




ക്രിക്കറ്റ്
കൊളംബോ: ശ്രീലങ്കക്ക് റണ്ണേഴ്‌സ് അപ്പാവാനാണ് വിധി....! 2007 ലെ ലോകകപ്പിലും 2009 ലെ 20-20 ലോകകപ്പിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തരാവേണ്ടി വന്ന മരതക ദ്വീപുകാര്‍ കോംപാക്ട് കപ്പിലും രണ്ടാം സ്ഥാനക്കാര്‍. 46 റണ്‍സിന്റെ വിജയവുമായി ഇന്ത്യ കപ്പ് സ്വന്തമാക്കി. പ്രേമദാസയിലെ ആവേശപ്പോരാട്ടത്തില്‍ അവസാനം വരെ പൊരുതിയാണ് ലങ്ക കീഴടങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മാസ്‌മരിക സെഞ്ച്വറിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഞ്ച് വിക്കറ്റിന് 319 റണ്‍സ് നേടിയപ്പോള്‍ ലങ്ക 273 വരെ പൊരുതി. സനത് ജയസൂര്യ നല്‍കിയ തകര്‍പ്പന്‍ തുടക്കവും കുമാര്‍ സങ്കക്കാരയുടെ ചെറുത്തുനില്‍പ്പും കാന്‍ഡാംബിയുടെ വീരോചിത പ്രകടനവും ഇന്ത്യയെ വിറപ്പിച്ചിരുന്നു. പക്ഷേ ഹര്‍ഭജന്‍ സിംഗിന്റെ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് തുണയായി.
ഫൈനലിന്റെ തുടക്കം ഇന്ത്യക്ക് അനുകൂലമായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും തന്റെ വഴിക്ക് വരാതിരുന്ന ടോസിനെ കുറിച്ചോര്‍ത്ത് വേദനിച്ച എം.എസ് ധോണിക്ക് അനുകൂലമായാണ് ഇന്നലെ നാണയം വീണത്. ലങ്കയലെ കാലാവസ്ഥയില്‍ രാത്രിയിലെ ബാറ്റിംഗ് ദുഷ്‌ക്കരമായ സാഹചര്യത്തില്‍ ടോസ് അതിനിര്‍ണ്ണായകമായിരുന്നു. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. രണ്ട് മല്‍സരങ്ങളിലും ഓപ്പണറായി കളിച്ച് നിരാശപ്പെടുത്തിയ ദിനേശ് കാര്‍ത്തികിന് പകരം യുവതാരം വിരാത് കോഹ്‌ലി കളിച്ചു. ലങ്കന്‍ സംഘത്തില്‍ ഇന്നലെയും മുത്തയ്യ മുരളീധരന്‍ ഉണ്ടായിരുന്നില്ല.
ധോണിയുടെ ടോസ് ഭാഗ്യത്തിനൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ താരം കത്തിയാളുന്ന പ്രകടമായിരുന്നു ക്രീസില്‍. തൊണ്ണൂറുകളില്‍ ക്രിക്കറ്റ് ലോകം കീഴടക്കിയ സച്ചിന്റെ ഇന്നിംഗ്‌സിനെ അനുസ്‌മരിപ്പിക്കുന്ന മാന്ത്രിക പ്രകടനത്തില്‍ ലിറ്റില്‍ മാസ്റ്റര്‍ ലങ്കന്‍ ബൗളര്‍മാരെ തരിപ്പണമാക്കി. സുന്ദരമായ ഡ്രൈവുകള്‍, ഫ്‌ളിക്കുകള്‍, പാഡില്‍ സ്വിപ്പുകള്‍, റിവേഴ്‌സ് സ്വിപ്പൂകളും-എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു. ആദ്യം രാഹുല്‍ ദ്രാവിഡിനൊപ്പം, പിന്നെ ധോണിക്കൊപ്പം, അത് കഴിഞ്ഞ് യുവരാജിനൊപ്പം-സച്ചിന്‍ അപാരമായ പ്രകടനമാണ് നടത്തിയത്. കരിയറിലെ നാല്‍പ്പത്തിനാലാമത്തെ ഏകദിന സെഞ്ച്വറി രാജകീയമായി നേടിയ സൂപ്പര്‍ താരം ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ തളര്‍ന്നാണ് പുറത്തായത്. സച്ചിന്‍ കാട്ടിയ വഴിയില്‍ ധോണിയും യുവരാജും അര്‍ദ്ധശതകം നേടിയപ്പോള്‍ കഴിഞ്ഞ മല്‍സരത്തിലെ ബാറ്റിംഗ് ദുരന്തം ഇന്ത്യ മറന്നിരുന്നു. തിലാന്‍ തുഷാരയും മാത്യൂസും മെന്‍ഡിസുമെല്ലാം അടി വാങ്ങി. ആര്‍ക്കും റണ്ണൊഴുക്ക് തടയാന്‍ കഴിഞ്ഞിരുന്നില്ല.
90 കളില്‍ പലവട്ടം പുറത്തായ സച്ചിനായിരുന്നില്ല പ്രേമദാസയിലെ സച്ചിന്‍. 90 കളിലെത്തിയപ്പോഴും അദ്ദേഹം ആക്രമണം തുടര്‍ന്നു. 2007 മെയ് മാസത്തിന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഏഴ് തവണ സച്ചിന്‍ 90 കളില്‍ പുറത്തായിരുന്നു. പക്ഷേ ഒമ്പത് സെഞ്ച്വറികളും അതിനിടെ പിറന്നിരുന്നു. ബാറ്റിംഗിന് പൂര്‍ണ്ണമായും അനുകൂലമായിരുന്നു പിച്ച്. സുന്ദരമായ ട്രാക്കില്‍ അതിസുന്ദരമായി സച്ചിന്‍ കളിച്ചപ്പോള്‍ ദ്രാവിഡ് സമചിത്തതയുടെ പിന്തുണയാണ് നല്‍കിയത്. ഇന്ത്യന്‍ ടീമിലെ രണ്ട് സീനിയര്‍ താരങ്ങള്‍ തമ്മില്‍ പരസ്‌പര ധാരണയില്‍ കളിച്ചപ്പോള്‍ സങ്കക്കാരയുടെ എല്ലാ തന്ത്രങ്ങളും പാളി.
95 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും നേടിയത്. ദ്രാവിഡിനെ രണ്ട് തവണ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത് മാറ്റിനിര്‍ത്തിയാല്‍ പിഴവുകളില്ലാത്ത കൂട്ടുകെട്ടായിരുന്നു ഇത്. കനത്ത ചൂടിലും സിംഗിളുകളും ഡബിളുകളുമായി ഇരുവരും കഠിനാദ്ധ്വാനം ചെയ്‌തു. നുവാന്‍ കുലശേഖരയും തിലാന്‍ തുഷാരയും ഹാഫ് വോളികളുമായി ബാറ്റ്‌സ്‌മാന്മാരെ പരീക്ഷിച്ചത് കഴിഞ്ഞ മല്‍സരത്തില്‍ മാത്യൂസ് നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. പക്ഷേ അതൊന്നും ഫലിച്ചില്ല. ദ്രാവിഡ് 24 ല്‍ നില്‍ക്കുമ്പോള്‍ ദില്‍ഷാനാണ് ആദ്യ ക്യാച്ച് വിട്ടത്. നുവാന്‍ കുലശേഖര സ്വന്തം ബൗളിംഗിലും ഇന്ത്യന്‍ ഓപ്പണറെ കൈ വിട്ടു. സങ്കക്കാര തന്റെ ട്രമ്പ് കാര്‍ഡായ ലാസിത് മാലിങ്കയെ പതിനാലാം ഓവറിലാണ് പരീക്ഷിച്ചത്. പക്ഷേ അതും വിജയിച്ചില്ല. 38 റണ്‍സുമായി ദ്രാവിഡ് പുറത്തായ ശേഷം മൂന്നാം നമ്പറില്‍ ക്യാപ്‌റ്റനാണ് വന്നത്. ലങ്കന്‍ സ്‌പിന്നര്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ അവസരം നല്‍കാതെയാണ് ഇരുവരും കളിച്ചത്. രണ്ടാം വിക്കറ്റില്‍ ഇവര്‍ നേടിയ 110 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌ക്കോറിലേക്ക് നയിച്ചത്.
സച്ചിന്‍ 90 കളില്‍ നില്‍ക്കുമ്പോള്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സങ്കക്കാര അജാന്ത മെന്‍ഡിസിന് പന്ത് നല്‍കി. പക്ഷേ ഒരു തരത്തിലും കീഴടങ്ങാന്‍ ഭാവമില്ലാതെ സച്ചിന്‍ സെഞ്ച്വറിയിലെത്തി. കനത്ത ചൂടില്‍ തളര്‍ന്ന സച്ചിന് റണ്ണറായി ദ്രാവിഡ് വന്നത് ഇന്ത്യന്‍ ക്യാമ്പിലെ ആത്മവിശ്വാസത്തിനുളള തെളിവായി. അതിനിടെ ധോണി മടങ്ങിയിരുന്നു. പകരമെത്തിയ യുവരാജ് തന്റെ സ്വതസിദ്ധമായ ഷോട്ടുകള്‍ പായിക്കാന്‍ അല്‍പ്പം സമയമെടുത്തു. 71 റണ്‍സാണ് സച്ചിന്‍-യുവരാജ് സഖ്യം നേടിയത്. മെന്‍ഡിസിന്റെ ഓരോവറില്‍ സിക്‌സറും റിവേഴ്‌സ് സ്വീപ്പിലൂടെ രണ്ട് ബൗണ്ടറികളും നേടിയ സച്ചിന്‍ മറ്റൊരു സ്വിപ്പിനുളള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പകരം വന്ന യൂസഫ് പത്താനും റൈനക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.
ഇന്ത്യന്‍ വെല്ലുവിളിയെ സ്വീകരിക്കാന്‍ ആക്രമണ ബാറ്റിംഗ് മാത്രമായിരുന്നു ലങ്കന്‍ പ്രതിവിധി. സനത് ജയസൂര്യയും തിലകരത്‌നെ ദില്‍ഷാനും അത് തന്നെയാണ് ചെയ്‌തത്. ഞെട്ടിക്കുന്ന തുടക്കമാണ ഇവര്‍ സ്വന്തം ടീമിന് നല്‍കിയത്. സച്ചിന്‍ കളിച്ചത് പോലെ സ്വതന്ത്രമായ ഷോട്ടുകളില്‍ സനത് ജയസൂര്യയും ദില്‍ഷാനും കളം വാണു. ഗ്യാലറികളുടെ നിറഞ്ഞ പിന്തുണയിലാണ് ഇരുവരും കളിച്ചത്. ഇന്ത്യന്‍ സീമര്‍മാരായ ആശിഷ്‌നെഹ്‌റയും ആര്‍.പി സിംഗും അടി ചോദിച്ചു വാങ്ങിയപ്പോള്‍ സ്‌ക്കോര്‍ കുത്തനെ ഉയര്‍ന്നു. രണ്ട് പേസര്‍മാരും ചേര്‍ന്ന് 60 റണ്‍സ് നല്‍കിയപ്പോള്‍ ധോണി ഹര്‍ഭജന്‍ സിംഗിനെ വിളിച്ചു. ഈ നീക്കമാണ് ഗുണം ചെയ്‌തത്. സ്ലിപ്പിലും ലെഗ് സ്ലിപ്പിലും ഫീല്‍ഡറെ നിര്‍ത്തി ഓഫ് സ്‌പിന്‍ ബൗളിംഗിന്റെ സൗന്ദര്യമാണ് ബാജി കാഴ്‌ച്ചവെച്ചത്. ബാജിയെ ബഹുമാനിക്കാന്‍ മടിച്ച ദില്‍ഷാന്‍ പെട്ടെന്ന് പുറത്തായി. അടുത്ത ഓവറില്‍ മുന്‍ നായകന്‍ മഹേല ജയവര്‍ദ്ധനയും പുറത്തായപ്പോള്‍ റണ്‍ നിരക്കിനെ അത് ബാധിക്കുമെന്നാണ് കരുതിയത്. പക്ഷേ ജയസൂര്യ വിടാന്‍ ഭാവമുണ്ടായിരുന്നില്ല. അദ്ദേഹം കൂറ്റന്‍ ഷോട്ടുകള്‍ തുടര്‍ന്നു. ബാജിക്ക് പിച്ച് നല്‍കിയ പിന്തുണയില്‍ ധോണി യൂസഫ് പത്താന് പന്ത് നല്‍കി. ആദ്യ ഓവറില്‍ യൂസഫ് ജയസൂര്യയെ പുറത്താക്കിയത് ഇന്ത്യക്ക് വലിയ നേട്ടമായി.
സനതിന് പിറകെ വന്നത് കൂറ്റനടിക്കാരനായ തിലാന്‍ തുഷാര. വന്നയുടന്‍ മൂന്ന് ബൗണ്ടറികള്‍. പക്ഷേ ആയുസ് കുറവായിരുന്നു. മറുഭാഗത്ത് സങ്കക്കാര ഉറച്ചുനിന്നു. ആഞ്ചലോ മാത്യൂസിനും വലിയ ഷോട്ടുകള്‍ക്ക് കഴിഞ്ഞില്ല. പക്ഷേ കാന്‍ഡാംബി സങ്കക്കാരക്ക് ഉറച്ച പിന്തുണ നല്‍കിയത് ഇന്ത്യയെ നിരാശപ്പെടുത്തി. അതിനിടെ ദയനീയമായ ഫീല്‍ഡിംഗും ഇന്ത്യ നടത്തി. കാന്‍ഡാംബി തളികയിലെന്നോണം നല്‍കിയ ക്യാച്ച് യൂസഫ് നിലത്തിട്ടു. ലങ്കയുടെ നിര്‍ഭാഗ്യത്തിന് സങ്കക്കാര പുറത്തായതോടെ ഇന്ത്യക്ക് ജീവന്‍ തിരിച്ചുകിട്ടി. മികച്ച ഫോമില്‍ കളിച്ച സങ്കയുടെ കൈകളില്‍ നിന്നും ബാറ്റ് വഴുതി സ്‌റ്റംമ്പില്‍ പതിക്കുകയായിരുന്നു. ഈ ഭാഗ്യം പക്ഷേ ഇന്ത്യ ഉപയോഗപ്പെടുത്തിയില്ല. കാന്‍ഡാംബിയും കപ്പുഗുഡേരയും ചെറുത്തുനില്‍പ്പ് തുടര്‍ന്നു. ഈ സഖ്യം അപകടകരമായി വന്നപ്പോള്‍ റൈനയെ ധോണി വിളിച്ചു. ഇത് ഭാഗ്യമായി. കപ്പുഗുഡേര പുറത്ത്. പക്ഷേ കാന്‍ഡാംബി വിട്ടുകൊടുത്തില്ല. ബാജിയുടെ അവസാന വരവില്‍ 66 റണ്‍സുമായി യുവതാരം പുറത്തായപ്പോഴാണ് ഇന്ത്യ ശ്വാസം നേരെ വിട്ടത്.
സ്‌ക്കോര്‍ക്കാര്‍ഡ്
ഇന്ത്യ. ദ്രാവിഡ്-സി-ദില്‍ഷാന്‍-ബി-ജയസൂര്യ-39, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്-138, ധോണി-സി-കാന്‍ഡാംബി-ബി-മാലിങ്ക-56, യുവരാജ് സിംഗ്-നോട്ടൗട്ട്-56, യൂസഫ്-സി-കപ്പുഗുഡേര-ബി-തുഷാര-0, റൈന-സി-കുലശേഖര-ബി-തുഷാര-8, കോഹ്‌ലി-നോട്ടൗട്ട്-2, എക്‌സ്‌ട്രസ്-20, ആകെ അഞ്ച് വിക്കറ്റിന് 319. വിക്കറ്റ് പതനം: 1-95 (ദ്രാവിഡ്), 2-205 (ധോണി), 3-276 (സച്ചിന്‍), 4-277 (യൂസഫ്), 5-302 (റൈന). ബൗളിംഗ്: കുലശേഖര 8-0-38-0, തുഷാര 1-0-71-2, മാലിങ്ക 10-0-81-1, മെന്‍ഡിസ് 10-0-70-1, സനത് 9-0-43-1, മാത്യൂസ് 3-0-15-0.
ലങ്ക: ദില്‍ഷാന്‍-ബി-ഹര്‍ഭജന്‍-42, സനത്-സി-നെഹ്‌റ-ബി-യൂസഫ്-36, മഹേല-സി ആന്‍ഡ് ബി-ഹര്‍ഭജന്‍-1, സങ്കക്കാര-ഹിറ്റ് വിക്കറ്റ്-ബി- ആര്‍.പി സിംഗ്-33, തുഷാര-ബി-ഇഷാന്ത്-15, മാത്യൂസ്-സി-റൈന-ബി-യുവരാജ്-14, കാന്‍ഡാംബി--ബി-ഹര്‍ഭജന്‍-66, കപ്പുഗുഡേര-സിധോണി-ബി-റൈന-35, കുലശേഖര-നോട്ടൗട്ട്-9, മാലിങ്ക-സി ആന്‍ഡ് ബി-ഹര്‍ഭജന്‍-0, മെന്‍ഡിസ്-സ്‌റ്റംമ്പ്‌ഡ് ധോണി-ബി-ഹര്‍ഭജന്‍-7, എക്‌സ്‌ട്രാസ്-15, ആകെ 46.4 ഓവറില്‍ 273. വിക്കറ്റ് പതനം: 1-64 (ദില്‍ഷാന്‍), 2-76 (മഹേല), 3-85 (സനത്), 4-108 (തുഷാര), 5-131 (മാത്യൂസ്), 6-182 (സങ്ക), 7-252 (കപ്പുഗുഡേര), 8-264 (കാന്‍ഡാംബി), 9-264 (മാലിങ്ക), 10-273 (മെന്‍ഡിസ്). ബൗളിംഗ്: നെഹ്‌റ-7-0-43-0, ഇഷാന്ത് 7-0-51-1, ആര്‍.പി സിംഗ് 5-0-34-1, ഹര്‍ഭജന്‍ 9.4-0-56-5, യൂസഫ് 4-0-36-1, യുവരാജ് 6-0-24-1,റൈന 8-0-26-1.
നോയല്‍ അന്തരിച്ചു
കൊല്‍ക്കത്ത: സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ അല്‍പ്പദിവസം മുമ്പ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ കിരീടനേട്ടത്തില്‍ കലാശിച്ച ഐ.എഫ്.എ ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇ.എസ്.പി.എന്ന് വേണ്ടി കളി പറഞ്ഞ പ്രശസ്‌ത കമന്റേറ്റര്‍ നോയല്‍ ഡി ലാമ (51) ഹൃദയസ്‌തംഭനം മൂലം അന്തരിച്ചു. കൊല്‍ക്കത്തയിലെ ഹയാത്ത് റിജന്‍സി ഹോട്ടലില്‍ വെച്ചായിരുന്നു അന്ത്യം. ഞായറാഴ്‌ച്ച കിടന്നുറങ്ങിയ നോയലിനെ തിങ്കളാഴ്‌ച്ച രാവിലെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇ.എസ്.പി.എന്നില്‍ ഗൗതം ഭീമാനിക്കൊപ്പമാണ് നോയല്‍ കളി പറഞ്ഞിരുന്നത്. 1996 ല്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് എത്തിയത് മുതല്‍ ഫുട്‌ബോള്‍ കമന്റേറ്ററായി നോയല്‍ രംഗത്തുണ്ടായിരുന്നു.
അമ്മയാണ് സത്യം
ന്യൂയോര്‍ക്ക്: അമ്മയാണ് സത്യം-കിം ക്ലൈസ്‌റ്റേഴ്‌സാണ് യു.എസ് ഓപ്പണിലെ വനിതാ ചാമ്പ്യന്‍..! ഒന്നര വയസ്സുകാരിയുടെ അമ്മയാണ് ക്ലൈസ്റ്റേഴ്‌സ്. ഇവിടെ കളിച്ചത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി. പക്ഷേ ഒന്നിന് പിറകെ ഒന്നായി എല്ലാ വമ്പത്തിമാരെയും തകര്‍ത്തെറിഞ്ഞ് ക്ലൈസ്റ്റേഴ്‌സ് സ്വപ്‌നയാത്ര പൂര്‍ത്തിയാക്കിയിരിക്കുന്നു... 1980 ന് ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ അമ്മയാണ് ക്ലൈസ്‌റ്റേഴ്‌സ്. 2007 ലാണ് ഈ സുന്ദരി കളം വിട്ടത്. ചെറിയ പ്രണയവും പിന്നെ വിവാഹവും. വിവാഹിതയായ ശേഷം വെറുതെ നാടകങ്ങള്‍ക്ക് നിന്നില്ല. കളിക്കളം വിട്ടു. ഗര്‍ഭിണിയായി-ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒന്നര വര്‍ഷത്തോളം മോളുടെ പ്രിയപ്പെട്ട അമ്മയായി റാക്കറ്റ് തൊട്ടതേയില്ല. പതുക്കെ കളിക്കളത്തിലേക്ക് മടങ്ങാന്‍ ഊര്‍ജ്ജം നല്‍കിയത് ഭര്‍ത്താവ്. അങ്ങനെ മൂന്ന് മാസം മുമ്പാണ് പരിശീലനം തുടങ്ങിയത്. ചെറിയ ചില ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു. പക്ഷേ കാര്യമായ നേട്ടമുണ്ടായില്ല. ഇവിടെ വന്നത് കിരീടം നേടാനായിരുന്നില്ല. കളിക്കാന്‍ മാത്രമായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്നപ്പോള്‍ കാണികള്‍ കൈവിട്ടില്ല. ഓരോ മല്‍സരം കഴിയും തോറും ക്ലൈസ്‌റ്റേഴ്‌സിന്റെ അനുഭവസമ്പത്താണ് ഫ്‌ളെഷിംഗ് മെഡോയില്‍ കണ്ടത്. വീനസ്‌് വില്ല്യംസിനെയും സറീന വില്ല്യംസിനെയും വീഴ്‌ത്തി ഫൈനലിലെത്തിയ താരം കലാശപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചത് ടീനേജുകാരി ഡെയിന്‍ കരോലിന്‍ വോസനിസ്‌ക്കിയെ. സ്‌ക്കോര്‍ 7-5, 6-3. ഇത്രയൊന്നും പ്രതിക്ഷിച്ചിരുന്നില്ലെന്ന് ജാഡകളില്ലാതെ സൂപ്പര്‍ അമ്മ പറഞ്ഞു. 27 മാസമായി കളിക്കളത്തില്‍ ഇല്ല. പതുക്കെ രംഗത്ത് വരാമെന്നാണ് കരുതിയത്. മൂന്ന് ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുക. താളം വീണ്ടെടുക്കുക. അതായിരുന്നു ലക്ഷ്യം. പക്ഷേ ഇവിടെ കാര്യങ്ങളെല്ലാം അനുകൂലമായി. നല്ല താളം കിട്ടി. നല്ല പന്തുണ കിട്ടി-ഇപ്പോഴും ലോക റാങ്കിംഗ് പട്ടികയില്‍ ഇല്ലാത്ത താരത്തിന്റെ വാക്കുകള്‍. എന്തായാലും പുതിയ റാങ്കിംഗ് വരുമ്പോള്‍ ക്ലൈസ്‌റ്റേഴ്‌സ് ആദ്യ ഇരുപതിനകത്ത് വരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്നലെ കിരീടം സ്വന്തമാക്കിയ അമ്മക്കൊപ്പം പതിനെട്ട് മാസം പ്രായമുള്ള ജാഡ എന്ന കുഞ്ഞുകുട്ടിയുമുണ്ടായിരുന്നു. അമ്മക്കൊപ്പം ആഹ്ലാദം പങ്കിട്ടാന്‍ ജാഡ മൈതാനത്ത് എത്തി. ക്യാമറകള്‍ക്ക് മുന്നില്‍ ചിരിച്ചു കൊണ്ട് പോസ് ചെയ്‌തു. 1980 ലാണ് അവസാനമായി അമ്മായ ഒരു താരം ഗ്രാന്‍ഡ് സ്ലാമില്‍ മുത്തമിട്ടത്. ലോകം ഭരിച്ചു നടന്ന ക്രിസ് എവര്‍ട്ട് ലോയിഡിനെ അന്ന് തോല്‍്‌പ്പിച്ച അമ്മ ഇവോന്‍ ഗൂലാഗോംഗ്‌കാവ് ലിയായിരുന്നു.
അമേരിക്കക്കാരുടെ ഇഷ്ടതാരങ്ങളായ സറീനെയയും വീനസിനെയും തോല്‍പ്പിച്ചു വന്ന ക്ലൈസ്റ്റേഴ്‌സിന് തന്നെയായിരുന്നു ഫൈനലില്‍ വ്യക്തമായ മുന്‍ത്തൂക്കം. മഴയും കാറ്റുമെല്ലാമായി ഇത്തവണ യു.എസ് ഓപ്പണ്‍ സംഭവ ബഹുലമായെങ്കില്‍ അതിനൊത്ത ബഹുമതിയാണ് ക്ലൈസ്റ്റേഴ്‌സ് നേടിയിരിക്കുന്നത്. നിലവിലെ ജേത്രിയായിരുന്ന സറീനക്കാണ് എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്. ആ സറീനയെ സെമിയില്‍ തകര്‍ത്ത ക്ലൈസ്‌റ്റേഴ്‌സിന് മുന്നില്‍ ഫൈനല്‍ കളിച്ച ഒമ്പതാം സീഡ് താരമായ വോസനിസ്‌ക്കി ആദ്യ സെറ്റില്‍ കേമന്‍ പോരാട്ടം തന്നെ നടത്തി. ക്ലൈസ്‌റ്റേഴ്‌സ് തുടര്‍ച്ചായ പിഴവുകള്‍ വരുത്തിയപ്പോള്‍ വോസനിസ്‌ക്കി ചിരിച്ചു. ഒന്നാം സെറ്റില്‍ 5-4ന് ലീഡ് നേടിയ വോസനിസ്‌ക്കിക്ക് പക്ഷേ ആ സമ്മര്‍ദ്ദം നിലനിര്‍ത്തി ജയിക്കാന്‍ കഴിഞ്ഞില്ല. 2005 ല്‍ ഇവിടെ കിരീടം ഉയര്‍ത്തിയ ക്ലൈസ്‌്‌്‌റ്റേഴ്‌സ് രണ്ടാം സെറ്റില്‍ ആധികാരികമായി തന്നെ കളച്ചു.
വിജയമുറപ്പിച്ച നിമിഷത്തില്‍ മൈതാനത്തെ ചുംബിച്ച ക്ലൈസ്‌റ്റേഴ്‌സ് ഒരു നിമിഷം സ്വയം മറന്നു. പിന്നെ കുടുംബത്തിനരികിലേക്ക്. 2005 ല്‍ ഞാന്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞതിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇവിടെ ഒന്നാം റൗണ്ട് മുതല്‍ കാണികള്‍ നല്‍കിയ പിന്തുണയാണ് എനിക്ക് ജീവനായത്. എല്ലാവരും എന്നെ തുണച്ചു. അവരുടെ കരുത്തിലാണ് ഞാന്‍ മുന്നേറിയത്. ഈ വിജയം കാണികള്‍ക്കുള്ളതാണെന്നും ക്ലൈസ്‌റ്റേഴ്‌സ് പറഞ്ഞു.
അഛ്‌ഛനാണ് സത്യം
ന്യൂയോര്‍ക്ക്: ഫ്‌ളെഷിംഗ് മെഡോയില്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത് ഒന്നര വയസ്സുകാരിയുടെ അമ്മയായ കിം ക്ലൈസ്‌റ്റേഴ്‌സാണെങ്കില്‍ പുരുഷ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കിയത് മൂന്ന് വയലസ്സുകാരി അയാനയുടെ പിതാവായ ലിയാന്‍ഡര്‍ പെയ്‌സ്. ചെക്ക് റിപ്പബ്ലിക്കല്‍ നിന്നുളള കൂട്ടുകാരന്‍ ലുകാസ് ഡോള്‍ഫിക്കൊപ്പം പെയ്‌സ് തോല്‍പ്പിച്ചത് തന്റെ പഴയ സുഹൃത്തും പങ്കാളിയുമായ മഹേഷ് ഭൂപതി-മാര്‍ക്ക് നോളസ് സഖ്യത്തെ. സ്‌ക്കോര്‍ 3-6, 6-3, 6-2. ഇന്ത്യക്കാരുടെ ഫൈനലായി വിശേഷിപ്പിക്കപ്പെട്ട മല്‍സരത്തിന്റെ ആവേശത്തിനൊപ്പം കാണികളും ഉയര്‍ന്നപ്പോള്‍ മൂന്ന് മണിക്കൂറോളം മൈതാനം ശബ്‌ദ മുഖരിതമായി. മല്‍സരം കാണാന്‍ ലിയാന്‍ഡറിന്റെ ഭാര്യ റിയാ പിള്ളയും മൂന്ന് വയസ്സുകാരിയായ അയാനയുമെല്ലാമുണ്ടായിരുന്നു. ഇന്ത്യന്‍ ടെന്നിസിന് ലോകോത്തര വിലാസം സമ്മാനിച്ച പെയ്‌സ് ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വന്തമാക്കുന്ന പതിനൊന്നാമത് ഡബിള്‍സ് കിരീടമാണിത്. പല പങ്കാളികള്‍ക്കൊപ്പം ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും കരുത്ത് പ്രകടിപ്പിച്ച വെറ്ററന്‍ താരം അറ്റ്‌ലാന്റ ഒളിംപിക്‌്‌സില്‍ ഇന്ത്യക്ക് വെങ്കലവും സമ്മാനിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ഭൂപതിക്കൊപ്പമായിരുന്നു പെയ്‌സ് കളിച്ചത്. നിരവധി കിരീടങ്ങളും ഈ സഖ്യം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങി. തുടര്‍ന്നാണ് കൂട്ടുകെട്ട് മാറിയത്. ബോളിവുഡ് താരമായ റിയാ പിള്ളയാണ് പെയ്‌സിന്റെ ഭാര്യ. സഞ്‌ജയ് ദത്തിനെ വിവാഹം ചെയ്‌തിരുന്ന റിയാ ആ ബന്ധം വേര്‍പ്പെടുത്തിയാണ് പെയ്‌സിനൊപ്പമെത്തിയത്. ഈ ദമ്പതികളുടെ മകളാണ് അയാന. അയാന തന്റെ ജീവിതത്തിലേക്ക്‌് വന്നതാണ് നേട്ടങ്ങള്‍ക്കെല്ലാം കാരണമെന്ന് ഇന്നലെയും പെയ്‌സ് പറഞ്ഞു.
യൂറോപ്യന്‍ ലീഗുകള്‍
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ടിലും സ്‌പെയിനിലും പ്രമുഖ ക്ലബുകള്‍ തന്നെ മുന്നില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും സ്‌പെയിനില്‍ ബാര്‍സിലോണയും റയല്‍ മാഡ്രിഡും മുന്നേറുമ്പോള്‍ ഇറ്റലിയില്‍ ജിനോവയാണ് മുന്നിട്ട്‌് നില്‍ക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ അഞ്ച് മല്‍സരങ്ങള്‍ മിക്ക ടീമുകളും പിന്നിട്ടപ്പോള്‍ ചെല്‍സി എല്ലാ മല്‍സരങ്ങളിലും വിജയവുമായി 15 പോയന്റ് നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ച വരെ ചെല്‍സി ടോട്ടന്‍ഹാമിനൊപ്പം ലീഡ് പങ്കിടുകയായിരുന്നു. എന്നാല്‍ ടോട്ടന്‍ പിറകിലായതോടെ ചെല്‍സി ഒറ്റക്ക് തന്നെ മുന്നിലെത്തി. 12 പോയന്റ്‌് വീതം നേടി നിലവിലെ ചാമ്പ്യനമാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനും പിറകിലുണ്ട്. ഞായറാഴ്‌ച്ച നടന്ന മല്‍സരങ്ങളില്‍ ഫുള്‍ഹാം സ്വന്തം മൈതാനത്ത് 2-1ന് എവര്‍ട്ടണിനെയും ആസ്‌റ്റണ്‍വില്ല എവേ മല്‍സരത്തില്‍ ബിര്‍മിംഗ് ഹാം സിറ്റിയെയും പരാജയപ്പെടുത്തിയിരുന്നു. അതിനിടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം അബിദേയര്‍ വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. തന്റെ മുന്‍ ക്ലബായ ആഴ്‌സനലിനെതിരായ മല്‍സരത്തിനിടെ കാണികളോട് വഴിവിട്ട രീതിയില്‍ അബിദേയര്‍ പെരുമാറിയെന്ന പരാതി ഇംഗ്ലീഷ് എഫ്.എ പരിശോധിക്കുന്നുണ്ട്.
സ്‌പെയിനില്‍ എല്ലാ ടീമുകളും രണ്ട് മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ട പോലെ ബാര്‍സിലോണയും റയല്‍ മാഡ്രിഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും ആറ് പോയന്റുണ്ട്. പക്ഷേ ഗോള്‍ ശരാശരിയുടെ മികവില്‍ ഒന്നാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്മാരായ ബാര്‍സയാണ്. പോയ വാരത്തിലെ മല്‍സരങ്ങളില്‍ റയല്‍ മൂന്ന് ഗോളിന് എസ്‌പാനിയോളിനെ തോല്‍പ്പിച്ചപ്പോള്‍ ബാര്‍സ രണ്ട് ഗോളിന് ഗറ്റാഫെക്കെതിരായ ഏവേ മല്‍സരം നേടി. റയലിന്റെ മല്‍സരത്തില്‍ ഗ്രനാരി (39), ഗുട്ടി (78),റൊണാള്‍ഡോ (91) എന്നിവരാണ് ഗോളുകള്‍ നേടിയത്. ബാര്‍സക്കായി ഇബ്രാഹീമോവിച്ച് (66), ലയണല്‍ മെസി (80) എന്നിവരാണ് സ്‌ക്കോര്‍ ചെയ്‌തത്.
ഇറ്റലിയില്‍ അധികമാര്‍ക്കുമറിയാത്ത ജിനോവയാണ് മുന്നില്‍. എല്ലാ ടീമുകളും മൂന്ന് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജിനോവ ഒമ്പത് പോയന്റുമായി ഒന്നാമതാണ്. യുവന്തസ്, സാംപദോറിയോ എന്നിവര്‍ക്കും ഒമ്പത് പോയന്റുണ്ട്. നിലവിലെ ജേതാക്കളായ ഇന്റര്‍ മിലാന്‍ ഏഴ് പോയന്റുമായി നാലാമതാണ്. ശക്തരാ ഏ.സി മിലാന്‍ നാല് പോയന്റുമായി പത്താമതാണ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ശക്തരായ നാപ്പോളിയെ 4-1 നാണ് ജിനോവ കശക്കിയത്. ഹെര്‍നാന്‍ ക്രെസ്‌പോ എന്ന മുന്‍ അര്‍ജന്റീനിയന്‍ താരമായിരുന്നു മല്‍സര ഹീറോ. സാമുവല്‍ ഇറ്റോ, മിലിഷ്യോ എന്നിവരുടെ ഗോളുകളില്‍ ഇന്റര്‍ പാര്‍മയെ തോല്‍പ്പിച്ചു. ഡേവിഡ് ട്രസിഗെ, സിസാറസ് എന്നിവരുടെ ഗോളുകളില്‍ യുവന്തസ,് ലാസിയോയെ പരാജയപ്പെടുത്തി.
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന മല്‍സരങ്ങള്‍ ഇവയാണ്: അത്‌ലറ്റികോ മാഡ്രിഡ്-അപോല്‍ നികോഷ്യ, ബെസ്‌ക്കിറ്റാസ്-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്, ചെല്‍സി-എഫ്.സി പോര്‍്‌ട്ടോ, എഫ്.സി സൂറിച്ച്-റയല്‍ മാഡ്രിഡ്, യുവന്തസ്-ബോറോഡോക്‌സ്, മക്കാബി ഹൈഫ-ബയേണ്‍ മ്യൂണിച്ച്, മാര്‍സലി-ഏ.സി മിലാന്‍, വോള്‍ഫ്‌സ് ബര്‍ഗ്-സി.എസ്.കെ.എ മോസ്‌ക്കോ
4 comments:
ഇതാ ഫൈനലിലും തകര്‍പ്പന്‍ സെഞ്ച്വറി!
മനോരമയിലെ വാചകം... ഫൈനലിലെ പരാജയം എന്ന വിമര്‍ശകര്‍ നല്കിയ ദുഷ്പേര് മാറ്റി എന്ന്...
ഇന്ത്യ 1998 നു ശേഷം ആണ് ശ്രീലങ്കയില്‍ സീരീസ് ജയിക്കുന്നത് എന്നും എഴുതിയിട്ടുണ്ട്... എന്നാല്‍ ആ സീരീസ് ഫൈനലിലും സെഞ്ച്വറി നേടി ഇന്ത്യയെ ജയിപ്പിച്ചത് സച്ചിന്‍ ആണ്!
സിന്ഗേര്‍ അകായ് നിധിഹാസ് ട്രോഫി ഫൈനല്‍!
ഇന്നു അടിച്ചത് സച്ചിന്‍ ടൂര്‍ണമെന്റ് ഫൈനലില്‍ നേടുന്ന ആറാമത്തെ സെഞ്ച്വറി ആണ്...
അത് ഒരു ലോക രേകോര്‍ഡും ആണ്! എന്നിട്ടും "ഫൈനലില്‍ കളിക്കുന്നില്ലാ" പോലും...
ആകെ സെഞ്ച്വറികള്‍ 44,
കഴിഞ്ഞ 4 കളികളില്‍ 2 സെഞ്ച്വറികള്‍ !
ഇനിയും സച്ചിന്‍ എന്തൊക്കെ തെളിയിക്കണം ഇവന്മാരുടെ വായടയ്ക്കാന്‍ ?...
ഈ പോസ്റ്നു നന്ദി !
Good post..just to add..Another "new father" Federer lost to the sensational Argentinian DelPotro who played with a big heart.But the 'shot-between-legs' which Federer himself calls "the best shot of my life" itself testifies the genius in him..The heading "Achanane Sathyam" applies to him also :)...thanks for the post again
thanku very much-sachn is really great
thanks-sachin is great
Post a Comment