തേര്‍ഡ് ഐ
ലോക ഫുട്ബോളിനെ ഭരിക്കുന്ന ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇന്നലെ പ്രധാന തലക്കെട്ടുകളില്‍ നിറഞ്ഞത് ഇന്ത്യയുടെ നെഹ്റു കപ്പ് വിജയമായിരുന്നു. Matured India retain Nehru Cup എന്നതായിരുന്നു തലക്കെട്ട്. ഫിഫയുടെ വെബ്്സൈറ്റില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ഫുട്ബോള്‍ വിജയവാര്‍ത്ത തലക്കെട്ടില്‍ വരുന്നത്. പക്വതയാര്‍ന്ന ഇന്ത്യ നെഹ്റു കപ്പ് നിലനിര്‍ത്തി എന്ന തലവാചകത്തില്‍ മാത്രമല്ല റിപ്പോര്‍ട്ടിലുടനീളം ഇന്ത്യന്‍ ഫുട്ബോളിലെ മാറ്റമാണ് പ്രസക്തവിഷയമായി വന്നിരിക്കുന്നത്. സിറിയ എന്ന ശക്തരായ പ്രതിയോഗികള്‍ 2011 ലെ ഏഷ്യാകപ്പില്‍ കളിക്കാനുള്ള യോഗ്യതാ മല്‍സരങ്ങള്‍ക്കുളള മുന്നൊരുക്കമെന്ന നിലയിലാണ് നെഹ്റു കപ്പിനെത്തിയത്. തുടക്കം മുതല്‍ എല്ലാ മല്‍സരങ്ങളും വിജയിച്ച അവരെ അവസാന മല്‍സരത്തില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യ പക്വതയാണ് ആയുധമാക്കിയത് എന്നതാണ് സത്യം. ഇവിടെയാണ് അനുഭവസമ്പന്നായ കോച്ചിന്റെ ആവശ്യകതയുടെ പ്രാധാന്യം. ഇന്ത്യന്‍ ടീമിന്റെ അമരത്ത് നമ്മുടെ പരിശീലകരായ നയിമുദ്ദീനോ, പി.കെ ബാനര്‍ജിയോ ആയിരുന്നെങ്കില്‍ ടീം തോറ്റമ്പുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കാരണം പരമ്പരാഗത സോക്കറിന്റെ വക്താക്കളാവാന്‍ മാത്രമേ ഇന്ത്യന്‍ പരിശീലകര്‍ക്ക് കീഴില്‍ ടീമിനാവു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ലെബനോണ് മുന്നില്‍ തോറ്റാണ് ഇന്ത്യ തുടങ്ങിയത്. നിലവിലെ ചാമ്പ്യന്മാര് എന്ന നിലയില്‍ ആദ്യ മല്‍സരം തോല്‍ക്കുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികം. കോച്ചിനെതിരെ വിമര്‍ശനങ്ങളും വരും. ഇന്ത്യന്‍ കോച്ചാണെങ്കില്‍ അപ്പോള്‍ തന്നെ പ്രതിരോധ തന്ത്രം സ്വീകരിക്കും. സ്വന്തം സ്ഥനം ഉറപ്പിക്കാന്‍ ഡിഫന്‍സീവ് സോക്കറിന് പിറകില്‍ പോവും. പക്ഷേ ബോബ് ഹൂട്ടണ് അതിന് തയ്യാറായില്ല. കിര്‍ഗിസ്ഥാനെതിരായ രണ്ടാം മല്‍സരത്തിലും അദ്ദേഹം ആക്രമണത്തിനാണ് ആഹ്വാനം നല്‍കിയത്. ലങ്കക്കെതിരായ മൂന്നാം മല്‍സരത്തിലും തന്ത്രം മാറ്റിയില്ല. സിറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തിലും പ്രതിരോധത്തിന്റെ പരമ്പരാഗത ഏഷ്യന്‍ മുഖം തേടി പോയില്ല ഹൂട്ടണ്. ഫൈനലില്‍ എല്ലാവരും സാധ്യത കല്പ്പിച്ചിരുന്നത്് സിറിയക്കായിരുന്നു. ആ മല്‍സരത്തിലും ആദ്യ മിനുട്ട് മുതല്‍ ഇന്ത്യ ആക്രമണത്തിലായിരുന്നു. കിക്കോഫില്‍ നിന്ന് തന്നെ ബൂട്ടിയ കുതിച്ചുകയറിയത് ഇന്ത്യന്‍ നയത്തിന്റെ പ്രഖ്യാപനമായിരുന്നു. അവിടെ പതറിയിരുന്നു സിറിയ. ചൈന, ഉസ്ബെക്കിസ്ഥാന് തുടങ്ങിയ വലിയ ടീമുകളെ പരിശീലിപ്പിച്ച് പരിചയമുണ്ട് ഹൂട്ടണ്. രാജ്യാന്തര തലത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ അദ്ദേഹത്തിന് നന്നായറിയാം.
സുബ്രതോ പാല് എന്ന ഗോള്‍ക്കീപ്പറാണ് ഇന്ത്യയെ വിജയിപ്പിച്ചതെങ്കില്‍ ആ ഗോള്‍ക്കീപ്പറെ ഈ ചാമ്പ്യന്‍ഷിപ്പിലേക്ക് നയിച്ചത് ഹൂട്ടണായിരുന്നു. ആര്‍ക്കും വേണ്ടാത്ത ഗോള്‍ക്കീപ്പറായിരുന്നു സുബ്രതോ. ഒരു സീസണില്‍ മങ്ങിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ പോലും ഗോള്‍ക്കീപ്പറെ എഴുതിത്തള്ളിയിരുന്നു. പക്ഷേ പരിശീലനത്തിന് ഹൂട്ടണ് ക്ഷണിച്ച ഗോള്‍ക്കീപ്പര്‍മാരില്‍ വ്യക്തമായ ആന്റിസിപ്പേഷനും ടാലന്റും സുബ്രതോക്കായിരുന്നു. ആ മികവിലാണ് അദ്ദേഹത്തെ ടീമിലെടുത്തതും. റെനഡിസിംഗിനെയും എല്ലാവരും മറന്നപ്പോള്‍ ഹൂട്ടണ് അദ്ദേഹത്തെ പരിഗണിച്ചു. ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ലാതിരുന്ന റെനഡിയാണ് ഫൈനലില്‍ അതിമനോഹരമായ ഫ്രികിക്ക് ഗോള്‍ കരസ്ഥമാക്കിയത്. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസിനിടെ ഹൂട്ടണുമായി ദീര്‍ഘസമയം സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. സ്പോര്‍ട്സ് ചന്ദ്രികക്ക് വേണ്ടി ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ ഗെയിംസില്‍ ഫുട്ബോള്‍ മെഡല്‍ തേടി ഇന്ത്യയുണ്ടായിരുന്നു. ഏഷ്യയിലെ വലിയ ടീമുകള്‍ക്കൊപ്പം കളിക്കാന്‍ ലഭിക്കുന്ന അവസരത്തിനാണ് അന്ന് ഹൂട്ടണ് മുന്‍ത്തൂക്കം നല്‍കിയത്. ഇന്ത്യയും ഇറാനും തമ്മിലുളള മല്‍സരത്തിന് മുമ്പ് അദ്ദേഹത്തെ വിളിച്ചപ്പോള്‍ ജയവും തോല്‍വിയുമല്ല ടീമിന് വേണ്ടത് രാജ്യാന്തര അനുഭവ സമ്പത്താണെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിക്കുകയായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചപ്പോള്‍, അതിന് ശേഷം ബൂട്ടിയയുമായി സംസാരിച്ചപ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ നേര്വഴിയിലേക്കാണെന്ന് അന്നത്തെ ഡയറിക്കുറിപ്പില്‍ കുറിച്ചിരുന്നു. അതാണിപ്പോള്‍ സത്യമായിരിക്കുന്നത്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. പക്ഷേ 2007 ല്‍ നെഹ്റുകപ്പില്‍ കിരീടം. 2008 ല്‍ ഏ.എഫ്.സി ചാലഞ്ച് കപ്പില്‍ കിരീടം-അത് വഴി 2011 ലെ ഏഷ്യാ കപ്പിലേക്ക് അവസരം. സിറിയ പോലെ വലിയ ഒരു ടീം ഇപ്പോഴും ഏഷ്യാ കപ്പിന്റെ വാതില്‍പ്പടിയില്‍ അവസരം തേടി നില്ക്കുമ്പോള് നമ്മുടെ വിജയത്തിന്റെ വില മഹത്തരമാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യ ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിക്കുന്നു. താരങ്ങള്‍ക്ക് എല്ലാവര്ക്കും പരസ്പരമറിയാം. സ്വന്തം പൊസിഷനുകളില്‍ മികവ് തെളിയിക്കുന്നതില്‍ എല്ലാവരും വിജയിച്ചിരിക്കുന്നു. സിറിയക്കെതിരെ ഫൈനലില്‍ 120 മിനുട്ടും തളരാതെ എല്ലാവരും പൊരുതി. അധികസമയത്ത് ഇന്ത്യക്ക് ലീഡ് നേടാനായി. പക്ഷേ അവസാനത്തില്‍ സമനില വഴങ്ങേണ്ടി വന്നപ്പോള്‍ ഷൂട്ടൗട്ടില്‍ ആ തളര്‍ച്ച പ്രകടമാവുമെന്നാണ് കരുതിയത്. അതുണ്ടായില്ല. ഷൂട്ടൗട്ടില്‍ റെനഡി സിംഗും മെഹ്റാജുദ്ദീന് വാദ്ദുവും കിക്കുകള്‍ പാഴാക്കിയപ്പോഴും ടീം തളര്‍ന്നില്ല.
ഈ ടീമിന് കൂടുതല്‍ അവസരങ്ങളാണ് ഇനി വേണ്ടത്. നിലവിലുളള ഇന്ത്യന്‍ സോക്കര്‍ കലണ്ടര്‍ പ്രകാരം ഇനി ഐ ലീഗ് മല്‍സരങ്ങളാണ്. ഐ ലീഗിന് മുമ്പ് ഐ.എഫ്.എ ഷീല്‍ഡും ഡ്യൂറാന്‍ഡ് കപ്പും നടക്കും. ആറ് മാസത്തോളം ഇന്ത്യന്‍ ഫുട്ബോളിനെ കൊല്ലുന്ന ചാമ്പ്യന്‍ഷിപ്പാണ് ഐ ലീഗ്. രാജ്യാന്തര തലത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ ടീമിന് ഇല്ല. ഐ ലീഗിന് വേണ്ടി വെറുതെ സമയം കളയുന്നതിന് പകരം ദേശീയ ടീമിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് തയ്യാറാവണം. വിദേശ പരിശീലനവും മല്‍സരങ്ങളും ടീമിന് കരുത്ത് മാത്രമല്ല ആത്മവിശ്വാസവും പ്രദാനം ചെയ്യും. ഹൂട്ടന്റെ സേവനത്തെ ചൂഷണം ചെയ്യുന്നതില്‍ ഫെഡറേഷന് വിജയിച്ചാല്‍ രക്ഷപ്പെടുന്നത് ഇന്ത്യന്‍ ഫുട്ബോളായിരിക്കും.
ഫിഫ റാങ്കിംഗില്‍ 95 ല്‍ നില്ക്കുന്ന രാജ്യമാണ് സിറിയ. ഏഷ്യയില്‍ പതിനൊന്നാം സ്ഥാനത്തും. ആ ടീമിനെയാണ് ആധികാരികമായി തോല്‍പ്പിക്കാനായത്. ഈ നേട്ടത്തിന്റെ കൊടുമുടിയില്‍ ഇന്ത്യന്‍ ഫുട്ബോളിനെ രക്ഷിക്കാന്‍ സ്പോണ്‍സര്‍മാരും ടെലിവിഷന്‍ കവറേജുമെല്ലാമുണ്ട്. ഇനി ഊര്‍ജ്ജം പകരേണ്ടത് ഫെഡറേഷനാണ്.
അംബേദ്ക്കര്‍ സ്റ്റേഡിയം-ഇന്ത്യയുടെ ഭാഗ്യവേദി
ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനും ഒരു വെംബ്ലി ലഭിച്ചിരിക്കുന്നു-ഡല്‍ഹിയിലെ അംബേദ്ക്കര്‍ സ്റ്റേഡിയം....! ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിന് പ്രിയപ്പെട്ട മൈതാനമാണ് വെംബ്ലി സ്റ്റേഡിയം. ഫ്രഞ്ചുകാര്‍ക്ക് പ്രിയങ്കരമാണ് പാരീസിലെ സ്റ്റഡെ ഡി ഫ്രാന്‍സ്, ബ്രസീലുകാര്‍ മറക്കില്ല മരക്കാന സ്റ്റേഡിയത്തെ. പക്ഷേ ഇത് വരെ ഇന്ത്യക്ക് അത്തരമൊരു ഭാഗ്യ വേദി ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തലസ്ഥാന നഗരിയിലെ അംബേദ്ക്കര്‍ മൈതാനം ഇന്ത്യന്‍ ടീമിന്റെ സ്വപ്ന വേദിയായിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇന്ത്യ സമ്പാദിച്ച മൂന്ന് രാജ്യാന്തര കിരീടങ്ങളും ഇവിടെ വെച്ചായിരുന്നു. 2007 ല്‍ നെഹ്റു കപ്പ്, 2008 ല്‍ ഏ.എഫ്.സി ചാലഞ്ച് കപ്പ്, ഇപ്പോഴിതാ വീണ്ടും നെഹ്റു കപ്പ്.
2006 മാര്‍ച്ച് 1 ന് ഇതേ മൈതാനത്ത് നടന്ന ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ യെമന്‍ ഇന്ത്യയെ തകര്‍ത്തിരുന്നു. ഈ മല്‍സരത്തോടെയാണ് നയിമുദ്ദീന് പരിശീലകസ്ഥാനം നഷ്ടമായതും ബോബ് ഹൂട്ടണ് വരുന്നതും. ഡ്യൂറാന്‍ഡ് കപ്പ് ഫുട്ബോളിനും സുബ്രതോ കപ്പ് സ്ക്കൂള് ഫുട്ബോളിനുമായി ഉപയോഗിച്ചിരുന്ന അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ ഫ്ളഡ്ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് 2006 ലായിരുന്നു. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡണ്ട് പ്രിയരഞ്ജന് ദാസ് മുന്‍ഷിയും പ്രത്യേക താല്‍പ്പര്യമെടുത്തപ്പോള്‍ കളിവിളക്കുകള്‍ അതിവേഗം തെളിഞ്ഞു. അങ്ങനെയാണ് നെഹ്റു കപ്പ് നടത്തിയത്. 2007 ല്‍ പുതിയ പ്രതലമൊരുക്കി മൈതാനം രാജ്യാന്തര വേദിയാക്കി. പക്ഷേ ഈ വര്‍ഷം സ്വതന്ത്ര്യദിന പരേഡ് ഇവിടെ നടത്തിയതിനാല്‍ പൂല്ലെല്ലാം ഇല്ലാതായി. മല്‍സരങ്ങളും ദുഷ്ക്കരമായി. ഏ.എഫ്.സി കപ്പ് മല്‍സരങ്ങള്‍ ഹൈദരാബാദിലായിരുന്നു ഷെഡ്യൂള്‍ ചെയ്തത്. അവിടെ കനത്ത മഴ കാരണം മല്‍സരങ്ങള്‍ അസാധ്യമായപ്പോഴാണ് അംബേദ്ക്കര്‍ സ്റ്റേഡിയം വേദിയായത്. നിറഞ്ഞ് കവിയുന്ന ഗ്യാലറികളാണ് ഈ മൈതാനത്ത് സോക്കര്‍ വളര്‍ത്തുന്നത്. ഈ വേദിയില്‍ കളിക്കാന്‍ ബൂട്ടിയക്കും സുനില്‍ ചേത്രിക്കും പ്രദീപിനുമൊന്നും ഒരിക്കലും മടിയില്ല.
റയല്‍ ജാഗ്രതൈ....
മാഡ്രിഡ്: കൃസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സാമയും കക്കയുടെയുമെല്ലാം പിന്‍ബലത്തില്‍ സ്പാനിഷ് ലീഗും യുവേഫ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കാമെന്ന മോഹമുളള റയല്‍ മാഡ്രിഡ് ജാഗ്രതൈ....! നിലവിലെ സ്പാനിഷ് ജേതാക്കളും യൂറോപ്യന്‍ ജേതാക്കുളമായ ബാര്‍സിലോണ ലീഗിലെ ആദ്യ മല്‍സരത്തില്‍ നടത്തിയ പ്രകടനവും ഗോള്‍ വേട്ടയും ഒരു സൂചനയാണെങ്കില്‍ റയല്‍ ഇത്തവണയും വെള്ളം കുടിക്കും. ലാലീഗ സീസണിലെ ആദ്യ മല്സരത്തിലിന്നലെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ബാര്‍സ സ്പോര്‍ട്ടിംഗ് ഗിജോണിനെ തകര്‍ത്തത്. ബ്രസീലുമായുളള നിര്‍ണ്ണായക ലോകകപ്പ് യോഗ്യതാ മല്സത്തിനുളള ഒരുക്കങ്ങള്‍ക്കായി സൂപ്പര്‍ താരം ലയണല്‍ മെസി നാട്ടിലേക്ക് മടങ്ങിയതും തിയറി ഹെന്‍ട്രിയുടെ പരുക്കുമൊന്നും കാര്യമാക്കാതെ ബാര്‍സയുടെ യുവനിര തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ലാലീഗ് ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച്ച തുടങ്ങിയെങ്കിലും ബാര്‍സക്ക് യൂറോപ്യന്‍ സൂപ്പര്‍കപ്പില്‍ കളിക്കേണ്ടി വന്നതിനാല്‍ അവരുടെ ലീഗ് മല്‍സരം നീട്ടുകയായിരുന്നു. യുവതാരങ്ങളായ ബോജാന്‍ കിര്‍കിക്, സയദ് കായിത, സുല്‍
ത്താന് ഇബ്രാഹീമോവിച്ച് എന്നിവരാണ് ഗോളുകള്‍ സ്ക്കോര്‍ ചെയ്ത്. മെസിയും ഹെന്‍ട്രിയും ഇല്ലാതെ വന്നപ്പോള്‍ കോച്ച് പെപ് ഗുര്‍ഡിയോള യുവതാരങ്ങളിലാണ് വിശ്വാസം അര്‍പ്പിച്ചത്. മുന്‍നിരയില്‍ ബോജാനും പെഡ്രോ റോഡ്രിഗസും ഇബ്രീഹീമോവിച്ചുമാണ് ഇറങ്ങിയത്. ഈ സീസണില്‍ ഇന്റര്‍മിലാനില്‍ നിന്നും ബാര്‍സയിലേക്ക് വന്ന ഇബ്രാഹീമോവിച്ച് ലീഗിലെ ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ ഗോളാണ് നേടിയത്. മല്‍സരത്തിന് 17 മിനുട്ട് പ്രായമായപ്പോഴായിരുന്നു ബാര്‍സയുടെ ആദ്യ ഗോള്‍. പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള ബോജാന്‍ തകര്‍പ്പന്‍ ഹെഡ്ഡറില്‍ സാവി ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍കിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. രണ്ടാം ഗോളും കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു. സാവി തന്നെയാണ് ഫ്ളാഗ് കിക്ക് എടുത്തത്. പന്ത് നേരെ ഡാനി ആല്‍വസിന്. അദ്ദേഹത്തിന്റെ ക്രോസിന് കായിത തലവെച്ചു. രണ്ട് ഗോള്‍ വീണതോടെ പ്രത്യാക്രമണമല്ലാതെ ഗിജോണിന് വഴികളില്ലാതായി. നുവോ കാമ്പില്‍ ലക്ഷത്തോളം വരുന്ന ബാര്‍സ ആരാധകര്‍ക്ക് മുന്നില്‍ മല്‍സരത്തിന്റെ എണ്‍പത്തിയൊന്നാം മിനുട്ടില്‍ മറ്റൊരു കോര്‍ണറും ഗോളുമായതോടെ ഗിജോണ്‍ തീര്‍ത്തും ഇല്ലാതായി. സാവി തന്നെയാണ് കോര്‍ണര്‍ എടുത്തത്. പന്ത് ആല്‍വസിന്. അദ്ദേഹത്തില്‍ നിന്നും ഇബ്രാഹീമോവിച്ചിന്. തകര്‍പ്പന്‍ ഹെഡ്ഡറില്‍ സ്റ്റേഡിയം വിറച്ചു.
ലീഗില്‍ ഇപ്പോള്‍ റയലിനും ബാര്‍സക്കും മൂന്ന് പോയന്റ് വീതമായി. പക്ഷേ ഗോള്‍ ശരാശരിയുടെ കണക്കില്‍ ഇപ്പോള്‍ തന്നെ ബാര്‍സ മുന്നിലാണ്. റയല്‍ ഡിപ്പോര്‍ട്ടീവോക്ക് മുമ്പില്‍ മൂന്ന് ഗോളടിച്ചപ്പോള്‍ രണ്ട് ഗോള്‍ വഴങ്ങിയിരുന്നു.
സാനിയക്കൊപ്പം സോമദേവും
ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ്സ്ലാം ടെന്നിസില്‍ ഇന്നലെ സാനിയ മിര്‍സയും സോമദേവ് ദേവര്മാനും പുതിയ റെക്കോര്‍ഡിട്ടു. ഇരുവരും ഇവിടെ നടക്കുന്ന യു.എസ് ഓപ്പണ്‍ ടെന്നിസില്‍ വനിതാ-പുരുഷ വിഭാഗത്തില്‍ ആദ്യ റൗണ്ട്് മല്‍സരങ്ങള്‍ വിജയകരമായി പിന്നിട്ടു. ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ സിംഗിള്‍സ് ഇനത്തില്‍ ഇന്ത്യയുടെ വനിതാ-പുരുഷ താരങ്ങള്‍ ഒരുമിച്ച് ആദ്യ റൗണ്ട് പിന്നിടുന്നത്. സാനിയ ബെലാറൂസില്‍ നിന്നുള്ള ഒല്‍ഗ ഗോവര്സോവയെ 6-2, 3-6, 6-3 എന്ന സ്ക്കോറിന് തോല്‍പ്പിച്ചപ്പോള്‍ യോഗ്യതാ റൗണ്ട് പിന്നിട്ടു വന്ന സോമദേവ് പോര്‍ച്ചുഗലിന്റെ ഫ്രെഡറിക് ഗിലിനെ പരാജയപ്പെടുത്തി. സ്ക്കോര്‍ 6-3, 6-4, 6-3. തനിക്കൊപ്പം സിംഗിള്‍സില്‍ ഇന്ത്യയില്‍ നിന്നും ഒരു പുരുഷ താരം കൂടി രണ്ടാം റൗണ്ടിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് സാനിയ. ധാരാളം കാലമായി സിംഗിള്‍സ് ഇനത്തില്‍ ഇന്ത്യയില്‍ നിന്ന് ഞാന്‍ മാത്രമായിരുന്നു. ഇപ്പോള്‍ സോമദേവും വന്നതില്‍ സന്തോഷമുണ്ട്. വലിയ ചാമ്പ്യന്‍ഷിപ്പില്‍ നല്ല തുടക്കം ലഭിക്കുന്നത് ഭാഗ്യമാണെന്നും ഹൈദരാബാദുകാരി കൂട്ടിച്ചേര്‍ത്തു. നല്ല പ്രകടനം കാഴ്ച്ചവെക്കാനായതിലെ സന്തോഷമാണ് സോമദേവ് പ്രകടിപ്പിച്ചത്.
രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് ഉയരത്തില്‍ നില്‍ക്കുന്നതിലെ സന്തോഷം സാനിയ മറച്ചുവെച്ചില്ല. ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ ഫോഴ്സ് ഇന്ത്യാ ടീം പോള്‍ പൊസിഷന്‍ നേടിയതും ജിയാന്‍കാര്‍ലോ ഫിഷ്ചെല രണ്ടാം സ്ഥാനം നേടിയതും ഇന്ത്യന്‍ കായികലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയിരുന്നു. തൊട്ട് പിറകെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നെഹ്റുകപ്പ് സ്വന്തമാക്കി. ഇപ്പോഴിതാ യു.എസ് ഓപ്പണിലും നേട്ടം. 2005 ല്‍ ഇവിടെ നാലാം റൗണ്ട് വരെയെത്തിയ താരമാണ് മിര്‍സ. നല്ല തുടക്കം ലഭിച്ചതിനാല്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇവിടെ ഇന്ത്യന്‍ താരം വാഗ്ദാനം ചെയ്യുന്നത്.
ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ റൗണ്ട്് അനായാസം പിന്നിട്ടു. റോജര്‍ ഫെഡ്റര്‍, ആന്‍ഡി റോഡിക്, വില്ല്യംസ് സഹോദരിമാര്‍, കിം ക്ലൈസ്റ്റേഴ്സ് എന്നിവരെല്ലം അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ താരമായ ഫെഡ്റര്‍ 6-1, 6-3, 7-5 എന്ന സ്ക്കോറിന് അമേരിക്കയില്‍ നിന്നുള്ള ടീനേജ് താരം ഡേവിന് ബ്രിട്ടനെയാണ് തോല്‍പ്പിച്ചത്. അഞ്ചാം സീഡുകാരനായ റോഡിക് 6-1, 6-4, 6-2 എന്ന സ്ക്കോറിന് ബിജോണ്‍ പാവുവിനെ പരാജയപ്പെടുത്തി.
ട്രാന്‍സ്ഫര്‍ സീസണ്
ലമ്ടന്: യൂറോപ്യന്‍ ഫുട്ബോളില്‍ ട്രാന്‍സ്ഫര്‍ സീസണ് അവസാനിച്ചപ്പോള്‍ അന്ത്യഘട്ടത്തില്‍ കാര്യമായ കാലുമാറ്റങ്ങളുണ്ടായില്ല. പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍നിരക്കാരനായ റോബിഞ്ഞോയെ സ്പാനിഷ് ചാമ്പ്യന്മാരായ ബാര്‍സിലോണ റാഞ്ചുമോ എന്നതായിരുന്നു സോക്കര്‍ ലോകം ഉറ്റുനോക്കിയത്. എന്നാല്‍ ബാര്‍സ അതിന് മുതിര്‍ന്നില്ല. സിറ്റിക്കാര് വിട്ടുവീഴ്ച്ച നടത്തിയതുമില്ല. ബാര്‍സക്ക് റോബിഞ്ഞോയില് താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ വിട്ടുകൊടുക്കന്‍ സിറ്റിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. സുല്‍
ത്താന് ഇബ്രാഹീമോവിച്ചിനെയാണ് ഇത്തവണ ബാര്‍സ കാര്യമായി സ്വന്തമാക്കിയത്. അതില്‍ സന്തോഷമുണ്ടെന്ന് കോച്ച് ഗുര്‍ഡിയോള വ്യക്തമാക്കി.
1 comment:
നല്ല ലേഖനം... നമ്മുടെ രാജ്യം മുന്നേറി കൊണ്ടിരിക്കുന്നു... എല്ലാ രീതിയിലും... :)
Post a Comment