Tuesday, August 19, 2008

SHAME ANJU


ഇന്ത്യക്ക്‌ ദുര്‍ദിനം
അഞ്‌ജു ബോബി ജോര്‍ജ്ജ്‌ സമ്മാനിച്ചത്‌ നാണക്കേട്‌, യോഗേശ്വര്‍ ദത്തിന്‌ തിരിച്ചടി, ശരത്‌ കമല്‍ രണ്ടാം റൗണ്ടില്‍
ബെയ്‌ജിംഗ്‌: ഇതിലും വലിയ നാണക്കേട്‌ ഇന്ത്യക്ക്‌ വരാനില്ല. ഇന്ത്യന്‍ നിരയിലെ ലോകോത്തര താരം അഞ്‌ജു ബോബി ജോര്‍ജ്ജിന്‌ വനിതകളുടെ ലോംഗ്‌ ജംമ്പ്‌ യോഗ്യതാ റൗണ്ട്‌ തന്നെ ദുരനുഭവമായി. യോഗ്യതാ റൗണ്ടിലെ മൂന്ന്‌ ചാട്ടവും ഫൗളാക്കി രാജ്യത്തിന്‌ നാണക്കേടിന്റെ പുതിയ മാറാപ്പ്‌ സമ്മാനിച്ച മലയാളി താരം തലതാഴ്‌ത്തി മടങ്ങിയപ്പോള്‍ റസ്‌ലിംഗ്‌ പ്രതീക്ഷയായ യോഗ്വേര്‍ ദത്ത്‌ ജപ്പാന്‍ താരത്തിന്‌ മുന്നില്‍ കളി മറന്നു. പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ്‌ സിംഗിള്‍സില്‍ ആദ്യ റൗണ്ട്‌ പിന്നിട്ട ദേശീയ ചാമ്പ്യന്‍ ശരത്‌ കമല്‍ മാത്രമാണ്‌ ഏക ആശ്വാസം.
ട്രാക്കില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്നു അഞ്‌ജു. ഈ സീസണില്‍ 6.55 മീറ്റര്‍ ചാടിയ കേരളാ താരത്തിന്‌ ആ പ്രകടനം ആവര്‍ത്തിച്ചാല്‍ മാത്രം 12 പേരുള്‍പ്പെടുന്ന ഫൈനല്‍ ലിസ്റ്റില്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ സ്‌ക്കൂള്‍ കുട്ടികളെ പോലും അമ്പരിപ്പിക്കും വിധം യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്ന്‌ ചാട്ടത്തിലും അഞ്ചു സ്‌ക്കെയിലില്‍ ചവിട്ടി.
നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സ്‌ ഒളിംപിക്‌സില്‍ 6.83 മീറ്റര്‍ ചാടി ആറാം സ്ഥാനം നേടിയ താരം ആത്മവിശ്വാസത്തോടെയല്ല മല്‍സരത്തിനിറങ്ങിയത്‌. പിറ്റില്‍ അഞ്‌ജുവിന്‌ വെല്ലുവിളിയാവുമെന്ന്‌ കരുതപ്പെട്ട ജഡേ ജോണ്‍സണ്‍ (ബ്രിട്ടന്‍), തത്തിയാന ലെബദേവ (റഷ്യ), കരോലിന ക്ലൂഫറ്റ്‌ (സ്വീഡന്‍) എന്നിവരെല്ലാം യോഗ്യത നേടിയപ്പോള്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം നൈഡേ ഗോമസിന്‌ പിഴച്ചു. സീസണില്‍ 7.12 മീറ്റര്‍ ചാടിയ ഗോമസിനാണ്‌ ഇവിടെ സ്വര്‍ണ്ണം കല്‍പ്പിക്കപ്പെട്ടത്‌. ആദ്യ രണ്ട്‌ ജംമ്പും ഫൗളാക്കിയ പോര്‍ച്ചുഗല്‍ താരം മൂന്നാം ജംമ്പില്‍ 6.29 മീറ്റര്‍ മാത്രമാണ്‌ പിന്നിട്ടത്‌.
ഗ്രൂപ്പ്‌ എയില്‍ നിന്ന്‌ രണ്ട്‌ പേര്‍ മാത്രമാണ്‌ നിശ്ചയിക്കപ്പെട്ട ഫൈനല്‍ യോഗ്യതാ ദൂരം പിന്നിട്ടത്‌. ബ്രസീലിന്റെ ഹിഗ മാരിയും (6.79), ഉക്രൈന്റെ ലുഡ്‌മില ബ്ലലാന്‍സ്‌ക്കെയും( 6.76). അഞ്‌ജു മല്‍സരിച്ച ബി ഗ്രൂപ്പില്‍ നിന്ന്‌ ഒരാള്‍ മാത്രം യോഗ്യതാ ദൂരം പിന്നിട്ടു. അമേരിക്കയുടെ ബ്രിട്ട്‌നെ റിസെ (6.87). മറ്റുളളവരില്‍ റഷ്യയുടെ തത്തിയാന ലെബദേവ (6.70), ബ്രസീലിന്റെ കെലിയ കോസ്‌റ്റ (6.62), ബ്രിട്ടന്റെ ജഡേ ജോണ്‍സണ്‍, അമേരിക്കന്‍ പ്രതീക്ഷയായിരുന്ന ഗ്രേസ്‌ അപ്‌ഷാ ( 6.70), സ്വീഡന്റെ കരോലിന ക്ലൂഫറ്റ്‌ (6.68) തുടങ്ങിയവര്‍ നിശ്ചയിക്കപ്പെട്ടിരുന്ന ഒളിംപിക്‌ ഫൈനല്‍ യോഗ്യതാ മാര്‍ക്കായ 6.75 മീറ്റര്‍ പിന്നിട്ടിരുന്നില്ല. എന്നിട്ടും മികച്ച പ്രകടനത്തിന്റെ മികവില്‍ ഫൈനല്‍ ലിസ്റ്റില്‍ വരുകയായിരുന്നു. ( യോഗ്യതാ മാര്‍ക്ക്‌ പിന്നിട്ടവരെയാണ്‌ ഫൈനല്‍ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുക. യോഗ്യതാ ദൂരം പിന്നിടാന്‍ 12 പേര്‍ക്ക്‌ കഴിയാത്തപക്ഷം ഏറ്റവും മികച്ച പ്രകടനത്തിന്റെ അളവില്‍ മറ്റുളളവരെ തെരഞ്ഞെടുക്കും)
ഏതന്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ തത്തിയാന ലെബദേവ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയപ്പോള്‍ വെങ്കലം നേടിയിരുന്ന തത്തിയാന കോത്തോവ പുറത്തായിട്ടുണ്ട്‌. അഞ്‌ജുവിനെ പോലെ മറ്റ്‌ രണ്ട്‌ പേരും മൂന്ന്‌ ജംമ്പുകളും ഫൗളാക്കി.
പരുക്കാണ്‌ തനിക്ക്‌ തിരിച്ചടിയായതെന്ന്‌ അഞ്‌ജു പറഞ്ഞു. ആദ്യ ജംമ്പിംഗ്‌ നടത്താന്‍ കഴിയാതിരുന്നത്‌ വേദന കൊണ്ടാണ്‌. രണ്ടാം ശ്രമത്തിലും വേദനയുണ്ടായിരുന്നു. മൂന്നം ശ്രമത്തില്‍ രണ്ടും കല്‍പ്പിച്ചാണ്‌ ചാടിയതെന്ന്‌ അഞ്‌ജു പറഞ്ഞു.
ഗുസ്‌തിയില്‍ പ്രി ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ യോഗേശ്വറില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ജപ്പാനില്‍ നിന്നുളള എതിരാളി കെനിച്ചി യുമോട്ടോക്ക്‌ മുന്നില്‍ ലീഡ്‌ നേടിയ ശേഷം ഇന്ത്യന്‍ താരം തളര്‍ന്നു. ടി.ടി സിംഗിള്‍സില്‍ ശരത്‌ കമാല്‍ സ്‌പാനിഷ്‌ പ്രതിയോഗി കാര്‍ലിവോസിനെ അഞ്ച്‌ ഗെയിം പോരാട്ടത്തിലാണ്‌ പരാജയപ്പെടുത്തിയത്‌.

1 comment:

ഫസല്‍ ബിനാലി.. said...

പിച്ചില്‍ ആത്മ വിശ്വാസ്മില്ലാതെ പിഴച്ചു പോയെങ്കിലും ഉഷയെപോലെ രാജ്യാന്തര അത്ലറ്റുകളെ വിമര്‍ശിക്കുന്നതില്‍ ആത്മവിശ്വാസത്തോടെ പിഴക്കാതിരുന്നതും വിമര്‍ശന വിധേയമായേക്കും....
കൂടുതല്‍ ദൂരങ്ങള്‍ താണ്ടട്ടെ എന്നാശംസിക്കുന്നു, ഇനി ഒരു ഒളിമ്പിക്ക്സ് അഞ്ജുവിനില്ലെങ്കിലും...