Friday, August 22, 2008

KAMALS DRIVE-CHINEES WONDER



ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വിജയകരമായി അവസാനിക്കാന്‍ പോവുകയാണ്‌..... വലിയ വിവാദങ്ങളൊന്നുമില്ല. ചൈനയുടെ കായിക മികവിനും സംഘാടക മികവിനും എല്ലാവരും നൂറില്‍ നൂറ്‌ മാര്‍ക്ക്‌ സമ്മാനിക്കുന്നു. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തലവന്‍ ജാക്വസ്‌ റോജി, മുന്‍ തലവന്‍ അന്റോണിയോ സമരാഞ്ച്‌, ഐ.ഒ.സി എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍, ജോര്‍ജ്‌ ഡബ്ല്യു ബുഷ്‌ ഉള്‍പ്പെടെ ലോക നേതാക്കള്‍-എല്ലാവരും ചൈനയെ അഭിനന്ദിച്ചിട്ടുണ്ട്‌. 1988 ല്‍ ദക്ഷിണ കൊറിയന്‍ ആസ്ഥാനമായ സോളില്‍ നടന്ന ഒളിംപിക്‌സ്‌ വിജയകരമായിട്ടും ആ മഹാമേള പിന്നീട്‌ അറിയപ്പെട്ടത്‌ ബെന്‍ ജോണ്‍സണ്‍ എന്ന കനേഡിയന്‍ താരത്തിന്റെ മരുന്നടി വിവാദത്തിലൂടെയായിരുന്നു. ഭാഗ്യത്തിന്‌ ബെയ്‌ജിംഗിന്‌ അത്തരം ചീത്തപ്പേരുകളില്ല. സംഘാടക മികവിലും മൈക്കല്‍ ഫെല്‍പ്‌സ്‌ എന്‌ നീന്തല്‍ താരത്തിന്റെ വിസ്‌മയത്തിലും ഉസൈന്‍ ബോള്‍ട്ട്‌ എന്ന ട്രാക്ക്‌ രാജാവിന്റെ സ്‌പ്രിന്റ്‌ ഡബിള്‍ നേട്ടത്തിലും ഇസന്‍ബയേവയെന്ന പോള്‍വോള്‍ട്ടറുടെ റെക്കോര്‍ഡ്‌ പ്രകടനത്തിലും ട്രാക്കിലെ അമേരിക്കന്‍ ആധിപത്യം അവസാനിച്ചതിലുമെല്ലാമായിരിക്കും ചരിത്രത്തില്‍ ഈ ഒളിംപിക്‌സ്‌ അറിയപ്പെടുക.
ഉത്തേജക വിവാദങ്ങളാണ്‌ സമീപകാലത്ത്‌ നടന്ന രാജ്യാന്തര മീറ്റുകളുടെയെല്ലാം നിറം കെടുത്തിയത്‌. മരിയം ജോണ്‍സ്‌ എന്ന ട്രാക്‌ റാണി കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായി ലോകത്തോട്‌ മാപ്പ്‌ ചോദിച്ച നിമിഷത്തില്‍ ഏതന്‍സ്‌ ഒളിംപിക്‌സിന്റെ പ്രൗഡിയാണ്‌ നഷ്‌ടമായത്‌. ഏതന്‍സില്‍ എല്ലാവരെയും കൈയ്യിലെടുത്തിരുന്നു ജോണ്‍സ്‌. പക്ഷേ മൂന്ന്‌ വര്‍ഷം കഴിഞ്ഞാണ്‌ ലോകം സത്യം അറിഞ്ഞത്‌.
ജോണ്‍സ്‌്‌ സംഭവം അമേരിക്കയെ എത്രമാത്രം തളര്‍ത്തി എന്നതിന്‌ വ്യക്തമായ തെളിവാണ്‌ അമേരിക്കന്‍ അത്‌ലറ്റുകളുടെ ബെയ്‌ജിംഗ്‌ പ്രകടനം. ജോണ്‍സ്‌ അമേരിക്കയുടെ താരം മാത്രമായിരുന്നില്ല-ലോക കായികരംഗത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായിരുന്നു. ആ താരം നിരോധിക്കപ്പെട്ട മരുന്നുകളുടെ പിറകെ താന്‍ സഞ്ചരിച്ചു എന്ന്‌ ലോകത്തിന്‌ മുന്നില്‍ വെച്ച്‌ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അമേരിക്കയുടെ താരങ്ങളെയെല്ലാം ലോകം സംശയത്തോടെ വീക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
ബെയ്‌ജിംഗില്‍ സ്‌പ്രിന്റ്‌്‌ ഇനങ്ങളില്‍ ജമൈക്കന്‍ ആധിപത്യമായിരുന്നു. മധ്യദൂര ഇനങ്ങളില്‍ റഷ്യയും ജര്‍മനിയും ബ്രിട്ടനുമെല്ലാം കരുത്ത്‌ കാട്ടി. ദീര്‍ഘദൂര ഇനങ്ങളില്‍ പതിവ്‌ പോലെ ആഫ്രിക്കയും.
സംശയലേശമന്യേ പറയാം ബെയ്‌ജിംഗിന്റെ താരം ഫെല്‍പ്‌സ്‌ തന്നെ. എട്ട്‌ സ്വര്‍ണ്ണങ്ങള്‍. ഏഴ്‌ ലോക റെക്കോര്‍ഡും ഒരു ഒളിംപിക്‌ റെക്കോര്‍ഡും. മാര്‍ക്‌ സ്‌പിറ്റ്‌സിന്റെ ഒളിംപിക്‌ റെക്കോര്‍ഡ്‌ തിരുത്തിയ താരമില്ലായിരുന്നെങ്കില്‍ മെഡല്‍പ്പട്ടികയിലെ അമേരിക്കന്‍ സ്ഥാനം ഇതിലും ദയനീയമാവുമായിരുന്നു.
മൂന്ന്‌ മെഡലുകള്‍ എന്ന വലിയ നേട്ടത്തിനൊപ്പം ഉത്തേജക കറ ഇത്തവണ ഇന്ത്യയെ തീണ്ടിയില്ല. ഏതന്‍സില്‍ ഉത്തേജകത്തിന്റെ കറുത്ത പുകയില്‍ ഇന്ത്യന്‍ മുഖങ്ങള്‍ ലജ്ജാകരമായിരുന്നു. സുനമാച്ച ചാനുവും പ്രതിമാകുമാരിയുമെല്ലാം രാജ്യത്തിന്റെ കായിക പാരമ്പര്യത്തിന്‌ വലിയ പ്രഹരം നല്‍കിയപ്പോള്‍ രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോറിന്റെ മെഡല്‍ നേട്ടം പോലും വിസ്‌മരിക്കപ്പെട്ടിരുന്നു. ബെയ്‌ജിംഗില്‍ അതൊന്നുമുണ്ടായില്ല. അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണ്ണത്തിന്‌ തിളക്കം ചാര്‍ത്തി സുശീല്‍ കുമാറും വിജേന്ദറും വെങ്കലം നേടി.
രണ്ടോ മൂന്നോ ഉത്തേജക കേസുകള്‍ മാത്രമാണ്‌ ബെയ്‌ജിംഗില്‍ ഉയര്‍ന്നുവന്നത്‌. രാജ്യങ്ങളെല്ലാം ഡോപ്പിംഗ്‌ കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രത സവിശേഷമാണ്‌. മരുന്നിന്റെ സപ്പോര്‍ട്ടില്ലാതെ എത്രയോ ലോക റെക്കോര്‍ഡുകളും പിറന്നിരിക്കുന്നു. തീര്‍ച്ചയായും ബെയ്‌ജിംഗ്‌ മാമാങ്കം അല്‍ഭുതമാണ്‌-സംഘാടനത്തിലും കായിക കരുത്തിലും.....

1 comment:

PIN said...

thank you for the post