Saturday, September 6, 2008
WORLD CUP COUNTDOWN
കിവീസ് പ്ലേ ഓഫ് യോഗ്യത നേടി
വെല്ലിംഗ്‌ടണ്‍: 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ന്യൂസിലാന്‍ഡിന് ഇനി ആവശ്യം രണ്ട് വിജയങ്ങള്‍ മാത്രം. ഇന്നലെ നടന്ന യോഗ്യതാ മല്‍സരത്തില്‍ ന്യൂ കാലിഡോണിയയെ 3-1ന് തരിപ്പണമാക്കി കിവീസ് ഓഷ്യാനയില്‍ നിന്നും ഒന്നാമന്മാരായി. ഒഷ്യാനക്ക് നേരിട്ട് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ ബെര്‍ത്തില്ല. അതിനാല്‍ അവര്‍ ഏഷ്യയില്‍ നിന്ന് അഞ്ചാം സ്ഥാനം നേടുന്നവരുമായി പ്ലേ ഓഫ് കളിച്ച് യോഗ്യത സ്വന്തമാക്കണം. വിജയത്തോടെ ലോകകപ്പ് പ്ലേ ഓഫിന് മാത്രമല്ല 2009 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിനും ന്യൂസിലാന്‍ഡ് ഓഷ്യാനയില്‍ നിന്ന് യോഗ്യത നേടി.
ഓഷ്യാനയില്‍ നിന്ന് സാധാരണ യോഗ്യത നേടാറ് ഓസ്‌ട്രേലിയയാണ്. ഇത്തവണ ഓസ്‌ട്രേലിയ മേഖല മാറിയിട്ടുണ്ട്. അവര്‍ ഏഷ്യയില്‍ മേഖലയിലാണ് കളിക്കുന്നത്.
ഇത്തവണ ന്യൂസിലാന്‍ഡിന് മൂന്ന് എതിരാളികള്‍ മാത്രമാണ് ഓഷ്യാനയില്‍ ഉണ്ടായിരുന്നത്. ഫിജിയും ന്യൂകാലിഡോണിയയും വനാത്തുവും. ഈ മൂന്ന് പ്രതിയോഗികളെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് കിവീസ് കരുത്ത് തെളിയിച്ചത്. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഫിജി രണ്ട് ഗോളിന് വനാത്തുവിനെ പരാജയപ്പെടുത്തി. മേഖലയില്‍ രണ്ട് റൗണ്ട് മല്‍സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. പക്ഷേ അതിന് മുമ്പ് തന്നെ നാല് കളികളില്‍ നിന്ന് 12 പോയന്റുമായി കിവീസ് യോഗ്യത ഉറപ്പിച്ചിരിക്കയാണ്. അഞ്ച് കളികളില്‍ നിന്ന് എട്ട് പോയന്റാണ് കാലിഡോണിയ നേടിയത്. നാല് കളികളില്‍ നിന്ന് നാല് പോയന്റ് മാത്രമാണ് ഫിജി നേടിയത്. വനാത്തുവിന്റെ സമ്പാദ്യം ഒരു പോയന്റാണ്.
മലാവിക്ക് തകര്‍പ്പന്‍ ജയം, ലിബിയ പൊരുതി നേടി
കെയ്‌റോ: ആഫ്രിക്കയില്‍ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ മലാവിക്കും ലിബിയക്കും അള്‍ജിരിയക്കും വിജയം. കരുത്തരായ സെനഗലിനും ഘാനക്കും തോല്‍വി പിണഞ്ഞു. ഗ്രൂപ്പ് 12 ല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മലാവി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരായ ഡിബോട്ടിയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് 5 ല്‍ പൊരുതിക്കളിച്ച ഘാനയെ ലിബിയ ഒരു ഗോളിന് വീഴ്‌ത്തിയപ്പോള്‍ സെനഗലിനെ 2-3ന് പരാജയപ്പെടുത്തി അള്‍ജീരിയ സാധ്യതകള്‍ സജീവമാക്കി.
ഡിജിബോട്ടോ സിറ്റിയില്‍ നടന്ന മല്‍സരത്തില്‍ മലാവിയുടെ ആധിപത്യം പൂര്‍ണ്ണമായിരുന്നു. ചികപോ സോവോയ, മോസസ് ചാവുല, നിയോണ്ടോ എന്നിവരാണ് മലാവിയുടെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്. ഈ വിജയത്തോടെ ഗ്രൂപ്പില്‍ മലാവി ഈജിപ്‌ത്, കോംഗോ റിപ്പബ്ലിക് എന്നിവര്‍ക്കൊപ്പം ഒന്നാമതെത്തി. ഇന്ന് കിന്‍ഹാസയില്‍ ഈജിപ്‌തും കോംഗോയും മുഖാമുഖം വരുന്നുണ്ട്.
ട്രിപ്പോളിയില്‍ നടന്ന മല്‍സരത്തില്‍ കാണികളുടെ പിന്തുണയിലാണ് ലിബിയ ഏക ഗോള്‍ വിജയം നേടിയത്. മല്‍സരം അവസാനിക്കാന്‍ ആറ്‌് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ അഹമ്മദ് ഉസ്‌മാനാണ് ലിബിയയുടെ വിജയഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്. ഈ വിജയത്തോടെ ലിബിയ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. സെനഗലിനെതിരെ മികച്ച പ്രകടനമാണ് അള്‍ജീരിയ നടത്തിയത്.
ലാറ്റിനമേരിക്കയില്‍ ഇന്നും നാളെയും തകര്‍പ്പന്‍ മല്‍
സരങ്ങള്‍. ഇന്ന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീന ഒന്നാം സ്ഥാനക്കാരായ പരാഗ്വേയുമായി. നാളെ അതിജീവനം തേടുന്ന ബ്രസീല്‍ യുവതാരങ്ങളുടെ ചിലിക്കെതിരെ
ബ്യൂണസ് അയേഴ്‌സ്: ഒളിംപിക് ചാമ്പ്യന്മാരായ അര്‍ജന്റീന ഇന്ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ പരാഗ്വേയുമായി കളിക്കുമ്പോള്‍ ഗോള്‍വേട്ടയാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി ലക്ഷ്യമിടുന്നത്. മെസ്സിക്ക് ഇന്നത്തെ മല്‍സരം നിര്‍ണ്ണായകമാവുന്നത് സ്വന്തം മൈതാനത്ത് ഗോള്‍വേട്ട നട
ത്താന്‍ പലപ്പോഴും സൂപ്പര്‍ താരത്തിന് കഴിയാത്തത് കൊണ്ടാണ്. കരുത്തരായ പ്രതിയോഗികളെ പരാജയപ്പെടുത്തി ബെയ്‌ജിംഗില്‍ ഒളിംപിക് സ്വര്‍ണ്ണം നിലനിര്‍ത്താന്‍ അര്‍ജന്റീനയെ സഹായിച്ചത് മെസ്സിയാണ്. അതേ പ്രകടനം ആവര്‍ത്തിക്കുകയാണ് ഇന്ന് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഒരു ഘട്ടത്തില്‍ അര്‍ജന്റീനയെയും ബ്രസീലിനെയുമെല്ലാം പിറകിലാക്കി ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ കരുത്ത് പ്രകടിപ്പിച്ചവരാണ് പരാഗ്വേ. പക്ഷേ അവസാന മല്‍സരത്തില്‍ ദുര്‍ബലരായ ബൊളീവിയക്ക് മുന്നില്‍ പരാജയപ്പെട്ടതാണ് അവര്‍ക്ക് കനത്ത ആഘാതമായത്. ലാറ്റിനമേരിക്കന്‍ സോക്കറില്‍ കാര്യമായ വിലാസമില്ലാത്തവരാണ് ബൊളിവിയക്കാര്‍. അവര്‍ക്കെതിരെ തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടാണ് പരാഗ്വേ കളിക്കാനിറങ്ങിയത്. പക്ഷേ സ്വന്തം മൈതാനത്ത് അനുകൂലമായ സാഹചര്യങ്ങള്‍ ബൊളീവിയക്കാര്‍ ഉപയോഗപ്പെടുത്തി. ഇന്ന് സൂപ്പര്‍ താരങ്ങളായ റൂക്കി സാന്താക്രൂസ്, സാല്‍വഡോര്‍ കബാനസ്, ഡെന്നിസ് കാനിസ എന്നിവരുടെ സേവനവും ടീമിനില്ല.
ബ്യൂണസ് അയേഴ്‌സില്‍ മുമ്പ് കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താനായത് മാത്രമാണ് പരാഗ്വേക്ക് ആശ്വാസം പ്രദാനം ചെയ്യുന്നത്. ബ്രസീല്‍ വലിയ തലേവദനയിലാണ്. തപ്പിതടയുന്ന അവരുടെ സംഘത്തിന് നാളെത്തെ പ്രതിയോഗികള്‍ ശക്തരായ ചിലിയാണ്. ഒളിംപിക്‌സ് ഉള്‍പ്പെടെ വലിയ വേദികളില്‍ പതറിയിട്ടുളള ബ്രസീലിന്റെ സൂപ്പര്‍ സംഘത്തില്‍ ആന്‍ഡേഴ്‌സണ്‍ ഒഴികെ എല്ലാവരും കളിക്കുന്നുണ്ട്. പക്ഷേ കാര്യങ്ങള്‍ ഡുംഗെയുടെ സംഘത്തിന് എളുപ്പമാവില്ല. മാര്‍സിലോ ബിയല്‍സ എന്ന അനുഭവസമ്പന്നനായ പരിശീലകന് കീഴില്‍ ചിലി അക്ഷരാര്‍ത്ഥത്തില്‍ മാറിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ ഘട്ടത്തിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ അവര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്.
ബോഗോട്ടയില്‍ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മല്‍സരത്തിലും തീപ്പാറും. ഇത് വരെ നടന്ന ഒരു ലോകകപ്പ് യോഗ്യതാ മല്‍സരത്തിലും കൊളംബിയക്കാര്‍ ഉറുഗ്വേക്ക് മുന്നില്‍ തോറ്റിട്ടില്ല. 2004 ല്‍ നടന്ന യോഗ്യതാ പോരാട്ടത്തില്‍ കൊളംബിയ അഞ്ച് ഗോളിന്റെ തകര്‍പ്പന്‍ ജയം ആഘോഷിച്ചിരുന്നു.
ലിമയില്‍ നടക്കുന്ന മല്‍സരത്തില്‍ വെനിസ്വേലയെ നേരിടുന്ന പെറുവിന് വലിയ വെല്ലുവിളി ഉയരില്ല. മറ്റൊരു മല്‍സരത്തില്‍ ഇക്വഡോര്‍ ബൊളിവിയയെ എതിരിടും.
പോയന്റ് നില-ലാറ്റിനമേരിക്ക
മല്‍സരങ്ങളുടെ എണ്ണം, പോയന്റ്‌് എന്ന ക്രമത്തില്‍
1-പരാഗ്വേ 6-13
2-അര്‍ജന്റീന 6-11
3-കൊളംബിയ 6-10
4-ചിലി 6-10
5-ബ്രസീല്‍ 6-9
6-ഉറുഗ്വേ 6-8
7-വെനിസ്വേല 6-7
8-ഇക്വഡോര്‍ 6-5
9-ബൊളീവിയ 6-4
10-പെറു 6-3
ഓസീസ് സ്വീപ്പ്
ഡാര്‍വിന്‍: മൂന്നാം ഏകദിനത്തില്‍ 73 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശിനെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. ആദ്യ രണ്ട് മല്‍സരത്തിലും അനായാസം ജയം സ്വന്തമാക്കിയ ലോക ചാമ്പ്യന്മാര്‍ ഇന്നലെയും പ്രയാസപ്പെട്ടില്ല. ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ മൈക്കല്‍ ഹസ്സിയുടെ അര്‍ദ്ധസെഞ്ച്വറിയില്‍ അഞ്ച് വിക്കറ്റിന് 198 റണ്‍സാണ് ആതിഥേയര്‍ നേടിയത്. മറുപടിയില്‍ തമീം ഇഖ്‌ബാല്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നത്. 125 റണ്‍സിന് എല്ലാവരും പുറത്തായി. 63 റണ്‍സ് നേടിയ തമീമാണ് മാന്‍ ഓഫ് ദ മാച്ച്.
ഡ്യൂറാന്‍ഡ് കപ്പ് ഫൈനല്‍
നിലനിര്‍ത്താന്‍ ചര്‍ച്ചില്‍, സ്വന്തമാക്കാന്‍ മഹീന്ദ്ര
ന്യൂഡല്‍ഹി: 121-ാമത് ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ന് നിലവിലെ ജേതാക്കളായ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയും മുന്‍ ചാമ്പ്യന്മാരായ മഹീന്ദ്ര യുനൈറ്റഡും മുഖാമുഖം. അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലിനാണ് അങ്കം. കഴിഞ്ഞ വര്‍ഷം ഇതേ ടീമുകള്‍ തന്നെയായിരുന്നു കിരീട പോരാട്ടത്തില്‍ ഏറ്റുമുട്ടിയത്. അന്ന് ചര്‍ച്ചില്‍ വിജയം റാഞ്ചി. ഇത്തവണ പ്രതികാരത്തിനും കപ്പിനുമാണ് മഹീന്ദ്ര എത്തിയിരിക്കുന്നത്.
ജെ.സി.ടി മില്‍സിനെ 2-1ന്‌് പരാജയപ്പെടുത്തിയാണ് മഹീന്ദ്ര അവസാന പോരാട്ടത്തിനെത്തിയതെങ്കില്‍ ചര്‍ച്ചില്‍ ഷൂട്ടൗട്ടിലേക്ക് ദിര്‍ഘിച്ച സെമിയില്‍ നാട്ടുകാരായ സ്‌പോര്‍ട്ടിംഗ് ഗോവയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. 2001 ലാണ് അവസാനമായി മഹീന്ദ്ര ഡ്യൂറാന്‍ഡ് കപ്പില്‍ മുത്തമിട്ടത്. അന്ന് അഞ്ച്‌് ഗോളിന് ചര്‍ച്ചിലിനെ തന്നെയായിരുന്നു ഫൈനലില്‍ വീഴ്‌ത്തിയത്.
ഐ ലീഗ് തുടങ്ങാനിരിക്കെ പുതിയ സീസണ്‍ ജയത്തോടെ ആരംഭിക്കാനാണ് ടീമിന്റെ ശ്രമമെന്ന് കോച്ച് ഡെറിക് പെരേര പറഞ്ഞു. ഇന്ന് കിരീടം സ്വന്തമാക്കണം. ഐ ലീഗിന് മുമ്പ് ടീമിന് കരുത്ത് പ്രകടിപ്പിക്കാനാവണം. അതാണ് ലക്ഷ്യമെന്ന് പെരേര പറഞ്ഞു. ഫൈനലിന് മുമ്പ് രണ്ട് ദിവസം വിശ്രമം ലഭിച്ചതും മഹീന്ദ്രക്ക് കൂടുതല്‍ ആവേശം നല്‍കും. അതേ സമയം ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്യാമ്പ് പരുക്കിന്റെ പിടിയിലാണ്. ഫെര്‍ണാണ്ടസ് ആഷ്‌ലെ, റിസഗി വഷും എന്നിവര്‍ ഫൈനലില്‍ കളിക്കില്ലെന്ന് കോച്ച് എമേകെ യുസേഗോ പറഞ്ഞു.
സെറീന-ജെലീന ഫൈനല്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സറീന വില്ല്യംസ് രണ്ടാം സീഡ് ജെലീന ജാന്‍കോവിച്ചിനെ നേരിടും. ഇന്നലെ നടന്ന സെമി ഫൈനലുകളില്‍ ജാന്‍കോവിച്ച് ഒളിംപിക് ചാമ്പ്യന്‍ എലീന ഡെമിത്തേവയെ പരാജയപ്പെടുത്തിയപ്പോള്‍ (6-4, 6-4) സറീന തകര്‍പ്പന്‍ പ്രകടനവുമായി ദിനാര സാഫിനയെ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 6-3, 6-2. നാല് വര്‍ഷം മുമ്പ് ഇവിടെ റണ്ണര്‍ അപ്പായിരുന്ന ഡെമിത്തേവ ബെയ്‌ജിംഗില്‍ പ്രകടിപ്പിച്ച കരുത്തിന്റെ പിന്‍ബലത്തില്‍ കിരീടം തന്നെ ലക്ഷ്യമിട്ടാണ് വന്നിരുന്നത്. പക്ഷേ ജാന്‍കോവിച്ചിന്റെ പവര്‍ ടെന്നിസിന് മുന്നില്‍ പ്രതിരോധമില്ലാതെ റഷ്യക്കാരി തളര്‍ന്നു. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ലിയാന്‍ഡര്‍ പെയ്‌സിന് ഫൈനലില്‍ തോല്‍വി പിണഞ്ഞു. അമേരിക്കയുടെ ബ്രയന്‍ സഹോദരങ്ങളാണ് തകര്‍പ്പന്‍ പോരാട്ടത്തില്‍ പെയ്‌സ്-ഡ്രം സഖ്യത്തെ തോല്‍പ്പിച്ചത്.
സച്ചിന്‍ ഇറാനി ട്രോഫിയില്‍ കളിക്കും
മുംബൈ: ആരോഗ്യം വീണ്ടെടുത്ത മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ മാസാവസാനം നടക്കുന്ന ഇറാനി ട്രോഫി ക്രിക്കറ്റില്‍ റെസ്‌റ്റ് ഓഫ് ഇന്ത്യക്കായി കളിക്കും. രഞ്‌ജി ചാമ്പ്യന്മാരായ ഡല്‍ഹിയാണ് മല്‍സരത്തില്‍ റെസ്‌റ്റിന്റെ എതിരാളികള്‍. ശ്രീലങ്കക്കെതിരായി നടന്ന ടെസ്‌റഅറ് പരമ്പരയില്‍ നിരാശപ്പെടചുത്തി സച്ചിന്‍ ഓസ്‌ട്രേലിയ്‌കകെതിരെ നടക്കാനിരിക്കുന്ന പരമ്പപരയില്‍ മെച്ചപ്പെട്ട പ്രകടനമാണ് വാഗ്‌ദജാനെ ചെയ്യുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment