Thursday, September 4, 2008

again sorry aktharരേഖകളില്ല, അക്തറിനെ തിരിച്ചയച്ചു
ലണ്ടന്‍: മതിയായ യാത്ര രേഖകളില്ലാതെ ഇംഗ്ലീഷ്‌ കൗണ്ടിയില്‍ സറെക്കായി കളിക്കാനെത്തിയ പാക്കിസ്‌താന്‍ സീമര്‍ ഷുഹൈബ്‌ അക്തറിനെ ബ്രിട്ടിഷ്‌ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഇന്നലെ ഹിത്ര്യു വിമാനത്താവളത്തില്‍ വെച്ചാണ്‌ സംഭവം. ഇംഗ്ലീഷ്‌ കൗണ്ടിയില്‍ സറെക്കായി കളിക്കാനെത്തിയതായിരുന്നു അക്തര്‍. സറെക്കായി കളിക്കാനുളള വിസ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നെങ്കിലും മതിയായ യാത്ര രേഖകളുണ്ടായിരുന്നല്ല. ഇത്‌ കാരണമാണ്‌ തിരിച്ചയച്ചത്‌. സംഭവത്തില്‍ സറെ കുറ്റക്കാരല്ലെന്നാണ്‌ ക്ലബ്‌ അധികൃതര്‍ വിശദീകരിക്കുന്നത്‌. ഇവിടെ എത്താനുളള എല്ലാ രേഖകളും നല്‍കിയിരുന്നു. വര്‍ക്ക്‌ പെര്‍മിറ്റുമുണ്ട്‌. എന്നാല്‍ വെറുതെ ഇവിടെ വരെ വന്ന്‌ പെട്ടെന്ന്‌ മുങ്ങാനുളള ഒരുക്കത്തില്‍ തന്നെയായിരിക്കാം അക്തറെന്ന്‌ സറെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പോള്‍ ഷാല്‍ഡണ്‍ പറഞ്ഞു.വീനസിനെ സറീന വീഴ്‌ത്തി
ന്യൂയോര്‍ക്ക്‌: തകര്‍പ്പന്‍ തിരിച്ചുവരവില്‍ സറീന വില്ല്യംസ്‌ ചേച്ചി വീനസ്‌ വില്ല്യംസിനെ പരാജയപ്പെടുത്തി യു.എസ്‌ ഓപ്പണ്‍ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം സിംഗിള്‍സ്‌ സെമിഫൈനലിലെത്തി. സ്‌ക്കോര്‍ 7-6, (8-6),7-6 (9-7). സെമിയില്‍ റഷ്യന്‍ താരം ദിനാര സാഫിനയാണ്‌ അമേരിക്കന്‍ താരത്തിന്റെ എതിരാളി. നല്ല തുടക്കം കളഞ്ഞ്‌ കുളിച്ച വീനസ്‌ പരാജയം ചോദിച്ചുവാങ്ങുന്ന കാഴ്‌ച്ചയാണ്‌ സെന്റര്‍ കോര്‍ട്ടില്‍ കണ്ടത്‌. സഹോദരിമാരുടെ അങ്കം കാണാന്‍ നിറഞ്ഞ്‌ കവിഞ്ഞിരുന്നു സ്‌റ്റേഡിയം. വീനസ്‌ പക്വതയോടെ കളിച്ച്‌ ആദ്യ സെറ്റിന്‌ അരികിലെത്തി. എന്നാല്‍ പതറാതെ തിരിച്ചെത്തിയ സറീന ടൈബ്രേക്കറില്‍ സെറ്റ്‌ സ്വന്തമാക്കി. രണ്ടാം സെറ്റില്‍ പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ സറീന അവസരത്തിനൊത്തുയര്‍ന്നു. ദിനാര സാഫിന ഇറ്റലിയുടെ ഫ്‌ളാവിയ പെന്നറ്റിനെയാണ്‌ പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 6-2, 6-3.

ബഗാന്‍ കിരീടത്തിലേക്ക്‌
കൊല്‍ക്കത്ത: കൊല്‍ക്കത്ത പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മോഹന്‍ബഗാന്‍ 2-1ന്‌ കൊല്‍ക്കത്ത പോര്‍ട്ട്‌ ട്രസ്‌റ്റിനെ പരാജയപ്പെടുത്തി. ഈ വിജയത്തടെ ലീഗ്‌ കിരീടം ഏറെക്കുറെ ബഗാന്‍ ഉറപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ ഈസ്റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുനൈറ്റഡിനെ നേരിടും.

കെ.പിക്ക്‌ നിരാശ
കാര്‍ഡിഫ്‌: കെവിന്‍ പീറ്റേഴ്‌സണ്‍ ലക്ഷ്യമിട്ടത്‌ 5-0 വൈറ്റ്‌ വാഷും ഐ.സി.സി ഏകദിന റാങ്കിംഗിലെ രണ്ടാം സ്ഥാനവുമായിരുന്നു. പക്ഷേ മഴ ചതിച്ചു. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുളള അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മല്‍സരം മഴയില്‍ ഉപേക്ഷിച്ചപ്പോള്‍ വലിയ നിരാശ കെ.പി എന്ന പീറ്റേഴ്‌സണാണ്‌. പരമ്പരയിലെ ആദ്യ നാല്‌ മല്‍സരങ്ങളും അനായാസം നേടിയ കെ.പിയുടെ മോഹത്തില്‍ അഞ്ചാമത്തെ മല്‍സരത്തിലും ജയവും പരമ്പരയുമായിരുന്നു. കനത്ത്‌ പെയ്‌ത മഴയില്‍ മല്‍സരം മൂന്ന്‌ ഓവര്‍ മാത്രമാണ്‌ ശേഷിച്ചത്‌. മൂന്ന്‌ ഓവറിനിടെ തന്നെ ഹര്‍ഷല്‍ ഗിബ്‌സിനെ ഇംഗ്ലണ്ട്‌ പുറത്താക്കുകയും ചെയ്‌തിരുന്നു. ടെസ്‌റ്റ്‌ പരമ്പര 2-1 ന്‌ സ്വന്തമാക്കിയ ശേഷം അക്ഷരാര്‍ത്ഥത്തില്‍ നിറം മങ്ങിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ എല്ലാ മല്‍സരത്തിലും തകരുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിന്റെ സേവനം ടീമിനുണ്ടായിരുന്നു. അടുത്ത മല്‍സരങ്ങളില്‍ പരുക്ക്‌ കാരണം സ്‌മിത്തിന്‌ കളിക്കാനായില്ല. കാലിസായിരുന്നു ടീമിനെ നയിച്ചത്‌.

അവര്‍ മൂന്ന്‌ പേരും ഇന്ന്‌ വീണ്ടും
ബ്രസല്‍സ്‌: അതിവേഗതയുടെ പര്യായങ്ങളായ മൂന്ന്‌ പേരും ഇന്ന്‌ ഒരിക്കല്‍കൂടി പോരാട്ടത്തിന്‌. ബെല്‍ജിയം ഗ്രാന്‍ഡ്‌പ്രിയില്‍ 100 മീറ്ററിലെ ലോക റെക്കോര്‍ഡുകാരന്‍ ഉസൈന്‍ ബോള്‍ട്ടും, മുന്‍ ലോക റെക്കോര്‍ഡുകാരന്‍ അസാഫ പവലും, അമേരിക്കന്‍ പ്രതിയോഗി ടൈസണ്‍ ഗേയും മല്‍സരത്തിനിറങ്ങുമ്പോള്‍ ബെയ്‌ജിംഗിന്‌ ശേഷം കായിക ലോകത്തിന്റെ കണ്ണുകള്‍ ഇന്ന്‌ ബ്രസല്‍സ്സിലേക്ക്‌.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ലോകത്തെ വിസ്‌മയിപ്പിച്ചത്‌ ബോള്‍ട്ടായിരുന്നു. 9.69 സെക്കന്‍ഡിന്റെ ലോക റെക്കോര്‍ഡുമായി സ്വര്‍ണ്ണം. ബെയ്‌ജിംഗിലെ വന്‍ നിരാശ ടൈസണ്‍ ഗേയായിരുന്നു. 100 മീറ്ററിന്റെ ഫൈനല്‍ പോലും അദ്ദേഹത്തിന്‌ കാണാനായില്ല. ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയ അസാഫ പവലാവട്ടെ നാട്ടുകാരനായ ബോള്‍ട്ടിന്‌ മുന്നില്‍ നിഷ്‌പ്രഭനായി അഞ്ചാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
ബെയ്‌ജിംഗിന്‌ ശേഷം സൂറീച്ചില്‍ ബോള്‍ട്ട്‌ കരുത്ത്‌ ആവര്‍ത്തിച്ചു. എന്നാല്‍ ഇന്നലെ തന്റെ ഏറ്റവും മികച്ച സമയവുമായി അസാഫ പവല്‍ കരുത്ത്‌ നഷ്ടമായിട്ടില്ലെന്ന്‌ തെളിയിച്ചു. ഒളിംപിക്‌സ്‌ നിരാശ അകറ്റാന്‍ അവസരം ലഭിച്ചിരിക്കുന്ന ടൈസണ്‍ ഗേയാവട്ടെ പ്രതികാര മനോഭാവത്തിലുമാണ്‌. ഈ കാരണങ്ങളാല്‍ തന്നെ ഇന്നത്തെ മല്‍സരത്തിന്റെ മുഖ്യസംഘാടകനായ വില്‍ഫ്രഡ്‌ മീരറ്റ്‌ ആഹ്ലാദവാനാണ്‌.
ഒളിംപിക്‌സില്‍ പങ്കെടുത്ത മൂന്ന്‌ ഇനങ്ങളിലും ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയ ബോള്‍ട്ട്‌ ഈ സീസണില്‍ മല്‍സരിക്കുന്ന അവസാന ചാമ്പ്യന്‍ഷിപ്പാണിത്‌.അതിനാല്‍ തന്നെ തകര്‍പ്പന്‍ വിജയമാണ്‌ 22-കാരന്റെ മനസ്സില്‍.
കാലില്‍ പരുക്കുകള്‍ കാരണം ടൈസണ്‍ ഗേ ആത്മവിശ്വാസത്തില്ലല്ല.. എങ്കിലും മല്‍സരിക്കുമ്പോള്‍ തന്റെ കരുത്ത്‌ കാണാമെന്നാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍. അസാഫ പവലാവട്ടെ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. മൂന്ന്‌ വമ്പന്മാര്‍ കൊമ്പ്‌ കോര്‍ക്കുമ്പോള്‍ ട്രാക്കില്‍ തീപ്പാറുമെന്നുറപ്പ്‌.

കിര്‍സ്റ്റണ്‌ താക്കീത്‌
മുംബൈ: ടെസ്‌റ്റ്‌ ടീമിന്റെ ക്യാപ്‌റ്റന്‍സി ഏറ്റെടുക്കാന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ പക്വതയായതായുള്ള അഭിപ്രായ പ്രകടനത്തിന്‌ ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ താക്കീത്‌. സെലക്ഷന്‍ കാര്യത്തിലും ക്യാപ്‌റ്റന്‍സി വിഷയത്തിലും അഭിപ്രായ പ്രകടനത്തിന്‌ മുതിരേണ്ടെന്നും ക്യാപ്‌റ്റനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ സമിതിയുണ്ടെന്നുമാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടറി നിരഞ്‌ജന്‍ ഷാ മുഖത്തടിച്ച്‌ പറഞ്ഞിരിക്കുന്നത്‌. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ശേഷം സംസാരിക്കവെയായിരുന്നു കിര്‍സ്‌റ്റണ്‍ ധോണിക്കൊപ്പം നിന്നത്‌. ടെസ്റ്റ്‌ ക്യാപ്‌റ്റന്‍ എന്ന നിലയിലേക്ക്‌ ധോണിയെ പ്രൊമോട്ട്‌ ചെയ്യാമെന്നാണ്‌ കോച്ച്‌ പറഞ്ഞത്‌. എന്നാല്‍ ഇതിന്‌ അമിതവേഗം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കിര്‍സ്റ്റന്റെ അഭിപ്രായ പ്രകടനത്തല്‍ വസീം അക്രമിനെ പോലുള്ളവര്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇടപെട്ടത്‌.

ബ്രസീലന്‌ നഷ്ടം
സാവോപോളോ: ഈയാഴ്‌്‌ച്ച ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ചിലി, ബൊളിവിയ എന്നിവര്‍ക്കെതിരെ കളിക്കുന്ന ബ്രസീല്‍ സംഘത്തില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ മിഡ്‌ഫീല്‍ഡര്‍ ആന്‍ഡേഴ്‌സണ്‍ ഉണ്ടാവില്ല. പരുക്ക്‌ കാരണം ഇപ്പോള്‍ ചികില്‍സയിലാണ്‌ ആന്‍ഡേഴ്‌സണ്‍. ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ തപ്പിതടയുന്ന ബ്രസീലിന്‌ രണ്ട്‌ മല്‍സരങ്ങളും നിര്‍ണ്ണായകമാണ്‌.
യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം നാളെ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്നുണ്ട്‌. യൂറോപ്പില്‍ നാളെ നടക്കുന്ന മല്‍സരങ്ങള്‍ ഇവയാണ്‌: അല്‍ബേനിയ-സ്വീഡന്‍, അന്‍ഡോറ-ഇംഗ്ലണ്ട്‌, അര്‍മീനിയ-തുര്‍ക്കി, ഓസ്‌ട്രിയ-ഫ്രാന്‍സ്‌, ബെല്‍ജിയം -എസ്റ്റോണിയ, ക്രൊയേഷ്യ-കസാക്കിസ്ഥാന്‍, സൈപ്രസ്‌-ഇറ്റലി, മാസിഡോണിയ-സ്‌ക്കോട്ട്‌ലാന്‍ഡ്‌, ജോര്‍ജിയ-റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌, ഹംഗറി-ഡെന്മാര്‍ക്ക്‌, ഇസ്രാഈല്‍-സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ലൈഞ്ചസ്റ്റിന്‍-ജര്‍മനി, ലക്‌സംബര്‍ഗ്ഗ്‌-ഗ്രീസ്‌, മാള്‍ട്ട-പോര്‍ച്ചുഗല്‍, മോള്‍ദോവ-ലാത്‌വിയ, മോണ്ടിനിഗ്രോ-ബള്‍ഗേറിയ, നോര്‍വെ-ഐസ്‌ലാന്‍ഡ്‌, പോളണ്ട്‌-സ്ലോവേനിയ, റുമേനിയ-ലിത്വാനിയ, സെര്‍ബിയ-ഫറോ ഐലാന്‍ഡ്‌സ്‌, സ്ലോവാക്യ-ഉത്തര അയര്‍ലാന്‍ഡ്‌, സ്‌പെയിന്‍-ബോസ്‌നിയ, ഉക്രൈന്‍-ബെലാറൂസ്‌, വെയില്‍സ്‌-അസര്‍ബെയ്‌ജാന്‍.
ആഫ്രിക്ക: ഡിബോട്ടി-മലാവി, ലിബിയ-ഘാന, അള്‍ജീരിയ-സെനഗല്‍, ഫിജി-വനാത്തു, മൗറീഷ്യസ്‌-ടാന്‍സാനിയ, കേപ്‌വേര്‍ഡ്‌ ഐലന്‍ഡ്‌-കാമറൂണ്‍, കെനിയ-നമീബിയ
ലാറ്റിനമേരിക്ക: അര്‍ജന്റീന-പരാഗ്വേ, ഇക്വഡോര്‍-ബൊളിവിയ, കൊളംബിയ-ഉറുഗ്വേ,പെറു-വെനിസ്വേല

ഓസ്‌ട്രേലിയ ഫോളോ ഓണ്‍ ഭീഷണിയില്‍
ബാംഗ്ലൂര്‍: ഇന്ത്യ എ ക്കെതിരായ ത്രിദിന മല്‍സരത്തില്‍ സൈമണ്‍ കാറ്റിച്ചിന്റെ ഓസ്‌ട്രേലിയ എ ഫോളോ ഓണ്‍ ഭീഷണിയില്‍. മുഹമ്മദ്‌ കൈഫ്‌ (94), പിയൂഷ്‌ ചാവ്‌ല(66) എന്നിവരുടെ മികവില്‍ ഇന്ത്യ സമ്പാദിച്ച ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 284 റണ്‍സ്‌ പിന്തുടരുന്നതിനിടെ കാലിടറിയ സന്ദര്‍ശകര്‍ രണ്ടാം ദിവസം കലി നിര്‍ത്തുമ്പോള്‍ എട്ട്‌ വിക്കറ്റിന്‌ 113 റണ്‍സ്‌ എന്ന നിലയിലാണ്‌. 22 റണ്‍സ്‌ കൂടി നേടാനായാല്‍ മാത്രമാണ്‌ ഫോളോ ഓണ്‍ കടമ്പ കടക്കാന്‍ ടീമിനാവുക. രണ്ട്‌ വിക്കറ്റ്‌ നേടിയ പിയൂഷ്‌ ചാവ്‌ലയാണ്‌ ഓസ്‌ട്രേലിയക്കാരെ ഞെട്ടിച്ചത്‌. മറ്റൊരു സ്‌പിന്നറായ പാര്‍മര്‍ മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കി. രാവിലെ സെഞ്ച്വറിക്കായി സിക്‌സറിന്‌ മുതിര്‍ന്ന കൈഫ്‌ പിടിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ താരമായ ചാവ്‌ല തകര്‍പ്പനടികളുമായി കളം വാണു.

മഹീന്ദ്ര ഫൈനലില്‍
ന്യൂഡല്‍ഹി: ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ജെ.സി.ടി മില്‍സിന്‌ പരാജയപ്പെടുത്തി മുംബൈ മഹീന്ദ്ര യുനൈറ്റഡ്‌ 121-ാമത്‌ ഡ്യൂറാന്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മല്‍സരത്തിന്‌ യോഗ്യത നേടി. ഒന്നം പകുതിയില്‍ ബല്‍വന്ത്‌സിംഗിന്റെ ഗോളില്‍ ലീഡ്‌ നേടിയ ജെ.സി.ടി രണ്ടാം പകുതിയില്‍ രണ്ട്‌ ഗോളുകള്‍ വഴങ്ങുകയായിരുന്നു. 71-ാം മിനുട്ടില്‍ പരേഷ്‌ ശിവാല്‍ക്കര്‍ മഹീന്ദ്രയെ ഒപ്പമെത്തിച്ചു. അവസാന മിനുട്ടില്‍ ചിദ്ദി എദ്ദെ ജെ.സി.ടിയെ ഞെട്ടിച്ചു.
പ്രദീപ്‌ നാട്ടില്‍ തന്നെ
കോഴിക്കോട്‌: മഹീന്ദ്ര ഡ്യുറാന്‍ഡ്‌ കപ്പ്‌ ഫൈനല്‍ കളിക്കുമ്പോള്‍ സ്‌റ്റാര്‍ താരം എന്‍.പി പ്രദീപ്‌ നാട്ടില്‍ തന്നെ. മഹീന്ദ്ര വിട്ട്‌ ഈസ്റ്റ്‌ ബംഗാളില്‍ ചേക്കേറാനുളള തന്റെ മോഹത്തിന്‌ പച്ചകൊടി ലഭിക്കാത്ത നിരാശയിലാണ്‌ പ്രദീപ്‌.

No comments: