Saturday, September 13, 2008

LIVER VICTORY




ചാമ്പ്യന്മാരെ ലിവര്‍പൂള്‍ മറിച്ചിട്ടു
ആന്‍ഫീല്‍ഡ്‌: ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ശനിദശ അകലുന്നില്ല. ഇന്നലെ നടന്ന മല്‍സരത്തില്‍ ലിവര്‍പൂളിന്‌ മുന്നില്‍ മുട്ടുകുത്തിയ ചാമ്പ്യന്മാര്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ അസാന്നിദ്ധ്യം ശരിക്കുമറിയുകയാണ്‌. കളിക്കളത്തില്‍ ലക്ഷ്യബോധമില്ലാതെ അലക്‌സ്‌ ഫെര്‍ഗൂസന്റെ കുട്ടികള്‍ തപ്പിതടഞ്ഞപ്പോള്‍ തോല്‍വിക്കൊപ്പം ഒരു ചുവപ്പ്‌ കാര്‍ഡും നാണക്കേടിനൊപ്പം ലഭിച്ചു. 2-1 നാണ്‌ ലിവര്‍പൂള്‍ ജയിച്ചിരിക്കുന്നത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീനക്കാരന്‍ കാര്‍ലോസ്‌ ടെവസിന്റെ അവസരവാദത്തില്‍ മാഞ്ചസ്‌റ്റര്‍ മുന്നില്‍ കയറിയെങ്കിലും ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍ സറിന്റെ പഴവില്‍ സമനില വഴങ്ങിയ ഫെര്‍ഗൂസന്റെ ചാമ്പ്യന്‍ സംഘം മല്‍സരാവസാനത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട്‌ റ്യാന്‍ ബാബേലിന്‌ അവസരം നല്‍കി പരാജയം ചോദിച്ചു വാങ്ങി.
90 മിനുട്ട്‌ പോരാട്ടത്തില്‍ പലപ്പോഴും മാഞ്ചസ്‌റ്റര്‍ ചിത്രത്തില്‍ തന്നെയുണ്ടായിരുന്നില്ല. ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍ അര്‍ഹിച്ച വിജയമാണ്‌ സ്വന്തമാക്കിയത്‌. റാഫേല്‍ ബെനിറ്റസ്‌ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം മാഞ്ചസ്റ്ററിനെതിരെ ലിവര്‍പൂള്‍ നേടുന്ന ആദ്യ വിജയമാണിത്‌. അതും സൂപ്പര്‍ താരങ്ങളായ സ്‌റ്റീവന്‍ ജെറാര്‍ഡ്‌, ഫെര്‍ണാണ്ടോ ടോറസ്‌ എന്നിവരെ കൂടാതെ. 2004 ലാണ്‌ ബെനിറ്റസ്‌ ലിവര്‍പൂളിന്റെ കോച്ചായത്‌. അതിന്‌ ശേഷം ടീം നിരവധി വലിയ വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും മാഞ്ചസ്‌റ്ററിന്‌ മുന്നില്‍ തുടര്‍ച്ചയായി വിറക്കുകയായിരുന്നു.
കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലിവര്‍പൂള്‍ വിറച്ചു. മാഞ്ചസ്‌റ്ററിന്റെ പുതിയ താരം ബെര്‍ബറ്റോവ്‌ നല്‍കിയ സമര്‍ത്ഥമായ പാസില്‍ ടെവസ്‌ ലക്ഷ്യം കണ്ടു. മുമ്പ്‌ ലിവര്‍പൂളിനായി ആന്‍ഫീല്‍ഡില്‍ കളിച്ചിരുന്ന ബെര്‍ബറ്റോവ്‌ ആദ്യ മല്‍സരത്തില്‍ തന്നെ തന്റെ പഴയ ടീമിനെ പിറകിലാക്കി. ആന്‍ഡേഴ്‌സണ്‍ നല്‍കിയ പന്തുമായി മുന്നേറി പെനാല്‍ട്ടി ബോക്‌സിന്‌ സമീപം വെച്ച്‌ അത്‌ ടെവസിന്‌ കൈമാറി. ടെവസിനെ വിടാതെ പിന്തുടര്‍ന്നിരുന്ന നാട്ടുകാരനായ ജാവിയര്‍ മസ്‌കരാനോക്ക്‌ പിഴച്ചപ്പോള്‍ ടെവസിന്‌ ഷോട്ട്‌ എളുപ്പമായി.
ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍സര്‍ പ്രകടിപ്പിച്ച പിഴവാണ്‌ മാഞ്ചസ്റ്ററിന്‌ ക്ഷീണമായത്‌. സാബി അലോണ്‍സോയുടെ ഷോട്ട്‌ തടയാന്‍ മുന്നോട്ടെത്തിയ വാന്‍ഡര്‍സറിന്‌ കണക്ക്‌ക്കൂട്ടല്‍ പിഴച്ചു. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ്‌ ലിവര്‍പൂള്‍ അവസരം ഉപയോഗപ്പെടുത്തിയത്‌. റ്യാന്‍ ഗിഗ്‌്‌സിന്റെ അലസതയില്‍ പന്ത്‌ സ്വന്തമാക്കിയ മസ്‌ക്കരാനോ പെനാല്‍ട്ടി ബോക്‌സിന്‌ അരികില്‍ ഡിര്‍ക്‌ ക്യൂട്ടിന്‌ കൈമാറി. ക്യൂട്ട്‌ മാര്‍ക്ക്‌ ചെയ്യപ്പെടാതെ നിന്ന ബാബേലിന്‌ വളരെ പെട്ടെന്ന്‌ പന്ത്‌്‌ നല്‍കി. അദ്ദേഹത്തിന്റെ ഷോട്ട്‌ ഗോള്‍ക്കീപ്പറെ പരാജിതനാക്കി. മല്‍സരത്തിന്റെ അവസാനത്തില്‍ രണ്ടാം മഞ്ഞകാര്‍ഡുമായി മാഞ്ചസ്റ്ററിന്റെ വിദിക്‌ പുറത്തുമായി.
ആഴ്‌സനല്‍, ഫുള്‍ഹാം ജയിച്ചു
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ കരുത്തരായ ആഴ്‌സനല്‍ രണ്ട്‌ ഗോളിന്‌ ബ്ലാക്‌ബര്‍ണിനെയും ഫുള്‍ഹാം ഇതേ മാര്‍ജിനില്‍ ബോള്‍ട്ടണെയും ഹള്‍ ഒരു ഗോളിന്‌ ന്യൂകാസിലിനെയും ഇതേ മാര്‍ജിനില്‍ മിഡില്‍സ്‌ബോറോ പോര്‍ട്‌സ്‌മൗത്തിനെയും സുതര്‍ലാന്‍ഡ്‌ വിഗാനെയും പരാജയപ്പെടുത്തിയപ്പോള്‍ വെസ്‌റ്റ്‌ ബ്രോമും വെസ്‌റ്റ്‌ ഹാമും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു.
സോറി ആന്‍ഡ്ര്യൂ
ഇന്ത്യന്‍ പര്യടനത്തിനുളള ഓസ്‌ട്രേലിയന്‍ ടെസ്‌റ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. വിവാദതാരം ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ പുറത്ത്‌. 36 കാരനായ സ്‌പിന്നര്‍ ബ്രൈസ്‌ മക്‌ഗെയിനും ജാസോണ്‍ ക്രെസ്‌ജക്കും പീറ്റര്‍ സിഡിലിനും അവസരം. റിക്കി പോണ്ടിംഗ്‌ ടീമിനെ നയിക്കും. മാത്യൂ ഹെയ്‌ഡ്‌നും കളിക്കും
മെല്‍ബണ്‍: പ്രതീക്ഷിച്ചത്‌ തന്നെ സംഭവിച്ചു-ഇന്ത്യന്‍ പര്യടനത്തിനുളള ഓസ്‌ട്രേലിയന്‍ സംഘത്തില്‍ സ്‌റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സില്ല. അച്ചടക്കനടപടിയുടെ ഭാഗമായി ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ സൈമണ്ട്‌സിനെ അകറ്റി നിര്‍ത്തിയപ്പോള്‍ നാല്‌ ടെസ്‌റ്റുകളില്‍ ഇന്ത്യയെ നേരിടാനുളള സംഘത്തില്‍ 36 കാരനായ സ്‌പിന്നര്‍ ബ്രൈസ്‌ മക്‌ഗെയിനും യുവ സ്‌പിന്നര്‍ ജാസോണ്‍ ക്രെസ്‌ജയും സീമര്‍മാരായ പീറ്റര്‍ സിഡിലും ഡഫ്‌ ബോളിഗ്‌നറുമെല്ലാമുണ്ട്‌. പരുക്കേറ്റ്‌ ചികില്‍സയിലായിരുന്ന ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌, ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‍ എന്നിവര്‍ ആരോഗ്യം വീണ്ടെടുത്ത്‌ തിരിച്ചെത്തിയപ്പോള്‍ പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ്‌ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ വേണ്ടി അരങ്ങ്‌ തകര്‍ത്ത ഷെയിന്‍ വാട്ട്‌സണാണ്‌ സൈമണ്ട്‌സിനാണ്‌്‌ പകരം അവസരം നല്‍കിയിരിക്കുന്നത്‌.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കിടെ നിര്‍ബന്ധിത ടീം മീറ്റിംഗില്‍ പങ്കെടുക്കാത മീന്‍ പിടിക്കാന്‍ പോയ കുറ്റത്തിന്‌ ടീമില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സൈമണ്ട്‌സിനിപ്പോള്‍ നല്ല നടപ്പ്‌ വിധിച്ചിരിക്കയാണ്‌. ഇന്നലെ അദ്ദേഹം നാട്ടുകാരനായ മാത്യൂ ഹെയ്‌ഡനൊപ്പം ക്യൂന്‍സ്‌്‌ലാന്‍ഡില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌.
അച്ചടക്കലംഘനം നടത്തിയവര്‍ക്ക്‌ മാപ്പില്ല എന്ന വ്യക്തമായ സൂചന നല്‍കി കൊണ്ടാണ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ സൈമണ്ട്‌സിനെ പുറത്ത്‌ നിര്‍ത്തിയിരിക്കുന്നത്‌. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുളള ഓള്‍റൗണ്ടറുടെ സമീപകാല ടെസ്‌റ്റ്‌ ബാറ്റിംഗ്‌ ശരാശരി 77.7 ആണ്‌്‌. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ ടീം ഏകദിന പരമ്പരക്കായി ഇന്ത്യയില്‍ വന്നപ്പോള്‍ മികച്ച പ്രകടനം നടത്തിയതും സൈമണ്ട്‌സായിരുന്നു.
സ്വന്തം ഭാവി തീരുമാനിക്കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ സൈമണ്ട്‌സിന്‌ അവസരം നല്‍കിയിരിക്കയാണെന്ന്‌ ടീം പ്രഖ്യാപനം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഹിഡിച്ച്‌ പറഞ്ഞു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ഞങ്ങള്‍ക്ക്‌ നല്‍കിയ നിര്‍ദ്ദേശം സൈമണ്ട്‌സിനെ നിരീക്ഷിക്കാനാണ്‌. പുര്‍ണ്ണ ആരോഗ്യത്തോടെ, സമര്‍പ്പണത്തോടെ കളിക്കുന്ന സൈമണ്ട്‌സിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. അത്തരമൊരു സൈമണ്ട്‌സിനെയാണ്‌ ഞങ്ങള്‍ക്ക്‌ ആവശ്യ.ം തല്‍ക്കാലം ഇന്ത്യന്‍ പരമ്പരക്ക്‌ സൈമണ്ട്‌സില്ല. അദ്ദേഹം സ്വന്തം കരുത്തും സമര്‍പ്പണവും തെളിയിക്കേണ്ടിയിരിക്കുന്നു-സെലക്ഷന്‍ കമ്മിറ്റി തലവന്‍ പറഞ്ഞു.
സൈമണ്ട്‌സിന്റെ അസ്സാന്നിദ്ധ്യം പല തരത്തില്‍ ഓസീസ്‌ ടീമിന്‌ ആഘാതമാണ്‌. ഇന്ത്യന്‍ പിച്ചുകളിലെ മികച്ച ബാറ്റിംഗ്‌ മാത്രമല്ല അദ്ദേഹത്തിന്റെ സ്ലോ ബൗളിംഗിന്‌ ഏറെ അനുയോജ്യമാണ്‌ ഇന്ത്യന്‍ സാഹചര്യങ്ങള്‍. മികച്ച ഫീല്‍ഡറായ സൈമണ്ട്‌സ്‌ സ്വന്തം മികവില്‍ മാത്രം ധാരാളം റണ്‍സ്‌ തടയാറുണ്ട്‌. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓസ്‌ട്രേലിയന്‍ സംഘത്തില്‍ ഇന്ത്യയെ അറിയുന്ന സ്‌പിന്നര്‍മാര്‍ ഇല്ല. ഷെയിന്‍ വോണ്‍ വിരമിച്ചതിന്‌ ശേഷം ആ സ്ഥാനം സ്വന്തമാക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്‌. സ്‌റ്റിയൂവര്‍്‌ട്ട്‌ മക്‌ഗില്‍ എന്ന അനുഭവസമ്പന്നനും വിരമിച്ച സാഹചര്യത്തില്‍ ഇത്‌ വരെ ഒരു ടെസ്റ്റ്‌ പോലും കളിക്കാത്ത മക്‌ഗെയിനിലാണ്‌ ടീമിന്റെ പ്രതീക്ഷകള്‍. ഇപ്പോള്‍ ഇന്ത്യയിലുളള ഓസ്‌ട്രേലിയന്‍ എ ടീമില്‍ അംഗമാണ്‌ മക്‌ഗെയിന്‍. ഇന്ത്യ എ ക്കെതിരായ ആദ്യ ടെസ്‌റ്റില്‍ അദ്ദേഹം മികവ്‌ പ്രകടിപ്പിച്ചിരുന്നു. ഹൈദരാബാദില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ടെസ്റ്റ്‌്‌ മഴ കാരണം മുടങ്ങിയിരുന്നു. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റിലും മക്‌ഗെയിന്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു. വിക്ടോറിയക്ക്‌ വേണ്ടി പുര കപ്പില്‍ മികവ്‌ പ്രകടിപ്പിച്ചതിലൂടെയാണ്‌ അദ്ദേഹം ഓസ്‌ട്രേല്രിയ എ ടീമില്‍ അംഗമായത്‌.
മറ്റൊരു ഓഫ്‌ സ്‌പിന്നറാണ്‌ 25 കാരനായ ക്രെസ്‌ജ. പന്തിനെ വായുവില്‍ കറക്കാന്‍ മിടുക്കനായ ഈ ഓഫ്‌ സ്‌പിന്നര്‍ ആഭ്യന്തര സീസണില്‍ 43 വിക്കറ്റ്‌ നേടിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ മികവാണ്‌ മക്‌ഗെയിനെ ടീമിലെടുക്കാന്‍ കാരണമെന്ന്‌ ഹിഡിച്ച്‌്‌ പറഞ്ഞു. പ്രായമല്ല, മികവാണ്‌ പ്രധാനം. ദീര്‍ഘകാലമായി മക്‌ഗെയിന്‍ വിക്ടോറിയക്കായി കളിക്കുന്നു. എല്ലാ സീസണിലും അദ്ദേഹം സ്ഥിരത നിലനിര്‍ത്തിയിട്ടുണ്ട്‌. ടാസ്‌മാനിയക്ക്‌ വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ പ്രകടിപ്പിച്ച മികവാണ്‌ ക്രെസ്‌ജയുടെ സെലക്ഷന്‌ കാരണമായതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഇടം കൈയ്യന്‍ സീമറായ സിഡില്‍ 23 കാരനാണ്‌. അദ്ദേഹവും ഇപ്പോള്‍ ഇന്ത്യയിലുള്ള ഓസ്‌ട്രേലിയന്‍ എ സംഘത്തിലുണ്ട്‌. മറ്റൊരു യുവ സീമറാണ്‌ ഡഫ്‌ ബോളിഗ്നര്‍. ബ്രെട്ട്‌ ലീ, മിച്ചല്‍ ജോണ്‍സണ്‍, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ എന്നിവര്‍ക്കൊപ്പമാണ്‌ ഈ പുതിയ ബൗളര്‍മാര്‍ ഇന്ത്യയിലെത്തുന്നത്‌.
സൈമണ്ട്‌സ്‌ ഓസീസ്‌ ബാറ്റിംഗ്‌ ഓര്‍ഡറില്‍ ഏഴാമനായാണ്‌ ഇറങ്ങാറുളളത്‌. ഈ സ്ഥാനമായിരിക്കും വാട്ട്‌സണ്‌ ലഭിക്കുക. പ്രഖ്യാപിച്ചിരിക്കുന്ന ടീമിലെ നാല്‌ പേര്‍ മാത്രമാണ്‌ ഇന്ത്യയില്‍ കളിച്ച്‌ പരിചയമുള്ളവര്‍. ക്യാപ്‌റ്റന്‍ പോണ്ടിംഗും ഓപ്പണര്‍ മാത്യൂ ഹെയ്‌ഡനും സൈമണ്‍ കാറ്റിച്ചും മൈക്കല്‍ ക്ലാര്‍ക്കും. ഈ മാസം 21 ന്‌ ടീം ഇന്ത്യയിലേക്ക്‌ പുറപ്പെടും. ബാംഗ്ലൂരില്‍ ഒക്ട്‌ബോര്‍ എട്ടിനാണ്‌ ആദ്യ ടെസ്‌റ്റ്‌ ആരംഭിക്കുന്നത്‌. അതിന്‌ മുമ്പ്‌ രണ്ട്‌ വാം അപ്പ്‌ മല്‍സരങ്ങളില്‍ ടീം പങ്കെടുക്കും
ടീം ഇതാണ്‌: മാത്യൂ ഹെയ്‌ഡന്‍, ഫില്‍ ജാക്വസ്‌, റിക്കി പോണ്ടിംഗ്‌, മൈക്കല്‍ ഹസ്സി, മൈക്കല്‍ ക്ലാര്‍ക്ക്‌, സൈമണ്‍ കാറ്റിച്ച്‌, ഷെയിന്‍ വാട്ട്‌സണ്‍, ബ്രാഡ്‌ ഹാദ്ദീന്‍, ബ്രെട്ട്‌ ലീ, ജാസോണ്‍ ക്രെസ്‌ജ, മിച്ചല്‍ ജോണ്‍സണ്‍, പീറ്റര്‍ സീഡില്‍, ബ്രൈസ്‌ മക്‌ഗെയിന്‍, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌, ഡഫ്‌ ബൊളിഗ്നര്‍.

ബഗാന്‌ കിരീടം
കൊല്‍ക്കത്ത: പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബദ്ധവൈരികളായ ഈസ്റ്റ്‌ ബംഗാളിനെ സമനിലയില്‍ തളച്ചാണ്‌ (1-1) ബഗാന്‍ കിരീടം സ്വന്തമാക്കിയത്‌. മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനാണ്‌ രണ്ടാം സ്ഥാനം. ഈസ്‌റ്റ്‌ ബംഗാളിന്‌ മൂന്നാം സ്ഥാനം കൊണ്ട്‌ തൃപ്‌തരാവേണ്ടി വന്നു. സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബ്രസീല്‍ മുന്‍നിരക്കാരന്‍ ജോസ്‌ റാമിറസ്‌ ബരാറ്റോയുടെ ഗോളില്‍ ബഗാനാണ്‌ ലീഡ്‌ നേടിയത്‌. എന്നാല്‍ കളി അവസാനിക്കാന്‍ ആറ്‌ മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെ എഡ്‌മില്‍സണ്‍ മാര്‍ക്കസ്‌ ഈസ്‌റ്റ്‌ ബംഗാളിന്‌ വേണ്ടി സമനില നേടി. ഇന്നലെ നടന്ന മല്‍സരത്തില്‍ ചിരാഗ്‌ യുനൈറ്റഡിനെ 1-1 ല്‍ തളച്ചാണ്‌ മുഹമ്മദന്‍സ്‌ രണ്ടാം സ്ഥാനം നേടിയത്‌.

ചാമ്പ്യന്‍സ്‌ ട്രോഫി 2009 ഒക്ടോബറില്‍
ഇന്ത്യക്ക്‌ എതിര്‍പ്പ്‌
കറാച്ചി: മാറ്റിവെക്കപ്പെട്ട ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ പാക്കിസ്‌താനില്‍ തന്നെ നടക്കും. എന്നാല്‍ അതേ സമയത്ത്‌ തന്നെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര നടക്കുന്നതിാല്‍ പുതിയ തിയ്യതിയോട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഈ വര്‍ഷം സെപ്‌തംബറില്‍ നടത്താനുദ്ദേശിച്ച ചാമ്പ്യന്‍സ്‌ ട്രോഫി പാക്കിസ്‌താനിലെ സുരക്ഷാ പ്രശ്‌നങ്ങളാല്‍ മാറ്റിവെക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്മാരുടെ യോഗമാണ്‌ പുതിയ സമയം കണ്ടെത്തിയിരിക്കുന്നത്‌. 2009 ഒക്ടോബറില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനോട്‌ ഇന്ത്യക്കുളള വിയോജിപ്പ്‌ സ്വാഭാവികമാണന്നും ഈ കാര്യത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ്‌ വിശ്വാസമെന്നും പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ഷഫാഖത്ത്‌ നഗ്‌ മി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയെ സംബന്ധിച്ച്‌ സാമ്പത്തികമായും കായികമായും വളരെ പ്രധാനപ്പെട്ടതാണ്‌. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ്‌ കലണ്ടറില്‍ അനുയോജ്യമായ സമയം ഒക്ടോബര്‍ മാത്രമാണെന്നും അത്‌ കാരണമാണ്‌ ഈ സമയം തന്നെ തെരഞ്ഞെടുത്തതെന്നും നഗ്മി വിശീദകിരിച്ചു. ദുബായില്‍ ചേര്‍ന്ന ഐ.സിസി യോഗത്തില്‍ സെപ്‌തംബര്‍-ഒക്ടോബര്‍ മാസത്തില്‍ ചാമ്പ്യന്‍ഷിപ്പ്‌ നടത്തുന്നതിനോടാണ്‌ എല്ലാ ബോര്‍ഡുകളും യോജിച്ചത്‌. തിയ്യതിയുടെ കാര്യത്തിലാണ്‌ ഇനി രൂപം നല്‍കേണ്ടത്‌. അടുത്ത വര്‍ഷമാദ്യം നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പര വളരെ നിര്‍ണ്ണായകമാണെന്നും പി.സി.ബിയുടെ സാമ്പത്തിക ദാരിദ്ര്യം തീര്‍ക്കാന്‍ ഈ പരമ്പര കൊണ്ട്‌ സാധിക്കുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്‌താന്‍ വിന്‍ഡീസിനെ ക്ഷണിച്ചു
ലാഹോര്‍: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ നീട്ടിവെച്ച ഒഴിവില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ടെസ്‌റ്റ്‌ പരമ്പരക്കായി വിന്‍ഡീസ്‌ ടീമിനെ ക്ഷണിച്ചു. രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരമ്പരക്കാണ്‌ പാക്കിസ്‌താന്‍ കരീബിയന്‍ സംഘത്തെ ക്ഷണിച്ചിരിക്കുന്നത്‌. ചാമ്പ്യന്‍സ്‌ ട്രോഫി നീട്ടിവെച്ച സാഹചര്യത്തില്‍ സാമ്പത്തികമായി പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നേരിടുന്ന പ്രതിസന്ധി മറികടക്കാനുളള ശ്രമത്തില്‍ ആദ്യം ദക്ഷിണാഫ്രിക്കയെയും പിന്നീട്‌ ശ്രീലങ്കയെയും പി.സി.ബി നാട്ടിലേക്ക്‌ ക്ഷണിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ താല്‍പ്പര്യമില്ലെന്ന്‌ വ്യക്തമാക്കിയപ്പോള്‍ ലങ്ക-പാക്കിസ്‌താന്‍ പരമ്പരക്ക്‌ സ്‌പോണ്‍സര്‍മാരെ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ പി.സി.ബി വിന്‍ഡീസിനെ സമീപിച്ചിരിക്കുന്നത്‌.

ഗോളടിക്കാര്‍ ഫോമിലാണ്‌....
ലണ്ടന്‍: ഫുട്‌ബോളിന്റെ സൗന്ദര്യം മനോഹരമായ ഗോളുകളാണെങ്കില്‍ യൂറോപ്യന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ നിരാശപ്പെടേണ്ടതില്ല. ഗോള്‍വേട്ടക്കാരുടെ കാലമാണിത്‌. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ യൂറോപ്പില്‍ നടന്ന വിവിധ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ പിറന്നത്‌ മനോഹരമായ ഗോളുകളാണ്‌. 50 മല്‍സരങ്ങളില്‍ നിന്നായി നൂറിലധികം ഗോളുകള്‍. മൂന്ന്‌ താരങ്ങള്‍ ഹാട്രിക്‌ സ്വന്തമാക്കിയപ്പോള്‍ ഏഴ്‌ പേര്‍ രണ്ട്‌ വട്ടം വല ചലിപ്പിച്ചു. അഞ്ച്‌ മല്‍സരങ്ങളില്‍ മാത്രമാണ്‌ ഗോളുകള്‍ പിറക്കാതിരുന്നത്‌.
യുവതാരങ്ങള്‍ക്കൊപ്പം വെറ്ററന്‍ താരങ്ങളും ഗോള്‍വേട്ടയില്‍ പങ്കെടുത്തതിനാല്‍ ക്ലബുകളും സന്തോഷത്തിലാണ്‌. 32 കാരനായ ഉക്രൈനിയന്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോയും, അത്ര തന്നെ പ്രായമുളള ജര്‍മനിയുടെ മിറോസ്ലാവ്‌ ക്ലോസും, മുപ്പതുകാരനായ ലിത്വാനിയന്‍ മുന്‍നിരക്കാരന്‍ തോമസ്‌ ഡാനില്‍വിഷസും പ്രായം തളര്‍ത്താത്ത പ്രതിഭകള്‍ക്കുള്ള തെളിവുകളായപ്പോല്‍ യുവത്വത്തിന്റെ കരുത്തായത്‌ ഇംഗ്ലണ്ടിന്റെ പത്തൊമ്പതുകാരന്‍ തിയോ വാല്‍ക്കോട്ടാണ്‌. ക്രൊയേഷ്യക്കെതിരായ മല്‍സരത്തില്‍ ഹാട്രിക്‌ സ്വന്തമാക്കിയ വാല്‍ക്കോട്ട്‌ നാളെയുടെ താരമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഷെവ്‌ചെങ്കോ മാസ്‌മരിക സോക്കറിന്റെ വക്താവാണ്‌. ഏ.സി മിലാന്‍ താരത്തിന്‌ കഴിഞ്ഞ രണ്ട്‌ സീസണില്‍ ക്ലബ്‌ ഫുട്‌ബോളില്‍ കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. ചെല്‍സിയില്‍ നിന്നും അദ്ദേഹം ഇറ്റലിയിലേക്ക്‌ തന്നെ ചേക്കേറിയത്‌ കാലം കഴിഞ്ഞിട്ടില്ല എന്ന്‌ തെളിയിക്കാനായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ നേടിയ ഗോളോടെ വന്‍കരയില്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമന്റെ പട്ടികയിലാണ്‌ ഷെവ്‌. 28 ലോകകപ്പ്‌ മല്‍
സരങ്ങളില്‍ നിന്നായി 20 ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌. ഇത്‌ വരെ ഫിഫ മല്‍സരങ്ങളിലെ ഗോള്‍വേട്ടക്കാരന്റെ റെക്കോര്‍ഡ്‌ പോര്‍ച്ചുഗല്‍ താരം പെഡ്രോ പൗലേറ്റയുടെ പേരിലായിരുന്നു. 19 ഗോളുകളാണ്‌ പൗലേറ്റ സ്‌ക്കോര്‍ ചെയ്‌തത്‌.
ജര്‍മനിയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ അഡിഡാസ്‌ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ മിറോസ്ലാവ്‌ ക്ലോസ്‌
ഫിന്‍ലാന്‍ഡിനെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. മല്‍സരത്തില്‍ തപ്പിതടഞ്ഞ ജര്‍മനിക്ക്‌ വേണ്ടി മൂന്ന്‌ ഗോളുകളും ക്ലോസാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. ലിത്വാനിയയില്‍ നിന്നുളള മുപ്പതുകാരന്‍ ഡാനില്‍വിഷസിനെ അധികമാരും അറിയില്ല. ഏഴോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ലിത്വാനിയന്‍ താരത്തിന്റെ മികവിലാണ്‌ ഫ്രാന്‍സ്‌ ഉള്‍പ്പെടെയുളളവരുടെ ഗ്രൂപ്പില്‍ ലിത്വാനിയ മുന്നില്‍ നില്‍ക്കുന്നത്‌. ഓസ്‌ട്രിയക്കെതിരെ മികച്ച രണ്ട്‌ ഗോളുകളാണ്‌ ഡാനില്‍വിഷസ്‌ നേടിയത്‌. ഇറ്റലിയുടെ അന്റോണിയോ നതാലെ, ഫ്രാന്‍സിന്റെ തിയറി ഹെന്‍ട്രി, നിക്കോളാസ്‌ അനേല്‍ക്ക എന്നിവരും ഗോളുകളിലുടെ സാന്നിദ്ധ്യമറിയിച്ച വെറ്ററന്മാരാണ്‌.
യുവതാരങ്ങളില്‍ ഒന്നാമനായത്‌ വാല്‍ക്കോട്ടാണ്‌. പതിനേഴാം വയസ്സില്‍ തന്നെ രാജ്യത്തിനായി കളിച്ച്‌ ശ്രദ്ധ നേടിയ താരം ക്രോട്ടുകാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ്‌ നടത്തിയത്‌. കോച്ച്‌ ഫാബിയോ കാപ്പലോ തന്നിലര്‍പ്പിച്ച വിശ്വാസമാണ്‌ ആഴ്‌സനല്‍ താരം കാത്തത്‌. മല്‍സരം ഇംഗ്ലണ്ടിന്‌ മാത്രമല്ല കാപ്പല്ലോക്കും നിര്‍ണ്ണായകമായിരുന്നു. യൂറോ 2008 ല്‍ മിന്നിതിളങ്ങിയ സ്‌പാനിഷ്‌ മുന്‍നിരക്കാരന്‍ ഡേവിഡ്‌ വിയ തന്റെ കരുത്ത്‌ ആവര്‍ത്തിച്ചു തെളിയിച്ചു. കൂട്ടുകാരനായ ഫെര്‍ണാണ്ടോ ടോറസിന്റെ അഭാവത്തിലും അര്‍മീനിയക്കെതിരെ രണ്ട്‌ മനോഹരമായ ഗോളുകള്‍ വിയ്യ നേടി.
യൂറോപ്പില്‍ ഇനി ലോകകപ്പ്‌ യോഗ്യതാ ബഹളം ആരംഭിക്കുന്നത്‌ ഒക്ടോബര്‍ 11 നാണ്‌. അത്‌ വരെ വിലപ്പെട്ട താരങ്ങളെല്ലാം ക്ലബുകള്‍ക്കായി ഗോള്‍വേട്ട നടത്തും.

റയലും ബാര്‍സയും സമ്മര്‍ദ്ദത്തില്‍
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി പിണഞ്ഞ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണയും ലീഗിലെ രണ്ടാം മല്‍സരത്തിനായി ഇന്ന്‌ ഇറങ്ങുന്നു. രണ്ട്‌ ടീമുകളും സ്വന്തം മൈതാനത്താണ്‌ ഇന്ന്‌ കളിക്കുന്നത്‌. റയല്‍ ബെര്‍ണബുവില്‍ നുമാന്‍സിയയുമായി കളിക്കുമ്പോള്‍ ബാര്‍സ നുവോ കാമ്പില്‍ റേസിംഗ്‌ സാന്‍ഡറിനെ എതിരിടും.
ഇറ്റാലിയന്‍ സീരിയ എ യിലും വമ്പന്മാര്‍ സമ്മര്‍ദ്ദത്തിലാണ്‌. ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍, ഏ.എസ്‌ റോമ, യുവന്തസ്‌, ഏ.സി മിലാന്‍ എന്നിവര്‍ക്കൊന്നും ആദ്യ മല്‍സരത്തില്‍ ഫുള്‍ പോയന്റ്‌ നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നത്തെ മല്‍സരങ്ങള്‍: പ്രീമിയര്‍ ലീഗ്‌ എവര്‍ട്ടണ്‍-സ്റ്റോക്‌.
സ്‌പാനിഷ്‌ ലീഗ്‌: അല്‍മേരിയ-വലന്‍സിയ, ഗറ്റാഫെ-റയല്‍ ബെറ്റിസ്‌, മലാഗ-അത്‌ലറ്റികോ ബില്‍ബാവോ, മയോര്‍ക്ക-ഒസാസുന, റയല്‍ മാഡ്രിഡ്‌-നുമാന്‍സിയ, റിക്രിയേറ്റീവോ ഹെലൂവ-എസ്‌പാനിയോള്‍, വില്ലാ റയല്‍-ഡിപ്പോര്‍ട്ടീവോ.
ഇറ്റാലിയന്‍ ലീഗ്‌: ബോളോഗ്ന-അറ്റ്‌ലാന്റ, ജിനോവ-ഏ.സി മിലാന്‍, യുവന്തസ്‌-ഉദിനസ്‌, ലാസിയോ-സാംപദോറിയോ, ലീസ്‌-ചീവിയോ, നാപ്പോളി-ഫിയോറന്റീന, റെജീന-ടോറിനോ, സിയന്ന-കാഗിലാരി.

No comments: