Tuesday, September 2, 2008

PAES THE GREAT

പെയ്‌സ്‌ സെമിയില്‍, ഭൂപതി പുറത്ത്‌
ന്യൂയോര്‍ക്ക്‌:യു.എസ്‌ ഓപ്പണ്‍ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയ്‌സ്‌ മുന്നേറുന്നു. പുരുഷ വിഭാഗം ഡബിള്‍സില്‍ ചെക്കുകാരന്‍ ലുക്കാസ്‌ ഡോഹിക്കൊപ്പം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ പെയ്‌്‌സ ഇന്നലെ നടന്ന മിക്‌സ്‌ഡ്‌ ഡബിള്‍സിലും കരുത്ത്‌ കാട്ടി. സിംബാബ്‌വെയില്‍ നിന്നുള്ള കാരാ ബ്ലാക്കിനൊപ്പം കളിച്ച പെയ്‌സ്‌ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച്‌ സെമി ഫൈനല്‍ ഉറപ്പാക്കി. ചെക്‌ ജോഡിയായ മാര്‍ട്ടിന്‍ ഡ്രം-വ്‌ളാഡിമിറ ഉഹിലറോവ സഖ്യത്തെയാണ്‌ ക്വാര്‍ട്ടറില്‍ പെയ്‌സ്‌-ബ്ലാക്‌ സഖ്യം പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 7-5,6-2. അവസാന നാലില്‍ പെയ്‌സ്‌-ബ്ലാക്‌ സഖ്യത്തിന്റെ പ്രതിയോഗികള്‍ സ്വീഡിഷ്‌ താരം ജോനാസ്‌ ബിജോര്‍ക്‌മാനും റഷ്യന്‍ ജോഡി നാദിയ പെട്രോവയുമാണ്‌. അതേ സമയം ചാമ്പ്യന്‍ഷിപ്പിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ മഹേഷ്‌്‌ ഭൂപതി മിക്‌സഡ്‌ ഡബിള്‍സിന്‌ പിറകെ പുരുഷ ഡബിള്‍സില്‍ നിന്നും പുറത്തായി. ബഹമാസില്‍ നിന്നുള്ള മാര്‍ക്‌ നോവല്‍സിനൊപ്പം കളിച്ച ഭൂപതിക്ക്‌ അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ്‌-ജുവാന്‍ മോണോക്കോ ടീമിനെ തോല്‍പ്പിക്കാനായില്ല. സ്‌ക്കോര്‍ 6-2, 4-6, 4-6. ജൂനിയര്‍ വിഭാഗത്തില്‍ മല്‍സരിച്ച ഇന്ത്യന്‍ താരം യൂകി ബാബ്രിയും സെര്‍ബിയന്‍ കൂട്ടുകാരന്‍ ഫിലിപ്പ്‌ റജനോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
ലോക ഒന്നാം സീഡ്‌ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, വനിതാ വിഭാഗം മുന്‍ ജേത്രി അമേരിക്കയുടെ സറീന വില്ല്യംസ്‌, വീനസ്‌ വില്ല്യംസ്‌്‌ എന്നിവര്‍ പുരുഷ-വനിതാ വിഭാഗം സിംഗിള്‍സ്‌ മല്‍സരങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത്‌ നേടിയിട്ടുണ്ട്‌.
ക്വാര്‍ട്ടറില്‍ വീനസും സറീനയും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നുണ്ട്‌. ഏഴാം സീഡായ വീനസ്‌ പോളണ്ടില്‍ നിന്നുള്ള അഗിന്‍സ്‌ക റദ്‌വാന്‍സ്‌ക്കയെയും (6-1, 6-3), സറീന ഫ്രാന്‍സിന്റെ സെവറീന്‍ ബ്രിമോന്‍ഡിനെയും (6-2,6-2) പരാജയപ്പെടുത്തി.

ഗള്‍ഫ്‌ റോബിഞ്ഞോ
ദുബായ്‌: കാത്തു കാത്തൊരു കസ്‌തൂരി മാമ്പഴം കാക്ക കൊത്തിപോയത്‌ പോലെയായിരിക്കുന്നു കാര്യങ്ങള്‍... ചെല്‍സിക്കാര്‍ കാത്തുകാത്തിരിക്കയായിരുന്നു ബ്രസീലുകാരന്‍ റോബിഞ്ഞോയെ... പക്ഷേ റോബിഞ്ഞോയെന്ന കാല്‍പ്പന്ത്‌ മാന്ത്രികന്‍ എത്തിയിരിക്കുന്നത്‌ മാഞ്ചസ്റ്റര്‍ സിറ്റിയില്‍. കഴിഞ്ഞ ദിവസമാണ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബിനെ അബുദാബിയിലെ രാജകുടുംബം ഏറ്റെടുത്തത്‌. തൊട്ട്‌ പിറകെയാണ്‌ വന്‍ വിലക്ക്‌ റോബിഞ്ഞോ ക്ലബിലെത്തിയത്‌.
റയല്‍ മാഡ്രിഡില്‍ നിന്നും റെക്കോര്‍ഡ്‌ വിലക്ക്‌ റോബിഞ്ഞോയെ റാഞ്ചിയത്‌ അബുദാബി രാജകുടുംബാംഗവും യുനൈറ്റഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാനുമായ ഡോ.സുലൈമാന്‍ അല്‍ ഫാഹിമാണ്‌. റോബിഞ്ഞോയെ സ്വന്തമാക്കിയത്‌ ക്ലബിന്റെ പുതിയ കുതിപ്പിനുളള തുടക്കം മാത്രമാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം ഉള്‍പ്പെടെ വലിയ മോഹങ്ങളുമായാണ്‌ അബുദാബി യുനൈറ്റഡ്‌ ഗ്രൂപ്പ്‌ (ഏ.ഡി.യു.ജി) മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റെടുത്തത്‌. ഇത്തവണ പ്രീമിയര്‍ ലീഗ്‌ സീസണ്‍ തുടങ്ങിയിട്ടേയുളളു. മൂന്ന്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയന്റ്‌ ടേബിളില്‍ മൂന്നാം സ്ഥാനത്താണ്‌ ടീം. 1976 ല്‍ ലീഗ്‌ കപ്പ്‌ സ്വന്തമാക്കിയതിന്‌ ശേഷം മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല. പുതിയ സീസണ്‍ മുതല്‍ വലിയ നേട്ടങ്ങളിലേക്കുള്ള യാത്രയാണ്‌ ടീം തുടങ്ങിയിരിക്കുന്നത്‌.
2003 ല്‍ ചെല്‍സിയെ റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ച്‌ ഏറ്റെടുത്തത്‌ പോലുളള സാഹചര്യമാണ്‌ ഇംഗ്ലീഷ്‌ ആരാധകര്‍ മുന്നില്‍ കാണുന്നത്‌. അബ്രമോവിച്ച്‌ ചെല്‍സി ഏറ്റെടുത്തതിന്‌ ശേഷം തകര്‍പ്പന്‍ പ്രകടനങ്ങളാണ്‌ ചെല്‍സി നടത്തിയത്‌. അബ്രമോവിച്ചിന്റെ ചെല്‍സി രണ്ട്‌ തവണ പ്രീമിയര്‍ ലീഗ്‌ കിരീടം സ്വന്തമാക്കി. ഒരു തവണ എഫ്‌.എ കപ്പുയര്‍ത്തി, യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനലും കളിച്ചു.
ഇതേ രിതീയിലുള്ള മുന്നേറ്റത്തിന്‌ പ്രയാസമുണ്ടാവില്ലെന്നാണ്‌ അല്‍ ഫാഹിം പറയുന്നത്‌. പരിശീലക സ്ഥാനത്ത്‌ മാര്‍ക്‌ ഹ്യൂഗ്‌സിനെ തന്നെ നിലനിര്‍ത്തിയിരിക്കയാണ്‌. ഇത്തവണ നല്ല തുടക്കമാണ്‌ ലീഗില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ ലഭിച്ചിരിക്കുന്നത്‌. ആ തുടക്കം പ്രയോജനപ്പെടുത്താനാണ്‌ റോബിഞ്ഞോയെ പോലുളളവരെ കൊണ്ടുവന്നിരിക്കുന്നത്‌. വ്യക്തമായ ലക്ഷ്യങ്ങള്‍ മാനേജ്‌മെന്റിനുണ്ട്‌. അതില്‍ ആദ്യത്തേത്‌ ടീമിനെ ഒന്നാം നിരയില്‍ എത്തിക്കുക എന്നതാണ്‌. പണം ഒരു തടസ്സമായി വരില്ലെന്ന്‌ കോച്ചിനെ മാനേജ്‌മെന്റ്‌ അറിയിച്ചിട്ടുണ്ട്‌.
റോബിഞ്ഞോയെ വിട്ടുകൊടുക്കാന്‍ വന്‍ തുകയാണ്‌ റയല്‍ മാഡ്രിഡ്‌ ആവശ്യപ്പെട്ടിരുന്നത്‌. ആ തുക നല്‍കാന്‍ ചെല്‍സി ഒരുക്കമായിരുന്നില്ല. എന്നാല്‍ അവസരോചിതമായി മാഞ്ചസ്‌റ്റര്‍ സിറ്റി ഇടപ്പെട്ടു. 2009-10 സീസണിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ കളിക്കാനാവണമെന്നാണ്‌ കോച്ചിനെ അല്‍ ഫാഹിം അറിയിച്ചിരിക്കുന്നത്‌.

മാലിക്കിനെതിരെ കരുനീക്കം
കറാച്ചി: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ തലപ്പത്ത്‌ മാറ്റങ്ങള്‍ വന്നതോടെ ദേശീയ ടീമിന്റെ നായകസ്ഥാനത്ത്‌ നിന്ന്‌ ഷുഹൈബ്‌ മാലിക്കിനെ നീക്കാന്‍ സീനിയര്‍ താരങ്ങള്‍ കരുനീക്കം നടത്തുന്നതായി പാക്കിസ്‌താന്‍ പത്രങ്ങള്‍. പി.സി.ബിയെ ഇത്‌ വരെ നയിച്ചിരുന്ന നാസിം അഷ്‌റഫ്‌ രാജിവെച്ചതിനെ തുടര്‍ന്ന്‌ ക്രിക്കറ്റ്‌ സര്‍ക്കിളുകളില്‍ ഉന്നതസ്ഥാനങ്ങള്‍ കൊതിച്ച്‌ പലരും രംഗത്ത്‌ വന്നിട്ടുണ്ട്‌. പാക്കിസ്‌താന്‍ പ്രസിഡണ്ടായിരുന്ന ജനറല്‍ പര്‍വേസ്‌ മുഷാറഫിന്റെ അടുത്തയാളായിരുന്നു നാസിം അഷ്‌റഫ്‌. മുഷാറഫ്‌ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ നിന്ന രാജി നല്‍കിയ അതേ ദിവസം തന്നെയാണ്‌ അഷ്‌റഫും രാജി നല്‍കിയത്‌. പി.സി.ബിയുടെ പുതിയ അമരക്കാരെ സമീപിച്ച്‌ ക്യാപ്‌റ്റന്‍സി ലഭിക്കാന്‍ രംഗത്തുള്ളത്‌ ഷാഹിദ്‌ അഫ്രീദി, മുഹമ്മദ്‌ യൂസഫ്‌, യൂനസ്‌ഖാന്‍, മിസ്‌ബാഹുല്‍ ഹഖ്‌ എന്നിവരാണെന്നാണ്‌ പറയപ്പെടുന്നത്‌.
മാലിക്കിനെതിരെ നേരത്തെ രംഗത്ത്‌ വന്ന താരമാണ്‌ അഫ്രീദി. മാലിക്കിന്റെ ക്യാപ്‌റ്റന്‍സി ഡ്രസ്സിംഗ്‌ റൂമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി അദ്ദേഹം നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തനിക്കെതിരായ കരുനീക്കത്തില്‍ ആശങ്കയില്ലെന്ന്‌ മാലിക്‌ പറഞ്ഞു. ഞാന്‍ ആരോടും ക്യാപ്‌റ്റന്‍സി ചോദിച്ച്‌ വാങ്ങിയിട്ടില്ല. സെലക്ടര്‍മാരാണ്‌ എന്നെ തെരഞ്ഞെടുത്തത്‌. അവര്‍ ചുമതലയേല്‍പ്പിച്ചപ്പോള്‍ അത്‌ വെല്ലുവിളിയായി ഏറ്റെടുത്തു. എന്റെ വ്യക്തിഗത പ്രകടനത്തേക്കാള്‍ ടീമിന്റെ പ്രകടനമാണ്‌ വലുത്‌. അതിനാണ്‌ പ്രയത്‌നിക്കുന്നതെന്നും മാലിക്‌ പറഞ്ഞു. ഇന്‍സമാമുല്‍ഹഖ്‌ വിരമിച്ചതിന്‌ ശേഷമാണ്‌ പാക്കിസ്‌താന്‍ സെലക്ടര്‍മാര്‍ മാലിക്കിന്‌ തൊപ്പി നല്‍കിയത്‌.

സൈമണ്ട്‌സ്‌
അതേ സമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മുന്നില്‍ കണ്ട്‌ ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ നിന്നും പിന്‍വാങ്ങാനുളള ആലോചന സൈമണ്ട്‌സ്‌ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹത്തിന്റെ സഹതാരം ഷെയിന്‍ വാട്ട്‌സണ്‍ അഭിപ്രായപ്പെട്ടു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അപാരമായ കരുത്തും ശൈലിയുമുണ്ട്‌ സൈമണ്ട്‌സിന്‌. അത്‌ ഓസ്‌ട്രലിയക്കായി ഉപയോഗപ്പെടുത്തണം. ഇപ്പോഴത്തെ നിരാശയില്‍ ഓസ്‌ട്രേലിയക്കായി ഇനി കളിക്കാനില്ലെന്ന്‌ പറയുന്നത്‌ വിഡ്ഡിത്തമായിരിക്കും. ഐ.പി.എല്‍ വാഗ്‌ദാനം ചെയ്യുന്ന പണം കണ്ടിട്ടാവാം സൈമണ്ട്‌്‌സ്‌ ദേശീയ ടീമിനോട്‌ വിട പറയാന്‍ ആലോചിക്കുന്നത്‌. എന്നാല്‍ വര്‍ഷത്തില്‍ രണ്ട്‌ മാസം മാത്രമായിരിക്കും ഐ.പി.എല്‍ എന്നത്‌ സൈമണ്ട്‌സ്‌ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അഭിമാനത്തിന്‌ കടുവകള്‍
ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 180 റണ്‍സിന്‌ നാണം കെട്ട മുഹമ്മദ്‌ അഷറഫുലിന്റെ ബംഗ്ലാദേശ്‌ ഇന്ന്‌ രണ്ടാം മല്‍സരത്തിനിറങ്ങുന്നത്‌ മാനം കാക്കാന്‍. ഡാര്‍വിനിലെ ആദ്യ മല്‍സരത്തില്‍ സ്‌ക്കോര്‍ ചെയ്‌ത 74 റണ്‍സ്‌ ഏകദിന ക്രിക്കറ്റിലെ കടുവകളുടെ ഏറ്റവും ചെറിയ സ്‌ക്കോറാണ്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ ആന്‍ഡ്ര്യൂ സൈമണ്ടസ്‌ വിവാദത്തിനിടയിലും വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയപ്പോള്‍ ബംഗ്ലാദേശ്‌ നിശ്ശേഷം തകരുകയായിരുന്നു.

ഡ്യൂറാന്‍ഡില്‍ നാളെ സെമി
ന്യൂഡല്‍ഹി: നേരത്തെ സെമി ഫൈനല്‍ ഉറപ്പാക്കിയ മഹീന്ദ്ര യുനൈറ്റഡിന്‌ 121-ാമത്‌ ഡ്യൂറാന്‍ഡ്‌ കപ്പ്‌ ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ്‌ പോരാട്ടത്തില്‍ സമനില. ചര്‍ച്ചില്‍ ബ്രദേഴ്‌സാണ്‌ 1-1 ല്‍ മഹീന്ദ്രയെ തളച്ചത്‌. രണ്ടാം മല്‍സരത്തില്‍ ആര്‍മി ഇലവന്‍ ഒരു ഗോളിന്‌ മുംബൈ എഫ്‌.സി യെ പരാജയപ്പെടുത്തി. ഇന്ന്‌ കളിയില്ല. നാളെ നടക്കുന്ന സെമിയില്‍ ജെ.സി.ടി മില്‍സ്‌ ഫഗ്‌വാര മഹീന്ദ്രയെ എതിരിടും.

ഇംഗ്ലണ്ട്‌ രണ്ടാം റാങ്കിന്‌
കാര്‍ഡിഫ്‌: അഞ്ചില്‍ നാല്‌ മല്‍സരങ്ങളും കെവിന്‍ പീറ്റേഴ്‌സന്റെ ഇംഗ്ലണ്ട്‌ ജയിച്ചിരിക്കുന്നു. ഇന്ന്‌ അവസാന മല്‍സരം. ജാക്‌ കാലിസ്‌ നയിക്കുന്ന ദക്ഷിണാഫ്രിക്കയെ ഇന്ന്‌ കാര്‍ഡിഫിലും തകര്‍ക്കാനായാല്‍ ഏകദിന ലോക റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‌ ഓസ്‌ട്രേലിയക്ക്‌ പിറകില്‍ രണ്ടാമത്‌ വരാം. പരമ്പര ആരംഭിക്കുമ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ ആറാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്‌. പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനമാണ്‌ വെള്ളക്കാര്‍ക്ക്‌. ഇന്നും ജയിച്ചാല്‍ അത്‌ രണ്ടിലെത്തും.