Thursday, September 11, 2008

WHAT A WALKKOT

ബ്രസീലിനും അര്‍ജന്റീനക്കും സമനില
റിയോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിന്റെ ഒരു ഘട്ടം കൂടി സമാപിച്ചപ്പോള്‍ കരുത്തരായ അര്‍ജന്റീനക്കും ബ്രസീലിനും സമനില. റിയോയില്‍ നടന്ന മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളുടെ ബ്രസീലിനെ ദുര്‍ബലരെന്ന്‌ കരുതിയ ബൊളീവിയ ഗോളടിക്കാതെ പിടിച്ചുനിര്‍ത്തിയപ്പോള്‍ അര്‍ജന്റീനയും പെറുവും തമ്മില്‍ ലിമയില്‍ നടന്ന മല്‍സരം 1-1 ല്‍ അവസാനിച്ചു. ചിലി മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ കൊളംബിയയെ തരിപ്പണമാക്കിയപ്പോള്‍ ഉറുഗ്വേയും ഇക്വഡോറും തമ്മിലുള്ള മല്‍സരത്തിലും ഗോള്‍ പിറന്നില്ല. വന്‍കരയിലെ പോയന്റ്‌്‌ ടേബിളില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്‌ പരാഗ്വേ തന്നെയാണ്‌. 18 പോയന്റാണ്‌ അവര്‍ക്കുളളത്‌. ബ്രസീല്‍, അര്‍ജന്റീന, ചിലി എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍.
സ്വന്തം തട്ടകത്ത്‌ ബ്രസീല്‍ സമ്പൂര്‍ണ്ണ നിരാശയാണ്‌ സമ്മാനിച്ചത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മൂന്ന്‌ ഗോളിന്‌ ചിലിയെ പരാജയപ്പെടുത്തിയ ബ്രസീലുകാര്‍ക്ക്‌ ആ ഫോമിന്റെ നിഴല്‍ പോലും പ്രകടിപ്പിക്കാനായില്ല. റൊണാള്‍ഡിഞ്ഞോയും കക്കയും റോബിഞ്ഞോയുമെല്ലാം കളിച്ചിരുന്നു. സ്വന്തം ടീമിനെ അകമഴിഞ്ഞ പ്രോല്‍സാഹിപ്പിക്കാറുളള ബ്രസീലുകാര്‍ പക്ഷേ ഇന്നലെ ജോ ഹാവലാഞ്ച്‌ സ്‌റ്റേഡിയത്തില്‍ ടീമിനെ കൂവുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഭേദപ്പെട്ട പ്രകടനമാണ്‌ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ടീം നിരാശപ്പെടുത്തിയെന്നും മല്‍സര ശേഷം സംസാരിക്കവെ ബ്രസീല്‍ കോച്ച്‌ ഡുംഗെ പറഞ്ഞു.
ലിമയില്‍ പെറുവിനെതിരെ അവസാന സെക്കന്‍ഡിലാണ്‌ അര്‍ജന്റീന സമനില വഴങ്ങിയത്‌. ആദ്യ പകുതിയല്‍ കളം നിറഞ്ഞ അര്‍ജന്റീനക്കാര്‍ രണ്ടാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങി. പക്ഷേ എണ്‍പത്തിമൂന്നാംമിനുട്ടില്‍ ഇസ്‌റ്റബന്‍ കാംപിയാസോയിലൂടെ അവര്‍ മുന്നിലെത്തി. ഈ ലീഡില്‍ മൂന്ന്‌ പോയന്റ്‌്‌ സ്വന്തമാക്കെമെന്ന്‌ കരുതിയിരിക്കെയാണ്‌ മല്‍സരത്തിലെ അവസാന ഷോട്ടില്‍ പെറു സമനില നേടിയത്‌. ജുവാന്‍ വര്‍ഗാത്‌ ഏതാണ്ട്‌ 70 മീറ്ററോളം തനിച്ച്‌ കുതിച്ച്‌ നല്‍കിയ പന്തില്‍ നിന്ന്‌ ജോഹാന്‍ ഫനോയാണ്‌ പെറുവിന്റെ ആവേശ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഈ ഗോള്‍ പിറന്നതും റഫറിയുടെ ലോംഗ്‌ വിസിലുമെത്തി. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടിലായിരുന്നു ഗോള്‍.
ലയണല്‍ മെസ്സി, ജുവാന്‍ റോമന്‍ റിക്കല്‍മെ, സെര്‍ജി ഗീറോ തുടങ്ങിയ അര്‍ജന്റീനിയന്‍ മുന്‍നിരക്കാരെല്ലാം ഇന്നലെ നിരാശപ്പെടുത്തി. മെസ്സിയെ മൂന്ന്‌ പെറു ഡിഫന്‍ഡര്‍മാര്‍ വട്ടമിട്ടപ്പോള്‍ അഗിറോക്ക്‌ പന്ത്‌ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. റിക്കല്‍മെയുടെ സാന്നിദ്ധ്യം ചില ഫ്രീകിക്കുകളില്‍ നിന്നാണ്‌ അറിഞ്ഞത്‌.
ചിലിയാണ്‌ ഇന്നലെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയത്‌. രണ്ട്‌ ദിവസം ബ്രസീലിന്‌ മുന്നില്‍ മൂന്ന്‌ ഗോളിന്‌ പരാജയപ്പെട്ട ടീം ഇന്നലെ കരുത്തരായ കൊളംബിയക്കാരുടെ വലയില്‍ നാല്‌ ഗോളുകള്‍ അടിച്ചുകയറ്റി. മെഗാ വിജയത്തോടെ ചിലി പോയന്റ്‌ പട്ടികയില്‍ ബ്രസീലിനും അര്‍ജന്റീനക്കുമൊപ്പം 13 പോയന്റ്‌്‌ സ്വന്തമാക്കി. ഗോണ്‍സാലോ ജാറ, ഹുംബെര്‍ട്ടോ സുവാസോ എന്നിവര്‍ ചിലിക്കായി ആദ്യ പകുതിയില്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. രണ്ടാം പകുതിയില്‍ ഇസ്‌മായില്‍ ഫാണ്‍ണ്ടസ്‌, മതിയാസ്‌ ഫെര്‍ണാണ്ടസ്‌ എന്നിവരും ഗോളുകള്‍ നേടി.


ഗുഡ്‌ ബൈ ഡുംഗെ
റിയോ: ജോ ഹാവലാഞ്ച്‌ സ്‌റ്റേഡിയത്തില്‍ ഇന്നലെ ബ്രസീല്‍ ബൊളീവിയയെ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ നേരിടുന്നത്‌ കാണാന്‍ ആളുകള്‍ കുറവായിരുന്നു. ബൊളിവിയക്ക്‌ ലാറ്ററിനമേരിക്കന്‍ സോക്കറില്‍ വലിയ വിലാസമില്ല. അതിനാല്‍ സ്വന്തം ടീം അനായാസം ജയിക്കുമെന്ന്‌ കരുതിയാണ്‌ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക്‌ തള്ളിക്കയറാതിരുന്നത്‌. എന്നാല്‍ 90 മിനുട്ട്‌ പോരാട്ടത്തില്‍ ബ്രസീലിന്റെ താരങ്ങളെ ബൊളിവിയക്കാര്‍ വരച്ച വരയില്‍ നിര്‍ത്തി. ഒരു ഗോള്‍ പോലും സ്‌ക്കോര്‍ ചെയ്യാന്‍ ബ്രസീലിന്റെ പുകള്‍പെറ്റ മുന്‍നിരക്കാര്‍ക്ക്‌ കഴിഞ്ഞില്ല. മല്‍സരത്തിന്റെ പകുതി സമയത്തോളം പത്ത്‌ പേരുമായി കളിച്ചാണ്‌ ബൊളീവിയക്കാര്‍ വലിയ നേട്ടം സമ്പാദിച്ചത്‌. മല്‍സരം 90 മിനുട്ട്‌ പൂര്‍ത്തിയാക്കി റഫറി ലോംഗ്‌ വിസില്‍ മുഴക്കിയപ്പോള്‍ കാണികള്‍ കൈയ്യടിച്ചത്‌ ബൊളിവിയക്ക്‌ വേണ്ടിയായിരുന്നു.
ബ്രസീല്‍ കോച്ച്‌ ഡുംഗെയെയും സ്‌റ്റാര്‍ താരം റൊണാള്‍ഡിഞ്ഞോയെയും ജനം കൂവുകയായിരുന്നു. എഴുപത്തിയേഴാം മിനുട്ടില്‍ റൊണാള്‍ഡിഞ്ഞോയെ കോച്ച്‌ തിരിച്ചുവിളിച്ചപ്പോഴാണ്‌ സൂപ്പര്‍ താരത്തിന്‌ നേരെ ആരാധകര്‍ കൂവിയത്‌. മല്‍സരം തുടങ്ങുമ്പോള്‍ തന്നെ ഗുഡ്‌ ബൈ ഡുംഗെ എന്നെഴുതിയ വലിയ ബാനറുകളും ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ടീമിന്റെ പ്രകടനം മോശമാവുമ്പോള്‍ സ്വാഭാവികമായും ജനം എതിരാവുമെന്നും തന്നെയും ടീമിനെയും ആരാധകര്‍ കൂവിയത്‌ നിരാശ കൊണ്ടാണെന്നും ഡുംഗെ പറഞ്ഞു.
ഡുംഗെ ദേശീയ ടീമിന്റെ കോച്ചായതിന്‌ ശേഷം ടീമിന്റെ പ്രകടനനിലവാരം ഉയര്‍ന്നിട്ടില്ല. അദ്ദേഹത്തിന്റെ തൊപ്പിക്കായി രാജ്യത്ത്‌ ആരാധകര്‍ മുറവിളി കൂട്ടുകയാണ്‌. അതിനിടെയാണ്‌ ചിലിക്കെതിരെ ആശ്വാസ വിജയം നേടാനായത്‌. സ്വന്തം മൈതാനത്ത്‌ പ്രകടനം മോശമായതിനെ തുടര്‍ന്നാണ്‌ ഡുംഗെ വീണ്ടും കുരിശിലേറ്റപ്പെടുകയാണ്‌.

പോയന്റ്‌ നില (മല്‍സരം,പോയന്റ്‌ എന്ന ക്രമത്തില്‍)
പരാഗ്വേ 8-17
ബ്രസീല്‍ 8-13
അര്‍ജന്റീന 8-13
ചിലി 8-13
ഉറുഗ്വേ 8-12
കൊളംബിയ 8-10

അമേരിക്ക ട്രിനിഡാഡിനെ തകര്‍ത്തു
ചിക്കാഗോ: ലോകകപ്പ്‌ ഫുട്‌ബോള്‍ കോണ്‍കാകാഫ യോഗ്യതാ റൗണ്ടില്‍ അമേരിക്ക മുന്നേറ്റം തുടരുന്നു. ഇന്നലെ നടന്ന മല്‍സരത്തിലവര്‍ മൂന്ന്‌ ഗോളുകള്‍ക്ക്‌ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയെ പരാജയപ്പെടുത്തിയപ്പോള്‍ മേഖലയിലെ മറ്റ്‌ കരുത്തരായ കോസ്‌റ്റാറിക്കയും മെക്‌സിക്കോയും കരുത്ത്‌ കാട്ടി. കോസ്‌റ്റാറിക്ക 3-1ന്‌ ഹെയ്‌ത്തിയെ പരാജയപ്പെടുത്തിയപ്പോള്‍ ക്ലോട്ടിമോര്‍ ബ്ലാങ്കോയുടെ അവസാന രാജ്യാന്തര മല്‍സരത്തില്‍ മെക്‌സിക്കോ 2-1ന്‌ കാനഡയെ പരാജയപ്പെടുത്തി.
സൂപ്പര്‍ താരം ഡ്വിയറ്റ്‌്‌ യോര്‍ക്കയെ കൂടാതെ കളിച്ച ട്രിനിഡാഡിനെ പരാജയപ്പെടുത്താന്‍ അമേരികക്ക്‌ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. പത്താം മിനുട്ടില്‍ ബ്രാഡ്‌ലിയും പതിനെട്ടാം മിനുട്ടില്‍ ഡെംസിയും അമ്പത്തിയേഴാം മിനുട്ടില്‍ ചിംഗും അമേരിക്കന്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. മല്‍സരത്തിന്റെ ആദ്യ ഇരുപത്‌ മിനുട്ടില്‍ തന്നെ മല്‍സരത്തില്‍ നിലയുറപ്പിച്ച അമേരിക്കയെ വെല്ലുവിളിക്കാന്‍ ഒരു ഘട്ടത്തിലും ട്രിനിഡാഡിന്‌ കഴിഞ്ഞില്ല. തുടര്‍ച്ചയായി മൂന്നാം തവണയും ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ലക്ഷ്യമിടുന്ന കോസ്‌റ്റാറിക്ക പോര്‍ട്ട്‌ ഓഫ്‌ പ്രിന്‍സില്‍ നടന്ന മല്‍സരത്തില്‍ അധികം വിയര്‍ക്കാതെയാണ്‌ ജയിച്ചുകയറിയത്‌. ഗ്രൂപ്പ്‌ മൂന്നിലെ ഏകപക്ഷീയ വിജയത്തില്‍ കോസ്‌റ്റാറിക്ക അപരാജിതരായി നില്‍ക്കുകയാണ്‌. സുരിനാമിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിക്കാന്‍ എല്‍സാവഡോറിന്‌ വിയര്‍ക്കേണ്ടി വന്നില്ല.
ചിപാസില്‍ നടന്ന മെക്‌സിക്കോ-കാനഡ മല്‍സരം ആവേശകരമായിരുന്നു. ആറാം മിനുട്ടില്‍ ഒമര്‍ ബ്രാവോയിലുടെ മെക്‌സിക്കോ മുന്നിലെത്തി. രണ്ടാം ഗോള്‍ റഫോല്‍ മാര്‍ക്കോസിന്റെ ബൂടില്‍ നിന്നായിരുന്നു. മല്‍സരത്തിന്റെ അവസാനത്തിലാണ്‌ ബ്ലാങ്കോ രംഗത്ത്‌ വന്നത്‌. കൈയ്യടികളോടെയാണ്‌ ജനം സൂപ്പര്‍ താരത്തെ സ്വീകരിച്ചത്‌.

പോയന്റ്‌ നില കോണ്‍കാകാഫ്‌
ഗ്രൂപ്പ്‌ 1
അമേരിക്ക 3-9
ഗ്വാട്ടിമല 3-4
ട്രിനിഡാഡ്‌ ടുബാഗോ 3-4
ക്യൂബ 3-0
ഗ്രൂപ്പ്‌ 2
മെക്‌സിക്കോ 3-9
ഹോണ്ടുറാസ്‌ 3-6
കാനഡ 3-1
ജമൈക്ക 3-1
ഗ്രൂപ്പ്‌ 3
കോസ്‌റ്റാറിക്ക 3-9
എല്‍സാവഡോര്‍ 3-6
ഹെയ്‌ത്തി 3-1
സുരിനാം 3-1ബ്ലാങ്കോ വിരമിച്ചു
ചിപ്പാസ്‌: മെക്‌സിക്കന്‍ ഫുട്‌ബോളിലെ ചക്രവര്‍ത്തിയായ ക്ലൗട്ടിമോര്‍ ബ്ലാങ്കോ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചു. ഇന്നലെ കോണ്‍കാകാഫ്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ കാനഡക്കെതിരായ മല്‍സരം കളിച്ചാണ്‌ ബ്ലാങ്കോ വിരമിച്ചത്‌. മെക്‌സിക്കന്‍ സോക്കറിലെ ഇതിഹാസമായ താരം ഇന്നലെ രാവിലെയാണ്‌ കളം വിടുന്ന പ്രഖ്യാപനം നടത്തിയത്‌. കാനഡക്കെതിരായ മല്‍സരത്തിന്റെ അവസാനത്തില്‍ സബ്‌സ്റ്റിറ്റിയൂട്ടായാണ്‌ ബ്ലാങ്കോ ഇറങ്ങിയത്‌. സ്‌റ്റേഡിയത്തിലെ ആരാധകര്‍ അദ്ദേഹത്തിന്‌ ജയ്‌ വിളിച്ചപ്പോള്‍ മല്‍സരത്തില്‍ മെക്‌സിക്കന്‍ ടീമിനെ നയിച്ച റാഫേല്‍ മാര്‍ക്കസ്‌ ക്യാപ്‌റ്റന്റെ ആം ബാന്‍ഡ്‌ ബ്ലാങ്കോക്ക്‌ കൈമാറി.

വാല്‍ക്കോട്ട്‌്‌ ഫ്രാന്‍സ്‌ മാനം കാത്തു, പോര്‍ച്ചുഗല്‍ ആഘാതം
ലണ്ടന്‍: യൂറോപ്യന്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ പോര്‍ച്ചുഗലിന്‌ കനത്ത ആഘാതം. സ്വന്തം നാട്ടില്‍ നടന്ന മല്‍സരത്തിലവര്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഡെന്മാര്‍ക്കിനോട്‌ 2-3ന്‌ തോറ്റു. കരുത്തരായ സ്വിറ്റ്‌്‌സര്‍ലാന്‍ഡിനെ അധികമാരുമറിയാത്ത ലക്‌സംബര്‍ഗ്ഗ്‌ 1-2ന്‌ വീഴ്‌ത്തിയതായിരുന്നു മറ്റൊരു വാര്‍ത്ത. ഫിന്‍ലാന്‍ഡിനെതിരെ 3-3 ന്റെ സമനില നേടാന്‍ ജര്‍മനിക്ക്‌ വിയര്‍ക്കേണ്ടി വന്നതും വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ ഇംഗ്ലണ്ട്‌ 4-1ന്‌ ക്രൊയേഷ്യയെയും ഫ്രാന്‍സ്‌ 2-1ന്‌ സെര്‍ബിയയെയും തോല്‍പ്പിച്ച്‌ സാധ്യതകള്‍ നിലനിര്‍ത്തി.
യുവതാരം തിയോ വാല്‍ക്കോട്ടിന്റെ മാജിക്‌ പ്രകടനത്തിലാണ്‌ ഇംഗ്ലണ്ട്‌ ക്രോട്ടുകാര്‍ക്കെതിരെ മനോഹരമായ വിജയം നേടിയത്‌. വാല്‍ക്കോട്ട്‌ മൂന്ന്‌ വട്ടം വല ചലിപ്പിച്ചപ്പോള്‍ നാലാം ഗോള്‍ വെയിന്‍ റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു. കോച്ച്‌ ഫാബിയോ കാപ്പലോ ആദ്യ ഇലവനില്‍ തന്നെ 19 കാരനായ വാല്‍ക്കോട്ടിന്‌ അവസരം നല്‍കിയതാണ്‌ ഇംഗ്ലീഷ്‌ കുതിപ്പിന്‌ കാരണമായത്‌. യൂറോ 2008 യോഗ്യതാ മല്‍സരങ്ങളില്‍ ക്രോട്ടുകാര്‍ക്ക്‌ മുന്നില്‍ തല കുനിക്കേണ്ടി വന്ന ഇംഗ്ലണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം കൈക്കുളില്‍ നിലനിര്‍ത്തുന്ന പ്രകടനമാണ്‌ ആഴ്‌സനലിന്റെ യുവതാരം നടത്തിയത്‌. 26, 59, 81 മിനുട്ടുകളിലായിരുന്നു വാല്‍ക്കോട്ടിന്റെ ഗോളുകള്‍.
മുന്‍നിരക്കാരന്‍ മിറോസ്ലാവ്‌ ക്ലോസിലൂടെയാണ്‌ ജര്‍മനി മുഖം രക്ഷിച്ചത്‌. ക്ലോസ്‌ നേടിയ ഹാട്രിക്കില്‍ ജര്‍മി ഫിന്‍ലാന്‍ഡുമായി 3-3 സമനില പാലിച്ചു. മല്‍സരത്തില്‍ മൂന്ന്‌ തവണ ക്ലോസിന്റെ ഗോളുകളില്‍ ജര്‍മനി മുന്നിലെത്തി. പക്ഷേ മൂന്ന്‌ തവണയും ഫിന്നിഷുകാര്‍ ഒപ്പം പിടിച്ചു.
ലിസ്‌ബണില്‍ നടന്ന മല്‍സരത്തില്‍ ഡെന്മാര്‍ക്കിനെ തകര്‍ക്കാനാണ്‌ പറങ്കികള്‍ ഇറങ്ങിയത്‌. എന്നാല്‍ അവസാന ആറ്‌ മിനുട്ടില്‍ നാല്‌ ഗോളുകള്‍ പിറന്നപ്പോള്‍ വിജയം ഡാനിഷ്‌ സംഘത്തിനായി. മല്‍സരം എണ്‍പത്തിയാറാം മിനുട്ടില്‍ നില്‍ക്കുമ്പോള്‍ 1-1 ആയിരുന്നു സ്‌ക്കോര്‍. ഉടന്‍ തന്നെ ഡെക്കോ പോര്‍ച്ചുഗലിന്‌ ലീഡ്‌ നല്‍കി. എന്നാല്‍ അടുത്ത മിനുട്ടില്‍ കൃസ്‌റ്റിയന്‍ പോള്‍സണ്‍ ഡെന്മാര്‍ക്കിന്‌ വേണ്ടി സമനില നേടി. ഇഞ്ച്വറി സമയത്തെ രണ്ടാം മിനുട്ടില്‍ ഡാനില്‍ ജെന്‍സണ്‍ പോര്‍ച്ചുഗല്‍ ആരാധകരെ നിശബ്‌്‌ദരാക്കി വിജയഗോള്‍ നേടി. സ്വിറ്റ്‌സര്‍ലാന്‍ഡുകാരുടെ പരാജയം അപ്രതീക്ഷിതമായിരുന്നു. വന്‍ വിജയം ലക്ഷ്യമാക്കിയാണ്‌ അവര്‍ കളിച്ചത്‌. പക്ഷേ ലക്‌സംബര്‍ഗ്ഗിന്റെ ബെയിസ്‌ കുഫോയും അല്‍ഫോണ്‍സ്‌ ലാവക്കും അവസരവാദികളായി.
മറ്റ്‌ മല്‍സരങ്ങള്‍
ഗ്രൂപ്പ്‌ 1: ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ഹംഗറിയെ പരാജയപ്പെടുത്തി സ്വീഡന്‍ ഗ്രൂപ്പില്‍ ലീഡ്‌ തുടരുകയാണ്‌. മറ്റൊരു മല്‍സരത്തില്‍ അല്‍ബേനിയ മൂന്ന്‌ ഗോളിന്‌ മാള്‍ട്ടയെ തരിപ്പണമാക്കി കരുത്ത്‌ കാട്ടി
ഗ്രൂപ്പ്‌ 2: ഗ്രീസ്‌ ഗ്രൂപ്പില്‍ മുന്നേറുകയാണ്‌. ഇന്നലെ നടന്ന മല്‍സരത്തിലവര്‍ രണ്ട്‌ ഗോളിന്‌ ലാത്വിയയെ പരാജയപ്പെടുത്തി. തിയോഫനിസ്‌ ഗിക്കാസാണ്‌ ഗ്രീസിന്റെ രണ്ട്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌. 1-2ന്‌ മോള്‍ദോവയെ പരാജയപ്പെടുത്തി ഇസ്രാഈല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്‌ വന്നു.
ഗ്രൂപ്പ്‌ 3: കരുത്തരായ ചെക്ക്‌ റിപ്പബ്ലിക്കിനെ ഉത്തര അയര്‍ലാന്‍ഡ്‌ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ മിലിജോവ്‌ നോവകോവിച്ചിന്റെ ഇരട്ട ഗോളില്‍ സ്ലോവേനിയ 2-1ന്‌ സ്ലോവാക്യയെ പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ പോളണ്ട്‌ രണ്ട്‌ ഗോളിന്‌ സാന്‍മറീനോയെ പരാജയപ്പെടുത്തി
ഗ്രൂപ്പ്‌ 4: കനത്ത മഴയില്‍ നടന്ന മല്‍സരത്തില്‍ റഷ്യ 2-1ന്‌ വെയില്‍സിനെ പരാജയപ്പെടുത്തി. സബ്‌സ്റ്റിറ്റിയൂട്ട്‌ പാവല്‍ പോഗ്രിനാക്‌ മല്‍സരം അവസാനിക്കാന്‍ ഒമ്പത്‌ മിനുട്ട്‌ ബാക്കിനില്‍ക്കെ വിജയഗോള്‍ സ്‌ക്കോര്‍ ചെയ്‌തു.
ഗ്രൂപ്പ്‌ 5: വന്‍കരയിലെ വലിയ വിജയം ഈ ഗ്രൂപ്പിലായിരുന്നു. ബോസ്‌നിയ ഹെര്‍സഗോവിന മറുപടിയില്ലാത്ത ഏഴ്‌ ഗോളുകള്‍ക്ക്‌ എസ്‌റ്റോണിയയെ വീഴ്‌ത്തി. സെജ്‌സാന്‍ മിസിമോവിക്‌ ഹാട്രിക്‌ നേടി. ബെല്‍ജിയവും തുര്‍ക്കിയും തമ്മില്‍ നടന്ന മല്‍സരം 1-1 ല്‍ അവസാനിച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌്‌പെയിന്‍ നാല്‌ ഗോളിന്‌ അര്‍മീനിയയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ്‌ 6: ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ വിജയം കണ്ട ഗ്രൂപ്പില്‍ ഉക്രൈന്‍ 3-1ന്‌ കസാക്കിസ്ഥാനെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ രണ്ട്‌ വിജയങ്ങളുമായി ഉക്രൈന്‍ ഇപ്പോള്‍ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനൊപ്പമെത്തി.
ഗ്രൂപ്പ്‌ 7: ഫ്രാന്‍സിന്റെ തിരിച്ചുവരവായിരുന്നു ഗ്രൂപ്പിലെ വാര്‍ത്ത. രണ്ട്‌ ദിവസം മുമ്പ്‌ ഓസ്‌ട്രിയക്ക്‌ മുന്നില്‍ പരാജിതരായ മുന്‍ ലോക ചാമ്പ്യന്മാര്‍ കരുത്തരായ സെര്‍ബിയയെ പാരിസില്‍ നടന്ന മല്‍സരത്തില്‍ 2-1 ന്‌ വീഴ്‌ത്തി. ഓസ്‌ട്രിയയെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തിയ ലിത്വാനിയയാണ്‌ ഗ്രൂപ്പില്‍ ഒന്നാമന്മാര്‍. മറ്റൊരു മല്‍സരത്തില്‍ റുമേനിയ ഒരു ഗോളിന്‌ ഫറോ ഐലാന്‍ഡ്‌സിനെ പരാജയപ്പെടുത്തി.
ഗ്രൂപ്പ്‌ 8: രണ്ട്‌ ഗോളിന്‌ ജോര്‍ജിയയെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ ഇറ്റലി ഗ്രൂപ്പില്‍ ലീഡ്‌ തുടരുകയാണ്‌. മോണ്ടിനിഗ്രോയും റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡും തമ്മിലുളള മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
ഗ്രൂപ്പ്‌ 9: പൊരുതിക്കളിച്ച മാസിഡോണിയയെ 1-2ന്‌ പരാജയപ്പെടുത്തി ഹോളണ്ട്‌ കരുത്ത്‌ കാട്ടി. ജോണ്‍ ഹൈതിഗ, റാഫേല്‍ വാന്‍ഡര്‍വാര്‍ട്ട്‌ എന്നിവരാണ്‌ ഹോളണ്ടിന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. മറ്റൊരു മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡ്‌ 2-1ന്‌ ഐസ്‌ലാന്‍ഡിനെ പരാജയപ്പെടുത്തി

സൗദി ജയിച്ചു, ഖത്തറിന്‌ സമനില
അബുദാബി: ലോകകപ്പ്‌ ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ സൗദി അറേബ്യക്കും ഓസ്‌ട്രേലിയക്കും വിജയം. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ സൗദി അറേബ്യ 2-1ന്‌ ആതിഥേയരായ യു.എ.ഇയെ പരാജയപ്പെടുത്തിയപ്പോള്‍ ഓസ്‌ട്രേലിയ ഒരു ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി. ഖത്തറും ബഹറൈനും തമ്മിലുളള മല്‍സരം 1-1ല്‍ അവസാനിച്ചു. രണ്ട്‌ കൊറിയകള്‍ തമ്മിലുളള ആവേശപ്പോരാട്ടവും 1-1 ലായി. കഴിഞ്ഞയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ഇറാന്‌ മുന്നില്‍ സൗദി 1-1 സമനില വഴങ്ങിയിരുന്നു. ഖത്തറാവട്ടെ ദോഹയില്‍ നടന്ന മല്‍സരത്തില്‍ മൂന്ന്‌ ഗോളുകള്‍ക്ക്‌ ഉസ്‌ബെക്കുക്കാരെ വീഴ്‌്‌ത്തിയിരുന്നു.
തുടര്‍ച്ചയായ രണ്ട്‌ പരാജയങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ലോകകപ്പ്‌ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്ന്‌ ഉസ്‌ബെക്‌ കോച്ച്‌ റൗഫ്‌ ഇനിലീവ്‌ പറഞ്ഞു. ആദ്യ മല്‍സരത്തില്‍ ഖത്തറിനോട്‌ മൂന്ന്‌ ഗോളിന്‌ പരാജയപ്പെട്ട ഉസ്‌ബെക്കുക്കാര്‍ ഇന്നലെ ഓസട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഒരു ഗോളിന്റെ ആഘാതം തിരിച്ചടിയായി.
ഗ്രൂപ്പ്‌ ഒന്നിലിപ്പോള്‍ ഖത്തറാണ്‌ മുന്നില്‍. ബഹറൈനെതിരെ നേടിയ സമനിലയാണ്‌ അവരെ തുണച്ചത്‌. ഗ്രൂപ്പ്‌ രണ്ടില്‍ സൗദിയും ഉത്തര കൊറിയയുമാണ്‌ മുന്നില്‍. ഷാന്‍ഗായില്‍ നടന്ന മല്‍സരത്തില്‍ ബദ്ധവൈരികളായ ദക്ഷിണ കൊറിയയെ സമനിലയില്‍ തളക്കാനായതാണ്‌ അവര്‍ക്ക്‌ ഗുണമായത്‌.
സൗദിക്കെതിരെ അഞ്ച്‌ മിനുട്ടില്‍ രണ്ട്‌ ഗോളുകള്‍ വഴങ്ങിതാണ്‌ യു.എ.ഇക്ക്‌്‌്‌ തിരിച്ചടിയായത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ യു.എ.ഇയായിരുന്നു മുന്നില്‍.
പോയന്റ്‌്‌ നില
ഗ്രൂപ്പ്‌ 1
ഖത്തര്‍ 2-4
ജപ്പാന്‍ 1-3
ഓസ്‌ട്രേലിയ 1-3
ബഹറൈന്‍ 2-1
ഉസ്‌ബെക്കിസ്ഥാന്‍ 2-0
ഗ്രൂപ്പ്‌ 2
സൗദി അറേബ്യ 2-4
ഉത്തര കൊറിയ 2-4
ദക്ഷിണ കൊറിയ 1-1
ഇറാന്‍ 1-1
യു.എ.ഇ 2-0

മല്‍സരഫലങ്ങള്‍
അല്‍ബേനിയ 3- മാള്‍ട്ട 0
ബെലാറൂസ്‌ 3- അന്‍ഡോറ 1
അസര്‍ബെയ്‌ജാന്‍ 0- ലൈഞ്ചസ്‌റ്റിന്‍ 0
ബോസ്‌നിയ 7- എസ്‌റ്റോണിയ 0
ഇംഗ്ലണ്ട്‌ 4- ക്രൊയേഷ്യ 1
ഹോളണ്ട്‌ 2- മാസിഡോണിയ 1
റുമേനിയ 1- ഫറോ ഐലാന്‍ഡ്‌സ്‌ 0
ഫിന്‍ലാന്‍ഡ്‌ 3- ജര്‍മനി 3
ഫ്രാന്‍സ്‌ 2- സെര്‍ബിയ 1
സ്‌ക്കോട്ട്‌ലാന്‍ഡ്‌ 2-ഐസ്‌ലാന്‍ഡ്‌ 1
ഇറ്റലി 2- ജോര്‍ജ്ജിയ 0
ഉക്രൈന്‍ 3-കസാക്കിസ്ഥാന്‍ 1
ഗ്രീസ്‌ 2- ലാത്വിയ 0
ലിത്വാനിയ 2- ഓസ്‌ട്രിയ 0
ഇസ്രാഈല്‍ 2- മോള്‍ദോവ 1
റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ 1-മോണ്ടിനിഗ്രോ 0
ഡെന്മാര്‍ക്ക്‌ 3-പോര്‍ച്ചുഗല്‍ 2
റഷ്യ 2- വെയില്‍സ്‌ 1
പോളണ്ട്‌ 2-സാന്‍മറീനോ 0
സ്ലോവേനിയ 2- സ്ലോവാക്യ 1
സ്‌പെയിന്‍ 4- അര്‍മേനിയ 0
സ്വീഡന്‍ 2-ഹംഗറി 1
ലക്‌സംബര്‍ഗ്ഗ്‌ 2-സ്വിറ്റ്‌സര്‍ലാന്‍ഡ്‌ 1
തുര്‍ക്കി 1- ബെല്‍ജിയം 1
ലാറ്റിനമേരിക്ക
ബ്രസീല്‍ 0- ബൊളീവിയ 0
അര്‍ജന്റീന 1- പെറു 1
ചിലി 4- കൊളംബിയ 0
ഉറുഗ്വേ 0- ഇക്വഡോര്‍ 0
ഓഷ്യാന
ന്യൂസിലാന്‍ഡ്‌ 3-കാലിഡോണിയ 0
വനാത്തു 2- ഫിജി 1
കോണ്‍കാകാഫ്‌
അമേരിക്ക 3-ട്രിനിഡാഡ്‌ 0
മെക്‌സിക്കോ 2- കാനഡ 1
കോസ്‌റ്റാറിക്ക 3- ഹെയ്‌ത്തി 0
എല്‍സാവഡോര്‍ 2-സുരിനാം 0
ഹോണ്ടുറാസ്‌ 2- ജമൈക്ക 0
ഗ്വാട്ടിമല 4- ക്യൂബ 1
ഏഷ്യ
സൗദി 2- യു.എ.ഇ 1
ഖത്തര്‍ 1- ബഹറൈന്‍ 1
ഓസ്‌ട്രേലിയ 1- ഉസ്‌ബെക്കിസ്ഥാന്‍ 0
ദക്ഷിണ കൊറിയ 1-ഉത്തര കൊറിയ 1

മയൂഖക്കും പ്രീജക്കും സിനിക്കും ഡബിള്‍, റെയില്‍വേസ്‌ തന്നെ
കൊച്ചി: കേരളത്തിന്റെ മയൂഖ ജോണിയും റെയില്‍വേസിന്റെ പ്രീജ ശ്രീധരനും ഒ.എന്‍.ജി.സിയുടെ സിനിമോള്‍ പൗലോസും ഡബിള്‍ സ്വര്‍്‌ണ്ണം നേടുന്നത്‌ കണ്ട്‌ നാല്‍പ്പത്തിയെട്ടാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ മീറ്റ്‌ മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടില്‍
സമാപിച്ചു. കിരീടം റെയില്‍വേസ്‌ നിലനിര്‍ത്തി. സര്‍വീസസ്‌ രണ്ടാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. കേരളത്തിന്‌ മൂന്ന്‌ സ്വര്‍ണ്ണവും മൂന്ന്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമുണ്ട്‌. 27 സ്വര്‍ണ്ണമാണ്‌ റെയില്‍വേസ്‌ നേടിയത്‌.

No comments: