Saturday, August 16, 2008

THE BIGGY SWIMMER

ബെയ്‌ജിംഗ്‌: 36 വര്‍ഷം മുമ്പ്‌ മാര്‍ക്‌ സ്‌പ്ലിറ്റ്‌സ്‌ എന്ന അമേരിക്കക്കാരന്‍ ഒളിംപിക്‌ പൂളില്‍ സൃഷ്ടിച്ച റെക്കോര്‍ഡ്‌ ഇന്ന്‌ നാട്ടുകാരനായ മൈക്കല്‍ ഫെലിപ്‌സ്‌ സ്വന്തമാക്കുമോ...? സാധ്യതകള്‍ പരിശോധിച്ചാല്‍ സ്‌പ്ലിറ്റ്‌സ്‌ വെള്ളത്തില്‍ സ്ഥാപിച്ച റെക്കോര്‍ഡ്‌ നാട്ടുകാരന്‍ ഇന്ന്‌ വെള്ളത്തിലാക്കും. അമാനുഷിക പ്രകടനവുമായി മുന്നേറുന്ന സ്‌പ്ലിറ്റ്‌സ്‌ ഇന്നലെ ബെയ്‌ജിംഗിലെ തന്റെ ഏഴാം സ്വര്‍ണ്ണവുമായി സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിട്ടുണ്ട്‌. ഇന്ന്‌ തന്റെ അവസാന ഇനമായ 4-100 മീറ്റര്‍ റിലേയില്‍ ഫെലിപ്‌സ്‌ ഇറങ്ങുന്നു. ഈ ഇനത്തില്‍ അമേരിക്കന്‍ സംഘം ഒന്നാമത്‌ വന്നാല്‍ പിന്നെ ഒളിംപിക്‌ ചരിത്രത്തില്‍ നിറയുന്നത്‌ കാലിഫോര്‍ണിയക്കാരനായ യുവതാരമായിരിക്കും.
ഇന്നലെ തന്റെ ഏഴാം സ്വര്‍ണ്ണത്തിനായി അല്‍പ്പം കഠിനാദ്ധ്വാനം തന്നെ നടത്തേണ്ടി വന്നു ഫെല്‍പ്‌സിന്‌. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ സെര്‍ബിയക്കാരന്‍ മിലോര്‍ഡ്‌ കാവിക്‌ ഉതിര്‍ത്ത കനത്ത വെല്ലുവിളി ഫെല്‍പ്‌സ്‌ അതിജയിച്ചത്‌ അവസാന കുതിപ്പിലാണ്‌. സെക്കന്‍ഡിന്റെ നൂറിലൊരംശം വിത്യാസത്തിലാണ്‌ ഫെല്‍പ്‌സ്‌ സെര്‍ബിയന്‍ പ്രതിയോഗിയെ പിറകിലാക്കിയത്‌. ഇതിനകം നേടിയ ആറ്‌ സ്വര്‍ണ്ണങ്ങള്‍ ഏകപക്ഷീയമായിരുന്നെങ്കില്‍ ഇന്നലെ പൂളില്‍ ഫെല്‍പ്‌സ്‌ യഥാര്‍ത്ഥ മല്‍സരത്തെ അതിജയിച്ചാണ്‌ നേടിയത്‌. ഞാന്‍ അല്‍പ്പം ആശ്വസിച്ചു-അവിടെയാണ്‌ പിഴച്ചത്‌.-മല്‍സര ശേഷം സെര്‍ബിയന്‍ പ്രതിയോഗിയെ അഭിനന്ദിച്ചുകൊണ്ട്‌ ഫെല്‍പ്‌സ്‌ പറഞ്ഞു. ഒപ്പത്തിനൊപ്പമായിരുന്നു ഫെല്‍പ്‌സും കാവിക്കും. അവസാന കുതിപ്പിലാണ്‌ ഫെല്‍പ്‌സ്‌ മുന്നിലായത്‌. മല്‍സരം കണ്ടിരുന്നവര്‍ കരുതിയത്‌ ഫെല്‍പ്‌സിന്റെ ഏഴാം സ്വര്‍ണ്ണമോഹം അവസാനിച്ചുവെന്നാണ്‌. അത്രമാത്രം കുതിപ്പിലായിരുന്നു കോവിച്ച്‌. എന്നാല്‍ അനുഭവസമ്പത്തിന്റെ കരുത്താണ്‌ ഫെല്‍പ്‌സ്‌ അവസാന ശ്വാസത്തില്‍ നടത്തിയത്‌. 50.58 സെക്കന്‍ഡില്‍ അദ്ദേഹം ഫിനിഷ്‌ ചെയ്‌തു. കാവിച്ച്‌ 50.59 സെക്കന്‍ഡിലും.
ഫെല്‍പ്‌സ്‌ ബട്ടര്‍ ഫ്‌ളൈ ഇനത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതില്‍ സെര്‍ബിയക്ക്‌ എതിര്‍പ്പുണ്ട്‌. സ്വന്തം താരമാണ്‌ ഒന്നാമനായത്‌ എന്നാണ്‌ അവരുടെ വാദം. ഈ കാര്യത്തില്‍ സംഘാടക സമിതിക്ക്‌ സെര്‍ബിയ പരാതിയും നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ടെലിവിഷന്‍ റിപ്ലേകളില്‍ ഫെല്‍പ്‌സിന്റെ ആധിപത്യം വ്യക്തമാണ്‌. റഫറിമാര്‍ ഫെല്‍പ്‌സിന്‌ തന്നെയാണ്‌ മാര്‍ക്ക്‌ നല്‍കിയത്‌. ഓട്ടോമാറ്റിക്‌ സമയബോര്‍ഡിലും ആദ്യം തെളിഞ്ഞത്‌ ഫെല്‍പ്‌സ്‌ തന്നെ. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്നെ ഫെല്‍പ്‌സിന്‌ സ്വര്‍ണ്ണം നഷ്ടമാവില്ല. സെര്‍ബിയന്‍ പരാതി അംഗീകരിച്ചാലും സ്വര്‍ണ്ണമെഡല്‍ പങ്ക്‌ വെക്കപ്പെടുക മാത്രമാണ്‌ ചെയ്യുക. ഏതന്‍സ്‌ ഒളിംപിക്‌സില്‍ ആറ്‌ സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കിയ ഫെല്‍പ്‌സ്‌ ഇതിനകം ഒളിംപിക്‌സില്‍ സ്വര്‍ണ്ണ സമ്പാദ്യം 13 ആക്കി ഉയര്‍ത്തിയിട്ടുണ്ട്‌. ഓഗസ്‌റ്റ്‌ പതിനഞ്ചിന്‌ നടന്ന മല്‍സരങ്ങളില്‍ രണ്ട്‌ സ്വര്‍ണ്ണം സൂപ്പര്‍ താരം സ്വന്തമാക്കിയിരുന്നു. 200 മീറ്റര്‍ മെഡ്‌ലിയിലും 4-200 മീറ്റര്‍ ഫ്രി സ്റ്റൈല്‍ റിലേയിലുമാണ്‌ വെള്ളിയാഴ്‌ച്ച ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌.
ഇന്നലെയിലെ മാറ്റം ലോക റെക്കോര്‍ഡാണ്‌. ഇതിനകം നേടിയ ആറ്‌ സ്വര്‍ണ്ണങ്ങളും ലോക റെക്കോര്‍ഡ്‌ സമയത്തായിരുന്നു. പക്ഷേ ഇന്നലെ കനത്ത വെല്ലുവിളിയുണ്ടായിട്ടും പുതിയ സമയം കുറിക്കാന്‍ അദ്ദേഹത്തിനായില്ല. 400 മീറ്റര്‍ മെഡ്‌ലി, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ, 4-100 ഫ്രീ സ്റ്റൈല്‍ റിലേ, എന്നീ ഇനങ്ങളിലാണ്‌ നേരത്തെ ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. ആറ്‌ സ്വര്‍ണ്‌ങ്ങള്‍ക്കൊപ്പം ലോക റെക്കോര്‍ഡുമുണ്ടായിരുന്നു. ഇന്നലെ ലോക റെക്കോര്‍ഡ്‌ കുറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബട്ടര്‍ ഫ്‌ളൈ ഇനത്തിലെ സമയം ഒളിംപിക്‌ റെക്കോര്‍ഡാണ്‌.
നീന്തല്‍കുളത്തില്‍ ഇന്നലെ ഫെല്‍പ്‌സ്‌ മാത്രമല്ല കത്തിയത്‌. ബ്രിട്ടന്റെ റെബിക്ക അഡില്‍ഡണ്‍ വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ലോക റെക്കോര്‍ഡുമായി സ്വര്‍ണ്ണം സ്വന്തമാക്കി. പത്തൊമ്പത്‌ വര്‍ഷം മുമ്പ്‌ അമേരിക്കന്‍ താരം ജാനറ്റ്‌ ഇവാന്‍സ്‌ കുറിച്ച റെക്കോര്‍ഡ്‌ തകര്‍ത്താണ്‌ ബ്രിട്ടിഷ്‌ താരം ബെയ്‌ജിംഗിലെ തന്റെ രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. 400 മീറ്റര്‍ ഫ്രീസ്ര്‌റൈലിലായിരുന്നു ആദ്യ സ്വര്‍ണ്ണം. സിംബാബ്‌വെയില്‍ നിന്നുള്ള കിര്‍സ്റ്റി കോവന്ററി വനിതകളുടെ 200 മീറ്റര്‍ ബാക്‌ സ്‌ട്രോക്കില്‍ ലോക റെക്കോര്‍ഡുമായി സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ വാട്ടര്‍ക്യൂബില്‍ ബ്രസീല്‍ നീന്തല്‍താരം സിസര്‍ സിയാലോയും ചരിത്രമെഴുതി. ലോകത്തിലെ ഏറ്റവും വേഗതയേറിയ നീന്തല്‍ താരത്തെ കണ്ടെത്തുന്ന പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ബ്രസീല്‍ താരം ഏവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ സ്വര്‍ണ്ണം സ്വന്തമാക്കി. നീന്തല്‍കുളത്തില്‍ ബ്രസീല്‍ സ്വന്തമാക്കുന്ന ആദ്യ സ്വര്‍ണ്ണമാണിത്‌.

ഫെല്‍പ്‌സിന്‌ ഏഴാം സ്വര്‍ണ്ണം, ഇന്ന്‌ അവസാന ഫൈനല്‍
വനിതാ വിഭാഗത്തില്‍ രണ്ട്‌ ലോക റെക്കോര്‍ഡുകള്‍, ഏറ്റവും വേഗതയേറിയ നീന്തല്‍ താരം ബ്രസീലുകാരന്‍

സ്‌പ്ലിറ്റ്‌സിന്‌ നിരാശയില്ല
ബെയ്‌ജിംഗ്‌: 1972 ലെ മ്യൂണിച്ച്‌ ഒളിംപിക്‌സില്‍ കളം നിറഞ്ഞത്‌ മാര്‍ക്‌ സ്‌പ്ലിറ്റ്‌സ്‌ എന്ന അമേരിക്കന്‍ നീന്തല്‍ താരമായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി നീന്തല്‍കുളത്തില്‍ നിന്ന്‌ ഏഴ്‌ സ്വര്‍ണ്ണങ്ങള്‍. വാര്‍ത്തകളില്‍ മാത്രമല്ല, ഒളിംപിക്‌സ്‌ ചരിത്രത്തിലും അന്ന്‌ മുതല്‍ നിറഞ്ഞത്‌ സ്‌പ്ലിറ്റ്‌സ്‌ മാത്രമായിരുന്നു. മ്യൂണിച്ചിലെ ഐതിഹാസിക നേട്ടത്തിന്‌ ശേഷം ഓരോ ഒളിംപിക്‌സ്‌ വരുമ്പോഴും സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കുമെന്ന്‌ പലരും അവകാശവാദമുന്നയിച്ചു. പക്ഷേ സാധിച്ചില്ല. സിഡ്‌നിയില്‍ ഇയാന്‍ തോര്‍പ്പായിരുന്നു സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡിനു ഭീഷണി. തോര്‍പ്പ്‌ പരാജിതനായി. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ഫെല്‍പ്‌സ്‌ പുത്തന്‍ ചരിത്രമെഴുതുമെന്ന്‌ കരുതി. ആറ്‌ സ്വര്‍ണ്ണം നേടിയ ഫെല്‍പ്‌സിന്‌ ഏഴാം സ്വര്‍ണ്ണം അനുവദിക്കാതിരുന്നത്‌ തോര്‍പ്പായിരുന്നു.
ഇവിടെ, ചൈനീസ്‌ ആസ്ഥാനത്ത്‌ ഇതാ സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡ്‌ പഴങ്കഥയാവാന്‍ പോവുന്നു. മൈക്കല്‍ ഫെലിപ്‌സ്‌ എന്ന യുവരാജകുമാരന്‍ ഇതിനകം സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഇന്ന്‌ റിലേയുണ്ട്‌. അതിലും ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം നേടിയാല്‍ സ്‌പ്ലിറ്റ്‌സിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ്‌ യുവതാരത്തിന്റെ പേരിലാവും.
തന്റെ റെക്കോര്‍ഡ്‌ നാട്ടുകാരന്‍ തന്നെ തകര്‍ക്കുന്നതില്‍ സ്‌പ്ലിറ്റ്‌സിന്‌ വേദനയോ നിരാശയോ ഇല്ല. ഇത്‌ വരെ ആ ഭാരം എന്റെ ചുമലിലാലിയരുന്നു. ആ ഭാരം താഴെവെക്കുമ്പോള്‍ അതില്‍ സന്തോഷം മാത്രമല്ല-അഭിമാനവുമുണ്ട്‌. എന്നെക്കാള്‍ മിടുക്കനാണ്‌ ഫെല്‍പ്‌സ്‌. അവന്‍ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നീന്തല്‍താരവും അത്‌ലറ്റുമാണ്‌. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച നീന്തല്‍ താരം മാത്രമല്ല എക്കാലത്തെയും ഏറ്റവും മികച്ച ഒളിംപ്യന്‍ കൂടിയാണ്‌. ഇന്നലെ അവന്‍ സ്വര്‍ണ്ണം നേടിയത്‌ അവസാന ശ്വാസത്തിലാണ്‌. അതാണ്‌ കരുത്ത്‌, അതാണ്‌ താരം-സ്‌പ്ലിറ്റ്‌സ്‌ പറഞ്ഞു. ബെയ്‌ജിംഗില്‍ മല്‍സരങ്ങള്‍ തുടങ്ങിയ ശേഷം ഒരിക്കലും സ്‌പ്ലിറ്റ്‌സ്‌ പരാജയം അറിഞ്ഞിട്ടില്ല. അവന്റെ ആത്മവിശ്വാസം അത്രമാത്രം ഉയരത്തിലാണ്‌. എല്ലാവരെയും തോല്‍പ്പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ചെറുതല്ല. ഇന്ന്‌ ഒരു കാര്യത്തില്‍ ശ്രദ്ധിക്കണം. റിലേയാണ്‌. ബാറ്റണ്‍ കൈമാറുന്നതില്‍ ജാഗ്രത വേണം. ടീമിലെ ഏതെങ്കിലും ഒരു താരം അയോഗ്യത കല്‍പ്പിക്കപ്പെട്ടാല്‍ അത്‌ പ്രശ്‌നമാവുമെന്നും സ്‌പ്ലിറ്റ്‌സ്‌ പറഞ്ഞു.

1 comment:

നരിക്കുന്നൻ said...

ചാനലുകളിലൂടെ എപ്പോഴും കാണാറുള്ള താങ്കളെ ഇവിടെയും കണ്ടതില്‍ വളരെ സന്തൊഷിക്കുന്നു.