല്ല ടീം എന്ന്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആവര്‍ത്തിക്കുമ്പോഴും പോര്‍ച്ചുഗീസ്‌ മുന്‍നിരക്കാരന്‍ ഇല്ലാതെ ടീം പതറുകയാണ്‌. ഇംഗ്ലീഷ്‌ താരം വെയിന്‍ റൂണിയെ പോലുളളവര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇന്നത്തെ മല്‍സരത്തില്‍ കൃസ്‌റ്റിയാനോ കളിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. ആദ്യ മല്‍സരത്തില്‍ തന്നെ മികച്ച വിജയം കരസ്ഥമാക്കാനയാല്‍ ടീമിലെ സമ്മര്‍ദ്ദം കുറയുമെന്നാണ്‌ ഫെര്‍ഗൂസണ്‍ പറയുന്നത്‌. സ്‌പാനിഷ്‌ എതിരാളികളായ വില്ലാ റയല്‍ ദുര്‍ബലരല്ല. റയല്‍ മാഡ്രിഡിനെ പോലുളള മികച്ച ടീമുകളെ പരാജയപ്പെടുത്തിയ ചരിത്രം അവര്‍ക്കുണ്ട്‌. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ലിവര്‍പൂളിനോട്‌ പരാജയപ്പെട്ടതിന്റെ ക്ഷീണം ഇപ്പോഴും മാഞ്ചസ്റ്ററിനുണ്ട്‌. ലീഗിലെ അടുത്ത മല്‍സരം സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ചെല്‍സിക്കെതിരെയാണ്‌. ആ മല്‍സരത്തിന്‌ മുമ്പ്‌ ഒരു വിജയം ടീമിന്‌ വേണം. ഇത്തവണ ചാമ്പ്യന്‍സ്‌ ലീഗില്‍ മാഞ്ചസ്റ്ററിനെ കൂടാതെ മറ്റ്‌ മൂന്ന്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകള്‍ കളിക്കുന്നുണ്ട്‌. ആഴ്‌സനലും ലിവര്‍പൂളും ചെല്‍സിയും. ഈ മൂന്ന്‌ ടീമുകള്‍ സ്വന്തം ലീഗില്‍ കരുത്ത്‌ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ മാഞ്ചസ്റ്ററിന്റെ സമ്മര്‍ദ്ദം ഇരട്ടിയാവുന്നുണ്ട്‌.
സ്‌പാനിഷ്‌ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ നുമാന്‍സിയയെന്ന ദുര്‍ബലരെ പരാജയപ്പെടുത്താന്‍ വിയര്‍ത്തവരാണ്‌ റയല്‍. മുന്‍നിരയാണ്‌ റയലിന്റെ പ്രശ്‌നം. റുഡ്‌വാന്‍ നിസറ്റര്‍ റൂയിയെ പോലുളളവരുണ്ടെങ്കിലും റോബിഞ്ഞോക്ക്‌ പകരക്കാരനായി ആരും വന്നിട്ടില്ല. പെട്ടെന്നുള്ള ആക്രമണത്തിന്‌ മിടുക്കനായിരുന്നു റോബിഞ്ഞോ.

ബംഗ്ലാ ക്രിക്കറ്റില്‍ കലാപം
ധാക്ക: ബംഗ്ലാദേശ്‌ ക്രിക്കറ്റില്‍ കലാപകൊടി.... മുന്‍ ക്യാപ്‌റ്റന്‍ ഹബിബുല്‍ ബഷറിന്റെ നേതൃത്ത്വത്തില്‍ ഒരു വിഭാഗം താരങ്ങള്‍ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ പരസ്യമായി രംഗത്ത്‌ വന്നതോടെ താരങ്ങള്‍ രണ്ട്‌ ചേരിയിലായിട്ടുണ്ട്‌. ബഷറും സംഘവും രാജ്യാന്തര ക്രിക്കറ്റ്‌ വിട്ട്‌ കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനോട്‌ കൂറ്‌ പ്രഖ്യാപിച്ചിരിക്കയാണ്‌. പല യുവതാരങ്ങളും ബഷറിന്‌ പിറകില്‍ അണിനിരന്നപ്പോള്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ടുള്ള താരങ്ങളില്‍ പലരും ഇന്നലെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികൃതരെ കണ്ട്‌ സ്വന്തം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ദേശിയ താരങ്ങളായ ഷക്കീബ്‌ അല്‍ഹസന്‍, ഷഹദാത്ത്‌ ഹുസൈന്‍, മെഹ്‌റാബ്‌ ഹുസൈന്‍, അബ്ദുള്‍ റസാക്ക്‌, മുഷ്‌ഫിഖുര്‍ റഹീം, സയ്യദ്‌ റസല്‍, മഹമുദ്ദുല്ല റിയാദ്‌, സുനൈദ്‌ സിദ്ദിഖി എന്നിവരാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്‌.
അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ തല്‍പ്പര്യം പ്രകടിപ്പിച്ച്‌ ബഷറും വിക്കറ്‌്‌ കീപ്പര്‍ ധിമാന്‍ ഘോഷും കൊല്‍ക്കത്തയില്‍ എത്തിക്കഴിഞ്ഞു. ഇവര്‍ക്കൊപ്പം ദേശീയ നിരയിലെ ചില പ്രമുഖരുണ്ട്‌. ഷഹരിയാര്‍ നഫീസ്‌, തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാനായ തമീം ഇഖ്‌ബാല്‍ എന്നിവരും ഐ.സി.എല്ലില്‍ ചേരുമെന്നാണ്‌ പറയപ്പെടുന്നത്‌. രാജ്യാന്തര ക്രിക്കറ്റ്‌ വിട്ട്‌ താരങ്ങളുടെ ഇന്ത്യന്‍ ചേക്കേറ്റം തടയാനുളള ശ്രമങ്ങള്‍ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്‌ കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല.
പിണങ്ങിനില്‍ക്കുന്ന താരങ്ങളെ അടുപ്പിക്കാന്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ്‌ ബോര്‍ഡ്‌ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ തമീം ഇഖ്‌ബാല്‍ പങ്കെടുക്കാതിരുന്നതാണ്‌ കനത്ത ആഘാതമായിരിക്കുന്നത്‌. ബംഗ്ലാദേശിന്റെ നാളത്തെ താരമായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ്‌ തമീം. സമീപകാല രാജ്യാന്തര ക്രിക്കറ്റില്‍ ബംഗ്ലാദേശിന്‌ വേണ്ടി മികച്ച പ്രകടനം നടത്തിയതും അദ്ദേഹം മാത്രമാണ്‌. ഷഹരിയാര്‍ നഫീസും യോഗത്തിനെത്തിയിരുന്നില്ല. യോഗം സംബന്ധിച്ച്‌ തനിക്ക്‌ ഒരു എസ്‌. എം.എസ്‌ മാത്രമാണ്‌ ലഭിച്ചതെന്നാണ്‌ നഫീസ്‌ പറയുന്നത്‌. എസ്‌.എം.എസ്സിലൂടെയുള്ള ആശയകൈമാറ്റം നല്ലമാര്‍ഗ്ഗമല്ല. എന്നോട്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികാരികള്‍ക്ക്‌ നേരിലോ അല്ലെങ്കില്‍ ഫോണിലോ പറയാം. അതിന്‌ തയ്യാറാവാതെ എസ്‌.എം.എസ്‌ അയക്കുക നല്ല രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ധാക്ക വാരിയേഴ്‌സിനെ ബഷര്‍ നയിക്കും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിന്റെ രണ്ടാം സീസണില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ടീം മുന്‍ ബംഗ്ലാദേശ്‌ നായകന്‍ ഹബിബുല്‍ ബഷര്‍ നയിക്കുന്ന ധാക്ക വാരിയേഴ്‌സ്‌. ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി തെറ്റിപിരിഞ്ഞ്‌ ഇന്ത്യയില്‍ എത്തിയിരിക്കുന്ന മൊത്തം ബംഗ്ലാതാരങ്ങളും വാരിയേഴ്‌സ്‌ സംഘത്തില്‍ അണിനിരക്കുന്നുണ്ട്‌. ബംഗ്ലാദേശിന്‌ വേണ്ടി രാജ്യാന്തര മല്‍സരങ്ങളില്‍ തിളങ്ങിയിട്ടുള്ള അഫ്‌ത്താബ്‌ അഹമ്മദ്‌, അലോക്‌ കപാലി, ഷഹരിയാര്‍ നഫീസ്‌, ഫര്‍ഹാദ്‌ റാസ, ധിമാന്‍ ഘോഷ്‌, മൊഷറഫ്‌ ഹുസൈന്‍ എന്നിവരെല്ലാം ടീമിലുണ്ട്‌. 83 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്ന ബല്‍വീന്ദര്‍ സിംഗ്‌ സന്ധുവാണ്‌ ടീമിന്റെ കോച്ച്‌. ബംഗ്ലാ താരങ്ങളായ മുഹമ്മദ്‌ റഫീഖ്‌, തപഷ്‌ ബൈഷ്യ, മന്‍ഞ്ചുറാല്‍ ഇസ്ലാം, മുഹമ്മദ്‌ ഷരീഫ്‌ എന്നിവരും ഐ.സി.എല്ലില്‍ കളിക്കുന്നുണ്ട്‌.

ഇന്ത്യ എ തോറ്റു
ഹൈദരാബാദ്‌: തിര്രാഷ്‌്‌ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ എ ഇന്ത്യന്‍ എ ടീമിനെ 79 റണ്‍സിന്‌ പരാജയപ്പെടുത്തി. മഴ മൂലം തടസ്സപ്പെട്ട മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യന്‍ ടീം 207 റണ്‍സാണ്‌ നേടിയത്‌. മഴയില്‍ വിജയലക്ഷ്യമായി കുറിക്കപ്പെട്ട 168 റണ്‍സ്‌ ഒരു വിക്കറ്റ്‌ നഷ്‌്‌ടത്തില്‍ ഓസ്‌ട്രേലിയ നേടി. ഓപ്പണര്‍ റോഞ്ചി പുറത്താവാതെ 108 റണ്‍സ്‌ നേടിയപ്പോള്‍ സഹഓപ്പണര്‍ ഹ്യൂഗ്‌സ്‌ 459 റണ്‍സ്‌ സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റിംഗില്‍ 54 റണ്‍സ്‌ നേടിയ യൂസഫ്‌ പത്താന്‍ മാത്രമാണ്‌ പൊരുതിയത്‌.

No comments: