Tuesday, February 23, 2010

IPL CONFUSION

ഓസി ഭയം, വേദി മാറ്റമില്ലെന്ന്‌ മോഡി
മുംബൈ: ഭീകര ഭീഷണി ഹോക്കി ലോകകപ്പിനെ കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിനെയും ബാധിക്കുന്നു. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്നലെ കൂടുതല്‍ സുരക്ഷയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അതിനിടെ തന്നെ ഐ.പി.എല്‍ വേദിയില്‍ മാറ്റമുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്‌. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന്‌ ഐ.പിഎല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡി വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്നലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ്‌ അസോസിയേഷന്റെ യോഗമുണ്ടായിരുന്നു. ഭീകര ഭീഷണിയില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ താരങ്ങള്‍ക്ക്‌ പ്രയാസമുണ്ട്‌. പക്ഷേ ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണ്‌. അതില്‍ മാറ്റമുണ്ടാവില്ല. ഇന്ത്യയിലെ സുരക്ഷ സംബന്ധിച്ച്‌ ഓസ്‌ട്രേലിയന്‍ വിദഗ്‌ദ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ആശാവഹമല്ലെന്നാണ്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന്‌ സിഡ്‌നിയില്‍ നടന്ന താരങ്ങളുടെ യോഗത്തിന്‌ ശേഷം സംസാരിക്കവെ ചീഫ്‌ എക്‌സിക്യൂട്ടിവായ പോള്‍ മാര്‍ഷ്‌ പറഞ്ഞു.
ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റേഴ്‌സ്‌ അസോസിയേഷനും ഭീകരവാദികളുടെ മുന്നറിയിപ്പില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. 12 വേദികളിലായാണ്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌. ഈ വേദികളില്ലെല്ലാം കനത്ത സുരക്ഷ വാഗ്‌ദാനം ചെയ്‌താലും അനിഷ്ട സംഭവങ്ങള്‍ക്ക്‌ സാധ്യതയുണ്ടെന്നാണ്‌ കിവി പ്ലെയേഴ്‌സ്‌ അസോസിയേഷന്‍ ഹീത്ത്‌ മില്‍സ്‌ പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പ്‌ വേദി മാറ്റുന്ന പ്രശ്‌നമില്ലെന്ന്‌ ലളിത്‌ മോഡി മുംബൈയിലാണ്‌ വ്യക്തമാക്കിയത്‌. ചില മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഒരു തരത്തിലും ചാമ്പ്യന്‍ഷിപ്പ്‌ വേദികള്‍ മാറ്റില്ല. ഒരു ചാമ്പ്യന്‍ഷിപ്പിലും എല്ലാ താരങ്ങളുടെയും സമ്പൂര്‍ണ്ണ സുരക്ഷ ആര്‍ക്കും വാഗ്‌ദാനം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ ഐ.പി.എല്ലില്‍ കളിക്കുന്നവര്‍ക്ക്‌ എല്ലാ സുരക്ഷയും ഉറപ്പാണെന്നും മോഡി വ്യക്തമാക്കി.

ലീ വിരമിക്കുന്നു
സിഡ്‌നി: ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്ന ഇംഗ്ലീഷ്‌ ഓള്‍റൗണ്ടറുടെ വഴിയില്‍ ഓസ്‌ട്രേലിയയുടെ അതിവേഗക്കാരനായ സീമര്‍ ബ്രെട്ട്‌ ലീയും. കൈക്കുഴയിലെ പരുക്ക്‌ കാരണം സമീപകാലത്തായി നിരവധി തവണ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ലീ ടെസ്റ്റ്‌ ക്രിക്കറ്റിനോട്‌ ഇന്ന്‌ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ന്‌ സ്വന്തം നഗരമായ സിഡ്‌നിയില്‍ ലീ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്‌. ഏകദിന, 20-20 ക്രിക്കറ്റില്‍ ലീ തൂടരുമോ എന്ന്‌ വ്യക്തമല്ല. 76 ടെസ്‌റ്റുകളില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുള്ള ലീ 310 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. 2011 ല്‍ ഇന്ത്യന്‍ ഉപഭൂഖണ്‌ഠത്തില്‍ ലോകകപ്പ്‌ ക്രിക്കറ്റ്‌ നടക്കാനിരിക്കെ ആ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ 31 കാരന്‌ താല്‍പ്പര്യമുണ്ട്‌. 1999 ല്‍ ഇന്ത്യക്കെതിരെയാണ്‌ ലീ ടെസ്റ്റ്‌ അരങ്ങേറ്റം കുറിച്ചത്‌. അതിന്‌ ശേഷം നിരവധി തവണ പരുക്കില്‍ അദ്ദേഹം തളര്‍ന്നിരുന്നു.

അപരാജിതര്‍
സിഡ്‌നി: സ്വന്തം നാട്ടില്‍ അപരാജിതരായി ഓസട്രേലിയ വിലസുന്നു. വിന്‍ഡീസിനെതിരായ 20-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിലും കങ്കാരുക്കള്‍ വിജയിച്ചു. എട്ട്‌ വിക്കറ്റിനായിരുന്നു മൈക്കല്‍ ക്ലാര്‍ക്കിന്റെ സംഘം വിജയം വരിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ഏഴ്‌ വിക്കറ്റിന്‌ 138 റണ്‍സ്‌ നേടിയപ്പോള്‍ ഓസ്‌ട്രേലിയ പന്ത്രണ്ടാം ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 142 റണ്‍സ്‌ സ്വന്തമാക്കി എളുപ്പത്തില്‍ വിജയം വരിച്ചു. 29 പന്തില്‍ നിന്നും 67 റണ്‍സ്‌ നേടിയ ഡേവിഡ്‌ വാര്‍ണറും 33 പന്തില്‍ പുറത്താവാതെ 62 റണ്‍സ്‌ നേടിയ ഷെയിന്‍ വാട്ട്‌സണും ചേര്‍ന്നാണ്‌ ഓസീസ്‌ വിജയം എളുപ്പമാക്കിയത്‌. പാക്കിസ്‌താനെതിരായ ടെസ്റ്റ്‌, ഏകദിന, 20-20 പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കിയ ഓസ്‌ട്രേലിയ വിന്‍ഡീസിനെതിരെ നടന്ന നാല്‌ ഏകദിനങ്ങളിലും 20-20 പരമ്പരയിലെ ആദ്യ മല്‍സരത്തിലും അനായാസം ജയിച്ചിരുന്നു.

ഇന്ന്‌ ഗ്വാളിയോറില്‍
ഗ്വാളിയോര്‍: ജയ്‌പ്പൂരിലെ മാന്‍സിംഗ്‌ സ്‌റ്റേഡിയത്തില്‍ അവസാന പന്തില്‍ രക്ഷപ്പെട്ട ഇന്ത്യക്ക്‌ മൂന്ന്‌ മല്‍സര ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ന്‌ കനകാവസരം. മൂന്ന്‌ മല്‍സര പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുന്ന ആതിഥേയര്‍ക്ക്‌ ഇന്ന്‌ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ബാറ്റിംഗ്‌ ട്രാക്കാണ്‌ ഇന്നത്തെ പകല്‍ രാത്രി മല്‍സരത്തിനായി ഒരുക്കിയിരിക്കുന്നത്‌. ജയ്‌പ്പൂരില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ മൂന്നൂറിനടുത്ത്‌ സ്‌ക്കോര്‍ സ്വന്തമാക്കിയെങ്കില്‍ തുടകത്തിലെ തകര്‍ച്ചക്ക്‌ ശേഷം ആ സ്‌ക്കോറിന്‌ വളരെ അരികിലെത്തിയിരുന്നു ദക്ഷിണാഫ്രിക്ക. ജാക്‌ കാലിസ,്‌ വെയിന്‍ പാര്‍നല്‍ എന്നിവരുടെ കൂട്ടുകെട്ട്‌ ഒരു ഘട്ടത്തില്‍ മല്‍സരം റാഞ്ചുമെന്ന്‌ കരുതിയിരുന്നു. പക്ഷേ അവസാനത്തില്‍ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു.
ബൗളിംഗാണ്‌ ഇന്ത്യക്ക്‌ പ്രശ്‌നം. സഹീര്‍ഖാന്‌ പരുക്കേറ്റതിനാല്‍ പകരക്കാരായി വരുന്നവര്‍ക്ക്‌ ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ കഴിയുന്നില്ല. മാന്‍സിംഗ്‌ സ്റ്റേഡിയത്തില്‍ ശ്രീശാന്തിന്‌ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരാണ്‌ ടീമിനെ വിജയത്തിരത്തേക്ക്‌ ആനയിച്ചത്‌. മാന്‍ ഓഫ്‌ ദ മാച്ച്‌ ആയിരുന്ന രവീന്ദു ജഡേജയുടെ മികവ്‌ നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ സഹായിച്ചു. ഇന്നും പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരിലാണ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി പ്രതീക്ഷയര്‍പ്പിക്കുന്നത്‌. സഹോദരിയുടെ വിവാഹത്തിനായി ടീം വിട്ട ഹര്‍ഭജന്‍സിംഗിന്റെ സ്ഥാനത്തേക്ക്‌ യൂസഫ്‌ പത്താനാണ്‌ വരുന്നത്‌.
ആഫ്രിക്കന്‍ സംഘത്തില്‍ ടെസ്റ്റ്‌ പരമ്പരയിലെ കേമന്‍ ഹാഷിം അംല വരുമെന്നാണ്‌ കരുതപ്പെടുന്നത്‌. മല്‍സരം ഉച്ചതിരിഞ്ഞ്‌ 2-30 മുതല്‍ നിയോ ക്രിക്കറ്റില്‍ തല്‍സമയം.

ലോകകപ്പ്‌ ടെന്‍ സ്‌പോര്‍ട്‌സില്‍
ഞായറാഴ്‌ച്ച ഡല്‍ഹിയിലെ ധ്യാന്‍ചന്ദ്‌ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ലോകകപ്പ്‌ ഹോക്കി മല്‍സരങ്ങളുടെ തല്‍സമയ സംപ്രേഷണാവകാശം ടെന്‍ സ്‌പോര്‍ട്‌സ്‌ സ്വന്തമാക്കി. 12 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ മുഴുവന്‍ മല്‍സരങ്ങളും ടെന്‍ സ്‌പോര്‍ട്‌സ്‌ തല്‍സമയം സംപ്രേഷണം ചെയ്യും.

മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌
ന്യൂഡല്‍ഹി: ലോകകപ്പിനെത്തിയിരിക്കുന്ന ടീമുകളുടെ പരിശീലനം കാണാനും റിപ്പോര്‍ട്ട്‌ ചെയ്യാനും മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌. മീഡിയ അക്രഡിറ്റേഷന്‍ ജോലികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ്‌ 27 വരെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിശീലന വിലക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. അക്രഡിറ്റേഷന്‍ ഇത്‌ വരെ പൂര്‍ത്തിയായിട്ടില്ല എന്ന രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്‌. ഹോക്കി ഇന്ത്യയുടെ തലവനായ സുരേഷ്‌ കല്‍മാഡി മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നെങ്കിലു ഭീകര ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അക്രഡിറ്റേഷന്‍ കാര്‍ഡ്‌ വിതരണം ചെയ്‌തതിന്‌ ശേഷം മാത്രമേ ധ്യാന്‍ചന്ദ്‌്‌ സ്‌റ്റേഡിയത്തിലേക്ക്‌ പ്രവേശനം നല്‍കാവു എന്നാണ്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ലോകകപ്പ്‌ ഇനി നാല്‌ ദിവസം
ന്യൂഡല്‍ഹി: നാലേ നാല്‌ ദിവസങ്ങള്‍ മാത്രമാണ്‌ ഇനി ലോകകപ്പ്‌ ഹോക്കിക്ക്‌ ബാക്കി.... ആതിഥേയരായ ഇന്ത്യയെ കൂടാതെ പതിനൊന്ന്‌ ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്കായി സുരക്ഷാ പ്രശ്‌നങ്ങളിലും ടീമുകളെല്ലാം എത്തി. കനത്ത സുരക്ഷയാണ്‌ എല്ലാ ടീമുകള്‍ക്കും ഒരുക്കിയിരിക്കുന്നത്‌. ടീമുകളുടെ പരിശീലനം നടക്കുന്ന ധ്യാന്‍ചന്ദ്‌ സ്റ്റേഡിയത്തിലും താമസിക്കുന്ന ഹോട്ടലിലും കനത്ത സുരക്ഷയാണ്‌ നല്‍കിയിരിക്കുന്നത്‌. ടീമുകളുടെ പരിശീലനം കാണാന്‍ ആര്‍ക്കും അനുമതിയില്ല. മാധ്യമ പ്രവര്‍ത്തകരെ പോലും ചിത്രമെടുക്കുന്നതില്‍ നിന്ന്‌ വിലക്കിയിരിക്കയാണ്‌. അല്‍ ഖായിദക്കാര്‍ ലോകകപ്പ്‌ അട്ടിമറിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തുള്ള സാഹചര്യത്തില്‍ ഒരു പഴുതും നല്‍കാതെയാണ്‌ ഡല്‍ഹി പോലീസ്‌ നീങ്ങുന്നത്‌.
പാക്കിസ്‌താന്‍ ടീമിനാണ്‌ ഉയര്‍ന്ന സുരക്ഷ നല്‍കുന്നത്‌. മുംബൈ സംഭവത്തിന്‌ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന പാക്കിസ്‌താനില്‍ നിന്നുളള ആദ്യ സംഘമാണിത്‌. അതിനാല്‍ തന്നെ ടീമിന്‌ ഹോട്ടലും മൈതാനവും മാത്രമാണ്‌ സന്ദര്‍ശന പരിധി. ഹോട്ടലില്‍ നിന്നും പുറത്ത്‌ പോവാന്‍ ഒരു താരത്തെയും അനുവദിക്കുന്നില്ല. റോഡ്‌ മാര്‍ഗ്ഗമാണ്‌ പാക്കിസ്‌താന്‍ ടീം കഴിഞ്ഞ ദിവസം ഇവിടെയെത്തിയത്‌. വാഗാ അതിര്‍ത്തിയിലുടെ വന്ന പാക്‌ സംഘത്തില്‍ സുഹൈല്‍ അബാസ്‌ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുണ്ട്‌.
അതിനിടെ ലോകകപ്പ്‌ ഹോക്കി ഒരുക്കങ്ങളില്‍ ഇപ്പോഴും പൂര്‍ണ്ണ സംതൃപ്‌തി വന്നിട്ടില്ലെന്ന്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട്‌ ലിയാന്‍ഡ്‌ നോഗെ പറഞ്ഞത്‌ ഇന്ത്യന്‍ സംഘാടകര്‍ക്കു തിരിച്ചടിയായി. ലോകകപ്പിന്‌ ഇനി ദിവസങ്ങള്‍ മാത്രമാണ്‌ ബാക്കി. പക്ഷേ ഇപ്പോഴും മല്‍സരങ്ങളുടെ കാര്യത്തില്‍ പൂര്‍ണ്ണ സംതൃപ്‌തി വന്നിട്ടില്ലെന്ന്‌ ലിയാന്‍ഡോ പറഞ്ഞു.

1 comment:

0000 സം പൂജ്യന്‍ 0000 said...

hey manushyaaaaa ningal urakkamaanoo ?? Sachin thakarkkunnathu ningal kaanunnillee? ningalude blog follow cheyyunnathu nirthi bye!!