Saturday, July 5, 2008

വീനസ്‌ വിജയം


ലണ്ടന്‍: സെന്റര്‍ കോര്‍ട്ടില്‍ വീണ്ടും വീനസിന്റെ ദിനം. അനുജത്തി സറീനയെ നേരിട്ടുള്ള സെറ്റുകളില്‍ ( 7-5, 6-4) പരാജയപ്പെടുത്തി വീനസ്‌ വില്ല്യംസ്‌ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിംബിള്‍ഡണ്‍ ടെന്നിസ്‌ വനിതാ സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കി. സീസണിലുടനീളം മികച്ച ഫോം പ്രകടിപ്പിച്ച വീനസ്‌ അവസാന പോരാട്ടത്തിലും പതറിയില്ല. സറീനയുടെ പവര്‍ ടെന്നിസിനെതിരെ സ്വതസിദ്ധമായ ബേസ്‌ലൈന്‍ ഗെയിമുമായി വീനസ്‌ നിറഞ്ഞ്‌ നിന്നപ്പോള്‍ ആരാധകര്‍ക്ക്‌ അവര്‍ പ്രതീക്ഷിച്ച പോരാട്ടം തന്നെ കാണാനായി. സഹോദരിമാരുടെ ഫൈനല്‍ ഫലം വീട്ടില്‍ വെച്ച്‌ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുമെന്ന അഭിപ്രായ പ്രകടനങ്ങളെ അസ്ഥാനത്താക്കി വീറും വാശിയും പ്രകടിപ്പിച്ചാണ്‌ ഒരു മണിക്കൂറിലധികം ദീര്‍ഘിച്ച മല്‍സരം അവസാനിച്ചത്‌.
പരുക്കില്‍ തളര്‍ന്ന്‌ ഒരു വര്‍ത്തോളം കളത്തിന്‌ പുറത്തായി കഴിഞ്ഞ വര്‍ഷം തകര്‍പ്പന്‍ പ്രകടനവുമായി തിരിച്ചെത്തിയ താരം ഫൈനലില്‍ മികച്ച പോരാട്ടം കാഴ്‌ച്ചവെച്ചതിന്‌ അനുജത്തിയെ അഭിനന്ദിച്ചു. സറീനയുമായി കളിക്കുന്ന മല്‍സരങ്ങളെല്ലാം ആവേശകരമായിരിക്കും. എനിക്ക്‌ ഇവിടെ ലഭിക്കുന്ന അഞ്ചാമത്‌ ഗ്രാന്‍ഡ്‌സ്ലാം നേട്ടമാണ്‌ ഇതെന്ന്‌ വിശ്വസിക്കാനാവുന്നില്ല. സറീനയുമായി കളിക്കുമ്പോള്‍ നേട്ടങ്ങള്‍ സമ്പാദിക്കാന്‍ പ്രയാസമാണ്‌. അവള്‍ മനോഹരമായാണ്‌ കളിച്ചത്‌. കാര്യങ്ങള്‍ ഒരിക്കലും എളുപ്പമായിരുന്നില്ല. പരുക്ക്‌ കാരണം നല്ല ഫോമില്‍ കളിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഈ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തിലുണ്ടായിരുന്നു. സറീനക്ക്‌ എന്തായാലും വിജയം വേണം. വൈകീട്ട്‌ നടക്കുന്ന ഡബിള്‍സ്‌ ഫൈനലില്‍ മികച്ച പോരാട്ടം കാഴ്‌ച്ചവെക്കാന്‍ ഞങ്ങള്‍ക്കാവും-വീനസ്‌ പറഞ്ഞു. കിരീടം സ്വന്തമാക്കിയ ചേച്ചിയെ അഭിനന്ദിക്കാന്‍ സറീനയും മറന്നില്ല. ഇന്ന്‌ അവളാണ്‌ നന്നായി കളിച്ചത്‌. എന്റെ പദ്ധതികള്‍ വിജയിച്ചില്ല. പക്ഷേ കുടുംബത്തിന്‌ ഇത്‌ വലിയ അംഗീകാരമാണ്‌. ഞങ്ങള്‍ രണ്ട്‌്‌ പേരും വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്‌ തന്നെ അഭിമാന നേട്ടമാണ്‌-സറീന പറഞ്ഞു.
വിംബിള്‍ഡണില്‍ ഇത്‌ വീനസിന്റെ അഞ്ചാം കിരീടമാണ്‌. ഏഴ്‌ തവണ അവര്‍ ഫൈനല്‍ കളിച്ചു. രണ്ട്‌ തവണ തോറ്റു-രണ്ടും അനുജത്തിയോട്‌. 2000 ത്തിലായിരുന്നു ആദ്യ നേട്ടം. ഫൈനല്‍ എതിരാളി ലിന്‍ഡ്‌സേ ഡാവണ്‍പോര്‍ട്ടിനെ തോല്‍പ്പിച്ച ശേഷം 2001 ലും ഈ നേട്ടം ആവര്‍ത്തിച്ചു. ബെല്‍ജിയത്തിന്റെ ജസ്റ്റിന്‍ ഹെന്നിനായിരുന്നു എതിരാളി. 2005 ലെ ഫൈനല്‍ പോരാട്ടത്തില്‍ ഡാവണ്‍പോര്‍ട്ടിനെ വീഴ്‌ത്തിയ വീനസ്‌ കഴിഞ്ഞ വര്‍ഷം മരിയോണ്‍ ബര്‍ത്തോളിയെയാണ്‌ പരാജയപ്പെടുത്തിയത്‌്‌.
ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ സഹോദരി സറീനയുമായി ആറ്‌ തവണ ഫൈനല്‍ കളിച്ചിട്ടുണ്ട്‌. 2001 ലെ യു.എസ്‌ ഓപ്പണിലായിരുന്നു ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ അങ്കം. അന്ന്‌ വിജയം വീനസിനൊപ്പം നിന്നു. അതേ വര്‍ഷം ഫ്രഞ്ച്‌ ഓപ്പണില്‍ സഹോദരിമാര്‍ മുഖാമുഖം വന്നപ്പോള്‍ വിജയം അനുജത്തിക്കായിരുന്നു. 2002 ലെ വിംബിള്‍ഡണില്‍ വീനസിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി സറീന കരുത്ത്‌ കാണിച്ചപ്പോള്‍ അതേ വര്‍ഷം യു.എസ്‌ ഓപ്പണ്‍ ഫൈനലിലും സറീന തന്നെ ഉയര്‍ന്നുനിന്നു. 2003 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും സഹോദരിമാരായിരുന്നു ബലാബലം. രണ്ട്‌ തവണയും സറീനയാണ്‌ ജേതാവായത്‌. ഗ്രാന്‍ഡ്‌സ്ലാം നേട്ടങ്ങളില്‍ സറീനയാണ്‌ എന്നും മുന്നില്‍ വന്നിട്ടുള്ളത്‌. എട്ട്‌ തവണയാണ്‌ അവര്‍ കിരീടം സ്വന്തമാക്കിയത്‌. 1999 ല്‍ മാര്‍ട്ടിന ഹിന്‍ജിസിനെ പരാജയപ്പെടുത്തി യു.എസ്‌ ഓപ്പണ്‍ സ്വന്തമാക്കിയാണ്‌ സറീന ഗ്രാന്‍ഡ്‌സ്ലാം കുതിപ്പ്‌ ആരംഭിച്ചത്‌. 2002 ല്‍ സഹോദരിയായ വീനസിനെ ഫ്രഞ്ച്‌, വിംബിള്‍ഡണ്‍, യു.എസ്‌ ഓപ്പണ്‍ ഫൈനലുകളില്‍ പരാജയപ്പെടുത്തി. 2003 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും വീനസിനെ വീഴ്‌ത്തി ജേതാവായപ്പോള്‍ 2005 ല്‍ ഡാവണ്‍പോര്‍ട്ടിനെയും കഴിഞ്ഞവര്‍ഷം മരിയ ഷറപ്പോവയെയും തോല്‍പ്പിച്ച്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കി. ഇന്നലെ പക്ഷേ സറീനക്ക്‌ തുടര്‍ച്ചയായി പിഴവുകള്‍ സംഭവിച്ചു. ആദ്യ സെറ്റിലെ ആദ്യ ഗെയിമില്‍ തന്നെ ഡബിള്‍ ഫാള്‍ട്ട്‌. നെറ്റിനരികിലേക്ക്‌ കുതിച്ചുളള ഷോട്ടുകളും വോളികളും ഉദ്ദേശിച്ച ഫലം ചെയ്‌തില്ല.

ക്ലാസ്‌
വിംബിള്‍ഡണ്‍ പുരുഷ വിഭാഗം ഫൈനലില്‍ ഇന്ന്‌ ക്ലാസ്‌ അങ്കം. സെന്റര്‍ കോര്‍ട്ടില്‍ റോജര്‍ ഫെഡ്‌ററും റാഫേല്‍ നദാലും മുഖാമുഖം.
ലണ്ടന്‍: ഇന്നലെ സെന്റര്‍ കോര്‍ട്ടില്‍ സഹോദരിമാരുടെ ക്ലാസ്‌ ഫൈനലായിരുന്നു. ഇന്ന്‌ അതേ കോര്‍ട്ടില്‍ പുരുഷ വിഭാഗത്തിലെ ക്ലാസിക്‌ പോരാട്ടം. ഒന്നാം സീഡ്‌ റോജര്‍ ഫെഡ്‌ററും രണ്ടാം സീഡ്‌ റാഫേല്‍ നദാലും കൊമ്പ്‌ കോര്‍ക്കുന്നു. ഒരു മാസം മുമ്പ്‌ പാരിസിലെ റോളണ്ട്‌ ഗാരോസില്‍ വെച്ചേറ്റ പരാജയത്തിന്‌ മധുരമായി പകരം വീട്ടാന്‍ ഫെഡ്‌റര്‍ക്ക്‌ ലഭിച്ചിരിക്കുന്ന അവസരമാണിത്‌. ഗ്രാസ്‌ കോര്‍ട്ടില്‍ ഫെഡ്‌ററെ തോല്‍പ്പിക്കാന്‍ മാത്രം ആരുമില്ലെന്ന സത്യം കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി തെളിഞ്ഞിട്ടുള്ളതാണ്‌. ഫ്രാഞ്ച്‌ ഓപ്പണിലെ കളിമണ്‍ കോര്‍ട്ടില്‍ മാത്രം കാലിടറിയിട്ടുള്ള ചാമ്പ്യന്‍ താരത്തിന്‌ വിംബിള്‍ഡണ്‍ സ്വന്തം മൈതാനമാണ്‌. അഞ്ച്‌ തവണ ഇതിനകം അദ്ദേഹം ഇവിടെ കിരീടം സ്വന്തമാക്കിയിട്ടുണ്ട്‌. ഗ്രാന്‍ഡ്‌സ്ലാമുകളില്‍ പതിനഞ്ച്‌ തവണ ഫെഡ്‌റര്‍ ഫൈനല്‍ കളിച്ചപ്പോള്‍ പന്ത്രണ്ടിലും വിജയം വരിച്ചിരുന്നു-റോളണ്ട്‌ ഗാരോസില്‍ മാത്രമാണ്‌ മൂന്ന്‌ വട്ടം പിഴച്ചത്‌. 2003, 2004, 2005, 2006, 2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ച്‌ തവണ അദ്ദേഹം സെന്റര്‍ കോര്‍ട്ടിന്റെ ഓമനയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2004, 2006, 2007) മൂന്ന്‌ തവണയും യു.എസ്‌ ഓപ്പണ്‍ (2004, 2005, 2006, 2007) നാല്‌ തവണയും സ്വന്തമാക്കിയ ഫെഡ്‌റര്‍ പവര്‍ ടെന്നിസിന്റെ ശക്തനായ വക്താവാണ്‌. ഫ്രഞ്ച്‌ ഓപ്പണില്‍ മൂന്ന്‌ തവണ അദ്ദേഹം തുടര്‍ച്ചയായി ഫൈനല്‍ കളിച്ച്‌ നദാലിനോട്‌ പരാജയപ്പെട്ടു. കളിമണ്‍ കോര്‍ട്ടിലെ നദാലിന്റെ കരുത്തിന്‌ ഗ്രാസ്‌ കോര്‍ട്ടില്‍ പലപ്പോഴും പകരം വീട്ടിയിട്ടുളള ഫെഡ്‌റര്‍ ചരിത്രത്തിലേക്കാണ്‌ ഇന്ന്‌ റാക്കറ്റേന്തുന്നത്‌.
വിംബിള്‍ഡണ്‍ ഫൈനലുകളില്‍ ഏകക്ഷീയമായിട്ടാണ്‌ അദ്ദേഹം ജയിച്ചിട്ടുള്ളത്‌. 2003 ല്‍ മാര്‍ക്ക്‌ ഫിലോപ്പോസിസിനെ നേരിട്ടുള്ള സെറ്റുകളിലാണ്‌ ഫൈനലില്‍ തോല്‍പ്പിച്ചത്‌. 2004 ല്‍ പക്ഷേ അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കായിരുന്നു എതിരാളി. അഞ്ച്‌ സെറ്റ്‌ ദീര്‍ഘിച്ച ഫൈനലിലായിരുന്നു വിജയം. 2005 ല്‍ പക്ഷേ അതേ റോഡിക്കിനെ അനായാസം നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി. 2006 ലെ പ്രതിയോഗി നദാലായിരുന്നു. മല്‍സരം നാല്‌ സെറ്റ്‌ ദീര്‍ഘിച്ചു. കഴിഞ്ഞ വര്‍ഷവും നദാലായിരുന്നു ഫൈനല്‍ പ്രതിയോഗി. ആവേശകരമായ മല്‍സരം അഞ്ച്‌ സെറ്റ്‌ ദീര്‍ഘിച്ചപ്പോള്‍ 7-6, 4-6, 7-6, 2-6, 6-2 എന്ന സ്‌ക്കോറിന്‌ ഫെഡ്‌റര്‍ രക്ഷപ്പെടുകയായിരുന്നു.
നാല്‌ മാസ്റ്റേഴ്‌സ്‌ കപ്പും പതിനാല്‌ മാസ്റ്റേഴ്‌സ്‌ സിംഗിള്‍സ്‌ കിരീടവും സ്വന്തമാക്കിയിട്ടുള്ള സൂപ്പര്‍ താരം 2004 ഫെബ്രുവരി രണ്ട്‌ മുതല്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്‌. 231 ആഴ്‌ച്ച തുടര്‍ച്ചയായി ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കിയ താരത്തിന്റെ പേരില്‍ തന്നെയാണ്‌ ഓപ്പണ്‍ യുഗത്തിലെ തുടര്‍ച്ചയായ ജയങ്ങളുടെ റെക്കോര്‍ഡും. ഗ്രാസ്‌ കോര്‍ട്ടില്‍ തുടര്‍ച്ചയായ 65 വിജയങ്ങളും ഹാര്‍ഡ്‌ കോര്‍ട്ടില്‍ തുടര്‍ച്ചയായ 56 വിജയങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്‌. ലോക ടെന്നിസിലെ എക്കാലത്തെയും ഏറ്റവും മികച്ച ടെന്നിസ്‌ താരങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടിയ ഫെഡ്‌റര്‍ ലോറസ്‌ വേള്‍ഡ്‌ സ്‌പോര്‍ട്‌സ്‌മാന്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരം നാല്‌ തവണ സ്വന്തമാക്കിയിട്ടുണ്ട്‌.
ഫെഡ്‌റര്‍ക്ക്‌ പിറകില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം തുടര്‍ച്ചയായി 156 ആഴ്‌ച്ചകളില്‍ നിലനിര്‍ത്തി റെക്കോര്‍ഡിട്ട നദാല്‍ കളിമണ്‍ കോര്‍ട്ടിലെ പ്രിയപ്പെട്ട താരമാണ്‌. നാല്‌ തവണയാണ്‌ അദ്ദേഹം ഫ്രഞ്ച്‌ ഓപ്പണില്‍ കിരീടം സ്വന്തമാക്കിയത്‌. ഗ്രാസ്‌ കോര്‍ട്ടില്‍ പക്ഷേ ഇത്‌ വരെ കിരീടം ഉയര്‍ത്താന്‍ അദ്ദേഹത്തിനായിട്ടില്ല. കഴിഞ്ഞ രണ്ട്‌ വര്‍ഷം വിംബിള്‍ഡണില്‍ കലാശപ്പോരാട്ടത്തിന്‌ ടിക്കറ്റ്‌ നേടിയെങ്കിലും ഫെഡ്‌റര്‍ക്ക്‌ മുന്നില്‍ പരാജയപ്പെട്ടു. ഇന്ന്‌ ഫെഡ്‌ററുടെ ഗ്രാസ്‌ പ്രമാദിത്വം ഇല്ലാതാക്കാന്‍ സ്‌പാനിഷ്‌ താരത്തിന്‌ കഴിഞ്ഞാല്‍ അത്‌ പുതുയുഗത്തിന്റെ തുടക്കമായിരിക്കും-തീര്‍ച്ച.

2 comments:

Unknown said...

സഹൊദരിമാരുടെ പാവാടയുടെ ഇറക്കം ഓരോ മാച്ച് കഴിയുമ്പൊഴും ഇങിനെ കുറഞു വന്നാല്‍ ഇതെവിടെ ചെന്ന് അവസാനിക്കും എന്റെ ഭഗവാനെ?

Brown Country said...

കളിയുടെ മികച്ച അവലോകനം.

എനിക്ക് തോന്നിയത് രണ്ട് പേരും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ വീനസ് കൂടുതല്‍ മെച്ചമായി കളിച്ചു എന്നാണ്. രണ്ടു സെറ്റുകളിലേയും അവസാന ഗെയിമുകളില്‍ 30-ന് ശേഷമുള്ള പോയിന്‍റുകളില്‍ വീനസ് പൊരിഞ്ഞുകളിച്ചു.