Saturday, July 26, 2008

BADA KALMADI




പുച്ചക്കാര്‌ മണിക്കെട്ടും
സുരേഷ്‌ കല്‍മാഡിയെന്ന ഇന്ത്യന്‍ ഒളിംപ്‌ക്‌ അസോസിയേഷന്‍ പ്രസിഡണ്ടിന്റെ ബയോഡാറ്റയിലൂടെ ഒന്ന്‌ സഞ്ചരിക്കാം: ജനനം 1944 മെയ്‌ 1ന്‌ (അതായത്‌ സാര്‍വദേശീയ തൊളിലാളി ദിനത്തില്‍). ഉഡുപ്പിക്ക്‌ സമീപമുളള കല്‍മാഡി ഗ്രാമത്തിലായിരുന്നു ജനനം. പഠിച്ചത്‌ പൂനെയിലെ സെന്റ്‌ വിന്‍സന്റ്‌ ഹൈസ്‌ക്കൂളിലും ഫെര്‍ഗൂസണ്‍ കോളജിലും. 1960 ല്‍ ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയില്‍ ചേര്‍ന്നു. 64 ല്‍ ജോദ്ദ്‌പൂരിലെ എയര്‍ഫോഴ്‌സ്‌ ഫ്‌ളൈയിംഗ്‌ കോളജില്‍ ചേര്‍ന്നു. 65 മുതല്‍ 74 വരെ എയര്‍ഫോഴ്‌സില്‍. 1965 ലും 71 ലും പാക്കിസ്‌താനെതിരെ നടന്ന യുദ്ധത്തില്‍ പൈലറ്റ്‌ എന്ന നിലയില്‍ രാജ്യത്തെ സേവിച്ചു. 1977 ല്‍ യൂത്ത്‌്‌ കോണ്‍ഗ്രസ്സിന്റെ പൂനെ പ്രസിഡണ്ട്‌. അടുത്ത വര്‍ഷം മഹാരാഷ്ട യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡണ്ട്‌. 1982 മുതല്‍ രാജ്യസഭാംഗം. മാരുതി ഉദ്യോഗ്‌ ലിമിറ്റഡിന്റെ ഏറ്റവും മികച്ച ഡീലറായ സായ്‌ സര്‍വീസ്‌ സെന്ററിന്റെ ഉടമ. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍, ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ അസോസിയേഷന്‍, സൗത്ത്‌്‌ ഏഷ്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍, അത്‌ലറ്റിക്‌സ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എന്നീ സംഘടനകളുടെ പ്രസിഡണ്ട്‌.....
വളരെ മനോഹരമായ ഈ ബയോഡാറ്റയില്‍ കല്‍മാഡി ഒരു സ്‌പോര്‍ട്‌സ്‌ താരമായിരുന്നു എന്ന്‌ പറയുന്നില്ല. 1996 ല്‍ ശിവന്തി ആദിത്യന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌ സ്ഥാനം വിട്ട ശേഷം കല്‍മാഡി ആ കസേരയില്‍ ഇരിക്കുന്നു. ഇന്ത്യന്‍ കായികരംഗത്ത്‌ അവസാന വാക്ക്‌ അന്ന്‌ മുതല്‍ കല്‍മാഡിയാണ്‌. എന്തെല്ലാം വീരവാദങ്ങള്‍ അദ്ദേഹം നടത്തന്നു. ഏഷ്യന്‍ ഗെയിംസുകള്‍ വരുമ്പോള്‍ ഇന്ത്യ സ്വര്‍ണ്ണം വാരുമെന്ന പതിവ്‌ ഗര്‍ജ്ജനം, ഒളിംപിക്‌സുകള്‍ വരുമ്പോള്‍ ഇന്ത്യ അഭിമാനം കാക്കുമെന്ന ഗീര്‍വാണം, കായിക മാമാങ്കങ്ങള്‍ കഴിയുമ്പോള്‍ പതിവ്‌ പോലെ നിരാശ പ്രകടിപ്പിക്കുന്ന പ്രസ്‌താവനകള്‍. അതിനിടെ ഒളിംപിക്‌സിനും ഏഷ്യന്‍ ഗെയിംസിനുമെല്ലാം ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന അവകാശ വാദങ്ങള്‍. ഫോര്‍മുല വണ്‍ വേദിയായി ഡല്‍ഹിയെ മാറ്റുമെന്നും ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ മല്‍സര ഇനമാക്കുമെന്നുമെല്ലാം പറഞ്ഞ്‌ വാര്‍ത്തകളില്‍ ഇടം നേടുന്ന കല്‍മാഡിയുടെ ഏക നേട്ടം 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിക്കാന്‍ പോവുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മാത്രമാണ്‌. അതേ വര്‍ഷം തന്നെ ഇന്ത്യ ലോകകപ്പ്‌്‌ ഹോക്കിക്കും ആതിഥേയത്വം വഹിക്കുന്നുണ്ട്‌.
നമ്മുടെ കായിക അജണ്ട തീരുമാനിക്കുന്നത്‌ കല്‍മാഡിയാണ്‌. സഹായത്തിന്‌ രണ്‍ധീര്‍സിംഗും ലളിത്‌ ഭാനോട്ടുമെല്ലാം. ഇവരാണ്‌ ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസുകളിലും ആരെല്ലാം പങ്കെടുക്കണമെന്നെല്ലാം തീരുമാനിക്കുന്നത്‌. ഒളിംപിക്‌സ്‌ യോഗ്യതാ മാര്‍ക്ക്‌ പോലും ഇവര്‍ നിര്‍ണ്ണയിക്കുമ്പോള്‍ കായിക മന്ത്രാലയവും മറ്റ്‌ ഒഫീഷ്യലുകളും കായിക വിദഗ്‌ദ്ധരുമെല്ലാം ഇവരുടെ ചട്ടുകങ്ങള്‍ മാത്രം. ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കന്ന ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ ആസ്ഥാനത്ത്‌ നിന്നും ഇവര്‍ അജണ്ടകള്‍ നിശ്ചയിക്കുമ്പോള്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്‌ മേല്‍നോട്ട ചുമതല മാത്രം. ബൂസാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുനിതാ റാണിയെ പോലെ സീനിയറായ അത്‌ലറ്റ്‌ മരുന്നടിക്ക്‌ പിടിക്കപ്പെടും. ഏതന്‍സ്‌ ഒളിംപിക്‌സില്‍ വെയ്‌റ്റ്‌ ലിഫ്‌ടിംഗ്‌ ടീം നാണക്കേട്‌ സമ്മാനിച്ചപ്പോഴും കല്‍മാഡിക്ക്‌ സ്വന്തം ന്യായങ്ങളുണ്ടായിരുന്നു. ആ ന്യായങ്ങളെ സര്‍ക്കാര്‍ അംഗീകരിച്ചു. താരങ്ങള്‍ ബലിയാടുകളായി. ദോഹ ഏഷ്യന്‍ ഗെയിംസ്‌ സമയത്ത്‌ ഗെയിംസ്‌ വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ കല്‍മാഡി ഒരു സൂപ്പര്‍ സ്റ്റാറിന്റെ പരിവേഷത്തില്‍ എത്തിയിരുന്നു. കറുത്ത കോട്ടും കറുത്ത ഗ്ലാസും പെയിന്റ്‌ ചെയ്‌ത തലയുമായി ചെറുപ്പക്കാരനായി കല്‍മാഡി പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്കൊപ്പമുണ്ടായിരുന്ന ചൈനീസ്‌ റേഡിയോയയുടെ പ്രതിനിധി ഹുവാ സാന്‍ ചോദിച്ച ചോദ്യം ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌-ഇയാളാരാ ഇന്ത്യന്‍ സിനിമയിലെ വില്ലനോ..?
സിനിമയിലെ വില്ലനല്ല-ഇന്ത്യന്‍ കായികരംഗത്തിന്റെ വില്ലനാണ്‌ പൂനെകാരന്‍ എന്ന സത്യം എല്ലാവരും അംഗീകരിക്കുമ്പോള്‍ തന്നെ അത്‌ തുറന്ന്‌ പറയാന്‍ ആര്‍ക്കുമാവുന്നില്ല. കഴിഞ്ഞ ദിവസം ബെയ്‌ജിംഗിലേക്കുളള ഇന്ത്യയുടെ ആദ്യ സംഘത്തിന്‌ നല്‍കിയ യാത്രയയപ്പ്‌ വേളയില്‍ കല്‍മാഡി പറഞ്ഞ വാക്കുകള്‍ കേള്‍ക്കുക-ഇവര്‍ ബെയ്‌ജിംഗില്‍ അല്‍ഭുതം കാട്ടും, മെഡലുകള്‍ നേടി തിരിച്ചുവരും...
ഇങ്ങനെ അദ്ദേഹം പറയാന്‍ തുടങ്ങിയിട്ട്‌ കാലം കൂറെയായി-നമ്മളെല്ലാം ഇത്‌ കേട്ടുപരിചയിച്ചിട്ടും.

1 comment:

കണ്ണൂരാന്‍ - KANNURAN said...

സുരേഷ് കല്‍മാഡി എന്ന സ്പോര്‍ട്സ് മാടമ്പിയെ ഇവിടെ എങ്കിലും പൊളിച്ചു കാട്ടി കണ്ടതില്‍ സന്തോഷം. കല്‍മാഡിയും അദ്ദേഹത്തിന്റെ അനുചര വൃന്ദവുമാണ് ഐ.ഒ.എ. യുടെ ഗ്രാന്റില്‍ ബഹു ഭൂരിഭാഗവും അടിച്ചു മാറ്റുന്നതെന്ന് ദില്ലിയിലെ സ്പോര്‍ട്സ് വൃത്തങ്ങളിലുള്ളവര്‍ക്കെല്ലാമറിയം. ലളിത് ഭാനോട്ടൊക്കെ ഇവരുടെ ഏറാന്‍ മൂളി മാത്രമാണ്. സ്പോര്‍ട്സുമായി ഒരു ബന്ധമില്ലാത്തവരാണ് സുപ്രധാന പദവികളിലെല്ലാമിരിക്കുന്നത്. വെറുതെ ഒന്നുമല്ല ഇന്ത്യന്‍ കായിക രംഗം രക്ഷപ്പെടാത്തത്. റാത്തോഡ് ആര്‍മിയിലായതിനാല്‍ രക്ഷപ്പെട്ടു :)